UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; കൊല്ലപ്പെട്ട ജാവേദ് ഷെയ്ഖിന്റെ പിതാവ് ഗോപിനാഥൻ പിള്ള വാഹനാപകടത്തിൽ മരിച്ചു

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ സംഘം ലക്ഷ്യമിട്ടു എന്നാരോപിച്ച് ഗുജറാത്തിലെ ഗാന്ധി നഗറിൽ 2004 ജൂൺ 15നാണ് ജാവേദ് ഷെയ്ഖ് ഭാര്യ ഇസ്രത്ത് ജഹാന്‍ ഉൾപ്പെടെ നാലുപേരെ വെടിവെച്ചു കൊന്നത്

ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജാവേദ് ഷെയ്ഖിന്റെ (പ്രാണേഷ് കുമാർ) പിതാവ് ചാരുംമൂട് താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരിൽ മണലാടി തെക്കേതിൽ ഗോപിനാഥൻപിള്ള വാഹനാപകടത്തിൽ മരിച്ചു. 78 വയസ്സായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച കാറിന്റെ പിന്നിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

ചേർത്തല വയലാറിൽ ഏപ്രിൽ 11 രാവിലെയായിരുന്നു അപകടം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപിനാഥൻപിള്ള ഇന്നു രാവിലെയാണ് മരിച്ചത്.

ഗോപിനാഥൻ പിള്ളയുടെ സഹോദരൻ ഓടിച്ച കാറിൽ അമൃത ആശുപത്രിയിൽ പരിശോധനയ്ക്കു പോകവെയാണ് അപകടം നടന്നത്. നേരത്തെ ബൈപാസ് സർജറിക്ക് വിധേയനായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.

ഗുജറാത്തിലെ ഗാന്ധി നഗറിൽ 2004 ജൂൺ 15നാണ് ജാവേദ് ഷെയ്ഖ് ഉൾപ്പെടെ നാലുപേർ വെടിയേറ്റു മരിച്ചത്. ഇവർ ലക്ഷര്‍-ഇ-തൊയ്ബ തീവ്രവാദികളാണെന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടൽ നടത്തി കൊലപ്പെടുത്തുകയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ സംഘം ലക്ഷ്യമിട്ടു എന്നായിരുന്നു ആരോപണം. അന്നത്തെ ആഭ്യന്തര സഹമന്ത്രി കേസില്‍ ആരോപണ വിധേയനായിരുന്നു. എന്നാല്‍ 2014 ല്‍ അമിത് ഷായ്ക്കെതിരെ തെളിവില്ല എന്നു പറഞ്ഞു സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

2009ല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗോപിനാഥ പിള്ള കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 2013ല്‍ ഗുജറാത്ത് പോലീസിലെ എന്‍കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് എച്ച് ജി വന്‍സാര അടക്കം പ്രമുഖ പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി സി ബി ഐ അഹമ്മദാബാദ് കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തു.

2017ല്‍ കേസില്‍ പ്രതിയായ അന്നത്തെ ജോയിന്‍റ് കമ്മീഷണര്‍ പി പി പാണ്ഡേ കുറ്റവിമുക്തന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കേസ് നടത്തിവരവെയാണ് അപകടമരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍