UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടിക്കൂട് വിവാദം; ജവഹര്‍ സ്കൂളിലെ കുട്ടികള്‍ ഇപ്പോള്‍ എന്തുചെയ്യുന്നു?

Avatar

നീതു ദാസ്

യുകെജി വിദ്യാര്‍ഥിയെ അധ്യാപികയും പ്രിന്‍സിപ്പലും ചേര്‍ന്ന് പട്ടിക്കൂട്ടിലടച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് തിരുവനന്തപുരം ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അടച്ചിടുന്നത്. ആരോപണം ഉന്നയിച്ച രക്ഷിതാക്കള്‍ തങ്ങളുടെ രണ്ട് കുട്ടികളെയും മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു. ചുരുക്കം ചില കുട്ടികളും തൊട്ടടുത്ത സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിപ്പ് തുടരുകയാണ്. ഒരു മാസത്തിലേറെയായി സ്‌കൂളിലെ നൂറോളം വരുന്ന കുട്ടികള്‍ ഒരു രജിസ്റ്ററിലും രേഖപ്പെടുത്താത്തവരായി പഠിക്കുന്നു. ഇവരെ പഠിപ്പിക്കാന്‍ സ്‌കൂളിലെ തന്നെ എട്ട് ടീച്ചര്‍മാര്‍ സ്‌കൂളിന് അടുത്തുള്ള രക്ഷിതാക്കളുടെ രണ്ട് വീടുകളിലെത്തുന്നു. ഇങ്ങനെ പ്രത്യേകം പഠിപ്പിക്കുന്നതെന്തിനാണ്, മറ്റേതെങ്കിലും സ്‌കൂളില്‍ ചേര്‍ത്തുകൂടെ എന്ന് ചോദിച്ചാല്‍ യുകെജിക്കാരിയായ ഡെയ്‌സിയുടെ അമ്മ ജാന്‍സിക്ക് പറയാന്‍ ഉത്തരമുണ്ട്.

“ഇനി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കാമെന്ന് വെച്ചാല്‍ അവിടെ സിബിഎസ്‌സിയാണെങ്കിലും പുസ്തകങ്ങള്‍ പുതിയത് വാങ്ങേണ്ടി വരും. ഡൊണേഷനും മറ്റ് ഇനങ്ങളിലുമായി ചെലവാക്കേണ്ടിവരുന്ന പൈസ തരാന്‍ ജനകീയ സമരസമിതിക്കാരോ മറ്റുള്ളവരോ കാണുകയില്ലല്ലോ. ഒരു പാഠപുസ്തകം പകുതിയോളം പഠിച്ച കുട്ടികളെ ഇനി മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയെന്നത് അവരോട് ചെയ്യുന്ന ക്രൂരതയാണ്. സ്‌കൂള്‍ അടച്ചിടുക തന്നെയാണെങ്കില്‍ മക്കളൊക്കെ കളിച്ച് നടക്കട്ടെ. ഏതായാലും ഇനിയുള്ള ഈ നാല് മാസത്തേക്ക് മറ്റൊരു സ്‌കൂളിലെക്ക് കുട്ടികളെ ചേര്‍ക്കാന്‍ ഞങ്ങള്‍ രക്ഷിതാക്കള്‍ തയ്യാറല്ല.”

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യമില്ലായ്മയെപ്പറ്റിയുള്ള പരാതികളെക്കുറിച്ചുള്ള ചോദ്യങ്ങളെ അവര്‍ നേരിട്ടത് മറുചോദ്യങ്ങളുമായായിരുന്നു.

“അടിസ്ഥാന സൗകര്യമില്ലെന്ന് കണ്ടെത്തിയവര്‍ക്ക് സ്‌കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെങ്കില്‍ മാന്യമായ രീതിയെന്നോണം സാവകാശം നല്‍കിക്കൂടായിരുന്നോ. ഞങ്ങളുടെ കുട്ടികളെ പകുതിക്ക് വെച്ച് ഇറക്കിവിടുകയല്ലെ ചെയ്തത്. ഇത് ചെറിയൊരു സ്‌കൂളായത് കൊണ്ടാണ് പൂട്ടിക്കാന്‍ കഴിഞ്ഞത്. ഞങ്ങളൊക്കെ സാധാരണക്കാരാണ്. എന്‍ ഒ സി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഇനിയുമെത്രയുണ്ടിവിടെ? കൈയ്യില്‍ പണമുള്ള മാനേജ്‌മെന്റാണെങ്കില്‍ അടിസ്ഥാന സൗകര്യമില്ലങ്കിലും എന്‍ ഒ സി ഇല്ലെങ്കിലും ആരും പൂട്ടിക്കാന്‍ ചെല്ലില്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് നീതി കിട്ടിയില്ല. മറ്റ് സ്‌കൂളുകളിലേക്ക് മാറിയ കുട്ടികളെ പട്ടിക്കൂട് സ്‌കൂളിലെ കുട്ടി എന്ന് പരിഹസിക്കുകയാണ് മറ്റുള്ളവര്‍ ചെയ്യുന്നത്. ഒരു കുട്ടിയുടെ അവകാശവും പറഞ്ഞ് മറ്റ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സമീപനമാണ് ഇവിടെ ഉണ്ടായത്. ഇന്നാട്ടില്‍ നീതിയും നിയമവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.”

ജാന്‍സിയുടെ മൂന്ന് കുട്ടികളും ജവഹര്‍ സ്‌കൂളിലാണ് പഠിച്ചു കൊണ്ടിരുന്നത്.

കുട്ടിയെ പട്ടിക്കൂട്ടിലടച്ചുവെന്ന പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല ഇപ്പോള്‍ ജാമ്യത്തിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരമില്ലെന്നും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും കാണിച്ച് തിരുവനന്തപുരം ഡിഡിഇ ഡിപിഐക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്‌കൂള്‍ അടച്ചു പൂട്ടിയത്. ഇതിനെ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ശശികല അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ അംഗീകാരമില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സ്‌കൂളിന് കോടതി പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. വര്‍ഷങ്ങളായി എന്‍ഒസിക്കായി അപേക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ശശികല പറയുന്നു.

“2013ല്‍ എന്‍ഒസി നിഷേധിച്ചത് കേരള സിലബസിലല്ല പഠനം എന്ന കാരണത്താലായിരുന്നു; അല്ലാതെ അടിസ്ഥാന സൗകര്യങ്ങളില്ല എന്ന് എഇഒ ഇതുവരെ റിപ്പോര്‍ട്ട് തന്നിട്ടില്ല. ഇപ്പോള്‍ പട്ടിക്കൂട്ടിലടച്ചെന്ന ആരോപണത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. എല്ലാവരും സ്‌കൂള്‍ തുറക്കുന്നതിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സ്‌കൂള്‍ പൂട്ടിക്കാന്‍ മനപ്പൂര്‍വം കെട്ടിച്ചമച്ചതാണ് പട്ടിക്കൂട് വിഷയം എന്ന എന്റെ ആരോപണത്തില്‍ കാര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്.”

പ്രിന്‍സിപ്പാളിന്റെ നിര്‍ദേശ പ്രകാരം കുട്ടിയെ പട്ടിക്കൂട്ടിലടച്ചതായി പറയപ്പെടുന്ന അധ്യാപിക ദീപികയും സംഭവം നിഷേധിച്ചിട്ടുണ്ട്. “നുണ പരിശോധനക്ക് ഞാന്‍ തയ്യാറാണ്. എന്റെ കൂടെ തന്നെ കുട്ടിയുടെ രക്ഷിതാക്കളെയും നുണപരിശോധനക്ക് വിധേയമാക്കണം. ചെയ്യാത്ത കാര്യത്തില്‍ പേടിക്കേണ്ട കാര്യമില്ലല്ലോ.”

സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നതായി പട്ടിക്കൂട്ടിലടക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന കുട്ടിയുടെ അമ്മ സിമിയും പറയുന്നു. “നൂറ്റിഇരുപത്തി അഞ്ചോളം കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങളൊന്നും ആ സ്‌കൂളിനില്ല. ജാതിപരമായ വിവേചനങ്ങള്‍ കാണിക്കുന്നയാളാണ് പ്രിന്‍സിപ്പല്‍. എന്റെ ഭര്‍ത്താവ് പട്ടികജാതിയില്‍പ്പെട്ടതായിട്ടും കുട്ടിയുടെ ജാതി ഒഇസി എന്നാണ് പ്രിന്‍സിപ്പല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്.”

എന്നാല്‍ “1991 മുതല്‍ നല്ല രീതിയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. അല്ലായിരുന്നെങ്കില്‍ പരാതി ഉന്നയിച്ച കുട്ടിയുടെ കുടുംബത്തില്‍ നിന്ന് 9 പേര്‍ ഇതുവരെ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങില്ലല്ലോ. വിഷയത്തില്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെയും മറ്റ് രക്ഷിതാക്കളുടെയും പിന്തുണ തനിക്ക് ലഭിച്ചത് അവരോടുള്ള എന്റെ സമീപനത്തിന്റെ തെളിവാണ്.” ശശികല വ്യക്തമാക്കുന്നു.

സംഭവം നടന്നുവെന്ന് പറയുന്ന സമയം സ്‌കൂളിലുണ്ടായിരുന്നതായും അവിടെ അങ്ങനൊന്ന് നടന്നിട്ടില്ലെന്നും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും നിലവില്‍ മേരിഗിരി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയുമായ വിഷ്ണു കലക്ടര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ശശികല ഇതുകൂടി കൂട്ടിച്ചര്‍ക്കുകയാണ്.

“ആരാണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും സ്‌കൂള്‍ പൂട്ടിക്കാന്‍ ചിലര്‍ ആസൂത്രിതമായി നീങ്ങുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. പ്രദേശത്ത് തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്‌കൂളിനായി കുട്ടികളെ വിട്ടുതരാന്‍ അഭ്യര്‍ഥിച്ച് സ്‌കൂള്‍ മാനേജര്‍ മുന്‍പ് സമീപിച്ചിരുന്നു. തുടങ്ങിയിട്ട് 10 വര്‍ഷം മാത്രമായിട്ടുള്ള ആ സ്‌കൂളിന് എന്‍ഒസി അനുവദിച്ചു. എന്നാല്‍ 23 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്റെ സ്‌കൂളിന് എന്‍ഒസി നല്‍കാത്തതിന് പിന്നില്‍ മറ്റെന്തൊക്കെയോ താത്പര്യങ്ങളുണ്ട്.” ശശികല വ്യക്തമാക്കുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഐപിസി വകുപ്പുകള്‍ പ്രകാരവുമാണ് പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തിട്ടുള്ളത്. രക്ഷിതാക്കളുടെ മൊഴി പ്രകാരം കുട്ടി പട്ടികജാതിയില്‍പ്പെട്ടതാണ്. ആ വകുപ്പ് ചുമത്തി പ്രിന്‍സിപ്പാളിനെതിരെ കേസെടുക്കാത്തതില്‍ പൊലീസിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനവുമുണ്ടായി. എന്നാല്‍ പിന്നീട് കുട്ടി ഒഇസി വിഭാഗത്തിലാണ് പെടുന്നതെന്ന് തഹസില്‍ദാര്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ജാതി തിരുത്തി പറഞ്ഞതില്‍ കുട്ടിയുടെ രക്ഷിതാക്കളോട് ബാലാവകാശ കമ്മീഷന്‍ വിശദീകരണം ചോദിക്കുകയും ചെയ്തു. സംഭവം നടന്ന സമയത്ത് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നടപടിയുണ്ടാകണമെന്ന് കാണിച്ച് കേരള പുലയ മഹാസഭ രംഗത്തെത്തിയിരുന്നു. ജാതിയുടെ പേരില്‍ കുട്ടികളെ പീഡിപ്പിക്കുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്നായിരുന്നു അവരുടെ ആവശ്യം.

വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഗുണകരമാകുന്ന അന്തരീക്ഷത്തില്ലല്ല സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജ്വാല എന്ന സംഘടന രംഗത്തെത്തിയിരുന്നു.

“സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വിദ്യാലയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഈ ഒരു ട്രെന്റിനെതിരെയാണ് ഞങ്ങള്‍ അന്ന് പ്രതിഷേധിച്ചത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ വീട്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കപ്പെടുന്നത്. നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടണമെന്നാണ് ആഗ്രഹം. ഇത്തരത്തിലുള്ള വിദ്യാലയങ്ങളില്‍ നിന്ന് പുറത്ത് വരുന്ന പുതിയ തലമുറയില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാനാകുമെന്ന് കരുതുന്നുമില്ല.” ജ്വാലയുടെ മാനേജിങ് ട്രസ്റ്റി അശ്വതി നായര്‍ പറയുന്നു.

കുട്ടിയെ പട്ടിക്കൂട്ടിലടച്ചുവെന്ന് തെളിഞ്ഞാലും ഇല്ലെങ്കിലും, കേവലമായ വിവാദങ്ങള്‍ക്കപ്പുറത്ത് സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധിയിലേക്ക് കൂടി ചര്‍ച്ചകള്‍ എത്തപ്പെടേണ്ടതുണ്ട്. അണ്‍എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ഗുണനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ട ശക്തമായ ഇടപെടലുകളിലേക്ക് തന്നെയാണ് സംഭവം വിരല്‍ചൂണ്ടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍