UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ നിന്നും ജവഹര്‍ ലാല്‍ നെഹ്‌റു പുറത്ത്

അഴിമുഖം പ്രതിനിധി

രാജസ്ഥാനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്നും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു പുറത്ത്. ആരാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് പോലും പുസ്തകത്തിലില്ല.

പുസ്തകത്തിന്റെ പ്രസാധകരായ രാജസ്ഥാന്‍ രാജ്യ പത്യപുസ്തക് മണ്ഡലിന്റെ വെബ് സൈറ്റില്‍ ലഭ്യമായ പുസ്തകത്തില്‍ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, സവര്‍ക്കര്‍, ഭഗത് സിംഗ്, ലാല ലജ്പത് റായ്, ബാല ഗംഗാധര തിലക്, വിപ്ലവകാരിയായ ഹെമു കലാനി തുടങ്ങിയവരെ കുറിച്ചുണ്ടെങ്കിലും ജവഹര്‍ലാല്‍ നെഹ്‌റുവിനേയും മറ്റു കോണ്‍ഗ്രസുകാരായ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചും പരാമര്‍ശമില്ല. കൂടാതെ മഹാത്മാ ഗാന്ധിയെ ഹിന്ദുത്വ നേതാവായ നാഥുറാം വിനായക ഗോഡ്‌സെ കൊലപ്പെടുത്തിയതിനെ കുറിച്ചും പാഠപുസ്തകം നിശബ്ദത പാലിക്കുന്നു.

കരിക്കുലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടാണ് പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ഇതുവരേയും ഉപയോഗിച്ചിരുന്ന പാഠ പുസ്തകത്തില്‍ സ്വാതന്ത്ര്യ സമരത്തിനും നെഹ്‌റുവിനും നല്ല പ്രാധാന്യം കൊടുത്തിരുന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയെ കുറിച്ചുള്ള അധ്യായത്തില്‍ നെഹ്‌റുവിന്റേയും സര്‍ദാര്‍ പട്ടേലിന്റേയും സംഭാവനകളെ കുറിച്ച് പഠിപ്പിച്ചിരുന്നു. പുതിയ പുസ്തകത്തില്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ കുറിച്ചുള്ള അധ്യായത്തില്‍ നെഹ്‌റു, സരോജിനി നായിഡു, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയവരെ കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ല. രാജേന്ദ്ര പ്രസാദ് ആദ്യ രാഷ്ട്രപതിയായിരുന്നുവെന്നതിനെ കുറിച്ച് പരാമര്‍ശമുള്ള പുസ്തകത്തില്‍ ഇന്ത്യയുടെ ഏകീകരണത്തില്‍ പട്ടേലിന്റെ സംഭാവനകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

പാഠ പുസ്തകം തയ്യാറാക്കുന്നത് സ്വതന്ത്രമായ സ്ഥാപനമാണെന്നും സര്‍ക്കാര്‍ ഇടപെടാറില്ലെന്നും വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനി വിശദീകരിച്ചു. സംസ്ഥാനത്ത് കനയ്യ കുമാറുമാര്‍ ജനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ദേവനാനി പ്രസ്താവിച്ചിരുന്നു. രാജസ്ഥാനിലെ വീരന്‍മാരേയും വീരാംഗനമാരേയും കുറിച്ച് പഠിപ്പിക്കുക, ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിദ്യാര്‍ത്ഥിയെ അഭിമാനിയാക്കുക, മാതൃകാ പൗരനേയും ദേശ സ്‌നേഹിയേയും സൃഷ്ടിക്കുക എന്നതാണ് കരിക്കുലം പുനര്‍ നിര്‍മ്മാണത്തിലൂടെ താന്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ മഹാന്‍ എന്ന് വിശേഷിപ്പിക്കേണ്ടെന്നും മഹാറാണ പ്രതാപിനെയാണ് മഹാന്‍ എന്ന് വിശേഷിപ്പിക്കേണ്ടതെന്നും ദേവനാനി പറഞ്ഞിരുന്നു. ഈ അഭിപ്രായം ഏഴാം ക്ലാസ്സിനുവേണ്ടിയുള്ള മധ്യകാല ഇന്ത്യാ ചരിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.

കാവി വല്‍ക്കരണം അടുത്ത തലത്തിലേക്ക് കടന്നിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ ഒഴിവാക്കുന്ന തലത്തിലേക്ക് ബിജെപിയുടെ ആശയ ദാരിദ്ര്യം അധപതിച്ചുവെന്നും കോണ്‍ഗ്രസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍