UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയചന്ദ്രന്‍ മൊകേരി ജയിലിലായിട്ട് എട്ടുമാസം; ഒന്നും ചെയ്യാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

Avatar

കെ.പി.എസ്.കല്ലേരി

ഈ അധ്യയനവര്‍ഷത്തെ ക്ലാസുകള്‍ അവസാനിക്കുന്ന ദിവസമായിരുന്നു അന്ന്. നാലാം ക്ലാസ്സിലെ അലി എന്ന കുട്ടി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. പിന്നെ ഓരോരുത്തരായി വന്ന് എന്നെ ആശ്ലേഷിക്കാന്‍ തുടങ്ങി. പലരും അവരുടെ ശരീരം എന്നോട് ചേര്‍ത്ത് നിര്‍ത്താന്‍ വെമ്പും പോലെ എനിക്ക് തോന്നി! ചിലര്‍ എന്റെ കൈയ്യില്‍ മുത്തമിട്ടു . ചിലര്‍ എന്നെ സന്തോഷിപ്പിക്കാന്‍ പാട്ടുപാടി. ഒരാള്‍ ഒരു മിട്ടായി പാതി കടിച്ചെടുത്ത് എന്റെ വായില്‍ വെച്ച് തന്നു. ക്ലാസ്സ് വിട്ട് എല്ലാവരും അവരുടെ രക്ഷിതാക്കളുടെ കൂടെ വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ഇറ്റാലിയന്‍ എഴുത്തുകാരനായ ജിയോവന്നി മോസ്‌കയുടെ ‘ Last Day At School ‘ എന്ന കഥയാണ്. ആ കഥയില്‍ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് നഗരത്തിലേക്ക് പത്രപ്രവര്‍ത്തകനായി പോകുന്ന മോസ്‌ക തന്റെ അവസാനത്തെ ക്ലാസ്സ് കഴിയുമ്പോള്‍ കുട്ടികളില്‍ നിന്നും നേരിട്ട ചില രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു! ദ്വീപിലെ സ്‌കൂളില്‍ നിന്നും കുട്ടികള്‍ ഒച്ചവെച്ചു പോയപ്പോള്‍ നിശബ്ദമായ സ്‌കൂള്‍ അങ്കണത്തില്‍ മോസ്‌കയെ പോലെ വല്ലാത്ത ഒരേകാന്തത എനിക്കനുഭവപ്പെട്ടു … കൊച്ചുകുട്ടികള്‍ എത്ര നിഷ്‌കളങ്കമായാണ് നമുക്ക് ചുറ്റും ഒരു സുന്ദര ലോകം തീര്‍ക്കുന്നത്. അനവദ്യ സുന്ദരം ഈ കുഞ്ഞുങ്ങളുടെ കുഞ്ഞു ലോകം…!’

ഒരൊഴിവ് ദിനത്തിന്റെ ആസ്വാദ്യകരമായ ഉറക്കത്തില്‍ രസകരമായി മുന്നേറുമ്പോഴാണ് കതകില്‍ മുട്ട് കേള്‍ക്കുന്നത്. വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മികച്ച ഒരു സമ്മാനപ്പൊതിയുമായി ആറാം ക്ലാസ്സുകാരി മായിഷ എന്ന മിടുക്കി കുട്ടി. സമ്മാനം തന്നിട്ട് ‘ Happy Teachers’ Day ‘അവള്‍ എന്നോട് പറഞ്ഞു (മാലി ദ്വീപില്‍ ഒക്ടോബര്‍ 5 നു ആണ് അദ്ധ്യാപക ദിനം). സ്‌കൂളില്‍ അല്പം കഴിഞ്ഞു വരണമെന്നും അവിടെ അവളുടെ കൂട്ടുകാര്‍ അവരെ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും ഒരു വിരുന്നു കൊടുക്കുന്നുണ്ടെന്നും പറഞ്ഞു. ആ കുട്ടി പോയപ്പോള്‍ ഓര്‍ത്തത്, ക്ലാസ്സില്‍ ഇവര്‍ മഹാ കുഴപ്പക്കാരാണെങ്കിലും ഇതേപോലെയുള്ള ചില കാര്യങ്ങള്‍ക്ക് ഇവര്‍ വലിയ പ്രാധാന്യം നല്കും. ദ്വീപുകാരുടെ ചില രീതികള്‍ക്ക് ഒരു ദ്വീപ് ശൈലി ഉണ്ട്. അത് രസകരമായും അത്ഭുതമായും വിചിത്രമായും നമുക്ക് തോന്നാം ! നമ്മുടെ നാട്ടില്‍ ഞാന്‍ പഠിക്കുന്ന കാലത്ത് അദ്ധ്യാപകദിനത്തില്‍ സംഭവിക്കുന്ന ഒരു കാര്യം പത്തു പൈസയുടെ ഒരു സ്റ്റാമ്പ് ക്ലാസ് അദ്ധ്യാപകനില്‍ നിന്നും മേടിക്കുക എന്നത് മാത്രം! അതിലപ്പുറം ആ ദിനത്തില്‍ അവിടെ എന്തെങ്കിലും നടന്നോ എന്നോര്‍മ്മയില്ല!! ഇന്നെന്തെങ്കിലും നമ്മുടെ നാട്ടില്‍ അദ്ധ്യാപക ദിനത്തില്‍ നടക്കുന്നുണ്ടോ എന്നും എനിക്കറിയില്ല. ദ്വീപുകളിലെ എന്റെ എല്ലാ അദ്ധ്യാപക സുഹൃത്തുക്കള്‍ക്കും അധ്യാപക ദിന ആശംസകള്‍ നേരുന്നു…’


ജയചന്ദ്രന്‍ മൊകേരി സംവിധായകന്‍ ജി അരവിന്ദനും നടന്‍ മധുവിനുമൊപ്പം

ഇത് എഴുത്തുകാരനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരി ഒരുവര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ട വാക്കുകള്‍. അധ്യാപകനപ്പുറത്ത്എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജയചന്ദ്രന്റെ നിരവധിയായ പോസ്റ്റുകളില്‍ നിന്ന് ഇങ്ങനെ രണ്ടെണ്ണം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത് ജയചന്ദ്രനിലെ അധ്യാപനും അദ്ദേഹത്തിന്റെ കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴമറിയാന്‍മാത്രം. കാരണം ജയചന്ദ്രന്‍ മൊകേരി കഴിഞ്ഞ എട്ടു മാസമായി മാലി ദ്വീപിലെ ജയിലിലാണ്. റിപ്പബ്ലിക്ക് ഓഫ് മാലി ദ്വീപ് മിനിസ്റ്റേഴ്‌സ് എഡ്യൂക്കേഷന്റെ കീഴിലുള്ള ഫാഫു ഫീ അലി അറ്റോള്‍ സ്‌കൂളില്‍ ആറരവര്‍ഷമായി ഇംഗ്ലീഷ് അധ്യാപകനാണ് ജയചന്ദ്രന്‍. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് സൂളിലെ പത്തുവയസുകാരനായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിക്കപ്പെട്ടാണ് ജയചന്ദ്രന്‍ ജയിലിലായിരിക്കുന്നത്. ജയചന്ദ്രന്‍ ജയിലിലായതിനു ശേഷം പരാതിക്കാരുമായി ജയചന്ദ്രന്റെ കുടുംബം ബന്ധപ്പെട്ടിരുന്നു. താന്‍ പറഞ്ഞതല്ല പരാതിയില്‍ ഉള്ളതെന്നും സാറിനെക്കുറിച്ച് ഞാന്‍ അങ്ങനെയൊന്നും എഴുതിക്കൊടുത്തിട്ടില്ലെന്നും പരാതിക്കാരനായ കുട്ടി പൊലീസിനുമുമ്പാകെ മൊഴി നല്‍കിയിരുന്നതായി അറിയാന്‍ കഴിഞ്ഞു. സാക്ഷികളായ രണ്ട് കുട്ടികളില്‍ ഒരാളും സാറിനെതിരായ പരാതി കെട്ടിച്ചമട്ടതാണെന്ന് മൊഴി നല്‍കി. പക്ഷെ ഒരു കുട്ടിമാത്രം ആരുടേയോ നിര്‍ബന്ധത്തിന് വഴങ്ങി പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്. മാലിദ്വീപിലെ ശരിയത്ത് കോടതിക്ക് മുമ്പിലാണ് കേസ്. രണ്ടുമാസം കൊണ്ട് വിധിവരും. അവര്‍ക്ക് എന്തും എഴുതിച്ചേര്‍ത്ത് പരമാവധി ശിക്ഷവരെ വിധിയെഴുതാം. മുഖ്യമന്ത്രിയെ നേരില്‍കണ്ടു, സുഷമാ സ്വരാജുമായി ബന്ധപ്പെട്ടു; പക്ഷെ കഴിഞ്ഞ എട്ടു മാസത്തിനിടെ ആശ്വാസകരമായ ഒരു വാര്‍ത്തയും കോഴിക്കോട് മൊകേരിയിലെ ജയചന്ദ്രന്റെ വീട്ടില്‍ അധ്യാപികയായ ഭാര്യ ജ്യോതിക്കോ മക്കള്‍ക്കോ കിട്ടിയിട്ടില്ല.

മലയാള മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും കഴിഞ്ഞ ഒരാഴ്ചയായി വരുന്ന ചെറിയ വാര്‍ത്തകള്‍ക്കപ്പുറത്ത് ഇക്കാലമത്രയും ജയചന്ദ്രന്റെ ജയില്‍വാസത്തെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്തുവന്നിരുന്നില്ല. ഭര്‍ത്താവ് ഇന്നുവരും നാളെവരും എന്നുള്ള ഒരു ഭാര്യയുടേയും അച്ഛന്റെ വരവില്‍ പ്രതീക്ഷയുമായി കാത്തിരിക്കുന്ന രണ്ട് മക്കളുടേയും ജയചന്ദ്രന്റെ നൂറുകണക്കായ സുഹൃത്തുക്കളുടേയും സ്വകാര്യ ദു:ഖമായിരുന്നു ഇത്രയും കാലം അത്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കമുള്ളവരുമായി ഇതിനകം അവര്‍ നടത്തിയ ശ്രമങ്ങളൊന്നും ജയചന്ദ്രന്റെ മോചനത്തിന് ഗുണംചെയ്യാതിരുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ ചെറുതായിട്ടെങ്കിലും പത്രമാധ്യമങ്ങളും സോഷ്യല്‍മീഡിയയും പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.


മാലി ദ്വീപ്

ജയചന്ദ്രന്റെ ഭാര്യ ജ്യോതി തിരൂര്‍ നിറമരുതൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്. മക്കള്‍ രണ്ടുപേരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് സ്‌കൂളില്‍ പഠിക്കുന്നു. ഒരാള്‍ പ്ലസ്ടുവിനും മറ്റയാള്‍ എട്ടിലും. രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ ജ്യോതി വീട്ടിലാണ്. ഇന്ന് സ്‌കൂളില്‍ പോയില്ലേ എന്ന ചോദ്യത്തിന് കുറച്ച് ദിവസമായി ലീവിലാണെന്ന് മറുപടി.

‘കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മാഷ് നാട്ടില്‍ വന്നുപോയത്. അപ്പോഴൊന്നും അവിടെ വല്ല പ്രശ്‌നങ്ങളുമുണ്ടായതായി പറഞ്ഞിട്ടില്ല. മാര്‍ച്ച് 30നാണ് കുട്ടിയെ വഴക്കുപറഞ്ഞതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്ന് പറഞ്ഞത്. അദ്യം നിസ്സാരമായ പ്രശ്‌നമാണെന്ന് കരുതി. പിന്നീടാണ് ഏപ്രില്‍ അഞ്ചിന് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക്പോയത്. ജയിലില്‍ നിന്ന് ആദ്യമായി ഫോണ്‍ വന്നപ്പോള്‍ തളര്‍ന്നുപോയി. സങ്കടപ്പെടരുതെന്നും പുറത്ത് നിന്ന് വേണ്ടുന്നത് ചെയ്യാനുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ക്ലാസിലെ കുട്ടിയ ശാസിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്. പക്ഷെ അറസ്റ്റ് നടന്നപ്പോള്‍ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍. സ്‌കൂളിലെ നിരവധി അധ്യാപകരും സുഹൃത്തുക്കളും എന്നും ഫോണില്‍ സംസാരിക്കാറുണ്ട്. അവരില്‍ നിന്നാണ് യാഥാര്‍ഥത്തില്‍ എന്താണ് നടന്നതെന്ന് അറിഞ്ഞത്. കുറച്ച് കുരുത്തക്കേടുള്ള അഞ്ചാംക്ലാസുകാരനായ ഒരു ആണ്‍കുട്ടി, ആണ്‍കുട്ടികളുടെ പ്രൈവറ്റ് പാര്‍ട്ടിന് കേരളത്തില്‍ എന്താണ് പറയുകയെന്ന് മാഷോട് ചോദിച്ചു. മാഷൊന്നും മിണ്ടിയില്ല. പലതവണ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ടൊമാറ്റോ എന്ന് ദേഷ്യത്തോടെ മാഷ് പറഞ്ഞു. അവന്‍ അത് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് ക്ലാസിലൂടെ ഓടി. ദേഷ്യംപിടിച്ച് മാഷ് അവനെ ബെഞ്ചില്‍ ബലമായി പിടിച്ചിരുത്തി. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. മാഷെന്നെ തല്ലിയെന്നോ മറ്റോ പറഞ്ഞ് കുട്ടി വീട്ടിലെത്തിയപ്പോല്‍ വീട്ടുകാര്‍ സ്കൂളില്‍ കാര്യങ്ങളന്വേഷിക്കാന്‍ വന്നു. അത് പരാതിയായി എഴുതിത്തരാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. രണ്ട് കുട്ടികളെ സാക്ഷിയുമായി ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ മാഷെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോളാണ് അത് ലൈംഗിക പീഡനമായി മാറിയത്….’ ജ്യോതി തുടര്‍ന്നു. 

ഇസ്ലാമിക ഭരണം നടക്കുന്ന മാല ദ്വീപില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാവുന്നതിലും മാരകമാണ് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു എന്നത്. ശരിയത്ത് കോടതി എന്താണോ വിധിക്കുന്നത് അതാണ് അവസാന വിധി. വിചാരണയും ന്യായവാദങ്ങളുമൊന്നും അവിടെ വിലപ്പോകില്ല. കേസിന്റെ ഗൗരവം ജയചന്ദ്രന്റെ സഹപ്രവര്‍ത്തകരും ഫോണിലൂടെ ജ്യോതിയും കുട്ടിയുടെ കുടുംബത്തെ അറിയിച്ചപ്പോഴാണ് പരാതിയുടെ സ്വഭാവം മാറിയത് അവരും അറിയുന്നത്. പരാതിക്കാരനും സാക്ഷിപറഞ്ഞ കുട്ടിയുമെല്ലാം പൊലീസിനുമുമ്പാകെ ഹാജരായി അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ഞങ്ങള്‍ക്ക് പരാതി ഇല്ലെന്നും പറഞ്ഞെങ്കിലും കേസ് പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പരാതിക്കാരനായ കുട്ടിയുടെ ഇളയമ്മയടക്കം ഫോണില്‍ തന്നോട് സംസാരിക്കാറുണ്ടെന്ന് ജ്യോതി പറയുമ്പോഴും ജയചന്ദ്രന്റെ മോചനം അനിശ്ചിതമായി നീളുകയാണ്.

‘ മാഷ് അറസ്റ്റിലായതിന്റെ പിറ്റേ മാസം തന്നെ ഞാന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്നു. മാലി ഹൈകമ്മീഷണറുമായി മുഖ്യമന്ത്രി ബന്ധപ്പെടുകയും അവരുടെ മറുപടി കുറച്ചു മാസം മുന്‍പ് കിട്ടുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ യാതൊരു വിവരവുമില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം ഗൗരവമായി കാണുന്നില്ലെന്നതിനാല്‍ ബിജെപി നേതാവ് വി.മുരളീധരന്‍ വഴി സുഷമാ സ്വരാജിനും പരാതി അയച്ചു. എന്നിട്ടും ഒന്നും നടക്കാത്ത അവസ്ഥയാണ്. ജയിലില്‍ വലിയ പീഡനങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടാവുന്നില്ലെന്നാണ് വിവരം. 15 ദിവസം കൂടുമ്പോള്‍ ഞാനുമായി സംസാരിക്കാന്‍ അവര്‍ അനുവദിക്കുന്നുണ്ട്. അവസാനം വിളിച്ചത് ഒക്ടോബര്‍ 13നാണ്. അന്ന് പറഞ്ഞത് ഇനി ഡിസംബര്‍ 30ന് മാത്രമേ വിളിക്കാനാവൂ എന്നാണ്. എന്തുകൊണ്ടാണ് ഇത്രയും നീണ്ട ഇടവേള എന്നു മനസിലാവുന്നില്ല. ഞാനിപ്പോള്‍ എങ്ങനെയെങ്കിലും ഡിസംബര്‍ 30-വാന്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ക്കറിയുമോ, എനിക്കും രണ്ട് മക്കള്‍ക്കും അദ്ദേഹമല്ലാതെ ആരാണുള്ളത്. നെഞ്ചില്‍ തീയുമായിട്ടാണ് ഞങ്ങളുടെ ഓരോ ദിവസവും കടന്നുപോവുന്നത്….’

ജ്യോതിയുടെ വാക്കുകള്‍ മുറിയുമ്പോള്‍ ഒരധ്യാപിക ആയതുകൊണ്ടുമാത്രമാണ് അവര്‍ക്കിത്രയും പിടിച്ചുനില്‍ക്കാനുവുന്നതെന്ന് തോന്നി. അത്രമാത്രം സങ്കടക്കടല്‍ അവരുടെ ഉള്ളില്‍ തിരയടിക്കുന്നുണ്ട്. 

ജയചന്ദ്രന്‍ പതിവ് അധ്യാപക ലോകത്തിനപ്പുറം വിശാലമായ കാഴ്ചപ്പാടും സാംസ്‌കാരിക ബന്ധവും പരപ്പുള്ള സൗഹൃദത്തിന്റെയും ഉടമയായിരുന്നു. നാട്ടിലെ ആധ്യാപക വൃത്തിക്കുശേഷം മാലിദ്വീപില്‍ ജോലി തേടിപ്പോയശേഷം സോഷ്യല്‍ മീഡിയവഴിയുള്ള അദ്ദേഹത്തിന്റെ എഴുത്തുകള്‍ മാലിയുടെ അജ്ഞാതമായ ലോകം തുറന്നിടുന്നതായിരുന്നു. മാലിയുടെ സംസ്കാരം, ഭാഷ, വേഷം, വൈജാത്യം, പ്രകൃതി, മതം എല്ലാം ജയചന്ദ്രന്‍റെ എഴുത്തുകളിലുണ്ടായിരുന്നു. ബ്ലോഗില്‍ മാലിയെക്കുറിച്ച് നടത്തിയ ചില മതപരമായ കാഴ്ചപ്പാടുകളുടെ കുറിപ്പുകള്‍ ഒരു പക്ഷെ അദ്ദേഹത്തെ തടവിലാക്കിയതിന് പിന്നിലുണ്ടോയെന്ന് സുഹൃത്തുക്കള്‍ സംശയിക്കുന്നുണ്ട്. മാലിയുടെ ശരിയായ ചിത്രം വരച്ചിടുന്ന കടല്‍ നീലം എന്ന പുസ്തകത്തിന്റെ അവസാന മിനുക്കുപണികളിലായിരുന്നു ജയചന്ദ്രന്‍. അതിനിടയിലാണ് നിസ്സാരമായി ക്ലാസില്‍ കുട്ടിയെ വഴക്കുപറഞ്ഞെന്ന കാരണത്തില്‍ മേല്‍ അറസ്റ്റ് വരുന്നത്. 

അറസ്റ്റിനും രണ്ടുവര്‍ഷം മുമ്പുതന്നെ ജയചന്ദ്രനെ നിലവിലുള്ള സ്‌കൂളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള നീക്കം നടന്നുവന്നിരുന്നതായാണ് അവിടുത്തെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തെ സൂപ്പര്‍വൈസറായിരുന്ന വ്യക്തിയാണ് ഇപ്പോള്‍ പ്രിന്‍സിപ്പലിന്റെ ചാര്‍ജ് വഹിക്കുന്നത്. അദ്ദേഹത്തിന് നേരത്തെ തന്നെ ജയചന്ദ്രന്റെ രീതികള്‍ ഇഷ്ടമായിരുന്നില്ല. എല്ലാം കൂട്ടിവായിക്കുമ്പോള്‍ ജയചന്ദ്രന്റെ ജയില്‍ ജീവിതത്തിനുപിന്നില്‍ വല്ലാത്ത ദുരൂഹത മണക്കുന്നതായാണ് സുഹൃത്തുക്കളുടെ വിലയിരുത്തല്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍