UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇവിടെയെല്ലാം തോന്നുംപടി; ജയചന്ദ്രന്‍ മാഷ് നിരപരാധി- മാലിയില്‍ നിന്നും സഹപ്രവര്‍ത്തകന്‍

Avatar

കെ.പി.എസ്.കല്ലേരി


ഒരു തെറ്റും ചെയ്യാതെയാണ് ജയചന്ദ്രനെ തടവറക്കുള്ളിലാക്കിയത്. നിസ്സാരമായി ക്ലാസ്മുറിയിലോ സ്‌കൂളിലോ തീര്‍ക്കേണ്ടിയിരുന്ന പ്രശ്‌നം ഇത്രമാത്രം വലുതാക്കിയതിന് പിന്നിലെ ദുരൂഹത മനസിലാവുന്നില്ലെന്ന് മാലിയില്‍ ജയചന്ദ്രനൊപ്പം ഇതേ സ്‌കൂളില്‍ ജോലിചെയ്യുന്ന പ്രകാശന്‍ മാഷ്. അഴിമുഖം പ്രതിനിധിയോട് ഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികൃതി കാണിച്ച് കുട്ടിയെ ജയചന്ദ്രന്‍ വഴക്കുപറഞ്ഞതിന് ഞാന്‍ സാക്ഷിയാണ്. ഇതവിടെ സര്‍വ്വ സാധാരണമാണ്. മഹാവികൃതികളാണ് ഭൂരിപക്ഷം കുട്ടികളും. പലപ്പോഴും ശാസിക്കേണ്ടിവരും. ചെറുതായി തല്ലുന്നതുപോലും ഇവിടെ പതിവാണ്. പക്ഷെ ഈ കുട്ടിയുടെ കാര്യത്തില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ലൈംഗിക പീഡനകുറ്റത്തിനാണ് അവര്‍ ജയചന്ദ്രനെ കുരുക്കിലാക്കിയത്. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇപ്പഴും മനസിലാവുന്നില്ല.  

മാലിയില്‍ നിയമങ്ങളെല്ലാം തോന്നും പോലെയാണ്. പണമെറിഞ്ഞാല്‍ പൊലീസും കോടതിയും ജഡ്ജിയുംവരെ ആരേയും കുരുക്കിലാക്കും. എന്നാലോ, ലൈംഗികമായ പീഡിപ്പിക്കുകയെന്നത് അവിടെ ജാമ്യം പോലും കിട്ടാത്ത കുറ്റമാണ്. 25 വര്‍ഷം വരെ അവര്‍ക്ക് തടവിലിടാം. മറ്റൊരു രാജ്യത്തെയും സര്‍ക്കാരിനും അതില്‍ ഇടപെടാനാവില്ല. സംസ്ഥാന സര്‍ക്കാരില്‍ ജയചന്ദ്രന്റെ ഭാര്യ പരാതിയുമായി ചെന്നപ്പോള്‍ ബന്ധപ്പെട്ടത് അവിടുത്തെ ഹൈകമ്മീഷണറുമായിട്ടാണ്. അവര്‍ ഇത്തരത്തില്‍ ഗൗരവമുള്ള കേസാണെന്ന് അറിയിക്കുമ്പോള്‍ ഇവിടുത്തെ സര്‍ക്കാരിനും ഇടപെടുന്നതിന് പരിധിയുണ്ട്. അതാണിപ്പോള്‍ പ്രധാന പ്രശ്‌നമായിരിക്കുന്നത്.

നിലവില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഞങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇനി കുട്ടി കോടതിയില്‍ മൊഴി കൊടുക്കണം. അങ്ങനെ ഒരു മൊഴി എടുക്കാന്‍ കോടതി തയ്യാറാവുകയും മാഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചില്ലെന്ന് കുട്ടി പറയുകയും ചെയ്താല്‍ കോടതിക്ക് അവിടെനിന്നുതന്നെ ജയചന്ദ്രനെ വിടാന്‍ കഴിയും. പക്ഷെ അങ്ങനെയൊക്കെ നടക്കണം.

ജയചന്ദ്രന്‍ ജയിലിലായ ശേഷം മൂന്നുതവണ ഞാന്‍ ജയിലില്‍ പോയി സന്ദര്‍ശിച്ചിട്ടുണ്ട്. അവസാനം കണ്ടത് നവംബര്‍ എട്ടിനാണ്. അവിടെ പീഡനങ്ങളൊന്നുമില്ല. കരുതല്‍ തടങ്കലാണ്. ഒരു വലിയ മുറിയില്‍ 25 തടവുകാരുണ്ട്. ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ കിട്ടുന്നുണ്ട്. പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജയന്‍ പറഞ്ഞത്. ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയില്ല. കേസിന്റെ കാര്യത്തില്‍ കുട്ടിയുടെ ബന്ധുക്കളുമായൊക്കെ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും പ്രകാശന്‍ മാഷ് പറഞ്ഞു.

നേരത്തെ സ്‌കൂളിന്റെ സൂപ്പര്‍വൈസറായ ഒരു സത്താറാണിപ്പോള്‍ പ്രിന്‍സിപ്പല്‍ പോസ്റ്റില്‍. പത്താംക്ലാസ് പാസായിട്ടില്ല അദ്ദേഹം. സത്താറിന് നേരത്തെ ജയചന്ദ്രനെ അത്ര താല്‍പര്യമില്ല. അയാളാണ് ഇത്തരത്തിലൊരു കേസ് കെട്ടിച്ചമച്ചുണ്ടാക്കിയത്. ഇപ്പോള്‍ അയാളുടെ കൈയ്യില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ടു. ഇനി തീരുമാനമെല്ലാം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

2009-ലാണ് ഞാന്‍ മാലിയിലേക്ക് അധ്യാപനത്തിനായി പോകുന്നത്. അന്നത്തെ മാലിയില്‍ നിന്നും ഇന്നത്തെ മാലി വല്ലാതെ മാറിയിരിക്കുന്നു. അന്ന് സ്‌കൂളില്‍ വരുന്ന കുട്ടികളൊന്നും തലയില്‍ തട്ടംപോലും ഇട്ടിരുന്നില്ല. സ്ത്രീകള്‍ക്കും അത്ര നിര്‍ബന്ധിക്കപ്പെട്ടിരുന്നില്ല. ഇന്ന് തലമൂടാത്ത കുട്ടികളുമില്ല, പര്‍ദയിടാത്ത സ്ത്രീകളുമില്ല. മാലിയുടെ പൂര്‍വചരിത്രം ബുദ്ധമതത്തിന്റേതാണ്. 100 ശതമാനം ബുദ്ധിസ്റ്റുകളായിരുന്നു ഒരുകാലത്ത്. അവര്‍ പരിവര്‍ത്തനം ചെയ്തു നിര്‍ബന്ധ മതംമാറ്റത്തിനും വിധേയമായിട്ടാണ് ഇന്നുകാണുന്ന 100 ശതമാനം മുസ്ലീം രാഷ്ട്രത്തിലേക്ക് മാലി എത്തിയത്. കുറച്ചുകാലം മുമ്പ് ഖനനത്തിനിടയില്‍ പഴയ ബുദ്ധമത സംസ്‌കാരത്തിന്റെ കുറേ ശേഷിപ്പുകള്‍ മാലിയില്‍ കണ്ടെത്തി. സര്‍ക്കാര്‍ അത് മ്യൂസിയത്തിലേക്ക് മാറ്റി. എന്നാല്‍ അത് മ്യൂസിയത്തിനുള്ളില്‍ കയറി തല്ലിത്തകര്‍ക്കുന്നതിലേക്ക് വരെ അവിടുത്ത മതബോധം മാറിക്കഴിഞ്ഞു. ജയചന്ദ്രന്‍ ഇത്തരം വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുകയും എഴുതുകയും ചെയ്തിരുന്നു. ഒരു പക്ഷെ അത്തരം വിഷയങ്ങള്‍ ജയചന്ദ്രന്റെ കേസിനു പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ എഫ്‌ഐആറിലൊന്നും പീഡനമല്ലാതെ മറ്റ് വിഷയങ്ങളൊന്നുമില്ല. പ്രകാശന്‍ മാഷ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍