UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരോടാണ് നന്ദിപറയേണ്ടത്; എനിക്കറിയില്ല- ജയചന്ദ്രന്‍ മൊകേരി സംസാരിക്കുന്നു

Avatar

കെ പി എസ് കല്ലേരി

പൊതു സമൂഹത്തിന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇടപെടലിനെ തുടര്‍ന്ന് മാലി ദ്വീപിലെ എട്ട് മാസവും 20 ദിവസവും നീണ്ട ജയില്‍ വാസത്തിന് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ ജയചന്ദ്രന്‍ മൊകേരി മാധ്യമങ്ങളോട് സംസാരിക്കുന്നു.

ഇതെന്റെ രണ്ടാം ജന്മമാണ്. മാലിയിലെ ഇരുണ്ട ജയിലറയ്ക്കുള്ളില്‍ നിന്ന് പുറത്തുവരാനാവുമെന്ന് കരുതിയതല്ല. 15വര്‍ഷം, അല്ലെങ്കില്‍ സഹതടവുകാരില്‍ പലരും അനുഭവിക്കുന്നതുപോലെ 25 വര്‍ഷം. ജീവിതം മുഴുവന്‍ അഴിക്കുള്ളില്‍ കഴിയേണ്ടിവരുമെന്ന് കരുതിയിടത്തുനിന്നാണ് നിങ്ങളെന്നെ രക്ഷിച്ച് കൊണ്ടുവന്നിരിക്കുന്നത്. എങ്ങിനെയാണ്, ആരോടാണ് ഞാന്‍ നന്ദിപറയേണ്ടത്. എനിക്കറിയില്ല. ഇവിടെയിങ്ങനെ നിങ്ങളുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ ഒന്നുറപ്പാണ്, ലോകത്ത് ഒരുപാട് നന്മയുള്ളവര്‍ ബാക്കിയുണ്ടെന്ന്… ജയചന്ദ്രന്റെ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞൊഴുകി. കോഴിക്കോട് പ്രസ്‌ക്ലബിലായിരുന്നു വികാര നിര്‍ഭരമായ രംഗങ്ങള്‍. എട്ടുമാസവും 20 ദിവസവും നീണ്ട ജയില്‍ വാസത്തിനുശേഷം മാലിദ്വീപില്‍ നിന്ന് തിരിച്ചെത്തിയ ജയചന്ദ്രന്‍ ആദ്യമായി താന്‍ അനുഭവിച്ച ദുരിതങ്ങള്‍ വിവരിക്കുകയായിരുന്നു.

20 അടി നീളവും പത്തടി വീതിയുമുള്ള ഒരു കുടുസ്സുമുറി നിങ്ങളൊന്നു സങ്കല്‍പിച്ച് നോക്ക്. അവിടെ പത്ത് തടവുകാര്‍. അതും വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയിലിലായവര്‍. വാതിലോ മറയോ ഇല്ലാതെ അരമതില്‍ മാത്രമുള്ളൊരു കക്കൂസും കുളിമുറിയും. അവിടെ കഴിഞ്ഞുകൂടിയ ദിവസങ്ങള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. അത്രയും വലിയ യാതനയായിരുന്നു. പലപ്പോഴും ഞാന്‍ നിരപാരാധിയാണെന്ന് പറയുമ്പോള്‍ അപരാധം ചെയ്‌തെത്തിയ സഹതടവുകാര്‍ക്കെല്ലാം പുച്ഛമായിരുന്നു. അവരുടേയും ഉദ്യോഗസ്ഥരുടേയും പരിഹാസ ചിരിമാത്രം മതി ആ തടവിന്റെ ആഴം അറിയാന്‍. നിസ്സാരമായൊരു പ്രശ്‌നം. അതും ക്ലാസ്മുറില്‍ തീരേണ്ടൊരു പരാതി. എന്തിനാണ് അത് ഇത്രയും വലിയ മഹാപരാധമായി മാറ്റിയതെന്ന് ഇപ്പഴും മനസിലായിട്ടില്ല. 

ഒന്നാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയാണ് മാലിയിലെ സ്‌കൂള്‍. മഹാവികൃതികളാണ് കുട്ടികള്‍. അവരെ പഠിപ്പിക്കുന്നതിനേക്കാള്‍ പ്രയാസമാണ് ക്ലാസില്‍ ഇരുത്തല്‍. കുട്ടികള്‍ ബഹളം വെച്ചാല്‍ സ്‌കൂള്‍ അധികൃതര്‍ പ്രശ്‌നമാക്കും. കുട്ടികളെ വഴക്കുപറഞ്ഞാല്‍ അവരുടെ രക്ഷിതാക്കളും കുട്ടികളും പ്രശ്‌നക്കാരാവും. ഇതിനിടയില്‍ വലിയ അഭ്യാസം തന്നെയായിരുന്നു അവിടുത്തെ അധ്യാപനം.

അഞ്ചാക്ലാസുകാരനായ കുട്ടിയെ വികൃതികാണിച്ചതിന് ശാസിച്ചത് മാത്രമാണ് ഞാന്‍ ചെയ്തകുറ്റം. ഏപ്രില്‍ അഞ്ചിനാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രണ്ടു ദിവസം കൊണ്ട് പറഞ്ഞുവിടാമെന്നായിരുന്നു പറഞ്ഞത്. പക്ഷെ ചെന്നത് ജയില്‍ മുറിയിലേക്കായിരുന്നു. അപ്പോഴാണ് തനിക്കെതിരായ കുറ്റത്തിന്റെ സ്വഭാവം അറിഞ്ഞത്. ആദ്യത്തെ മൂന്നുമാസം ഒന്നും മനസിലായില്ല. പലപ്പോഴും ഓര്‍മ പോലും നഷ്ടപ്പെട്ട അവസ്ഥ. ഭാര്യയുടേയും മക്കളുടേയും അമ്മയുടേയും മുഖം പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്തവിധം ബോധം മറഞ്ഞുപോയി. അവിടെനിന്ന് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയത് വിശ്വസിക്കാനാവുന്നില്ല. എനിക്കുവേണ്ടി ആരൊക്കെ എന്തൊക്കെ ചെയ്തു എന്നത് പുറത്തുവന്നശേഷമാണ് അറിയുന്നത്. നാട്ടില്‍ നടക്കുന്നതൊന്നും അറിഞ്ഞില്ല. എനിക്ക് സഹിക്കാന്‍ കഴിയാത്തത് എന്റെ ജേഷ്ടന്‍ മരിച്ചുപോയ വിവരം ഞാന്‍ അറിഞ്ഞത് ഇപ്പോഴാണ്. കഴിഞ്ഞ ജൂണില്‍ അവന്‍ എന്നെ വിട്ടുപോയതുപോലും അറിയാത്ത വിധം ജീവിതം ഇരുട്ടിലായിപ്പോയതിന്റെ വേദന ആരോടാണ് പറയേണ്ടത്. സഹിക്കാനാവുന്നില്ല. എനിക്കുവന്നുപെട്ടതുപോലൊരവസ്ഥ ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതേ എന്നുമാത്രമാണ്  പ്രാര്‍ഥന.

ജയചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി. ഭാര്യ ജ്യോതിയും മകള്‍ കാര്‍ത്തികയും ഒപ്പമുണ്ടായിരുന്നു. ജയചന്ദ്രന്‍ അനുഭവിച്ച ദുരിതത്തിന്റെ തീവ്രത അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവരുമ്പോള്‍ പലപ്പോഴും അവര്‍ക്കും പിടിച്ച് നില്‍ക്കാനായില്ല.

 

ജയചന്ദ്രന്‍ മൊകേരിയുടെ മോചന വിവരം അറിയിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ എക്സ്റ്റേര്‍ണല്‍ അഫയേര്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ: ശശി തരൂരിന് ലഭിച്ച കത്ത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍