UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

ജയകാന്തന്‍: ഉന്നൈപ്പോല്‍ ഒരുവന്‍

ആരായിരുന്നു ജയകാന്തന്‍?

തമിഴകത്തെ പുതിയ തലമുറയില്‍ ഉയര്‍ന്നുവരാവുന്ന ചോദ്യം. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായ എഴുത്തില്‍ നിന്ന് പിന്‍വാങ്ങി കോപാകുലനായ  സന്യാസിയെപ്പോലെ ഏകാന്തതയില്‍ കഴിഞ്ഞിരുന്ന ഒരാളെക്കുറിച്ച് ഇത്തരം ചോദ്യങ്ങള്‍ ഉണ്ടായെന്നിരിക്കും. പണ്ട് തമിഴകത്തിന്റെ ചുറ്റുവട്ടങ്ങളില്‍ പൂത്തുലഞ്ഞ സംസ്‌ക്കാരം ഇന്ന് കാറ്റുവീഴ്ചയില്‍ നിലംപരിശാകുന്ന കാലമാണിത്. പാരമ്പര്യത്തെ തലകീഴായി മറിക്കാനുള്ള വ്യഗ്രത കുറച്ചൊന്നുമല്ല. തമിഴ് സാഹിത്യത്തെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തിയ തലമുറ ഇന്ന് അന്യം നില്‍ക്കുകയാണ്. തമിഴ്‌സിനിമയെപ്പോലെ സാഹിത്യവും തട്ടുപൊളിപ്പന്‍ പ്രലോഭനങ്ങളുമായി അഗാധ ഗര്‍ത്തങ്ങളില്‍ മൂക്കുകുത്തി വീഴുന്ന  ഇക്കാലത്ത് ജയകാന്തന്‍ എന്ന മഹാമേരുവിനെ പലരും കണ്ടില്ലെന്നിരിക്കാം. സങ്കുചിതമായ സവര്‍ണമേധാവിത്വത്തിന്റെ നെടുംപുരകളില്‍ തളച്ചിട്ടിരുന്ന തമിഴ്‌സാഹിത്യത്തിന്റെ വേരുകള്‍ യജമാനന്മാര്‍ അറിയാതെ വേലിചാടി പുറത്തേക്ക് വളര്‍ന്നുപന്തലിക്കാന്‍ കാരണം ജയകാന്തനെപ്പോലുള്ള സാധാരണക്കാരന്റെ മനസ്സ് തൊട്ടറിഞ്ഞ എഴുത്തുകാരായിരുന്നു.

സമൂഹത്തിലെ താഴേത്തട്ടിലുള്ള കീഴാളന്മാരെ നാം ആദ്യമായി പരിചയപ്പെടുന്നത് ജയകാന്തന്റെ സാഹിത്യത്തിലായിരിക്കണം. സൈക്കിള്‍ റിക്ഷാക്കാരും, തോട്ടികളും, തെണ്ടികളും വേശ്യകളുമൊക്കെ അവിടെ സുലഭമായിരുന്നു. ചില നേരങ്ങളില്‍ ചില മനിതര്‍കള്‍, അഗ്നിപ്രവേശം, ഒരു നടികൈ നാടകം പാര്‍ക്കിറാള്‍, ഉന്നൈ പോല്‍ ഒരുവന്‍, പാതൈ തെരിയതു പാര്‍, യാരുക്കാക അഴുതേന്‍, ഗംഗൈ എങ്കേ പോകിറാള്‍, കൈവിലങ്ങ് തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികളില്‍ ഇത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങളെ നമുക്ക് കണ്ടെത്താനാകും. ഇതില്‍ ഏറിയ കൂറും സ്ത്രീകഥാപാത്രങ്ങളാണ് എന്നത് വെറും യാദൃച്ഛികമല്ല. കാരണം തമിഴകത്തെ ഏറ്റവും ദുരിതമനുഭവിക്കുന്ന വര്‍ഗ്ഗം ദരിദ്രജീവിതം നയിക്കുന്ന സാധാരണക്കാരായ പെണ്ണുങ്ങളാണല്ലോ. അവരുടെ ഭാഗത്ത് നില്‍ക്കാന്‍, അവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ രാഷ്ട്രീയക്കോമരങ്ങള്‍ക്കു പോലും കഴിയാത്ത കാലത്താണ് ജയകാന്തന്‍ അക്ഷരങ്ങളിലൂടെ അവരുടെ ചങ്ങാതിയായിത്തീര്‍ന്നത്.  

എണ്‍പതുകളുടെ ആദ്യപാദത്തില്‍ ഞാന്‍ തൊഴിലുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തുമ്പോള്‍ നേരില്‍ കാണാന്‍ ആഗ്രഹിച്ച സാഹിത്യകാരമന്മാരില്‍ ഒരാള്‍ ജയകാന്തനായിരുന്നു. മറ്റൊരാള്‍ ആദ്യമായി ജ്ഞാനപീഠം നേടിയ അഖിലനും. ചിത്തിരൈപ്പാവൈ കര്‍ത്താവായ അഖിലനെ കാണുന്നത് തിരുവെല്ലിക്കേനി എന്നറിയപ്പെടുന്ന ട്രിപ്ലിക്കേനിലെ പഴയൊരു വീട്ടില്‍ വച്ചായിരുന്നു. മഹാകവി സുബ്രഹ്മണ്യ ഭാരതിയാര്‍ ആനയുടെ ചവിട്ടേറ്റു മരിച്ച പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപമുള്ള പഴയൊരു വീട്ടില്‍ വച്ചായിരുന്ന ആ കൂടിക്കാഴ്ച. അടുത്ത എന്റെ ദൗത്യം ജയകാന്തനായിരുന്നു. കലാകൗമുദി വാരികക്ക് വേണ്ടിയായിരന്നു അന്നദ്ദേഹത്തെ കണ്ടത്. മൈലാപ്പൂരിലെ ടിടികെ റോഡില്‍ അദ്ദേഹം നടത്തിയിരുന്ന ഒരു പ്രസിദ്ധീകരണശാലയിലെ ഓഫീസ്. അന്ന് അദ്ദേഹത്തോടൊപ്പം നാലഞ്ച് സുഹൃത്തുക്കളും ഉണ്ടായിരുന്നു. തമിഴ് സാഹിത്യത്തിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ചും എഴുത്തുകാരന്റെ ധാര്‍മ്മികച്ച്യുതിയെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായി. മണിക്കൂറുകള്‍ നീണ്ടുനിന്ന സംഭാഷണത്തിനിടയില്‍ അദ്ദേഹവും സുഹൃത്തുക്കളും മാറിമാറി കഞ്ചാവ് ബീഡി വലിക്കുന്നുണ്ടായിരുന്നു. എനിക്കും എന്നോടൊപ്പമുണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍ മേഘനാഥനും സ്‌നേഹപൂര്‍വം ബീഡികള്‍ തന്നെങ്കിലും ഞങ്ങളതു സ്‌നേഹപൂര്‍വംതന്നെ നിരസിച്ചു. കഞ്ചാവിന്റെ കറുത്ത പുകപടലം മുറിയാകെ പടര്‍ന്നു. എങ്കിലും ജയകാന്തന്റെ സംഭാഷണത്തിനു കോട്ടമൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ ഒരുതരത്തിലുള്ള ലഹരികള്‍ക്കും കീഴ്‌പ്പെടുത്താനാവില്ല എന്ന സന്ദേശമാണ് അവിടെ ഞാന്‍ കണ്ടത്. രാഷ്ട്രീയവും സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു.

ഏറെക്കാലത്തിനു ശേഷം, രണ്ടായിരത്തി ഒന്നിലാണ് ഞാന്‍ വീണ്ടും അദ്ദേഹത്തെ  കാണുന്നത്. കെ കെ നഗറിലെ അണ്ണാദുരൈയുടെ ഭാര്യ റാണിഅണ്ണാദുരൈയുടെ പേരിലുള്ള നഗറിനു സമീപമുള്ള വീട്ടില്‍. മലയാള മനോരമയിലെ ഫോട്ടോഗ്രാഫര്‍ ബി ജയചന്ദ്രന്‍ ഇന്ത്യയിലെ 75 മുന്‍നിര എഴുത്തുകാരെക്കുറിച്ചു നടത്തുന്ന ‘വേഡ്‌സ് ആന്റ് ഇമേജസ്’ എന്ന പദ്ധതിക്കുവേണ്ടിയായിരുന്നു ആ സന്ദര്‍ശനം. പൊതുവേ അതിഥികളെ സ്വീകരിക്കാന്‍ വൈമുഖ്യം കാണിച്ചിരുന്ന കാലമായിരുന്നു അത്. എങ്കിലും പഴയ സൗഹൃദത്തിന്റെ പേരില്‍ അദ്ദേഹം സംസാരിക്കാനും ചിത്രമെടുക്കാനും സന്നദ്ധനായി. അടുത്തുള്ള തെരുവുകളിലെ സാധാരണക്കാരുമായി നിന്ന് പടമെടുക്കാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചു. അതില്‍ പലരും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളോ അവരുമായി സാമ്യമുള്ളവരോ ആയിരുന്നു.

മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം സാഹിത്യത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചാണ് സംസാരിച്ചത്. തന്റെ എഴുത്തിനു കാര്യമായ സ്ഥാനം ലഭിച്ചോ എന്ന കാര്യത്തിലും അദ്ദേഹത്തിനു സംശയമുണ്ടെന്നു തോന്നി. ‘എഴുത്തുകൊണ്ട് ജീവിച്ച ആദ്യത്തെ എഴുത്തുകാരനാണ് ഞാന്‍,’ എന്ന് പറഞ്ഞിരുന്ന അദ്ദേഹം  എഴുത്തു എന്നെന്നേക്കുമായി നിര്‍ത്തിയെന്നാണ് പറഞ്ഞത്. (പെരുമാള്‍ മുരുകന്മാര്‍ എഴുത്തു നിര്‍ത്തുന്ന രീതിയായിരുന്നില്ല ഇത്) തമിഴിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ വഴിതെറ്റിപ്പോകുകയാണെന്നും മികച്ച സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. (മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പിന്നാലെയാണല്ലോ എഴുത്തുകാര്‍. തമിഴില്‍ അത്തരത്തിലൊരു പ്രവണതയില്ല. കാലച്ചുവടു പോലുള്ള ഏതാനും ലിറ്റില്‍ മാഗസീനുകള്‍ മാത്രമായിരുന്നു നിലവാരമുള്ള എഴുത്തുകാരുടെ ആശ്രയം.) ജ്ഞാനപീഠം ലഭിച്ചപ്പോള്‍ അനുമോദിക്കാന്‍ വിളിച്ചവരോടൊക്കെ അതിലൊന്നും വലിയ കഴമ്പില്ലാത്ത രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്. 

ജീവിതത്തില്‍ ഏറെ ദുരിതങ്ങള്‍ താണ്ടിയാണ് ജയകാന്തന്‍ തമിഴ് സാഹിത്യത്തിന്റെ നെടുംതൂണായി മാറിയത്. സാഹിത്യം മാത്രമല്ല, രാഷ്ട്രീയവും സിനിമയും അദ്ദേഹത്തിനു വഴങ്ങുന്നതായിരുന്നു. കൈവച്ചതൊക്കെ കൃത്യമായി വിജയിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നിലവിലുള്ള വ്യവസ്ഥതികളെ അദ്ദേഹം നിരാകരിച്ചു. എല്ലാ മേഖലയിലും തന്റേതായ ഒരു ലോകം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. 

സൗത്ത് ആര്‍ക്കോട്ടു ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ജയകാന്തന്‍ അഞ്ചാംതരത്തില്‍ പഠിക്കുമ്പോള്‍ പന്ത്രണ്ടാം വയസ്സില്‍ അച്ഛനുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ വില്ലുപുരത്തേക്ക് നാടുവിടുന്നു. സ്വന്തം ഗ്രാമത്തില്‍ അമ്മയോടും അമ്മയുടെ അച്ഛനോടുമായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ അടുപ്പം. അമ്മയുടെ സഹായത്തോടെ അമ്മാവന്റെ സംരക്ഷണയിലെത്തിയ ജയകാന്തന്‍ കമ്മ്യൂണിസറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) ചെന്നൈ ഓഫീസില്‍ എത്തുന്നു. ഇടതുപക്ഷ ചിന്താഗതി വളര്‍ത്താന്‍ അത് അദ്ദേഹത്തെ സഹായിച്ചു. വിവിധ നേതാക്കളുമായി ബന്ധപ്പെടാനും ആശയങ്ങള്‍ വികസിപ്പിക്കാനും അദ്ദേഹത്തിനു കഴിയുന്നു. പാര്‍ട്ടിയുടെ ജനശക്തി മാസികയുമായി സഹകരിക്കാന്‍ ആ യുവാവിനു കഴിഞ്ഞതോടെ എഴുത്തിനു ആക്കം വര്‍ദ്ധിക്കുന്നു. സുബ്രഹ്മണ്യ ഭാരതിയാരും ഇ വി രാമസ്വാമി നായ്ക്കരും അദ്ദേഹത്തെ ഏറെ സ്വീധീനിക്കുന്നു.

കമ്യുണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജയകാന്തന്‍ പ്രസ്ഥാനം വിട്ടു. ഏറെക്കഴിഞ്ഞ് അദ്ദേഹം കാമരാജിനോടൊപ്പം പ്രവര്‍ത്തിച്ചു. 1977 ല്‍ മദ്രാസിലെ ടി നഗറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. വോട്ടുചെയ്യാന്‍ മടിച്ചു നിന്ന ഏതാനും പേരെ തെരഞ്ഞെടുപ്പു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു വരാന്‍ തനിക്കായെന്നാണ് അദ്ദേഹം പറഞ്ഞത്. ദ്രാവിഡരാഷ്ട്രീയത്തിന്റെ ദഹനക്കേടുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ മടിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വിജയം. തന്റെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കാന്‍ ജയകാന്തന്‍ ആരെയും കൂട്ടുപിടിച്ചില്ല. നെറികെട്ട രാഷ്ട്രീയം അഴിഞ്ഞാടുന്ന ഒരു സമൂഹത്തിലാണ് ഇത്തരത്തില്‍ ഒരാള്‍ ജീവിച്ചിരുന്നതെന്ന് നാം മനസ്സിലാക്കണം.   

സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവും മോശമായില്ല. 1962 ല്‍ ജയകാന്തന്‍ സംവിധാനം ചെയ്ത ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന ചിത്രത്തിനു രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡിനു അര്‍ഹമായി. (ഒന്നാമത്തെ മികച്ച ചിത്രം സത്യജിത് റായിയുടെ ചാരുലത ആയിരുന്നു) 1972 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 2009 ല്‍ പത്മഭൂഷന്‍ എന്നിവയും ലഭിച്ചു.

താന്‍ നേരില്‍ കണ്ട ജീവിതങ്ങളാണ് ജയകാന്തനെ എഴുത്തുകാരനാക്കിയത്. ഔപചാരിക വിദ്യാഭ്യാസമില്ലായ്മ അദ്ദേഹത്തെ പിന്നാക്കമടിച്ചില്ല. സാധാരണക്കാരനിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒരുപക്ഷേ അത് ഗണ്യമായി ഉപകരിച്ചിരിക്കണം. തമിഴകത്ത് ജയകാന്തന്‍ ഒറ്റപ്പെട്ട വ്യക്തിത്വമാണ്. ആരെയും കൂസാതെ തന്റെ വഴിയിലൂടെ തലപൊക്കിപ്പിടിച്ചു നടന്ന ഒറ്റയാന്‍. പക്ഷേ അദ്ദേഹം എന്നും മനുഷ്യന്റെ ഭാഗത്തായിരുന്നു എന്നതാണ് ആ വ്യക്തിത്വത്തിന്റെ സവിശേഷത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍