UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയും സ്വേച്ഛാധികാരത്തിന്റെ കലയും

Avatar

ടീം അഴിമുഖം 

തന്റെ കക്ഷി എ ബി വാജ്പേയി സര്‍ക്കാരിനെ പിന്തുണച്ചിട്ട് ഒരു വര്‍ഷം തികയാറായപ്പോള്‍ ആ സര്‍ക്കാരിന്റെ താഴെയിറക്കാനുള്ള ദൌത്യവുമായി ജെ. ജയലളിത ഡല്‍ഹിയിലെത്തി.

1999 ഏപ്രിലില്‍ സുബ്രഹ്മണ്യം സ്വാമി വഴി, സോണിയ ഗാന്ധിയുമൊത്ത് ഒരു ചായകുടിച്ച് പിരിയുമ്പോള്‍ ജയലളിത വാജ്പേയി സര്‍ക്കാരിന്റെ ആയുസ്സ് അവസാനിപ്പിച്ചിരുന്നു.

അധികാരത്തിന്റെ ശക്തി അവര്‍ക്കറിയാമായിരുന്നു. അധികാരത്തിന്റെ പ്രകടനങ്ങളില്‍ നിഷ്കരുണമായ സൂക്ഷ്മതയോടെ അവരത് പ്രയോഗിക്കുകയും ചെയ്തു.

സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ അവര്‍ വിനയഭാവം കൊണ്ടുവന്നിരുന്നു. പക്ഷേ എല്ലായ്പ്പോഴും അതിലൂടെ പറഞ്ഞിരുന്നത്,“തീര്‍ച്ചയായും ഞങ്ങള്‍ ഒരു തീരുമാനമെടുക്കും, നിങ്ങളെ അറിയിക്കേണ്ട സമയം വരുമ്പോള്‍ അറിയിക്കും, നന്ദി,” എന്ന കാര്‍ക്കശ്യമായിരുന്നു.

കൂടുതല്‍ ചോദ്യങ്ങളില്ല, ജയലളിത നടന്നുപോകും. കൂടുതല്‍ ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടുമില്ല. പലരും അവര്‍ക്ക് അമാനുഷികമായ പരിവേഷം കല്‍പ്പിച്ചുനല്‍കി. അവര്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കലായിരുന്നു അനുയായായികളുടെ ഇഷ്ടരീതി. അവരുടെ മാരകമായ ഇഷ്ടക്കേടുകളുടെ വഴികളില്‍ വീഴാന്‍ ആരും ആഗ്രഹിച്ചിരുന്നില്ല.

ഈ സംഹാരതൃഷ്ണ ഇല്ലായിരുന്നെങ്കില്‍ പിന്നിട്ട വഴികളൊന്നും കടന്നുപോകാന്‍ അവര്‍ക്കാവില്ലായിരുന്നു- അമ്മയുടെ, പുരട്ച്ചി തലൈവിയുടെ (വിപ്ലവ നേതാവ്), തങ്ക താരകൈയുടെ (സുവര്‍ണ്ണ മാതാവ്) മുന്നില്‍ സ്ഥിരമായി മടികൂടാതെ കുമ്പിട്ടിരുന്നവരോട് ചോദിച്ചുനോക്കൂ.

അങ്ങനെ നട്ടെല്ലുവളച്ച് ജയലളിതയ്ക്ക് മുന്നില്‍ അവര്‍ വീണിരുന്നതിന് ഒരു കാരണമുണ്ടായിരുന്നു-ജയലളിത അധികാരമാണ്, അധികാരം അവര്‍ക്കില്ലാതിരുന്നപ്പോള്‍ കൂടി. അവര്‍ക്ക് അധികാരത്തിന്റെ തൃഷ്ണകളുണ്ടായിരുന്നു. അതിലേറെ അധികാരത്തിന്റെ അര്‍ത്ഥം എന്താണെന്നും അധികാരത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്നും.

അത് നേടാന്‍ അവര്‍ ഏറെ കഷ്ടപ്പെട്ടു. കിട്ടിയപ്പോള്‍ അത് എളുപ്പം വിട്ടുകൊടുക്കാന്‍ തയ്യാറായതുമില്ല. തന്റെ വെള്ളിത്തിര നായകനും രാഷ്ട്രീയ രക്ഷിതാവുമായ എം ജി ആര്‍ മരിച്ചപ്പോള്‍ ജയലളിത താത്ക്കാലികമായി അരികുകളിലേക്ക് ഒതുക്കപ്പെട്ടു-പക്ഷേ എം ജി ആറിന്റെ സ്നേഹത്തിലേക്കും രാഷ്ട്രീയജീവിതത്തിലേക്കും കയറിയ  ജയലളിത, അദ്ദേഹത്തിന്റെ രാഷ്ട്രീയശേഷിപ്പിലേക്കും അധികാരവകാശങ്ങള്‍ക്കുമായി വിട്ടുവീഴ്ച്ചയില്ലാതെ നടന്നുകയറുകയായിരുന്നു.

AIADMK തലവന്റെ പാരമ്പര്യത്തിനുള്ള വിധവാവകാശവുമായി ജാനകി രാമചന്ദ്രന്‍ മുന്നില്‍ വന്നു; അവര്‍ മുഖ്യമന്ത്രിയായി, പക്ഷേ വെറും മൂന്നാഴ്ച്ചക്കാലം മാത്രമേ നീണ്ടതുള്ളൂ. ഒരു രാഷ്ട്രീയ അനന്തരാവകാശിയാകാനുള്ള ശേഷി ജാനകി ഒരിക്കലും പ്രകടിപ്പിച്ചില്ല; ഒരുപക്ഷേ അതവര്‍ക്കില്ലായിരുന്നു.

ജയലളിത ആ പാരമ്പര്യം ഏറ്റെടുത്തു. തന്റെ സംഭവബഹുലവും പ്രശ്നഭരിതവുമായ രാഷ്ട്രീയജീവിതത്തില്‍ അവര്‍ ആറ് തവണ മുഖ്യമന്ത്രിയായി. അനുയായികളുടെ സ്തുതിഗീതങ്ങളും എതിരാളികളുടെ വെറുപ്പും അവരെ അനുഗമിച്ചു.

2014-ല്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെടുകയും തടവിലാവുകയും ചെയ്ത ഏക മുഖ്യമന്ത്രിയെന്ന ഭാരവും അവരെ തേടിയെത്തി. പരമവിധേയനായ ഒ. പനീര്‍ശെല്‍വത്തെ പകരക്കാരനാക്കി, കസേര നോക്കാനേല്‍പ്പിച്ചു, വീണ്ടും അങ്കം വെട്ടി, തിരിച്ചുവന്നു.

ജയലളിതയെപ്പോലെ, അഴിമതിക്കാരും, മൂല്യങ്ങളും ധാര്‍മികതയും ചവിട്ടിമെതിച്ചവരും, അതിനെയൊക്കെ അവമതിയോടെ മാത്രം നോക്കുന്നവരുമായ നേതാക്കള്‍ എങ്ങനെ ജനങ്ങളുടെ വന്‍പിന്തുണ നേടുന്നു എന്നത് പലപ്പോഴും വിശദീകരിക്കാനും നിര്‍വ്വചിക്കാനുമാകാത്ത ഒന്നാണ്.

സമാനമായ ഉദാഹരണം ബിഹാറില്‍ ലാലു പ്രസാദ് യാദവിന്‍റേതാണ്. കാലിത്തീറ്റ കുംഭകോണത്തില്‍ സി ബി ഐ കുറ്റം ചുമത്തിയ, തടവിലാക്കപ്പെടും എന്നതിന്റെ വക്കില്‍ അധികാരമൊഴിയേണ്ടിവന്ന, പിന്നീട് തടവിലായ ഒരാള്‍.

ജയലളിതയെപ്പോലെ ലാലുവും ഒരു പകരക്കാരിയെ കണ്ടെത്തി, തന്റെ ഭാര്യ റാബ്രി ദേവി. അവരെ ഒരു മടിയും കൂടാതെ മുഖ്യമന്ത്രിയാക്കി. ഒരു തവണകൂടി അവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു. ഇപ്പോള്‍ വീണ്ടും അധികാരത്തില്‍ നിര്‍ണായകനിയന്ത്രണം ലാലുവിനുണ്ട്.

ജയലളിത കണക്കറ്റ സ്വത്ത് സമ്പാദിച്ചു കൂട്ടി. അതൊക്കെ ആഡംബരത്തോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 1995-ല്‍ അവരുടെ മുന്‍ വളര്‍ത്തുപുത്രന്‍ സുധാകരന്റെ കല്യാണ മാമാങ്കം ഇത്തരമൊരു പ്രദര്‍ശനവും സമ്പത്തിന്റെ അശ്ലീലവുമായിരുന്നു. ജയലളിതയും ഉറ്റതോഴി ശശികലയും അടിമുതല്‍ മുടി വരെ പൊന്നില്‍ക്കുളിച്ചുനിന്നു; ചെന്നൈ നഗരത്തില്‍ ആഡംബര ആഘോഷ പ്രകടനങ്ങള്‍ അരങ്ങേറി.

സവിശേഷമായ ചില വ്യക്തിവിശേഷങ്ങളോടെ പൊതുനിയമങ്ങളെയും ധാരണകളെയും മറികടക്കാന്‍ ചില നേതാക്കള്‍ക്ക് കഴിയാറുണ്ട്.  പൊതുസമൂഹം അവരെ തങ്ങള്‍ക്കും മേലെ പ്രതിഷ്ഠിക്കുകയും ചെയ്യും.

ജയലളിത അത്തരത്തില്‍ ഒരാളായിരുന്നു; ലാലു മറ്റൊരാളാണ്. ദുര്‍ഗ മുതല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചതടക്കമുള്ള  സംഭവബഹുലമായ ഒരു പതിറ്റാണ്ടില്‍ പുറത്താക്കി ഒഴിവാക്കാന്‍ കഴിയാത്ത റാണിയായി ജനം തിരിച്ചുവിളിച്ച ഇന്ദിരാഗാന്ധി അവര്‍ക്ക് മുമ്പേയുണ്ടായിരുന്നു.

ഇവര്‍ക്ക് പൊതുവായുള്ള വ്യക്തിത്വവിശേങ്ങള്‍ പ്രകടമാണ്-ആത്മവിശ്വാസം, നിശ്ചയദാര്‍ഢ്യം, കരുത്ത്, എതിര്‍പ്പുകളെ ചെറുത്തുനില്‍ക്കാനുള്ള കഴിവ്, വിധേയത്വം പിടിച്ചുവാങ്ങും വിധമുള്ള അധികാര പ്രകടനം, പിന്നെ സകല പാപങ്ങള്‍ക്കും ദൌര്‍ബല്യങ്ങള്‍ക്കും അപ്പുറത്തും ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള കഴിവ്. ഒരു പക്ഷേ മറ്റൊന്ന് സൂക്ഷ്മമായി പരിപാലിച്ചെടുത്ത ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹതയും.

അത് നമ്മെക്കുറിച്ചും ചിലതൊക്കെ വെളിപ്പെടുത്തുന്നു; വ്യക്തിപ്രഭ ബാധിക്കുന്നു. പല രൂപങ്ങളില്‍ പല കാലത്ത്. വ്യക്തികള്‍ അമാനുഷികതയിലേക്ക് ഇരിപ്പുറപ്പിക്കുന്നത് നമുക്കിഷ്ടമാണ്.

ഇന്ദിരയും ലാലുവും തങ്ങളുടെ അധികാരവും പരിവേഷവും ഉറപ്പിച്ചത് കുറെക്കൂടി സാമൂഹ്യമായാണ്-തങ്ങള്‍ നയിക്കുന്നവരോട് കൂടുതല്‍ തുറന്നുനിന്നു, അവരില്‍ ഒരാളെപ്പോലെ തോന്നിപ്പിച്ചു, അവരിലിറങ്ങി, അത് വിജയിക്കുകയും ചെയ്തു. തങ്ങളുടെ താത്പര്യങ്ങളുടെ ഏറ്റവും മികച്ച കാവല്‍ക്കാര്‍ ഇവരാണെന്ന് ജനങ്ങള്‍ക്ക് തോന്നി.

1984-ല്‍ ഇന്ദിരാഗാന്ധി-ഇന്ദിരാമ്മ-മരിച്ചപ്പോള്‍ രാജ്യത്തെ അതിദരിദ്രര്‍ അനാഥരെപ്പോലെ നിലവിളിച്ചു. ഇപ്പൊഴും ലാലു ബിഹാറില്‍ സഞ്ചരിക്കുമ്പോള്‍ ജനം തങ്ങളുടെ രക്ഷകനെ കണ്ടപോലെ ആനന്ദിക്കുന്നു. ലാലുവിന് ബിഹാറില്‍ 20% വോട്ടുള്ളത് വെറുതെ കിട്ടുന്നതല്ല.

ജയലളിതയുടെ വഴി വേറെയായിരുന്നു- പൊതുരംഗത്തെ ഇടപെടലിലും  വ്യക്തിജീവിതത്തിലും നിഗൂഢപരിവേഷം അവര്‍ കാത്തുസൂക്ഷിച്ചു. ഏറെപ്പങ്കും ശശികല സ്വന്തമാക്കിയ സ്വന്തം അനുചരവൃന്ദത്തിനുള്ളില്‍ അവര്‍ കഴിഞ്ഞുകൂടി.

പക്ഷേ പോയസ് ഗാര്‍ഡനിലെ ചക്രവര്‍ത്തിനി പല രൂപങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവതരിച്ചുകൊണ്ടിരുന്നു-അമ്മ കുപ്പിവെള്ളം, അമ്മ ഉപ്പ്, അമ്മ ഭക്ഷണശാലകള്‍, അമ്മ സിമന്‍റ്, അമ്മ മരുന്നുകടകള്‍, അമ്മ ശിശു സംരക്ഷണ സാമഗ്രികള്‍ അങ്ങനെ പലതും.

തമിഴ്നാട് അമ്മയുടെ ഔദാര്യങ്ങളുടെ ഒരു ഭൂമിയായി മാറി. അവര്‍ പൊതുജനമധ്യത്തില്‍ അപൂര്‍വമായേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. പക്ഷേ തന്റെ കൃപാകടാക്ഷങ്ങളുടെ നിഴല്‍ പൊതുജനമധ്യത്തില്‍ നിലനില്‍ക്കുന്നു എന്ന് അവര്‍ ഉറപ്പുവരുത്തി.

അപ്പോളോ ആശുപത്രിയിലെ വാസവും ജയലളിതയുടെ നിഗൂഢ പരിവേഷത്തിന് ചേര്‍ന്നതായിരുന്നു- ഒരു ഗൂഢാര്‍ത്ഥ വ്യവഹാരം, ഒരു പ്രഹേളിക സഞ്ചാരം, ജനപ്രിയതയുടെ വിചിത്ര മാര്‍ഗങ്ങളുടെ ദൃഷ്ടാന്തകഥ ഇവിടെ കഴിഞ്ഞിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍