UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാ കേരളത്തില്‍ നിന്നൊരു ജൂനിയര്‍ ലത മങ്കേഷ്കർ

Avatar

രാകേഷ് നായര്‍

സംഗീതത്തിലൂടെ മാത്രം പരിചയമുള്ളൊരു ഭാഷയില്‍ ഒരുപാട്ട് പാടിയപ്പോള്‍, അതുകേള്‍ക്കാന്‍ ഇത്രയേറെ കര്‍ണ്ണങ്ങളും ആസ്വദിക്കാന്‍ ഇത്രയേറെ ഹൃദയങ്ങളും കാത്തിരിപ്പുണ്ടായിരുന്നുവെന്ന് അവള്‍ കരുതിയിട്ടുണ്ടായിരുന്നില്ല. അല്ലെങ്കില്‍ തന്നെ അവള്‍ ഒന്നും ചെയ്തില്ലല്ലോ, എപ്പോഴുമെന്നപോലെ സ്വയം മറന്നൊന്നു പാടി. അതു റെക്കോര്‍ഡ് ചെയ്തതും മനോജ് ജയദേവന്‍ എന്ന സംഗീതാധ്യാപകന് കൊടുത്തതും ജയലക്ഷ്മിയുടെ അമ്മയായിരുന്നല്ലോ. ഒരു വര്‍ഷമായി തന്റെ ശിക്ഷണത്തില്‍ വളരുന്ന ജയലക്ഷ്മിയുടെ കഴിവിനെക്കുറിച്ച് ആ സംഗീതാധ്യാപകന് ഉത്തമവിശ്വസമുണ്ടായിരുന്നു. ഇപ്പോള്‍ അറിയുന്നവര്‍ പോര, അതിലേറെപ്പേര്‍ ഈ ബാലികയുടെ ആലാപന ചാതുരി അറിയണമെന്ന് ചെറിയൊരു മോഹത്തോടെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മൂന്നു മിനിട്ടും ഏഴു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ അപ് ലോഡ് ചെയ്യുമ്പോള്‍ മനോജും വിചാരിച്ചില്ല ഇതിങ്ങനെയൊക്കെ ആയിത്തീരുമെന്ന്.

പള്ളിപ്പുറം എന്ന പഞ്ചാരമണല്‍ കുന്നുകള്‍ നിറഞ്ഞ ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജയലക്ഷ്മി പാടിയെത്തിയതിന് ആദ്യം നന്ദി പറയേണ്ടത് സോഷ്യല്‍ മീഡിയയോടു തന്നെയാണ്. പിന്നെ അവളെ ആദ്യമാത്രയില്‍ കേട്ടപ്പോള്‍ തന്നെ നെഞ്ചേറ്റിയ ഗാനാസ്വാദകരോടും. ഇതിനെല്ലാം ഇടനല്‍കിയ മനോജിനാകട്ടെ ഇപ്പോഴും ഒന്നുമങ്ങോട്ട് വിശ്വസിക്കാന്‍ കഴിയുന്നില്ല.

ജയലക്ഷ്മിയെ ഞാന്‍ പാട്ടുപഠിപ്പിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. അതിനു മുമ്പ് വേറെ രണ്ടധ്യാപകര്‍ക്കു കീഴില്‍ ആ കുട്ടി സംഗീതം അഭ്യസിച്ചിരുന്നു. നൈസര്‍ഗികമായ സംഗീതവാസനയുള്ള കുട്ടി. നല്ല ശബ്ദവും ഭാവവും. ഗാനമേളകളിലും മറ്റു സംഗീത പരിപാടികളുമെല്ലാം പങ്കെടുക്കുമായിരുന്നു. കുട്ടി വീട്ടിലിരുന്ന് പാടുന്നത് ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് അമ്മ പറഞ്ഞപ്പോള്‍, അതൊന്നു അയച്ചു തരാന്‍ പറഞ്ഞു. കുറച്ചുപേരെങ്കിലും അവളുടെ കഴിവ് തിരിച്ചറിയട്ടെ എന്നു കരുതിയാണ് ആ പാട്ട് ഫെയ്സ്ബുക്കില്‍ അപ് ലോഡ് ചെയ്തത്. ആദ്യത്തെ ഒന്നുരണ്ടുദിവസം ചിലര്‍ ലൈക്ക് ചെയ്തു, ചിലര്‍ കമന്റ് ചെയ്തു.

എറണാകുളം തേവര എസ് എച്ച് എസ് എം ഐ പബ്ലിക് സ്‌കൂളിലെ സംഗീത അധ്യാപകനാണ് ഞാന്‍. ഒരുദിവസം ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു ഫോണ്‍ വരുന്നത്. വിളിക്കുന്നത് ഹൈദരാബാദുകാരിയും ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നതുമായ ഒരു സ്ത്രീ. എങ്ങനെയൊ ജയലക്ഷ്മി പാടുന്ന ആ വീഡിയോ അവര്‍ കണ്ടിരിക്കുന്നു. വല്ലാത്തൊരു വൈകാരികഭാവത്തോടെയാണ് അവര്‍ സംസാരിച്ചത്. അത്രയേറെ ജയലക്ഷ്മിയുടെ പാട്ട് അവരെ സ്വാധീനിച്ചിരിക്കുന്നു. ആ കുട്ടിയ്ക്ക് നല്ല ശീക്ഷണം കൊടുക്കണം. അതിനുവേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ആ സ്ത്രീ പറഞ്ഞു. അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ഞാന്‍ ജയലക്ഷ്മിയുടെ അച്ഛന്റെ നമ്പര്‍ കൊടുത്തു, കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാന്‍ പറഞ്ഞു. എന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് സ്‌കൂളിന്റെ സൈറ്റില്‍ കയറി അവിടെ നിന്ന് സ്‌കൂളിലെ നമ്പര്‍ കണ്ടെടുത്ത് ഇങ്ങോട്ട് വിളിച്ചാണ് ആ സ്ത്രീ എന്റെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കിയത്. അതില്‍ നിന്നു തന്നെ മനസ്സിലാക്കാം അവരെ എത്രത്തോളം ജയലക്ഷ്മിയുടെ പാട്ട് സ്വാധീനിച്ചിട്ടുണ്ടെന്ന്. അതൊരു തുടക്കം മാത്രമായിരുന്നു.

എന്റെ ഫോണിലേക്ക് അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ തുടരെ വന്നുകൊണ്ടിരുന്നു. ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോഴും ഫോണ്‍ വരികയാണ്. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാവുന്നില്ല. സംശയവും ഭയവുമെല്ലാം മനസ്സില്‍ നിറഞ്ഞു. എല്ലാവര്‍ക്കും അറിയേണ്ടത് ജയലക്ഷ്മിയെക്കുറിച്ച്! എല്ലാ കോളുകളും കേരളത്തിനു പുറത്തു നിന്ന്, കൂടുതലും ഉത്തരേന്ത്യക്കാര്‍. ഒരുദിവസം വന്ന ഫോണ്‍ ഒരു രാഷ്ട്രീയക്കാരന്റെയായിരുന്നു- എന്റെ പേര് കുമാര്‍ ബിശ്വാസ്, ആം ആദ്മി എന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഞാന്‍ മത്സരിച്ചിരുന്നു- അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിട്ടു പറഞ്ഞു; ആ കുട്ടിയുടെ ശബ്ദം ശരിക്കും ലതാജിയുടേതുപോലെ തന്നെ!

”ഈശ്വര്‍ ..സത്യ ഹെ
സത്യ ഹി ശിവ ഹെ
ശിവ് ഹി സുന്ദര്‍ ഹെ
ജാഗോ ഉത് കര്‍ ദേഖോ
ജീവന്‍ ജ്യോത് ഉജാഗര്‍ ഹെ
സത്യം ശിവം സുന്ദരം…സത്യം ശിവം സുന്ദരം”- 1978ല്‍ ഇറങ്ങിയ, രാജ് കപൂര്‍ സംവിധാനം ചെയ്ത ‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സീനത് അമന്റെ സൗന്ദര്യത്തെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു പണ്ഡിറ്റ് നരേന്ദ്ര ശര്‍മ എഴതി ലക്ഷ്മികാന്ത് -പ്യാരേലാല്‍ സംഗീതം ചെയ്ത ഈ ഗാനം ആസ്വാദകരെ മയക്കിയത്. ഇന്നും അതേ മായികത ഈ ഗാനത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, അത് ലത മങ്കേഷ്‌കര്‍ പാടിയ പാട്ടായതുകൊണ്ടാണ്.

കാലത്തിന്റെ ഒരുതരിപൊടിപ്പോലും പറ്റാതെ 36 വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പാട്ട് ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ തന്നെയാണ് ഇന്ന് കൊച്ചു ജയലക്ഷ്മിയെയും സ്‌നേഹിക്കുന്നത്. അവളെ ജൂനിയര്‍ ലതാ മങ്കേഷ്‌കര്‍ എന്നു വിളിക്കുന്നത്. വാനമ്പാടിയുടെ അനശ്വരനാദവുമായി തന്റെ ശബ്ദത്തിന് സാമ്യം ഉണ്ടെന്ന് ആ കുഞ്ഞ് അതുവരെ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ആകെ ഒന്നു രണ്ടു ഹിന്ദിപ്പാട്ട് മാത്രമാണ് അവള്‍ക്കറിയാവുന്നത്. അതില്‍ പ്രിയപ്പെട്ടതൊന്ന് അന്ന് അമ്മയുടെ മൊബൈല്‍ ഫോണ്‍ ക്യാമറയ്ക്ക് മുന്‍പില്‍ പാടിയെന്നുമാത്രം.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഹിരോടാഡ ഒട്ടോതാകെ എന്ന വിസ്മയം
രാജഹംസമേ… എവിടെയായിരുന്നു ചന്ദ്രലേഖ?
സ്വന്തമായി സ്റ്റേഡിയമുള്ള ജോസഫ് ചേട്ടന്‍
സിനിമാക്കാരെ, നിങ്ങള്‍ക്ക് ബാബുക്കയുടെ വെളിച്ചംകാണാത്ത പാട്ടുകള്‍ വേണോ?
അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാന്‍ ഒരു ചിത്രം വര

ജയലക്ഷ്മിയെക്കുറിച്ച് അറിയാന്‍ വിളിച്ചവരെല്ലാം മറ്റുഭാഷക്കാരായിരുന്നു. വിളിച്ചവരില്‍ പലരും പലവിധ വാഗ്ദാനങ്ങളും പറയുകയാണ്. അതോടെ ഞങ്ങള്‍ക്ക് സത്യത്തില്‍ പേടിയാണ് തോന്നിയത്. ഇതെല്ലാം ശരിക്കും പറയുന്നതാണോ, അതോ പറ്റിക്കാനോ മറ്റോ! മനോജിന്റെ സംസാരത്തില്‍ അന്നത്തെ ആശങ്ക ഇന്ന് ചെറിയൊരു പുഞ്ചിരിയായി പൊതിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശരിക്കും ഞങ്ങള്‍ ഞെട്ടിയത്, അവര്‍ ഞെട്ടിക്കുകയായിരുന്നു.

 

പതിവുപോലെ എനിക്ക് ഫോണ്‍. ഇത്തവണ ഡല്‍ഹിയില്‍ നിന്നുമാണ്. സിടിവി ചാനലുകാര്‍. നിങ്ങള്‍ എത്രയുംവേഗം ജയലക്ഷ്മിയെയും കൂട്ടി ഡല്‍ഹിയില്‍ വരണം, ആ കുട്ടി ഇവിടൊരു സെന്‍സേഷണല്‍ ആയി മാറിയിരിക്കുകയാണ്. ഞങ്ങള്‍ ഇന്നു വൈകുന്നേരം കുട്ടിയെക്കുറിച്ച് അരമണിക്കൂര്‍ പ്രോഗ്രാം ചെയ്യുന്നുണ്ട്, അതും നിങ്ങള്‍ കാണണം. ചാനലുകാര്‍ പറഞ്ഞത് എത്രത്തോളം വിശ്വസിക്കണമെന്ന് എനിക്കറിയില്ലായിരുന്നു, എന്നാലും സ്ഥിരം ചെയ്യാറുള്ളതുപോലെ കുട്ടിയുടെ അച്ഛന്റെ ഫോണ്‍ നമ്പര്‍ അവര്‍ക്കു കൊടുത്തു. പക്ഷേ എന്റെ ആശങ്ക വെറുതെയായിരുന്നു, പറഞ്ഞ സമയത്ത് ചാനലില്‍ അതാ ജയലക്ഷ്മിയെക്കുറിച്ചുള്ള പ്രോഗ്രാം! ആ വീഡിയോയാണ് സംപ്രേഷണം ചെയ്യുന്നത് ഇടയില്‍ ലത മങ്കേഷ്‌കറിന്റെയും ആശ ഭോസ്‌ലെയുടെയും ഗാനങ്ങള്‍. ഇവരുടെ ആലാപനവും ജയലക്ഷ്മിയുടെ ആലാപനവും താരതമ്യം ചെയ്തുകൊണ്ട് എതാനും ഗായകരും സംഗീതസംവിധായകരും സംസാരിക്കുന്നു. ചാനലുകാര്‍ക്ക് ജയലക്ഷ്മിയെന്ന പേരുപോലും അറിയില്ലായിരുന്നു, അവരവളെ സരസ്വതി എന്നാണ് വിളിച്ചത്. സരസ്വതി ദേവിയുടെ പുനരവതാരമാണത്രേ അവള്‍!

പിറ്റേ ദിവസം ഞാന്‍ സ്‌കൂളില്‍ പോയി, ഉച്ചയായപ്പോഴേക്കും ജയലക്ഷ്മിയുടെ അച്ഛന്റെ ഫോണ്‍- ‘ആ ചാനലുകാര്‍ വന്നിട്ടുണ്ട്. ഇന്നു തന്നെ ഡല്‍ഹിക്കുപോകണമെന്ന്, വിമാനടിക്കറ്റെല്ലാം കൊണ്ടുവന്നിട്ടുണ്ട്. സാര്‍ വരാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്’. ഒരുപാട്ട് എവിടെയൊക്കെയാണ് ഞങ്ങളെ കൊണ്ടുപോകുന്നത്, എന്റെ ശിഷ്യയെക്കുറിച്ചോര്‍ത്ത് മനസ്സ് നിറയുകയായിരുന്നു.

ഡല്‍ഹിയില്‍ വച്ച് ചാനലുകാര്‍ ജയലക്ഷ്മിയെ കുറിച്ച് ലൈവ് പ്രോഗ്രാം സംപ്രേക്ഷണം ചെയ്തു. അവളോട് പാട്ടുകള്‍ പാടാന്‍ പറഞ്ഞു. അധികം ഹിന്ദിഗാനങ്ങളൊന്നും അവള്‍ക്ക് പാടാനറിയില്ല. അറിയാവുന്ന പാട്ടുകള്‍ തീര്‍ന്നപ്പോള്‍ മലയാളം പാടി. ഇതിനിടയില്‍ ഓണ്‍ലൈനില്‍ ലതാജി വന്നു, അവര്‍ ജയലക്ഷ്മിയെ കുറിച്ച് നല്ലതു പറഞ്ഞു. ശങ്കര്‍ മഹാദേവനടക്കമുള്ളവരും ആ പ്രോഗ്രാമിനിടയില്‍ അവളെ പുകഴ്ത്തി സംസാരിച്ചു. ഒരൊറ്റപ്പാട്ടുകൊണ്ട് ആ നാട്ടില്‍ അവള്‍ എത്രയോ പോപ്പുലറായി.

രണ്ടു സിനിമകളില്‍ പാടാനുള്ള അവസരം ജയലക്ഷ്മിയെ തേടിയെത്തി. കഴിഞ്ഞദിവസം തമിഴില്‍ നിന്നൊരാള്‍ വിളിച്ചിരുന്നു, അയാള്‍ ഹിന്ദിയിലേക്ക് ഒരു തമിഴ് പടം റീമേക്ക് ചെയ്യുന്നുണ്ട്. അതില്‍ ജയലക്ഷ്മിയെക്കൊണ്ട് പാടിക്കണമെന്ന്.

ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അത്ഭുതം. അവളെ ഒന്നുരണ്ടുപേരുംകൂടി അറിയട്ടെ എന്നുമാത്രമാണ് ആ വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ കരുതിയിരുന്നുള്ളു. എന്നാല്‍ അതിനെല്ലാം അപ്പുറം കാര്യങ്ങള്‍ ചെന്നെത്തി. പ്രതിഭകളെ ലോകം തേടിച്ചെന്നാദരിക്കും. ചിലരുടെ കാര്യത്തില്‍ അത് വൈകി നടക്കുന്നു, മറ്റു ചിലരുടെ കാര്യത്തില്‍ നേരത്തെ നടക്കുന്നു; ജയലക്ഷ്മിയുടെ കാര്യത്തിലെന്നപോലെ.

ഇന്നലെ രാത്രിയാണ് ജയലക്ഷ്മിയും കടുംബവും തിരിച്ച് നാട്ടിലെത്തിയത്. മടങ്ങുമ്പോള്‍ ഒരു നഷ്ടം ബാക്കിയായി. ലതാജിയെ നേരില്‍ കാണാന്‍ സാധിച്ചില്ല. സാരമില്ല, കുഞ്ഞേ…ഒരു പാട്ടിന്റെ ദൂരത്തിനപ്പുറം ആ വാനമ്പാടി നിന്നെ കാത്തിരിപ്പുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍