UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ കല ശശികലയ്ക്കാവില്ല

Avatar

അനുപമ മാത്യു

കാ അതിലോല എന്നു ചോദിച്ചാല്‍ നല്ലത് ആളി എന്നു കുഞ്ചന്‍ നമ്പ്യാര്‍ ഒപ്പിച്ചു പറഞ്ഞതു പോലെ ഒരുത്തരം തമിഴകം പറയണമെങ്കില്‍ ഇനി അനുഭവിച്ചറിവുകളുടെ എത്ര യുഗങ്ങള്‍ കഴിഞ്ഞു പോകണം. അമ്മയേക്കാള്‍ നല്ലതാണ് തോഴിയെന്ന് അവരുടെ മനസ് പറയുന്നിടത്ത് മരിച്ചു പോകണമെന്നു പോലും വിചാരിക്കുന്ന ഒരു ജനതയെ തിരുത്തണമെങ്കില്‍ ശശികലയെന്ന തോഴിക്ക് ഇനിയെത്ര ജന്‍മം പോരാതെ വന്നേക്കും. തോളോടു തോള്‍ ചേര്‍ന്നു നിന്നപ്പോഴും അമ്മയുടെ നല്ല തോഴിയായി ശശികലയെ തമിഴകം ഉള്‍ക്കൊണ്ടിരുന്നില്ല. പണവും അധികാരവും ബന്ധുബലമെന്ന ദൗര്‍ബല്യവും കൊണ്ട് തമിഴകത്തിന്റെ നല്ല താളുകളില്‍ ഇതുവരെ ഇടം പിടിക്കാത്ത ഒരു പേരാണ് ശശികലയുടേത്. അമ്മയെ പേടിച്ച് ഇത്ര നാളും അടക്കി വെച്ച നാവ് ഇനി എതിര്‍ത്തൊരക്ഷരം പറയുന്നത് ശശികല എന്ന തോഴിയോടാണെങ്കില്‍ ഇതുവരെയുള്ള തമിഴകത്തിന്റെ ആരാധനാ രാഷ്ട്രീയത്തിനാകും അന്ത്യം കുറിക്കുക. അണിയത്ത് നിന്ന് അണികളെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്താന്‍ ജയലളിതക്കറിയാമായിരുന്ന ആ കല പക്ഷേ തോഴി ശശികലക്ക് ആകണമെന്നുമില്ല.

 
ആക്ഷേപം പറയാനാകില്ല, ഒരിക്കല്‍ ജയലളിതയോട് അടുത്ത സുഹൃത്തും അന്നു ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദി പോലും ശശികലയുടെയും ബന്ധുജന സൈന്യത്തിന്റെയും അക്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശശികലയുടെ മന്നാര്‍കുടി മാഫിയയെ ഭയന്ന് നിക്ഷേപകര്‍ തമിഴ്‌നാട് വിടുന്നുവെന്ന മുന്നറിയിപ്പാണ് അന്നു മോദി നല്‍കിയത്. എന്നാല്‍, അതേ മന്നാര്‍കുടി മാഫിയയുടെ തലൈവിയുടെ തല തൊട്ട് ആശ്വസിപ്പിക്കുന്നതു പോലെ അനുഗ്രഹിച്ചിച്ചാണ് ഇന്നലെ മോദിയെന്ന പ്രധാനമന്ത്രി തമിഴകത്തു നിന്നും ഡല്‍ഹിയിലേക്കു വിമാനം കയറിയതും.

ശശികലയെ പോലെ നിയന്ത്രിച്ചു നിര്‍ത്താനാവുന്ന ഒരു അധികാര വലയത്തെ തമിഴ് നാട്ടില്‍ നിലനിര്‍ത്തുക തന്നെയായിരിക്കും മോദിയുള്‍പ്പെടുന്ന ബിജെപി വാര്‍റൂമിന്റെ തന്ത്രം. ഇനിയൊരു നേതാവ് ജനമനസറിഞ്ഞ് ദ്രാവിഡ ജനതയ്ക്കു മേല്‍ സ്വാധീനം നേടുന്നതില്‍ ആ മണ്ണിലെ വളക്കൂറില്‍ കണ്ണു വെച്ചു കഴിയുന്ന ബിജെപിക്കു സഹിക്കാവുന്നതായിരിക്കില്ല.

 
ശശികലയാണെങ്കില്‍ ഇന്നലെ ജയലളിതയ്ക്ക് അന്ത്യവിശ്രമമൊരുക്കിയ മറീന ബീച്ചില്‍ തന്നെ, ഇനിയുള്ള കടിഞ്ഞാണ്‍ തന്റെ കൈയിലാണെന്ന മട്ടിലുള്ള പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ജയലളിതയുടെ വളര്‍ത്തു പുത്രന്‍ ഉള്‍പ്പടെ രക്തബന്ധമുള്ളവരെപ്പോലും അന്ത്യകര്‍മങ്ങളുടെ ഏഴയലത്തു പോലും അടുപ്പിക്കാതെയാണ് ഇളവരശിയുടെ മകന്റെ കൈയും പിടിച്ച് അവര്‍ അന്ത്യകര്‍മകള്‍ ചെയ്തത്. അമ്മയുടെ ആജ്ഞകള്‍ ഇതോടു കൂടി അവസാനിച്ചുവെന്നും ഇനിയുള്ളത് തന്റെ അവകാശ ഗര്‍വുകളാണെന്നും അവര്‍ പറയാതെ പറഞ്ഞു വെച്ചു.

 

 

ജയലളിത പലവട്ടം പറിച്ചെറിഞ്ഞെറിഞ്ഞും പറ്റിച്ചേര്‍ത്തും നിര്‍ത്തിയ തോഴി ശശികലയാണ് ഇനി തമിഴക രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്നതെങ്കില്‍ അത് പഴയ മന്നാര്‍കൂടി മാഫിയയുടെ തിരിച്ചു വരവിനായിരിക്കും വഴിയൊരുക്കുക. അതിനെച്ചൊല്ലിയുള്ള കല്ലുകടി എഐഎഡിഎംകെയ്ക്കുള്ളില്‍ പണ്ടേയുണ്ട്. അരങ്ങില്‍ ജയലളിത നിറഞ്ഞു നിന്ന കാലത്തൊക്കെ അണിയറ നിറഞ്ഞ് ശശികലയുമുണ്ടായിരുന്നു. ജയലളിതയുടെ കാറിന്റെ പിന്‍സീറ്റില്‍, കാരവാന്റെ പിന്നില്‍, തമിഴ് അസംബ്ലിയുടെ ബാല്‍ക്കണിയില്‍, എഐഎഡിഎംകെ പാര്‍ട്ടി ജനറല്‍ കൗണ്‍സിലിന്റെ മുന്‍നിരയില്‍… അങ്ങനെയെല്ലായിടത്തും. ഇന്ന് ശശികലയുടെ തലയില്‍ മോദി കൈവെച്ചത് തമിഴരങ്ങിലേക്ക് കാല്‍വെച്ചു കയറാനുള്ള അനുഗ്രഹമാണെങ്കില്‍ തായെ ഇഴന്തു വിട്ട തായകം എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ പരമാര്‍ഥമാകും. അമ്മയെ പോലാകില്ല ചിന്നമ്മ എന്നു തന്നെ പറയേണ്ടിയും വരും.

 

വീഡിയോ കാസറ്റ് വാടകകയ്ക്കു കൊടുത്തും കല്യാണ വീഡിയോ എടുത്തും നടന്നിരുന്ന കാലത്ത് സിനിമ നടിയാകണമെന്ന മോഹമാണ് ഭര്‍ത്താവ് നടരാജന്‍ വഴി ശശികലയെ ജയലളിതയുടെ അടുത്തെത്തിച്ചത്. മന്നാര്‍കുടിയില്‍ നിന്നും 40-ലേറെ വാല്യക്കാരുമായാണ് ശശികല പോയസ് ഗാര്‍ഡനിലേക്ക് കാലെടുത്തു വെക്കുന്നത്. അന്നേ, എന്‍ഡിഎയ്ക്ക് ശശികല വഴി ജയലളിതയിലേക്ക് ഒരു അടുപ്പത്തിന് താത്പര്യമുണ്ടായിരുന്നു. പ്രമോദ് മഹാജന്‍ ഉള്‍പ്പടെയുള്ളവരായിരുന്നു ശശികലയും ബന്ധുക്കളുമായി ഇടപാടുകള്‍ നടത്തിയിരുന്നത്. എന്നാല്‍, മന്നാര്‍കുടി മാഫിയയുടെ പണക്കൊതിയില്‍ പ്രമോദ് മഹാജനും മടുത്തുപോയി എന്നതാണ് ഒരു പ്രധാന അണിയറക്കഥ. അതോടെ ശശികല അടുപ്പം കോണ്‍ഗ്രസിനോടാക്കി.

 
അമ്മയുടെ ഇദയക്കാവല്‍ക്കാരിയായുള്ള ശശികലയുടെ വളര്‍ച്ചയില്‍ നിഴലുകളൊരുപാട് കൂടെയുണ്ടായിരുന്നു. അമ്മയുടെ പേരില്‍ രാഷ്ട്രീയ നിയമനങ്ങള്‍ ഉള്‍പ്പടെ വഴിവിട്ട് പലതും ചെയ്തതിന്റെ പേരിലാണ് ശശികലയുടെ ഭര്‍ത്താവ് നടരാജനെ ജയലളിത പടിയടച്ചു പുറത്താക്കുന്നത്. അപ്പോഴും ശശികല അമ്മയ്‌ക്കൊപ്പം ഉറച്ചു നിന്നു. 1991-ലെ കുംഭകോണം മഹാമഹത്തില്‍ 70 പേര്‍ ക്ഷേത്രത്തിന്റെ ഒരു വശത്ത് തിക്കിലും തിരക്കിലും പെട്ട് മരിക്കുമ്പോള്‍ മറുവശത്ത് ജയലളിതയും ശശികലയും പരസ്പരം തീര്‍ഥജലം തളിച്ചു നില്‍ക്കുകയായിരുന്നു. 2008-ല്‍ ജയലളിതയുടെ 60-ആം പിറന്നാള്‍ ദിനത്തില്‍ ഒരു പടുകൂറ്റന്‍ പൂമാലയ്ക്കുള്ളില്‍ ഒരുമിച്ചു നിന്ന് ജയയും തോഴിയും ആ ബന്ധം ഒന്നുകൂടി ഉറപ്പിച്ചു. ആ ക്ഷേത്രത്തില്‍ ദമ്പതികളെ വരവേല്‍ക്കുമ്പോഴാണ് സാധാരണ അത്തരത്തില്‍ ഒരുമിച്ചു പൂമാലയിട്ടു സ്വീകരിക്കാറുണ്ടായിരുന്നത്.

 
ശശികലയുടെ മരുമകനെ ദത്തു പുത്രനാക്കിയതിനു പുറമേ, പാര്‍ട്ടിയിലേക്കും അധികാര സ്ഥാനങ്ങളിലേക്കും അവരുടെ ബന്ധുക്കളുടെ കുത്തൊഴുക്കായിരുന്നു പിന്നെ. ഭീഷണികളിലൂടെ സ്വത്ത് കൈക്കലാക്കുന്ന ശശികലയുടെ ബന്ധുക്കള്‍ അമ്മയുടെ പേരില്‍ അഴിഞ്ഞാടി. 2004 കാലഘട്ടത്തില്‍ നൂറോളം വരുന്ന ശശികലയുടെ ബന്ധുസംഘമാണ് പാര്‍ട്ടിക്കുള്ളിലും സംസ്ഥാനത്തും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത സംഘമായി വിലസിയത്. അങ്ങനെയാണ് മന്നാര്‍കുടി മാഫിയയെന്ന് ശശികലയുടെ ബന്ധുബലം കുപ്രസിദ്ധിയാര്‍ജിക്കുന്നത്.

 

 

1980-കളില്‍ ലൂണയില്‍ കറങ്ങി നടന്ന ശശികലയുടെ ബന്ധുക്കള്‍ പലരും ഇന്ന് വിദേശ നിര്‍മിത കാറുകളിലാണ് കറക്കം. കോടനാട്ടെ ജയലളിതയുടെ എസ്‌റ്റേറ്റും ബംഗ്ലാവും ശശികലയുടെ പേരില്‍ കൂടിയാണ് എഴുതി വെച്ചിരിക്കുന്നത്. എന്നിട്ടും അധികാര ചൂഷണത്തിന്റെ പേരില്‍ 1996-ലും 2011-ലും ജയലളിത ശശികലയെ അകറ്റി നിര്‍ത്തി. രണ്ടും വട്ടവും ഏറെ കാലതാമസമെടുക്കാതെ തന്നെ ശശികല ജയലളിതയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

 
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി അമ്മയുടെ അനാരോഗ്യകാലം മുതല്‍ ശശികല അധികാരക്കൈകള്‍ കൂടുതല്‍ ബലവത്താക്കി. ജയലളിതയുടെ മെഡിക്കല്‍ ടീമിനെ നയിച്ചിരുന്ന ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ശശികലയുടെ ബന്ധുക്കളായിരുന്നു. ജയലളിത നേരിട്ട് ജനങ്ങളിലേക്കിറങ്ങിച്ചെന്നും അണികളെ നിയന്ത്രിച്ചിരുന്നതു പോലെയും എല്ലാക്കാലവും ബാക്ക്‌റൂം ഓപ്പറേറ്ററായിരുന്ന ശശികലയ്ക്കാവില്ലെന്നാണ് എഐഎഡിഎംകെ പ്രവര്‍ത്തകരുടെ തന്നെയും വിശ്വാസം.

 

കാതിലോല?  ….  നല്ലതാളി!

രാജാവും നമ്പ്യാരും കൂടെ ഒരു കുളിക്കടവില്‍ കൂടി പോവുകയായിരുന്നു. അപ്പോള്‍ അവിടെ കുളിച്ചു കൊണ്ടിരുന്ന രാജ്ഞിയെയും തോഴിയെയും നോക്കി കുഞ്ചന്‍ നമ്പ്യാരോട് ആയി രാജാവ് സംസ്‌കൃതത്തില്‍ ചോദിച്ചു: ‘കാ അതിലോല?’ (ആരാണ് കൂടുതല്‍ സുന്ദരി?). അതിനുത്തരമായി നമ്പ്യാര്‍ പറഞ്ഞു: ‘നല്ലത് ആളി’ (ആളി എന്നാല്‍ തോഴി എന്നര്‍ത്ഥം). കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായത് ഇങ്ങനെയാണ്… ‘കാതിലോല?’…. ‘നല്ലതാളി’…!

 

(അഭിഭാഷകയാണ് അനുപമ)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍