UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളിയുടെ ബൌദ്ധിക പോഴത്തങ്ങളും തമിഴരുടെ വൈകാരികാഘാതങ്ങളും

Avatar

രാകേഷ് നായര്‍

അതിവൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നവരാണ് തമിഴന്‍. അവന്റെ ഓരോ പ്രവര്‍ത്തിയിലും ഈ വൈകാരിതകയുടെ ദ്രാവിഡോര്‍ജ്ജം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഏതൊരു തമിഴ് സിനിമയെടുത്ത് നോക്കിയാലും ഒരു ഡയലോഗില്‍, അല്ലെങ്കില്‍ പാട്ടിലെ ഒരു വരിയില്‍ തമിഴ് മണ്ണിനെയും തമിഴ് മക്കളെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ടാവും. വെള്ളിത്തിരയില്‍ തങ്ങളെനോക്കി, ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴര്‍ക്ക് എന്നുപാടുന്ന നായകന്‍/നായിക; പ്രേക്ഷകരിലേക്ക്(തമിഴരിലേക്ക്) പകര്‍ത്തിവിടുന്നത് ഈ വൈകാരികതയാണ്. അവര്‍ക്കറിയാം ഇന്നത്തെ നിക്ഷേപം നാളെ തങ്ങളെ തുണയ്ക്കുമെന്ന്. കാരണം തമിഴ് സിനിമയിലെ പ്രമുഖരെല്ലാം തങ്ങളുടെ ജീവിതത്തിന്റെ രണ്ടാം പകുതി ആടുന്നത് രാഷ്ട്രീയത്തിലാണ്.

മരത്തൂര്‍ ഗോപലാമേനോന്‍ രാമചന്ദ്രന്‍ എന്ന മലയാളിക്ക് മൂന്നുവട്ടക്കാലം തമിഴ്‌നാട് ഭരിക്കാന്‍ വഴിയൊരുക്കിയത് സിനിമയല്ലാതെ മറ്റെന്താണ്? ഒരു പാലക്കാടന്‍ നായര്‍ ദ്രാവിഡരാഷ്ട്രീയം പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷിക്കാതെ തങ്ങളുടെ തലൈവരെ തലയിലേറ്റാനായിരുന്നു തമിഴ്മക്കള്‍ ഉത്സാഹിച്ചത്. എംജിആര്‍ സിനിമയിലൂടെ തമിഴരുടെ മനസ്സില്‍ അത്രമേല്‍ പാശം നിക്ഷേപിച്ചിരുന്നു. സിനിമയില്‍ എംജിആറിന്റെ നായികയായി തിളങ്ങിയ ജയലളിത എന്ന സുന്ദരിയെ തമിഴ്മക്കള്‍ സ്‌നേഹിക്കാന്‍ കാരണവും ഇതുതന്നെ. പുരട്ചി തലൈവന്റെ സിനിമാനായിക തമിഴന് തന്റെ പുരട്ചി തലൈവി ആകുന്നതിന്റെ രാഷ്ട്രീയവും മറ്റൊന്നല്ല. അഭിനയിക്കാന്‍ ഏറെയുള്ളത് സിനിമയിലല്ല, രാഷ്ട്രീയത്തിലാണെന്ന തിരിച്ചറിവും അതിനുള്ള കഴിവും മാത്രം മതി ദ്രാവിഡമണ്ണിന്റെ അധികാരം നേടാന്‍ എന്ന ബോധ്യം ജയലളിതയെന്ന പെണ്‍കുട്ടിക്ക് ലഭിക്കുന്നതും സിനിമയില്‍ നിന്നുതന്നെ.

എംജിആറിന്റെ കാര്യത്തിലെന്നപോലെ ദ്രാവിഡരാഷ്ട്രീയം പറയാന്‍ ജയലളിതയായി മാറിയ കോമളവല്ലിയെന്ന അയ്യങ്കാരു പെണ്ണിന് എന്ത് അവകാശമെന്നും തമിഴ്മക്കള്‍ ചിന്തിച്ചില്ല. കാരണം ആ സുന്ദരി അത്രമേല്‍ അവരുടെ മനസ്സിനെ കീഴ്‌പ്പെടുത്തി കളഞ്ഞിരുന്നു. അവളുടെ ശരീരവും ശാരീരവും അവന്റെ സ്വപ്നങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയിരുന്നു. പോരാത്തതിന് തങ്ങളുടെ തലൈവരുടെ നായികയാണവര്‍. ഇതിനെല്ലാമപ്പുറം എന്ത് യുക്തിയാണ് വേണ്ടത്?  തൊലിചുളിയാന്‍ തുടങ്ങിയശേഷമായിരുന്നില്ല അവര്‍ വെള്ളിത്തിരവിടാന്‍ തീരുമാനിക്കുന്നത്. കാറ്റിന്റെ ഗതി മനസ്സിലാക്കികൊണ്ടുതന്നെ ജയ 1980-ല്‍ എ ഐ എ ഡി എം കെയില്‍ അംഗമായി. കൈപിടിച്ചു കയറ്റിയത് സാക്ഷാല്‍ എംജിആര്‍. തട്ടകം മാറിയെത്തിയപ്പോഴാണ് ഒരു കാര്യം ജയലളിതയ്ക്ക് മനസ്സിലായത്. സിനിമയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രാഷ്ട്രീയം; രണ്ടിടത്തും വില്ലന്‍മാരുണ്ട്, സംഘട്ടനങ്ങളുണ്ട്. എംജിആറിന്റെ നോമിനി ആയതുകൊണ്ട് മാത്രം ജയലളതിയ്ക്ക് പലതും തരണം ചെയ്യാന്‍ പറ്റി. പക്ഷെ, അദ്ദേഹത്തിന്റെ മരണത്തോടെ ശത്രുക്കള്‍ സംഘമായി ആ സ്ത്രീയെ ആക്രമിച്ചു പുറത്തുചാടിച്ചു. അവിടം മുതലാണ്, കാലം ജയലളിത എന്ന സ്ത്രീയെ അംഗീകരിച്ചുപോകുന്ന മനഃസ്ഥൈര്യം അവര്‍ പ്രകടിപ്പിച്ചു തുടങ്ങുന്നത്. ഒരുപക്ഷേ വെട്ടിമാറ്റപ്പെട്ട റീലുപോലെ വലിച്ചെറിയപ്പെടുമായിരുന്നൊരു ജീവിതം, തിരികെ പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് മനസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ്. 

അണ്ണാഡിഎംകെയിലേക്ക് അവരുടെ പിന്നീടുള്ള തിരിച്ചുവരവും ആ പാര്‍ട്ടിയുടെ ഛത്രപതിയായി മാറുന്നതുമെല്ലാം ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. പടനായികയായി മാറിയ ജയ തന്റെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഏറെ പഠിച്ചിരുന്നു. തന്റെ സാമ്രാജ്യത്തില്‍ തനിക്കൊപ്പം ആരും വേണ്ട എന്ന നിര്‍ണ്ണയമാണ് അവര്‍ ആദ്യം കൈക്കൊണ്ടത്. ഒരു മണ്‍തരിയുടെ എതിര്‍പ്പുപോലും പാളയത്തില്‍ നിന്ന് തനിക്കെതിരെ ഉയരരുതെന്ന് അവര്‍ ശഠിച്ചു. ആ ശാഠ്യം ഇത്രത്തോളം കാലം അവര്‍ കാത്തുസൂക്ഷിക്കുകയും ചെയ്തു. അതുതന്നെ ജയലളിതയുടെ വിജയവും. ഏത് ചക്രവര്‍ത്തിയുടെയും പതനം തുടങ്ങുന്നത് തന്റെ പിന്‍ഗാമിയില്‍ നിന്നാണെന്ന് എത്രയോ സാക്ഷ്യങ്ങളുണ്ട്. ജയയുടെ ജീവിതവൈരിയായ മുത്തുവേല്‍ കരുണാനിധി അവസാനകാലത്ത് മനമെരിഞ്ഞ് ജീവിക്കുന്നതിനു കാരണവും പിന്‍ഗാമികളുടെ പോരിലാണ്. ആ ഗതി തനിക്ക് വരരുതെന്ന് ജയ ഉറപ്പിച്ചിരുന്നു. എന്തിനേറെ, അവരെ ഒരിക്കല്‍ തെരുവില്‍ വലിച്ചിഴച്ചതും അധികാര ചെങ്കോല്‍ ആരു കൈയാളും എന്ന തര്‍ക്കത്തിന്റെ പേരിലായിരുന്നല്ലോ. നാലുവര്‍ഷത്തെ ജയില്‍ വാസത്തിനായി പോകുമ്പോള്‍ തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി ഒരാളെ നിയോഗിക്കാനെ അവര്‍ തയ്യാറാകൂ. തന്റെ പിന്‍ഗാമി എന്ന നിലയില്‍ ഒരുത്തനെയും അരിയിട്ടിരുത്താന്‍ തലൈവി തയ്യാറാകില്ല. അവര്‍ക്കറിയാം, രാഷ്ട്രീയം, പ്രത്യേകിച്ച് ദ്രാവിഡ രാഷ്ട്രീയം.

ജയലളിതയില്ലാതായാല്‍ എ ഐ എ ഡി എം കെ എന്ന പാര്‍ട്ടിയില്ല. എംജിആറിനുശേഷം ഈ പാര്‍ട്ടി ഉണ്ടാവില്ലെന്ന് പറിഞ്ഞിരുന്നു. ഒരുപക്ഷേ ജയലളിത അന്ന് ഉണ്ടായിരുന്നില്ലെങ്കില്‍ ആ പ്രവചനം സത്യമാകുമായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ജയക്കപ്പുറം ഈ പാര്‍ട്ടിയില്ലെന്ന് പറഞ്ഞാല്‍ ആ പ്രസ്താവനയെ അസത്യമാക്കുന്നതിന് തെളിവായി ആരെയും തന്നെ കാണുന്നില്ല. 

ഈ വിചാരങ്ങളെല്ലാം ജയിലില്‍ കിടക്കുന്നനാള്‍ മുഴുവന്‍ അമ്മാവുടെ മനസ്സില്‍ ഉണ്ടാവും. ഒരു കാര്യത്തില്‍ അവര്‍ക്ക് സമാധാനിക്കാം. ശത്രുപക്ഷം ആകെ തകര്‍ന്ന അവസ്ഥയിലാണ്. അതിനാല്‍ തന്റെ വീഴ്ച  ഡിഎംകെയ്ക്ക് പൂര്‍ണ്ണമായി മുതലാക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നില്ല. കലൈഞ്ജര്‍ അവശനായിരിക്കുന്നു. അളഗിരിയെന്ന ഭീഷണിയുള്ളിടത്തോളം സ്റ്റാലിന് വലിയ പ്രതീക്ഷകള്‍ വേണ്ട. പടക്കം പൊട്ടിക്കുന്നതിനപ്പുറം തങ്ങളുടെ എതിരാളികളെ തീര്‍ത്തും നിലംപരിശാക്കാനൊന്നും നിലവില്‍ ഡിഎംകെയെക്കൊണ്ട് കഴിയില്ല. എതിര്‍ചേരിയിലെ സാഹചര്യം ദുര്‍ബലമാണെങ്കിലും ശ്രദ്ധിക്കേണ്ടത് സ്വന്തം പാളയത്തിലാണ്. കേവലം നാലുമാസങ്ങള്‍ മാത്രം പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയിരുത്തിയതുപോലെയല്ല ഇനി കാര്യങ്ങള്‍. തെരഞ്ഞെടുപ്പ് അധികം ദൂരെയൊന്നുമല്ല. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ആറു വര്‍ഷത്തെ അയോഗ്യത നിലനില്‍ക്കുക തന്നെ ചെയ്യും. അങ്ങിനെയെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിന് പുതിയൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തിയെ പറ്റൂ. അതാരാകണം എന്നത് ജയലളിതയുടെ വാക്കിന് അപ്പുറം പോകില്ല. പക്ഷെ, കുറച്ചുപേരുടെയെങ്കിലും മോഹഭംഗത്തിന് അതിടയാക്കും. ജയലളിതയുടെ അസാന്നിദ്ധ്യത്തില്‍ അവര്‍ ഒത്തുകൂടുകയും പലതും പ്ലാന്‍ ചെയ്യുകയും ചെയ്യാം. അതിനെ തടയുകയെന്നത് ജയയ്ക്ക് ഭാരം തന്നെയയാകും.

ഇങ്ങിനെയെല്ലാമുള്ള സാഹചര്യത്തിലും ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്ന് ജയ വിശ്വസിക്കുന്നു. പഴയ ജയലളിതയില്‍ നിന്ന് അവര്‍ ഏറെ മാറി എന്നത് വാസ്തവമാണ്. ജനോപകാരപ്രദമായ പലതും അവര്‍ തമിഴ്‌നാട്ടില്‍ ചെയ്തിരിക്കുന്നു. ഉപ്പു മുതല്‍ സിമന്റ് വരെ അമ്മായുടെ പേരില്‍ ഇറക്കി. നമ്മള്‍ മലയാളിക്കിത് പരിഹാസ്യമായ നടപടികളാണെങ്കിലും അവരുടെ ചെയ്തികള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നുണ്ട് എന്നത് മറക്കരുത്. അതിന്റെ പ്രതിഫലനം തന്നെയായിരുന്നു കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതും. തങ്ങളുടെ അമ്മാവെ തമിഴ്മക്കള്‍ അത്രപെട്ടെന്ന് കൈവിടില്ല. അതിന് ആദ്യം പറഞ്ഞ അതേ വൈകാരികത തന്നെ കാരണം. ആയുധധാരിയായ വില്ലന്റെ മുന്നില്‍ നില്‍ക്കുന്ന സൂപ്പര്‍ സ്റ്റാറിന് കത്തിയെറിഞ്ഞുകൊടുക്കുന്നതിലെ അതേ ആവേശം തന്നെ തങ്ങളുടെ നേതാവിനെ ജയിലില്‍ അടയക്കുമ്പോള്‍ തീയില്‍ കുളിക്കാനും അവര്‍ കാണിക്കുന്നു. മലയാളി ജന്മസിദ്ധമെന്ന് അഹങ്കരിക്കുന്ന ബൗദ്ധികബോധം തമിഴനെ സംബന്ധിച്ച് വൈകാരികബോധം ആണെന്നതു തന്നെ കാരണം.

ഒരു ക്ലൈമാക്‌സ് എഴുതാന്‍ പറ്റിയ സമയമല്ല ഇത്. കാത്തിരുന്നേ പറ്റൂ. ഒന്നുണ്ട്, മലയാളത്തില്‍ ശോകപര്യാവസാനികളായ സിനിമകള്‍ വിജയിക്കുമെങ്കിലും തമിഴില്‍ മാര്‍ക്കറ്റ്  സുഖാന്ത്യങ്ങള്‍ക്കാണ്. തങ്ങളുടെ പ്രിയപ്പട്ടവര്‍ തോല്‍ക്കുന്നത് അവര്‍ക്ക് തങ്ങള്‍ തോല്‍ക്കുന്നതിലും സങ്കടമാണ്. സഹിക്കാന്‍ പറ്റാത്ത സങ്കടം! 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍