UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതികള്‍ രാഷ്ട്രീയക്കാരെങ്കില്‍ കേസിന് വേണ്ടത് ദശകങ്ങള്‍

Avatar

ടീം അഴിമുഖം

എ ഐ ഡി എം കെ നേതാവ് ജയലളിതയ്ക്കെതിരായുള്ള 18 വര്‍ഷം നീണ്ടു നിന്ന കേസ് അതിവേഗ വിചാരണയ്ക്ക് വേണ്ടിയുള്ള ആവിശ്യം ഒരിക്കല്‍ കൂടി പൊതു ശ്രദ്ധയില്‍ എത്തിച്ചിരിക്കുകയാണ്. അഴിമതിക്കെതിരെ ശക്തമായ സന്ദേശം നല്‍കുമെന്നതുകൊണ്ടുതന്നെ രാഷ്ട്രീയ നേതാക്കന്മാര്‍ ഉള്‍പ്പെട്ട കേസുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനും കോണ്‍ഗ്രസ് എം പി റഷീദ് മസൂദിനും ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈ 10നു പുറത്തുവന്ന സുപ്രീം കോടതിയുടെ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യയാക്കപ്പെടുന്ന മൂന്നാമത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് ജയലളിത.

ഒരു രാഷ്ട്രീയ നേതാവിനെതിരെയുള്ള കോടതി നടപടികള്‍ വര്‍ഷങ്ങളോളം നീളുന്നത് ഇതാദ്യമായല്ല. കാലിത്തീറ്റ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലാലുപ്രസാദ് യാദവ് ശിക്ഷിക്കപ്പെടുന്നത്. റിക്രൂട്മെന്‍റ് അഴിമതി കേസില്‍ റഷീദ് മസൂദ് ശിക്ഷിക്കപ്പെടുന്നത് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട് 24 വര്‍ഷങ്ങള്‍ക്ക് ശേഷവും. മറ്റൊരു റിക്രൂട്മെന്‍റ് കേസില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവായ ഓം പ്രകാശ് ചൌതാല കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശിക്ഷിക്കപ്പെട്ടത് കേസിനാസ്പദമായ സംഭവം നടന്നിട്ട് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ഈക്കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ട സുപ്രീം കോടതി എം എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലും ഒരു വര്‍ഷത്തിനുള്ളിലും പൂര്‍ത്തിയാകും എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്കി. വിചാരണ തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്നെ നടക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദേശം നല്കിയ കേന്ദ്ര ഗവണ്‍മെന്‍റ് 7 പോയിന്റുകള്‍ അടങ്ങിയ ഒരു കര്‍മ്മ പദ്ധതിയും ഈ മാസം ആദ്യമാ പുറത്തിറക്കി. അതോടൊപ്പം വിചാരണ പൂര്‍ത്തിയാകാനുള്ള കേസുകളുടെ പട്ടിക തയ്യാറാക്കാനും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനും കേന്ദ്രം നിര്‍ദേശിച്ചു.

ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി എന്നിവര്‍ കോടതി ഉത്തരവ് ഓര്‍മ്മിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് കത്തുകളെഴുതുകയും വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ആവിശ്യപ്പെടുകയും ചെയ്തു.

ജനപ്രതിനിധികള്‍ പ്രതികളായ എല്ലാ കേസുകളും എത്രയും വേഗം കണ്ടെത്തി അതിവേഗ വിചാരണയ്ക്കായി കോടതികളിലേക്ക് മാറ്റാന്‍ കേന്ദ്രം നിര്‍ദേശം നല്കി. പ്രോസിക്യൂട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കില്‍ എത്രയും വേഗം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനും വിചാരണയിലെ കാലതാമസം ഒഴിവാക്കാനും കേന്ദ്രം ആവിശ്യപ്പെട്ടു.

അതുപോലെതന്നെ മെഡിക്കല്‍, ഫോറെന്‍സിക് റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം തയ്യാറാക്കുന്നതിന് മുന്‍ഗണന കൊടുക്കണമെന്നും നിര്‍ദേശിച്ചു. “സാക്ഷികളുടെയോ രേഖകളുടെയോ അഭാവത്തില്‍ കേസിന് കാലവിളംബം നേരിടാതിരിക്കാന്‍ മുഖ്യ പരിഗണന നല്കണം” ഗോസ്വാമി തന്റെ കത്തില്‍ എഴുതി.

“രാജ്യത്തെഭരണ സംവിധാനം ശുദ്ധീകരിക്കപ്പെടുക എന്നുള്ളത് നരേന്ദ്ര മൊദി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. ആര്‍ക്കെങ്കിലും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ വിചാരണ പൂര്‍ത്തിയാകാതെ ഉണ്ടെങ്കില്‍  അതിന്റെ വിചാരണ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കും. അവര്‍ തെറ്റുകാരല്ലെന്ന് കണ്ടാല്‍ കുറ്റ വിമുക്തരാക്കും. തെറ്റുകാരാണെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും,” ഈ മാസം ആദ്യം നടത്തിയ ഒരു പ്രസ്താവനയില്‍ നിയമ മന്ത്രി പറഞ്ഞു.

പ്രത്യേകം ഉത്തരവ് പുറത്തിറക്കിയില്ലെങ്കിലും, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിയാക്കാതിരിക്കുക എന്നത് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍