UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിടപ്പിലായ ജയലളിതയും ഭരണം നിയന്ത്രിക്കുന്ന സൂപ്പര്‍ സി എമ്മും; തമിഴ്നാട് ഗവണ്‍മെന്‍റ് കഴുത്തില്ലാത്ത കോഴി

Avatar

അഴിമുഖം പ്രതിനിധി

സെപ്തംബര്‍ 22നാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏകദേശം രാത്രി 10.30 ഓടെ. പനിയും നിര്‍ജലീകരണവും ആയിരുന്നു കാരണം. 23നു പുലര്‍ച്ചെ ഒരു മണിക്കാണ് അപ്പോളോ ആശുപത്രി ആദ്യത്തെ പത്രക്കുറിപ്പ് ഇറക്കിയത്. പനിയും നിര്‍ജ്ജലീകരണവും മൂലം ‘ഹോണറബിള്‍ ചീഫ് മിനിസ്റ്ററെ’ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു അത്. മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എന്നും പത്രക്കുറിപ്പ് വിശദീകരിക്കുന്നു. 23 ഉച്ചയ്ക്ക് 12 മണിക്ക് രണ്ടാമത്തെ പത്രക്കുറിപ്പ് ഇറക്കി. മുഖ്യമന്ത്രിയുടെ പനി ഭേദമായെന്നും പ്രാതല്‍ കഴിച്ചു എന്നും റിലീസില്‍ വിശദീകരിച്ചു. ശനിയാഴ്ച മൂന്നാമത്തെയും ഞായറാഴ്ച നാലാമത്തെയും അതേമട്ടിലുള്ള  പത്രക്കുറിപ്പുകള്‍ പുറത്തു വന്നു.  ഞായറാഴ്ച വൈകുന്നേരം അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒരു പത്ര സമ്മേളനം നടത്തി. റിപ്പോര്‍ട്ടേഴ്സിനെ അതിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ചാനല്‍ ക്യാമറമാന്‍മാരെ മാത്രമാണ് അകത്തേക്ക് കടത്തിവിട്ടിരുന്നത്. ജയ ടിവി പത്രസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം നല്കി. ഇത് ഏകദേശം അഞ്ചു മിനുറ്റ് വരെ നീണ്ടു. മുഖ്യമന്ത്രിയെ വിദഗ്ധ ചികിത്സയ്ക്കായി വിദേശ രാജ്യത്തേക്ക് കൊണ്ടുപോകുന്നു എന്നത് വെറും കിംവദന്തി മാത്രമാണ് എന്നും ജയലളിതയുടെ പനി പൂര്‍ണ്ണമായും ഭേദമായി എന്നും ഇപ്പോള്‍ നിരീക്ഷണത്തിലാണ് എന്നും കുറച്ചു ദിവസത്തിനുള്ളില്‍ അവര്‍ക്ക് ആശുപത്രി വീടാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷം നാലു ദിവസം ഒരു പത്രക്കുറിപ്പ് പോലും ആശുപത്രി അധികൃതര്‍ ഇറക്കിയില്ല. 29 നു ഒരു പത്രക്കുറിപ്പ് ഇറക്കി. വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു ഈ പത്രക്കുറിപ്പ്. മുഖ്യമന്ത്രിയുടെ ആരോഗ്യനില സ്റ്റേബിള്‍ ആണെന്നും ആവര്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട് എന്നുമായിരുന്നു അത്. എന്നാല്‍ ഗവണ്‍മെന്‍റ് യാതൊരു പത്രകുറിപ്പും ഇറക്കിയിരുന്നില്ല. പി ആര്‍ ഡി അപ്പോളോയുടെ പത്രകുറിപ്പുകള്‍ മീഡിയകള്‍ക്ക് എത്തിച്ചു കൊടുക്കുന്ന പണിയായിരുന്നു ചെയ്തിരുന്നത്. 

ഗവണ്‍മെന്റിന്റെ സുതാര്യതയില്ലാത്ത പ്രവര്‍ത്തനം ജയലളിതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും തുടരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. ഗവണ്‍മെന്‍റിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന് ഏകദേശം 213 അപകീര്‍ത്തി കേസുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്നു മാനനഷ്ടക്കേസാണ് റിഡിഫ്ഫിനും നക്കീരനും ഡോ.സുബ്രഹ്മണ്യം സ്വാമിക്കും എതിരായും ഫയല്‍ ചെയ്തിരിക്കുന്നത്. ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ മടിക്കുന്നത് അല്ലെങ്കില്‍ ഭയപ്പെടുന്നത് ഈ അപകീര്‍ത്തി കേസുകളെ തുടര്‍ന്നാണ്.

2011ല്‍ അധികാരത്തില്‍ വന്നത് മുതല്‍, പ്രത്യേകിച്ചും 2014ലെ അവരുടെ ബംഗളൂരുവിലെ അഴിമതി കേസുമായി ബന്ധപ്പെട്ട്, ഗവണ്‍മെന്റിനെതിരെയും അവരുടെ ആരോഗ്യത്തെ കുറിച്ചും എഴുതുന്നതില്‍ തമിഴ്നാട്ടിലെ  തമിഴ്, ഇംഗ്ലീഷ്, മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. ജയലളിത ആശുപത്രിയില്‍ ആയിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും അപ്പോളോ ആശുപത്രിയുടെ വാര്‍ത്താകുറിപ്പ് ആവര്‍ത്തിക്കുകയല്ലാതെ മാധ്യമങ്ങള്‍ക്ക് മറ്റൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങള്‍ക്കു ഇത് സംബന്ധിച്ച് യാതൊരു അറിവുമില്ല. തെറ്റായ കഥകള്‍ മാത്രമാണ് പരക്കുന്നത്. അപ്പോളോ ഹോസ്പിറ്റല്‍ ഇറക്കുന്നത് പത്രക്കുറിപ്പുകള്‍ മാത്രമാണ്. ശരിയായ ഒരു മെഡിക്കല്‍ ബുള്ളറ്റിന്‍ പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ അഞ്ചു പത്രക്കുറിപ്പുകളിലും ജയലളിതയുടെ പേര്‍ എവിടേയും പറയുന്നില്ല. ഹോണറബിള്‍ മാഡം എന്നല്ലാതെ എന്നതാണു കൌതുകകരം. 

തമിഴ്നാട്ടില്‍ ഗവണ്‍മെന്‍റ് സംവിധാനം ആകെ തകര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. അത് കഴുത്തില്ലാത്ത കോഴിയെ പോലെ ആയിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. ഒറ്റയാളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റാണ് ഇത്. ഏതെങ്കിലും ഒരു ജില്ലയില്‍ രണ്ട് ടോയിലെറ്റ് സര്‍ക്കാര്‍ നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ ഉടന്‍ പത്രക്കുറിപ്പ് ഇറങ്ങുന്നത് മുഖ്യമന്ത്രിയുടെ പേരിലായിരിക്കും. അധികാരത്തിന്റെ കേന്ദ്രീകരണമാണ് ഇവിടെ നടക്കുന്നത്. ആ വ്യക്തിയാണ് ഇപ്പോള്‍ ആശുപത്രിയില്‍ കിടക്കുന്നതു എന്നോര്‍ക്കണം. 

മുഖ്യമന്ത്രിക്ക് ഒരു ഉപദേശകയുണ്ട്. റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണന്‍. ഭരണഘടനാ ബാഹ്യമായ ഈ കേന്ദ്രമാണ് ഇപ്പോള്‍ ഭരണത്തെ നിയന്ത്രിക്കുന്നത്. അവര്‍ ജയലളിതയുടെ അടുത്ത സുഹൃത്താണ്. സംസ്ഥാനത്തിന്റെ സൂപ്പര്‍ സി എം എന്നാണ് അധികാരത്തിന്റെ ഇടനാഴികളില്‍ അവര്‍ അറിയപ്പെടുന്നത്. അവര്‍ ഗവണ്‍മെന്‍റിന്റെ ഭാഗമല്ല. എം എല്‍ എയോ എം പിയോ അല്ല. ഡി ജി പിയും ചീഫ് സെക്രട്ടറിയുമെല്ലാം ഇവരില്‍ നിന്നാണ് ഉത്തരവ് സ്വീകരിക്കുന്നത്. ഭരണഘടനാ ബാഹ്യമായ ഒരാള്‍ ഭരണത്തെ നിയന്ത്രിക്കുന്നു എന്നതാണ് സംസ്ഥാനത്തെ ഏറ്റവും അപകടകരമായ സാഹചര്യം. ഡി ജി പിയും ചീഫ് സെക്രട്ടറിയും ആരില്‍ നിന്നാണ് ഉത്തരവ് സ്വീകരിക്കുന്നത് എന്നു ചോദിക്കാന്‍ ആരും തയാറാകുന്നില്ല. മാധ്യമങ്ങള്‍ അടിമ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 

കാവേരി പ്രശ്നത്തില്‍ ഗവണ്‍മെന്‍റ് പറയുന്നതു ആശുപത്രിയില്‍ ജയലളിത ഒരു മണിക്കൂര്‍ മീറ്റിംഗ് നടത്തി എന്നാണ്. എങ്ങനെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഒരാള്‍ക്ക് ഒരു മണിക്കൂര്‍ മീറ്റിംഗ് നടത്താന്‍ കഴിയുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുഖ്യമന്ത്രിയെ ആശുപത്രിയില്‍ വന്നു സന്ദര്‍ശിക്കാന്‍ ഗവര്‍ണ്ണര്‍ 10 ദിവസത്തില്‍ കൂടുതല്‍ എടുത്തു എന്നുള്ളതാണ്. 

സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഡി എം കെയും കരുണാനിധിയും. എന്തായാലും കലക്കവെള്ളത്തില്‍ നിന്നു മീന്‍ പിടിക്കുന്നയാള്‍ എന്ന ഇമേജ് ഉണ്ടാക്കാന്‍ കരുണാനിധി ആഗ്രഹിക്കുന്നില്ല. ഏത് നിമിഷം ആഞ്ഞടിക്കണം എന്നു സൂത്രശാലിയായ രാഷ്ട്രീയക്കാരനായ അയാളെ ആരും പഠിപ്പിക്കേണ്ടതില്ല.

അതേ സമയം ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എ ഐ എ ഡി എം കെയുടെ ഭാവി എന്തായിരിക്കും എന്ന് അര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ചരിത്രം അതിനു ഉത്തരം നല്കും. അതിഭയങ്കരമായി കേന്ദ്രീകരിക്കപ്പെട്ട പാര്‍ട്ടിയാണ് ഇത്. എല്ലാ ഒരാളില്‍ മാത്രം.യഥാര്‍ത്ഥത്തില്‍ ജയലളിത തമിഴ്നാട് രാഷ്ട്രീയത്തിന് നല്കിയ സംഭാവന അഴിമതിയല്ല. രാഷ്ട്രീയത്തിന്റെ ഈ അസംബന്ധവത്ക്കരണമാണ്. ഇനി വരാന്‍ പോകുന്ന ദിവസങ്ങളില്‍ ഇത് എങ്ങനെ തമിഴ്നാട് രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് കാത്തിരുന്നു കാണാം.

(തമിഴിലും ഇംഗ്ലീഷിലും എഴുതുന്ന തമിഴ്നാട്ടിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായി സംസാരിച്ച് തയ്യാറാക്കിയത്. ചില പ്രത്യേക കാരണങ്ങളാല്‍ മാധ്യമ പ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്താന്‍ സാധ്യമല്ല.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍