UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ സ്വകാര്യതയും ഗവണ്‍മെന്റിന്റെ സുതാര്യതയും; തമിഴ്നാട്ടില്‍ സംഭവിക്കുന്നത്

Avatar

പ്രമീള ഗോവിന്ദ് എസ്. 

ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിടാത്തത് രോഗിയുടെ സ്വകാര്യതയെ മുന്‍നിര്‍ത്തിയാണ് എന്ന വാദം ശക്തമാവുകയാണ്. എന്നാല്‍ ഗവണ്‍മെന്റിന്‍റെ സുതാര്യത മുന്‍നിര്‍ത്തിയും ഈ വിഷയത്തെ പരിഗണിക്കേണ്ടതുണ്ട് എന്നാണ് മറുവാദം.

ഹെല്‍ത്ത് കെയര്‍ ഡാറ്റാ പ്രൈവസി ആന്‍റ് സെക്യുരിറ്റി ആക്ട് എന്ന നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂളിനെ കേന്ദ്ര ആരോഗ്യമന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ രോഗ വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനെ സംബന്ധിച്ചുളള പരാതി കോടതിയിലെത്തുന്നതും ചര്‍ച്ചയാകുന്നതും. സ്വകാര്യതയും രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശവും പൗരന് ഭരണഘടന ഉറപ്പ് നല്കുന്നു എന്നുള്ളത് തന്നെയാണ് ഇനിയെങ്കിലും ഇത്തരമൊരു നിയമം വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നത്.

ഒരു രോഗിയുടെ രോഗവിവരം ഡോക്ടര്‍ മാത്രം അറിയേണ്ടുന്ന ഒന്നാണ്. ഒരു വ്യക്തിയുടെ ഭാവി ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ രോഗത്തെയോ ചികിത്സയെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ ആ വ്യക്തിയുടെ അനുവാദമില്ലാതെ മൂന്നാമതൊരാളോട് വെളിപ്പെടുത്തുന്നതിന് മെഡിക്കല്‍ എത്തിക്‌സ് ഡോക്ടര്‍മാരെ അനുവദിക്കുന്നില്ല. എന്നാല്‍ സമൂഹത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയോ, നിയമം ആവശ്യപ്പെടുമ്പോഴോ, മറ്റൊരു ഡോക്ടര്‍ക്ക് വിവരങ്ങള്‍ ചികിത്സക്കായി കൈമാറേണ്ടി വരുമ്പോഴോ ഒക്കെ ഇത് അനുവദനീയമാണ്. എന്നാല്‍ ഇവിടെ ജയലളിതയുടെ ആരോഗ്യ നിലയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാന ഘടകം അവര്‍ ഒരു സാധാരണക്കാരിയല്ല എന്ന് മാത്രമല്ല ഭരണപരമായി ഒരു സംസ്ഥാനത്തിന്റെ നേതൃത്വം കൈയാളുന്ന വ്യക്തി കൂടിയാണ് എന്നതാണ്. ഒരു മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് ആ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമില്ലേ എന്നതാണ് ചോദ്യം. ഇവിടെ ആരോഗ്യ നിലയെയും രോഗത്തെയും രണ്ടായി കാണേണ്ടതുണ്ട്. രോഗത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ വെളിപ്പെടുത്തേണ്ടതില്ല. മുഖ്യമന്ത്രി എന്ന നിലക്ക് സംസ്ഥാനത്തെ ഭരണപരമായ ഉത്തരവാദിത്തങ്ങളിലേക്ക് അവര്‍ക്ക് മടങ്ങിയെത്താന്‍ സാധിക്കുമോ അല്ലെങ്കില്‍ എന്നത്തേക്ക് മടങ്ങിയെത്താന്‍ സാധിച്ചേക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്. കാര്യങ്ങല്‍ പലതും അറിയുന്നുണ്ടെങ്കിലും ഏറ്റവും വിശ്വാസ യോഗ്യമായ സ്രോതസ്സുകള്‍ നല്കുന്ന വിവരങ്ങളില്‍ പോലും പൊരുത്തക്കേടുകള്‍ ഉണ്ട് എന്നു മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിയുകയാണ്. അറിയുന്നതില്‍ പലതും പുറത്ത് പറയാതെ അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകരും പ്രൊഫഷണല്‍ എത്തിക്‌സ് നിലനിര്‍ത്തി സംയമനം പാലിക്കുകയാണ് നിലവില്‍.

ഇവിടെയാണ് സുതാര്യത സംബന്ധിച്ച ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്. തമിഴ്‌നാടിന്റെ രാഷട്രീയ സാഹചര്യങ്ങളില്‍ ഭരണരംഗത്തെ സുതാര്യതയില്ലായ്മ പുതിയ കാര്യമല്ല. ഒന്നും ആരേയും അറിയിക്കാതിരിക്കുക എന്ന രാഷ്ട്രീയ സംസ്‌കാരമാണ് അവിടെ എന്നും നിലനിന്നിരുന്നത്. ജയലളിത അധികാരത്തിലേറിയ ശേഷം ഈ സുതാര്യതയില്ലായ്മ വര്‍ദ്ധിച്ചു എന്ന് മാത്രം. ഒരു ഏകാധിപത്യ ശൈലിയിലുള്ള ഭരണമാണ് സംസ്ഥാനത്ത് എന്ന പ്രതീതി പലപ്പോഴും ജനങ്ങള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കിടയിലും ജനിപ്പിച്ചു. ഈ ശൈലി തന്നെയാണ് ഇപ്പോള്‍ രോഗിയുടെ ആരോഗ്യനില സംബന്ധിച്ച് കാര്യങ്ങള്‍ പുറത്ത് വിടാന്‍ പറ്റാത്തവണ്ണം ആശുപത്രി അധികൃതരേയും ഭരണപരമായ പ്രതിസന്ധിയെ സംബന്ധിച്ച് ഉദ്യേഗസ്ഥരേയും, പാര്‍ട്ടിയിലെ ആശയകുഴപ്പവും യഥാര്‍ത്ഥ വസ്തുതകളും പുറത്ത് വിടാനാകാത്തവണ്ണം എ ഐ ഡി എം കെ നേതാക്കളെയും കെട്ടിയിടുന്നത്. പക്ഷെ രാഷ്ട്രീയപരമായി ഈ വിഷയത്തെ പരിഗണിക്കുമ്പോള്‍ ഇതൊരു പാര്‍ട്ടിയുടെ പ്രശ്‌നമായി കാണാനാവില്ല. മറിച്ച് ഒരു സംസ്ഥാനത്തിന്റെ അവിടുത്തെ ജനങ്ങളുടെ പ്രശ്‌നമാണ്. രണ്ടാഴ്ചയോളമായി സംസ്ഥാനത്തെ മുഖ്യമന്ത്രി ആശുപത്രിയിലാണ്. അങ്ങിനെയെങ്കില്‍ സംസ്ഥാനത്തിന്റെ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്ന രണ്ടാം സ്ഥാനം ആര്‍ക്കാണ് എന്നത് അറിയാത്ത അവസ്ഥ. തമിഴ്‌നാട്ടിലെ ബ്യുറോക്രസി വളരെ ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് എന്നതാണ് ആകെയുള്ള ആശ്വാസം. ഇതിന് മുമ്പ് 2001 സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരേയും 2014 സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരേയും ജയലളിത മാറി നിന്നപ്പോള്‍ പനീര്‍ ശെല്‍വത്തെ ഡമ്മി മുഖ്യമന്ത്രിയായി നിര്‍ത്തികൊണ്ട് പിന്നില്‍ നില്‍ക്കാന്‍ ജയലളിത ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ സാഹചര്യം ഇല്ല. ആരാണ് പകരക്കാരന്‍ എന്നത്തേക്ക് അമ്മ മടങ്ങിവരും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം യാതൊരു ആശങ്കകളും നിലവില്‍ ഇല്ലെന്ന് നേതാക്കള്‍ പറയുമ്പോഴും വലിയ പ്രതിസന്ധിയാണ് മുന്നില്‍ ഉളളത്. അതിന്റെ കാരണക്കാരി ജയലളിത തന്നെയാണ് താനും. പാര്‍ട്ടിയില്‍ രണ്ടാം നിര നേതൃതത്തെ വളര്‍ത്തിക്കൊണ്ട് വരാന്‍ അവര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. 1980ലാണ് എം ജി ആറിന്റെ സൗഹൃദത്തിലൂടെ ജയലളിത എ ഐ ഡി എം കെ അംഗമാകുന്നത്. ജയലളിത എന്ന സിനിമാ താരം പിന്നീട് പുരട്ചി തലൈവി എന്ന വിശേഷണത്തിലേക്ക് വളര്‍ന്നതിനു പിന്നില്‍ സിനിമാ കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ് ഉള്ളത്.

1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ചാണ് ജയലളിത ആദ്യം എം എല്‍ എയാകുന്നത്. 1984ല്‍ രാജ്യസഭാംഗമായി. പാര്‍ട്ടിയില്‍ ഇതോടെ രണ്ടാമത്തെയാളായി ജയളിത വളര്‍ന്നു. എന്നാല്‍ 1987ല്‍ എം ജി ആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിധവ ജാനകി രാമചന്ദ്രനാണ് മുഖ്യമന്ത്രിയായത്. ഇതോടെ പാര്‍ട്ടി പിളര്‍ന്നു. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡി എം കെ അധികാരത്തിലെത്തി. ഡി എം കെ യുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ കീഴിലാക്കാന്‍ ജയലളിതക്ക് സാധിച്ചു. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയുമായി. പിന്നീട് ഇങ്ങോട്ട് അഴിമതികഥകളും നിയമ നടപടികളും ഒരു ഭാഗത്ത് കറതീര്‍ത്തപ്പോഴും ജനക്ഷേമ പരിപാടികളിലൂടെ തമിഴ് മക്കള്‍ക്കിടയില്‍ അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന് തുല്യമായി ജയലളിതയുടെ സ്ഥാനം. എന്നാല്‍ എം ജി ആറിന് ശേഷം പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ ജയലളിതക്ക് സാധിച്ചുവെങ്കില്‍ തന്റെ കാലത്തിന് ശേഷം നേതൃനിരയില്‍ ആരുണ്ടാകും എന്നത് ജയലളിതയെ ബാധിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടാഴചയായി ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് പലവാര്‍ത്തകളും പുറത്ത് വന്നു. അപ്പോളോ ആശുപത്രിക്ക് മുന്നില്‍ രാത്രിയും പകലും മഴയത്തും വെയിലത്തും ജയയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് ജോലിക്ക് പോലും പോകാതെ ജനങ്ങള്‍ കാവലാണ്. വെന്റിലേറ്ററിലാണെന്നും മരിച്ചു എന്നും അഭ്യൂഹങ്ങള്‍ പടരുമ്പോഴും ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച കൃത്യമായ വിശദീകരണം നല്കാന്‍ ആരും തയ്യാറായിട്ടില്ല. എന്നാല്‍ ഈ സുതാര്യതയില്ലായ്മ അഭ്യൂഹങ്ങള്‍ പടരാന്‍ ആക്കം കൂട്ടുകയേ ഉള്ളു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടരുമ്പോള്‍ അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്ന പോലീസിന്‍റെ ഭീഷണിയാണ് ഉയരുന്നത്. ജയലളിതയുടെ അഭാവം രാഷ്ട്രീയമായി മുതലെടുക്കാന്‍ കരുണാനിധിയും കൂട്ടരും ശ്രമിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ സ്ഥിതി വിശേഷം കുറച്ച ദിവസം കൂടി തുടര്‍ന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായ നേതാക്കള്‍ ഉള്‍പ്പടെ കാലുമാറാന്‍ സാധ്യതയുണ്ട്. ഇന്ന് വളരെ പക്വതയോടെ കാര്യങ്ങള്‍ വീക്ഷീച്ച് മാറി നില്‍ക്കുന്ന ബി ജെ പി ഉള്‍പ്പെടെ സാഹചര്യം മുതലെടുത്തേക്കാം. ഇതോടെ എ ഐ ഡി എം കെയുടെ ഭാവി അവതാളത്തിലാകും. ഇതാണ് ഇപ്പോള്‍ രാഷ്ട്രീയമായി പലരേയും ഭയപ്പെടുത്തുന്നത്.

ഇന്നലെ എ ഐ ഡി എം കെയുടെ കേരളത്തിലെ ഭാരവാഹി അഡ്വ വേണുഗോപാല്‍ പറഞ്ഞത് അമ്മ മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങി വരുമെന്നാണ്. പുരട്ച്ചി തലൈവി പൂര്‍ണ്ണ ആരോഗ്യവതിയായി മടങ്ങി വരട്ടെ എന്ന് തന്നെയാണ് നമ്മുടെയും ആഗ്രഹം. അങ്ങിനെ വന്നാല്‍ ഇപ്പോഴത്തെ ഈ അവസ്ഥയൊക്കെ താനെ മാറുകയും ചെയ്യും. പക്ഷെ മടങ്ങി വരുമ്പോള്‍ ഈ ദിവസങ്ങള്‍ നല്കുന്ന അനുഭവത്തില്‍ നിന്ന് ചില പാഠങ്ങള്‍ ഉള്‍കൊണ്ട് തിരുത്താന്‍ പാര്‍ട്ടിയും ജയയും തയ്യാറാകണം. ഇന്നലെ ട്രാഫിക് രാമസ്വാമിയുടെ ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയത് ജയലളിതയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ഔദ്യേഗികമായ വിവരങ്ങള്‍ പുറത്ത് വരുന്നത് ആശങ്കകള്‍ അകറ്റാന്‍ സഹായിക്കുമെന്നാണ്. അങ്ങിനെയെങ്കില്‍ കോടതി സ്വകാര്യത മുന്‍നിര്‍ത്തിയുള്ള വാദങ്ങള്‍ തള്ളിക്കളയുകയും സുതാര്യതക്ക് പരിഗണന നല്‍കുകയും ചെയ്തിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ജയലളിതയെ അന്യായമായി തടഞ്ഞു വെച്ചിരിക്കുന്നു എന്ന് വരെ ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

സുതാര്യതയില്ലായ്മയാണ് ഇത്തരത്തിലുള്ള കിംവദന്തികള്‍ പടരാന്‍ കാരണമായത് എന്ന് മനസ്സിലാക്കി തിരുത്താന്‍ ബ്യുറോക്രസിയും നേതൃത്വവും തയ്യാറാകണം. ഏകാധിപതികളുടെ അന്ത്യം അവശേഷിപ്പിക്കാന്‍ പോകുന്നശൂന്യതയെ കുറിച്ചും നേതാക്കള്‍ തിരിച്ചറിയണം.

(തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, നേതാക്കള്‍ എന്നിവരോട് സംസാരിച്ച് തയ്യാറാക്കിയത് )

(മാധ്യമ പ്രവര്‍ത്തകയാണ് പ്രമീള എസ് ഗോവിന്ദ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍