UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിറകറ്റ ഉരുക്കുശലഭം

Avatar

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

ദ്രാവിഡ രാഷ്ട്രീയം അത്രമേല്‍ സത്യസന്ധതയുള്ള ചരിത്ര രചനകളില്‍ ഇനിമേല്‍ ജയലളിതക്ക് മുന്‍പും ശേഷവും എന്ന് നിരീക്ഷിക്കപ്പെട്ടേക്കാം. എം.ജി.ആറിനു ശേഷമാണ് തമിഴ് രാഷ്ട്രീയത്തില്‍ അനിഷേധ്യയായി വളര്‍ന്നതെങ്കിലും, ഇന്നത്തെ തമിഴ് രാഷ്ട്രീയ രസതന്ത്രനിര്‍മ്മിതി പൂര്‍ണ്ണമായും ജയലളിത എന്ന ഉരുക്ക് വനിതയുടെ മാത്രം ക്രെഡിറ്റില്‍പ്പെടുന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ പെണ്‍കരുത്ത് എന്ന് വിളിക്കാവുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ മാത്രമായിരുന്നു. കാരണം മായാവതി മുതല്‍ സോണിയാഗാന്ധി തുടങ്ങി മമത ബാനര്‍ജി വരെയുള്ള സ്ത്രീ സാന്നിധ്യങ്ങള്‍ പിറവിയറിയിച്ചപ്പോഴേക്കും ജയലളിത ജനാധിപത്യത്തില്‍ ഏകാധിപത്യവും, രാജാധിപത്യവും കണ്ടെത്തി പഴുതുകള്‍ ഇല്ലാത്ത അനിഷേധ്യയായി മാറിയിട്ടുണ്ടായിരുന്നു .

ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്‌നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം. മൈസൂര്‍ രാജാവിന്റെ ഭിഷഗ്വരനായിരുന്നു ജയലളിതയുടെ മുത്തശ്ശന്‍. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി ‘സന്ധ്യ’ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി.

ജയലളിതയും മികച്ച കലാകാരിയായിരുന്നു. നാലു വയസ്സുമുതല്‍ നൃത്തം അഭ്യസിച്ചുതുടങ്ങിയ അവര്‍ വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും നൈപുണ്യം നേടി. സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു അവര്‍. ഉപരിപഠനത്തിനുളള സ്‌കോളര്‍ഷിപ്പു നേടിക്കൊണ്ടാണ് അവര്‍ ഹൈസ്‌ക്കൂള്‍തല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ക്ലാസിക്കല്‍ ഡാന്‍സിലും സംഗീതത്തിലും അവഗാഹം നേടിയ ജയ അഭിഭാഷകയാകാനുള്ള മോഹം ഉപേക്ഷിച്ച് അമ്മയുടെ പാത പിന്തുടരാന്‍ തീരുമാനിച്ചു. 15 ആം വയസിലായിരുന്നു ജയയുടെ സിനിമാ അരങ്ങേറ്റം. ചിന്നദാ ഗോംബെ എന്ന കന്നഡചിത്രം തന്നെ ഹിറ്റായിരുന്നു. ഏതാനും ബോളിവുഡ് ചിത്രങ്ങളിലും ജയ അഭിനയിച്ചു.

മുഖ്യമന്ത്രിയായിരിക്കെ 1987ല്‍ എം.ജി.ആര്‍. മരിച്ചതോടെ പാര്‍ട്ടിയില്‍ അധികാര വടംവലി ആരംഭിച്ചു. എം.ജി.ആറിന്റെ പാരമ്പര്യം അവകാശപ്പെട്ട് ഭാര്യ ജാനകിയും ഇദയക്കനിയായ ജയലളിതയും രണ്ടുചേരികളില്‍ നിലയുറപ്പിച്ചതോടെ തൊട്ടടുത്ത വര്‍ഷം പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഇതു മുതലെടുത്ത് 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. അധികാരത്തിലെത്തി. പിന്നീട് രാഷ്ട്രീയരംഗത്തുനിന്ന് ജാനകി രാമചന്ദ്രന്‍ പിന്‍മാറിയതോടെ എ.ഐ.എ.ഡി.എം.കെ. ജയലളിതയുടെ സ്വന്തം സാമ്രാജ്യമായി മാറി.

എം.ജി.രാമചന്ദ്രനോടൊപ്പം അനേകം ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിത അദ്ദേഹത്തിന്റെ ഉറ്റവരിലൊരാളായി മാറിയത് പെട്ടെന്നായിരുന്നു. എംജിആറിന്റെ എഐഎഡിഎംകെയില്‍ 1980ല്‍ അംഗമായി ജയലളിത രാഷ്ട്രീയജീവിതം ആരംഭിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പലരുടെയും നെറ്റി ചുളിഞ്ഞു. എന്നാല്‍ അവര്‍ക്കെതിരായ വ്യക്തമായ ചേരിതിരിവ് പാര്‍ട്ടിക്കുള്ളിലുണ്ടാവുന്നത് എംജിആര്‍ അസുഖം മൂലം യുഎസ്സില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ്. ജയയുടെ രാഷ്ട്രീയ വളര്‍ച്ച പെട്ടെന്നായിരുന്നു. പാര്‍ട്ടിയുടെ പ്രോപഗാണ്ട സെക്രട്ടറിയായ ജയയ്ക്ക് എംജിആര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചു. തുടര്‍ന്ന് അവര്‍ രാജ്യസഭാംഗമായി. 

എംജിആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. എഐഡിഎംകെയുടെ നേതൃസ്ഥാനം നോട്ടമിട്ടാണ് ജയ രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. എന്നാല്‍ എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചതോടെ അത് പാര്‍ട്ടിക്കകത്തെ പിളര്‍പ്പിന്് തന്നെ കാരണമായി.

1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ മേധാശക്തിയ്ക്ക് കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയ തന്റെ നിലയുറപ്പിക്കുകയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി. എന്നാല്‍ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയയുടെ ഭരണകാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്‌റ് ചെയ്യപ്പെട്ടു. ജയയ്‌ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തു.

2001ലെ തിരഞ്ഞെടുപ്പില്‍ ജയ മത്സരിക്കാനായി പത്രിക നല്‍കിയെങ്കിലും അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന അവര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിച്ചത്. എങ്കിലും എഐഡിഎംകെ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുക തന്നെ ചെയ്തു. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഫാത്തിമാ ബീവി ക്ഷണിച്ചത് നാല് മാസം നീണ്ടുനിന്ന നിയമയുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്തംബര്‍ 21ആം തീയതി സുപ്രീം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു.

അഭിനേത്രിയായി രാഷ്ട്രീയ രംഗത്തെത്തിയ ജയലളിത മികച്ച രാഷ്ട്രീയ നേതാവാണെന്ന് തെളിയിച്ച അഞ്ച് സാഹചര്യങ്ങള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസുള്‍പ്പെടെ പല വിവാദങ്ങളും ജയലളിതയെ തേടിയെത്തിയെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രിയായി ജനമനസ്സില്‍ എക്കാലത്തും അവരോധിക്കപ്പെട്ടത് ജയലളിതയായിരുന്നു. തുടരെത്തുടരെയുള്ള തലൈവിയുടെ വിജയവും അത് തന്നെ ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

മൂന്ന് തവണ മുഖ്യമന്ത്രിയായ ജയലളിത തമിഴിജനതയുടെ പൊതുവികാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മികവ് തെളിയിച്ച രാഷ്ട്രീയ നേതാവായിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചൂതാട്ടത്തിന്റെ ഭാഗമായി ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് ജയലളിത പ്രഖ്യാപിക്കുകയായിരുന്നു. അനധികൃ സ്വത്ത് സമ്പാദന കേസ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ശക്തമായിത്തന്നെ നിന്നിരുന്നുവെങ്കിലും ഇതിനെയെല്ലാം പിന്തള്ളിക്കൊണ്ടായിരുന്നു 2016ല്‍ നാലാതവണയും പുരൈട്ചി തലൈവി മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്.

വിശപ്പറിഞ്ഞ മനുഷ്യനന്മ
മലയാളി പൊതുബോധം ഒട്ടൊക്കെ പുച്ചത്തോടെ മാത്രം വിലയിരുത്തുന്നതാണ് തമിഴക രാഷ്ട്രീയം. ശരാശരി മലയാളിക്ക് ആക്ഷന്‍ സിനിമകള്‍ പോലെ അനുഭവപ്പെട്ട തമിഴ് രാഷ്ട്രീയത്തിന്റെ മാനുഷിക മറുവശം കാണാനാവാതെ പോയി എന്നതാണു സത്യം. അതുകൊണ്ടു മാത്രമാണ് അവിടുത്തെ രാഷ്ട്രീയ ചലനങ്ങളെ ജയ മാജിക്, കരുണാനിധി മാജിക് തുടങ്ങിയ ഉപരിപ്ലവമായ രാഷ്ട്രീയ സംജ്ഞകളിലൂടെ നമ്മള്‍ വിലയിരുത്തിയത്. കടുത്ത പകപോക്കലുകള്‍ക്കും അഴിമതികള്‍ക്കുമിടയിലും തമിഴ് രാഷ്ട്രീയം കാത്തുസൂക്ഷിച്ച മനുഷ്യപക്ഷത്തു നില്‍ക്കുന്ന ഭരണകൂട നടപടികള്‍ എക്കാലത്തെയും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടിയിരിക്കുന്നു.

പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി വലിയ സബ്‌സിഡി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ജയലളിത സ്ഥാപിച്ച ‘അമ്മ ഉണവകം’ എന്ന ഭോജനശാലകള്‍ നിലവില്‍ വന്നിട്ട് കഷ്ടിച്ച് ഒരു വര്‍ഷമായിക്കാണും. സാമ്പാറും ചമ്മന്തിയും സഹിതം ഒരു രൂപയ്ക്ക് ഒരു ഇഡ്ഡലി. നാലു രൂപയ്ക്ക് പ്രാതല്‍ കുശാല്‍. തമിഴ് ജീവിതത്തിന്റെ ഭാഗമായ തൈര് ചേര്‍ത്ത ചോറിന് മൂന്നു രൂപ. 10 രൂപയ്ക്ക് നല്ല വെജിറ്റേറിയന്‍ ഊണ്. നാലു ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമടക്കം ആറു രൂപയ്ക്ക് അത്താഴം. വെറും 20 രൂപയ്ക്ക് മൂന്നു നേരം വിശപ്പകറ്റാം. ഭോജനശാലയ്ക്ക് നല്ല വൃത്തിയും വെടിപ്പും. തെരുവോരങ്ങളിലും ചേരികളിലുമൊക്കെ ജീവിക്കുന്ന പരമദരിദ്രര്‍ അമ്മ ഉണവകങ്ങളില്‍ നിന്ന് ആഹാരം കഴിച്ച് തൃപ്തിയോടെ അവിടെയുള്ള ജയലളിതയുടെ ഫോട്ടോയ്ക്കു മുന്നില്‍ കൈകൂപ്പി പുറത്തിറങ്ങുന്നത് ഇന്ത്യന്‍ പ്രായോഗിക രാഷ്ട്രീയത്തിലെ ഒരപൂര്‍വ്വ കാഴ്ച തന്നെയായിരുന്നു. ഒരു നേതാവിന്റെ രാഷ്ട്രീയജീവിതം സഫലമാവാന്‍ ഇതിലപ്പുറം ഒന്നും വേണ്ടതില്ല പ്രത്യേകിച്ച്, ദ്രാവിഡ നന്മകള്‍ കെടാവിളക്ക് പോലെ സൂക്ഷിക്കുന്ന ഒരു ജനതയ്ക്കിടയില്‍ എന്നത് തന്നെയായിരുന്നു ജയലളിത എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്റെ വിജയം ..!

ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും സബ്‌സിഡികളില്‍ നിന്നും ഭരണകൂടങ്ങള്‍ മാറിനില്‍ക്കണമെന്ന ആധുനിക മുതലാളിത്ത സിദ്ധാന്തത്തിനുള്ള ശക്തമായ പ്രായോഗികവല്‍ക്കരിച്ച രാഷ്ട്രീയ മറുപടിയായിരുന്നു ജയലളിതയുടെ പാവപ്പെട്ടവര്‍ക്കുള്ള ഊട്ടുപുരകള്‍. പൊതുഖജനാവിനു നഷ്ടമുണ്ടാക്കുന്ന ഇത്തരം കയ്യടി പദ്ധതികള്‍ വിപരീത ഫലം ചെയ്യുമെന്ന വിമര്‍ശനം ചില രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നും ഉയര്‍ന്നപ്പോള്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയാണ് ജയ അതിനെ നേരിട്ടത്. വ്യവസായ, കാര്‍ഷിക, വാണിജ്യ മേഖലകളില്‍ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ നികുതിവരുമാനം കൂടിവരികയാണെന്നും അതിലൊരു പങ്ക് പാവങ്ങളുടെ വിശപ്പകറ്റാന്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്ന അവരുടെ മറുപടി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു.

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ വിജയകരമായി പരിക്ഷിച്ച, സോഷ്യല്‍ ഡമോക്രാറ്റിക് കാഴ്ചപ്പാടിലധിഷ്ഠിതമായ ക്ഷേമരാഷ്ട്ര സങ്കല്‍പം തമിഴകത്തെ രാഷ്ട്രീയകക്ഷികളുടെയെല്ലാം നിലപാടുകളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നത് കാണാത്ത പോകാന്‍ കഴിയില്ല. തമിഴ് ജനതയുടെ മണ്ണിലും, വിയര്‍പ്പിലും, രക്തത്തിലും അലിഞ്ഞുചേര്‍ന്ന ദ്രാവിഡ സംസ്‌ക്കാരത്തിന്റെ നന്മകളില്‍ ചിലത് അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷികളും നേതാക്കളും സ്വാംശീകരിക്കുന്നു എന്നതുമാവാം കാരണം. ദ്രാവിഡ ആത്മീയ സംസ്‌കാരത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട ലോകത്ത് ബാക്കിയാകുന്ന അപൂര്‍വ്വം ദ്രാവിഡ ജനതയാണ് തമിഴര്‍ എന്ന ചരിത്രപരമായ ഉണ്മ തന്നെയാവാം ജീവിതത്തില്‍ ചിട്ടയായ ചര്യകളും, കര്‍മങ്ങളും, സത്യസന്ധതയും പുലര്‍ത്തി ജീവിച്ചുപോരുന്ന തമിഴ് ജനതയുടെ നേതാക്കളെ മനുഷ്യന്റെ വിശപ്പിന്റെ മിടിപ്പറിയാന്‍ ശേഷിയുള്ളവരാക്കുന്നത്. വോട്ടിനു വേണ്ടിയാണെങ്കിലും പാവങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്കും സൗജന്യമായും ഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങളുമൊക്കെ നല്‍കാന്‍ അവര്‍ മത്സരിക്കുന്നത് അതുകൊണ്ടാണ്. അക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ജയലളിതയ്ക്കു സാധിച്ചു എന്നതു മാത്രമാണ് അവരുടെ വിജയരഹസ്യമെന്നും വിലയിരുത്തുന്നതില്‍ തെറ്റുണ്ടാവില്ല .

മലയാളി വിലയിരുത്താത്ത പലതും തമിഴന്‍ അനുഭവിക്കുന്നുണ്ട് എന്നത് കൂടി വിസ്മരിക്കാന്‍ ആവില്ല.
 .

പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടിക്ക് ഫ്രീ ആയി സൈക്കിള്‍. പ്ലസ് 2 കഴിയുന്നവര്‍ക്ക് ലാപ്‌ടോപ്. ഗവണ്‍മന്റ് ആശുപത്രിയില്‍ ജനിക്കുന്ന ഒരു കുട്ടിക്ക് സോപ്പ്, പൗഡര്‍, കുട്ടിയുടുപ്പ്, ടവല്‍, നാപ്കിന്‍, ഓയില്‍, ഷാമ്പു മുതല്‍ ഒരു നവജാത ശിശുവിനു വേണ്ട സകലതും അമ്മ ബോണ്‍ ബേബി കിറ്റ് എന്ന പദ്ധതി വഴി സര്‍ക്കാര്‍ ചിലവില്‍ നല്‍കപ്പെടും. പ്രസവം സൗജന്യം; ഗവണ്‍മന്റ് ജോലി ഉള്ള ഒരു സ്ത്രീ ആണ് പ്രസവിക്കുന്നതെങ്കില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ജോലിയില്‍ നിന്നും വിട്ട് കുട്ടിയോടൊപ്പം നിന്നു കുട്ടിയെ പരിചരിക്കാം. മാസ ശമ്പളം കൃത്യമായി അക്കൗണ്ടില്‍ എത്തും. ഇനി ജനിക്കുന്നത് പെണ്‍ കുഞ്ഞാണെങ്കില്‍ വിവാഹ ചിലവിനായി 50000 രൂപ ധനസഹായം മുതല്‍ കെട്ടു താലി വരെ ഗവണ്‍മന്റ് വക.

പാവപ്പെട്ടവര്‍ക്ക് ടിവി, ഗ്രൈന്‍റര്‍ , മിക്‌സി അടക്കം ഒരു വീട്ടിലേക്കുള്ള സകല സാധനങ്ങളും ഗവണ്‍മന്റ് നല്‍കും. ഇങ്ങനെ ഒരു സാധാരണ തമിഴനെയും തമിഴത്തിയേയും സംബന്ധിച്ചിടത്തോളം നഷ്ടപ്പെടുന്നത് വെറുമൊരു മുഖ്യമന്ത്രി അല്ല., അവരുടെ സകല കാര്യങ്ങളും നോക്കി നടത്തുന്ന ഒരു കൂടപ്പിറപ്പാണ്.

ഒരു മുഖ്യമന്ത്രി മരിച്ചതില്‍ ഒരു സംസ്ഥാനം മൊത്തം കണ്ണീരില്‍ കുതിരുന്നതില്‍ മലയാളികള്‍ പുച്ഛിക്കുന്നതിനു പകരം സ്വയമൊന്ന് തിരിഞ്ഞു നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാല്‍ എന്തുകൊണ്ട് അത് സംഭവിക്കുന്നില്ലാ എന്നു തിരിച്ചറിയണം. അതില്‍ മലയാളി ബുദ്ധിമാനായതുകൊണ്ടോ, തമിഴന്‍ മണ്ടനായതുകൊണ്ടോ അല്ല. നമ്മുടെ നാട്ടില്‍ സാധാരണക്കാരന് മുഖ്യമന്ത്രി എന്നാല്‍ ചാനലില്‍ മാത്രം കണ്ട് പരിചയമുള്ള, തലപ്പത്തുള്ള ഒരു വ്യക്തിയും ഇവിടെ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സാധാരണക്കാരുടെ കൂടപ്പിറപ്പില്‍ ഒരാളെപ്പോലെ എന്ന വ്യത്യാസമാണുള്ളത്. അത് പ്രായോഗിക ജനാധിപത്യ രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത വ്യത്യാസമാണ്.

തമിഴകത്തിന്റെ രാഷ്ട്രീയ ഭാവി 
ഒരുപക്ഷേ, കശ്മീരികള്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ എറ്റവും കൂടുതല്‍ രാഷ്ട്രീയമായി അരക്ഷിതമായ ജനത തമിഴ്‌നാട്ടുകാരാണ്. തനിക്കു ശേഷം പ്രളയം എന്നു ചിന്തിക്കുന്നവരെ വ്യക്തിപൂജ ചെയ്യുന്നവര്‍ക്ക് തമിഴ്‌നാട് ഒരു പാഠമാണ് എന്നും ഈ ഘട്ടത്തില്‍ പറയേണ്ടി വരും. കാരണം, ഇപ്പോഴത്തെ അവസ്ഥയില്‍ എഐഡിഎം കെ വിദൂരമല്ലാത്ത ഭാവിയില്‍ പിളരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പന്നീര്‍സെല്‍വവും, പളനിസ്വാമിയും ഒക്കെ വേറെ വേറെ ഗ്രൂപ്പുകള്‍ ഉണ്ടാക്കുവാനുള്ള സാധ്യതകളാണ് ഏറെ. ശശികല വേറൊരു ഗ്രൂപ് ആകുമോ അതില്ലെങ്കില്‍ പനീര്‍ ശെല്‍വത്തിനെ പിന്തുണക്കുമോ കാത്തിരുന്നു കാണേണ്ടതുണ്ട് . ഇതിനിടെ ഈ കലങ്ങുന്ന വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഏതൊക്കെ നാഷണല്‍ പാര്‍ട്ടികള്‍ വരും എന്നറിയില്ല. കെ. സുരേന്ദ്രനോക്കെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ക്കൂടി മരണം നടക്കുന്നതിനു മുമ്പു തന്നെ പരസ്യമായിപ്പോലും ദ്രാവിഡ മണ്ണിലെ രാഷ്ട്രീയ മോഹങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ദ്രാവിഡ മണ്ണ് വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് പാകപ്പെട്ടതല്ലെന്നു നമുക്ക് പ്രത്യാശിക്കാം ..!

(ഹൈക്കോടതിയില്‍ അഭിഭാഷകനും എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍