UPDATES

വരവില്‍ക്കവിഞ്ഞ സ്വത്ത് കേസില്‍ മുഖ്യ കുറ്റവാളി ജയലളിത

തികഞ്ഞ ധാര്‍ഷ്ട്യത്തോടെ പ്രതികള്‍ അഴിമതി നടത്തിയ രീതിവെച്ചുനോക്കിയാല്‍ ഈ കേസ് ‘ഞെട്ടിപ്പിക്കുന്നതാണെന്ന്’ സുപ്രീം കോടതി

അനധികൃത മാര്‍ഗത്തിലൂടെ ഉണ്ടാക്കിയ ഭീമമായ സ്വത്ത് കള്ളക്കമ്പനികളിലൂടെ സൂക്ഷിക്കാന്‍ ‘ആഴത്തിലുള്ള ഗൂഢാലോചന പദ്ധതി’ നടത്തിയതിന്റെ തെളിവാണ് ജയലളിതയുടെയും ശശികലയുടെയും കൂട്ടാളികളുടെയും പേരിലുള്ള വരവില്‍ക്കവിഞ്ഞ സ്വത്ത് എന്ന് സുപ്രീം കോടതി പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധിയില്‍ പറയുന്നു. ചൊവ്വാഴ്ച്ചയാണ് അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയെ ജയലളിത, തോഴി ശശികല ഉള്‍പ്പെടെയുള്ള മൂന്നു കൂട്ടുപ്രതികള്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സുപ്രീം കോടതി കണ്ടെത്തിയത്. ജയലളിതയുടെ അനധികൃത സ്വത്ത് ‘മുഖം മൂടി സ്ഥാപനങ്ങളിലൂടെ’ മറച്ചുവെക്കാന്‍ പോയസ് ഗാര്‍ഡനില്‍ ഒന്നിന് പിറകെ ഒന്നായി കുറ്റകരമായ ഗൂഢാലോചനകള്‍ നടത്തിയതിനുകൂടിയാണ് ശിക്ഷ.

‘മനുഷ്യകാരുണ്യപരമായ ഉള്‍പ്രേരണ’ കൊണ്ടല്ല ജയലളിത, ശശികലയെ പോയസ് ഗാര്‍ഡനില്‍ താമസിപ്പിച്ചതെന്നും അവരുടെ കുറ്റകരമായ പ്രവര്‍ത്തികള്‍ ഉണ്ടാക്കാവുന്ന നിയമപരമായ കുരുക്കുകളില്‍ നിന്നും സ്വയം രക്ഷിച്ചെടുക്കാനുള്ള കുശാഗ്രബുദ്ധിയോടെയുള്ള കണക്കുകൂട്ടലിലാണെന്നും സുപ്രീം കോടതി പറയുന്നു.

“കക്ഷികള്‍ ഹാജരാക്കിയ തെളിവുകള്‍ ഞങ്ങള്‍ പരിശോധിച്ചു. 1 മുതല്‍ 4 വരെയുള്ള പ്രതികള്‍ (ജയലളിത, ശശികല, ഇളവരശി, സുധാകരന്‍) എന്നിവര്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും അതിനെത്തുടര്‍ന്ന് അക്കാലത്ത് പൊതുസേവികയായിരുന്ന ഒന്നാം പ്രതി, തന്റെ വെളിപ്പെടുത്തിയ വരുമാനത്തില്‍ക്കവിഞ്ഞുള്ള സ്വത്ത് ഈ കാലത്ത് (1991-1996) സമ്പാദിക്കുകയും, അത് 2ആം പ്രതി മുതല്‍ 4-ആം പ്രതി വരെയുള്ളവരുടെ പേരിലും സ്ഥാപനങ്ങളിലും കമ്പനികളിലുമായി ‘മുഖം മൂടിയിട്ടു മറച്ച’ തനിക്കുവേണ്ടി അത് കൈവശം വെക്കുന്നതിനായി നല്കുകയും ചെയ്തു,” എന്നാണ് ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷ്,അമിതാവ റോയ് എന്നിവരുടെ ബഞ്ച് കണ്ടെത്തിയത്. 1991-ല്‍ പ്രതികളുടെ സ്വത്ത് 2.01 കോടിയായിരുന്നു എന്ന് സുപ്രീം കോടതി പറയുന്നു. 1996 ആയപ്പോഴേക്കും ഇത് 66.44 കോടിയായി കുതിച്ചുയര്‍ന്നു.

“യാതൊരു മടിയും കൂടാതെ ആഴത്തിലുള്ള ഗൂഢാലോചന പദ്ധതിയിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ നിയമപ്രക്രിയയെ വെട്ടിച്ചു, കള്ളക്കമ്പനികളിലൂടെ തട്ടിപ്പില്‍ സൂക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് തെളിവുകളും സാഹചര്യങ്ങളും ഈ കേസില്‍ വ്യക്തമാക്കുന്നത്,” എന്ന് ജസ്റ്റിസ് റോയ് നിരീക്ഷിക്കുന്നു. “സമൂഹത്തില്‍ പെരുകുന്ന അഴിമതിയെക്കുറിച്ച്” കോടതി ആശങ്കയും പ്രകടിപ്പിക്കുന്നു.

തികഞ്ഞ ധാര്‍ഷ്ട്യത്തോടെ പ്രതികള്‍ അഴിമതി നടത്തിയ രീതിവെച്ചുനോക്കിയാല്‍ ഈ കേസ് ‘ഞെട്ടിപ്പിക്കുന്നതാണെന്ന്’ ജസ്റ്റിസ് റോയ് പറഞ്ഞു.

സെപ്റ്റംബര്‍ 2014-ലെ ശശികല, ഇളവരശി, സുധാകരന്‍ എന്നിവറെ ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി ശരിവെച്ച സുപ്രീം കോടതി ജയലളിതക്കെതിരായ അപ്പീല്‍ 2016 ഡിസംബര്‍ 5-നു അവരുടെ മരണത്തോടെ ഇല്ലാതായെന്ന് പറഞ്ഞു. മറ്റ് മൂന്നു പ്രതികളോട് ഉടനെ കീഴടങ്ങാനാണ് ആവശ്യപ്പെട്ടത്.

വിചാരണ കോടതി 2014-ല്‍ ഈ മൂന്നു പ്രതികളെയും നാലു കൊല്ലത്തെ തടവിനും ഓരോരുത്തരും 10 കൊല്ലം വീതം പിഴയടക്കാനുമാണ് ശിക്ഷിച്ചത്. അഴിമതി നിരോധന നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും ആയിരുന്നു ഇത്. ഒരു പൊതുപ്രവര്‍ത്തകയുടെ അഴിമതിക്കും കുറ്റകൃത്യത്തിനും കൂട്ടുനിന്നു എന്നായിരുന്നു കുറ്റം.
ജയലളിതയെയും നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.
മരണം മൂലം അപ്പീല്‍ വിധിയില്‍ നിന്നും ഒഴിവായത് 590 പുറങ്ങളുളള സുപ്രീം കോടതി വിധി ജയലളിതയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പതിപ്പിച്ച മാനക്കേട് ഇല്ലാതാക്കുന്നില്ല.
അത് ജയലളിതയെ തന്റെ പദവി ദുരുപയോഗം ചെയ്ത കുറ്റകൃത്യത്തിന്റെ പ്രധാന ബുദ്ധിയായി കണക്കാക്കുന്നു. ‘ബാങ്കിംഗ് ഇടപാടുകള്‍ മറച്ചുവെച്ച’ നിസാര തുകയ്ക്ക് ‘വന്‍തോതില്‍ ഭൂമി സമ്പാദിച്ച’ കുറ്റകൃത്യത്തെക്കുറിച്ച് പിന്നീട് ‘അജ്ഞത നടിക്കാന്‍’ പോയസ് ഗാര്‍ഡനില്‍ കൂട്ടുപ്രതികളൊന്നിച്ചു ഗൂഢാലോചന നടത്തിയ, അഴിമതിയുടെ പിന്നിലെ ബുദ്ധികേന്ദ്രം.
എന്തുകൊണ്ടാണ് നാലു പ്രതികളും കുറ്റകരമായ ഗൂഢാലോചനയ്ക്ക് കുട്ടക്കാരാവുന്നതെന്നതിന് സുപ്രീം കോടതി കൃത്യമായി കാരണങ്ങള്‍ നല്കുന്നുണ്ട്.

ഒന്ന്, ജയലളിത, ജയ പബ്ലിക്കേഷന്‍സിന് വേണ്ടി ശശികലയുടെ പേരില്‍ മുക്ത്യാര്‍ നല്കി. വസ്തു സമ്പാദിക്കുമ്പോഴുള്ള പണത്തിന്റെ ഇടപാടുകളില്‍ നിന്നും സുരക്ഷിതമായ അകലം കാത്തു സൂക്ഷിക്കാനായിരുന്നു ജയലളിത ഇങ്ങനെ ചെയ്തതെന്ന് കോടതി പറയുന്നു.
ജയ പബ്ലിക്കേഷന്‍സില്‍ തന്റെ എക്കൌണ്ടില്‍ ഉള്ള പണമാണ് ശശികല കൈകാര്യം ചെയ്യുന്നതെന്ന് ജയലളിതയ്ക്ക് അറിയാമായിരുന്നു എന്നും കോടതി പറഞ്ഞു.

രണ്ട്, പ്രതികള്‍ സ്ഥാപനങ്ങള്‍ സൃഷ്ടിച്ച വേഗതയും രീതിയും ഗൂഢാലോചനയുടെ തെളിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

“ഒറ്റ ദിവസം കൊണ്ടാണ് 10 സ്ഥാപനങ്ങള്‍ ഉണ്ടാക്കിയതെന്ന് തെളിവുകള്‍ കാണിക്കുന്നു. രണ്ടാം പ്രതിയും മൂന്നാം പ്രതിയും സ്വതന്ത്ര സ്ഥാപനങ്ങള്‍ തുടങ്ങി. വസ്തുവകകള്‍ വാങ്ങുന്നതിനപ്പുറം മറ്റൊരു വ്യാപാരവും അവര്‍ നടത്തിയിട്ടില്ല.,” സുപ്രീം കോടതി പറയുന്നു.
നമ്മദു എം ജി ആര്‍, ജയ പബ്ലിക്കേഷന്‍സ് എന്നിവയുടെ അനുബന്ധങ്ങളായാണ് ആ സ്ഥാപനങ്ങള്‍ തുടങ്ങിയതെന്ന് കോടതി പറഞ്ഞു. അവയുടെ നിലനില്‍പ്പ് ജയലളിതയിലും ശശികലയിലും ആയിരുന്നു. അവ ചെയ്ത ഏക വ്യാപാരം വസ്തു വാങ്ങലായിരുന്നു.
തന്റെ വസതിയായ പോയസ് ഗാര്‍ഡനില്‍ ശശികലയും മറ്റ് രണ്ടുപേരും നടത്തിയ പ്രവര്‍ത്തികളെക്കുറിച്ച് തനിക്കറിയില്ലെന്ന് ജയലളിത പറയുന്നതില്‍ കഴമ്പില്ലെന്ന് കോടതി പറഞ്ഞു.

“ഒന്നാം പ്രതിയോടൊപ്പം അവരുമായി യാതൊരു രക്തബന്ധവുമില്ലാത അവര്‍ താമസിക്കുകയായിരുന്നു,” പ്രധാന വിധിന്യായം എഴുതിയ ജസ്റ്റിസ് ഘോഷ് നിരീക്ഷിക്കുന്നു.
“ഒന്നാം പ്രതിയുടെ പണമുപയോഗിച്ച് സ്ഥാപനങ്ങള്‍ ഉണ്ടാക്കിയതും വലിയ തോതില്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതും തെളിയിക്കുന്നത് പ്രതികള്‍ പോയസ് ഗാര്‍ഡനില്‍ സമ്മേളിച്ചത് സാമൂഹ്യജീവിതത്തിനോ അല്ലെങ്കില്‍ ഒന്നാം പ്രതി അവരെ കാരുണ്യത്തിന്റെ പേരില്‍ താമസിക്കാന്‍ അനുവദിച്ചതിനാലോ അല്ല എന്നാണ്,” ജസ്റ്റിസ് ഘോഷ് എഴുതി.

“ഒന്നാം പ്രതിയുടെ സ്വത്തുക്കള്‍ സൂക്ഷിക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടുമുതല്‍ നാലുവരെ പ്രതികള്‍ ആ വീട്ടില്‍ താമസിച്ചത് എന്നതിന് സംശയമില്ലാത്തവണം തെളിവുണ്ട്.”

കേസിന്റെ ഓരോ തെളിവും സംബന്ധിച്ചു സൂക്ഷ്മമായ അന്വേഷണ സമീപനം പുലര്‍ത്തിയ വിചാരണക്കോടതി ന്യായാധിപന്‍ ജോണ്‍ മൈക്കല്‍ കുന്‍ഹയെ സുപ്രീം കോടതി അഭിനന്ദിച്ചു. അതേസമയം ലഭ്യമായ തെളിവുകള്‍ പരിശോധിക്കാന്‍ പോലും കൂട്ടാക്കാതെ ആദായ നികുതി വകുപ്പ് അധികൃതര്‍ പ്രതികള്‍ക്കനുകൂലമായി നല്കിയ വിവരങ്ങളെ ആശ്രയിക്കുകയായിരുന്നു കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് സി ആര്‍ കുമാരസ്വാമി ചെയ്തതെന്നും സുപ്രീം കോടതി പറഞ്ഞു.

തങ്ങള്‍ക്ക് ന്യായമായ വിചാരണ കിട്ടിയില്ലെന്ന ജയലളിതയുടെയും കൂട്ടുപ്രതികളുടെയും വാദം സുപ്രീം കോടതി വെറും കുതര്‍ക്കമാണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞു.

“കേസിലെ തെളിവുകള്‍ വിലയിരുത്തുന്നതില്‍ വിചാരണ കോടതി ശ്രദ്ധയോടെയുള്ള നീതിപൂര്‍വകമായ സമീപനം എടുത്തിട്ടുണ്ട്.”

തെളിവുകള്‍ വിലയിരുത്തുന്നതിലെ വിചാരണ കോടതിയുടെ ന്യായബോധത്തിന്റെ ഉദാഹരണമായി, സാരികള്‍ വാങ്ങാന്‍ പ്രതികള്‍ ചെലവാക്കിയ 32 ലക്ഷം ഉള്‍പ്പെടുത്തിയ പ്രോസിക്യൂഷന്‍ വാദം കുന്‍ഹ തള്ളിയത് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. പ്രോസിക്യൂഷന്‍ എതിര്‍പ്പുയര്‍ത്തിയിട്ടും സ്വര്‍ണത്തിന്റെയും രത്നങ്ങളുടെയും വില, 2 കോടിയില്‍ വില കണക്കാക്കിയ, കോടതി കുറച്ചതും സുപ്രീം കോടതി എടുത്തുപറഞ്ഞു. പ്രോസിക്യൂഷന്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി സുധാകരന്റെ വിവാഹ ചെലവുകള്‍ കണക്കാക്കിയതില്‍ 50% കുറവാണ് കോടതി വരുത്തിയത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ചെലവു കണക്കാക്കിയതിലും വിചാരണ കോടതി 20% കുറവ് വരുത്തി. പ്രതികളുടെ വരുമാനത്തിന്റെ 8.12% മാത്രമാണു അധികസ്വത്തെന്ന ഹൈക്കോടതിയുടെ കണ്ടുപിടിത്തം സുപ്രീംകോടതി തള്ളി. തെളിവുകള്‍ തെറ്റായി വ്യാഖ്യാനിച്ചും തെറ്റായ കണക്കുകൂട്ടലും അടിസ്ഥാനമാക്കിയാണ് ഈ നിഗമനത്തില്‍ ഹൈക്കോടതിയെ എത്തിയതെന്ന് സുപ്രീം കോടതി പറയുന്നു.

എന്തായാലും അഴിമതി നിരോധന നിയമം 1988, 13 (1) (e) പ്രകാരം വരുമാനത്തില്‍ കവിഞ്ഞ സ്വത്തുണ്ട് എന്നതു തെളിയിക്കാന്‍ ശക്തമായ തെളിവുകള്‍ ഉള്ളതുകൊണ്ടു ഇക്കാര്യത്തില്‍ കൂടുതല്‍ ആഴത്തില്‍ പോകേണ്ടെന്നും കോടതി പറഞ്ഞു.

കേസിലെ ഏക പൊതുപ്രവര്‍ത്തകയായ ജയലളിതയുടെ മരണശേഷം ശശികലയെയും മറ്റ് രണ്ട് പ്രതികളെയും അഴിമതിക്ക് ശിക്ഷിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമായി സി ബി ഐ v ജിതേന്ദര്‍ കുമാര്‍ (2014) വിധി കോടതി എടുത്തുകാണിക്കുന്നു. അഴിമതിക്കേസില്‍ പൊതുപ്രവര്‍ത്തകന്‍ മരിച്ചാലും സ്വകാര്യ വ്യക്തിയായ പ്രതിക്കെതിരെയുള്ള കേസ് അവസാനിക്കില്ലെന്ന് ആ വിധിയില്‍ പറഞ്ഞിരുന്നു.

പൊതു പ്രവര്‍ത്തക അഴിമതി നിരോധന നിയമത്തിന് കീഴില്‍ സ്വകാര്യ വ്യക്തിയായ ശശികലയെ പോലുള്ളവരെ എങ്ങനെ വിചാരണ ചെയ്യും എന്ന ചോദ്യത്തിന് സുപ്രീം കോടതി വിചാരണ കോടതി ന്യായാധിപന്‍ കുന്‍ഹയുടെ നിഗമനമാണ് ചൂണ്ടിക്കാണിച്ചത്.
“1988-ലെ നിയമത്തിലെ 13 (1) (e) വകുപ്പിന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന് സ്വകാര്യ വ്യക്തികളെ വിചാരണ ചെയ്യാവുന്നതാണെന്ന് വിചാരണ കോടതി ശരിയായാണ് പറഞ്ഞത്,” സുപ്രീം കോടതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍