UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയെ കുഴിയില്‍ ചാടിച്ച ശശികലയുടെ മന്നാര്‍ഗുഡി മാഫിയ

ഉരുക്കു വനിതയെന്ന് തമിഴ്മക്കള്‍ വിശേഷിപ്പിക്കുന്ന വിപ്ലവനായിക കുമാരി ജെ ജയലളിതയുടെ ഉയര്‍ച്ചയിലും തകര്‍ച്ചയിലും ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ട്- സാക്ഷാല്‍ ശശികലാ നടരാജന്‍. ജയലളിത അമ്മയാണെങ്കില്‍ ശശികല ‘ചിന്നമ്മ’യാണ്. (അതെ, ചെറിയമ്മ തന്നെ). 1987 ല്‍ മുഖ്യമന്ത്രി എം ജി രാമചന്ദ്രന്‍ അന്തരിച്ചതിനു ശേഷം ജയലളിതയുടെ ഏക ആശ്രയം മന്നാര്‍ക്കുടിയില്‍ നിന്ന് യാദൃച്ഛികമായി പൊയസ് ഗാര്‍ഡനിലേക്ക് കയറിവന്ന ശശികലയായിരുന്നു. തലൈവിയുടെ എല്ലാമായിരുന്നു ശശികല. ആത്മസഖി, വീടിന്റെ സംരക്ഷക, രാഷ്ട്രീയകാര്യങ്ങളിലെ ഉപദേഷ്ടാവ്, മരുന്നുകള്‍ യഥാസമയം കൊടുത്ത് ആരോഗ്യം ശ്രദ്ധിക്കുന്ന നഴ്‌സ്, ദുഃസ്വപ്നങ്ങള്‍ കാണുമ്പോള്‍ സമാശ്വസിപ്പിക്കുന്ന ഉറ്റതോഴി, ക്ഷേത്രങ്ങളിലേക്കുള്ള വഴികാട്ടി- അങ്ങനെ പലവിധ റോളുകളുള്ള കുപ്പായമാണ് ശശികല പൊയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ മാറിമാറി എടുത്തണിഞ്ഞത്. ശശികലയില്ലാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാനാവില്ലെന്ന അവസ്ഥയിലായി പുരട്ശ്ചിത്തലൈവി ജയലളിത. വേദ നിലയത്തിലെ അധികാരത്തിന്റെ അച്ചുതണ്ടായി മാറാന്‍ അധികസമയമൊന്നും വേണ്ടി വന്നില്ല ‘ചിന്നമ്മ’ക്ക്.

തഞ്ചാവൂരിനു 34 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉറക്കംതൂങ്ങി പ്രദേശമാണ് മന്നാര്‍ഗുഡി. 28 കിലോമീറ്റര്‍ അകലെയുള്ള തിരുത്തുറൈപൂണ്ടിയില്‍ ജനിച്ച ശശികല മന്നാര്‍ഗുഡിയില്‍ എത്തിയത് മുത്തച്ഛനോടൊപ്പമാണ്. മുത്തച്ഛന്‍ അവിടെ ഒരു മെഡിക്കല്‍ ഷോപ്പ് നടത്തിയിരുന്നു. വിവേകാനന്ദന്റെ അഞ്ചു മക്കളില്‍ ഇളയവളായിരുന്ന ശശികല ആ പ്രദേശത്തെ ചന്തമുള്ള കുട്ടിയായി വളര്‍ന്നു. എണ്‍പതുകളിലാണ് ഡിഎംകെ യൂത്തുവിംഗ് നേതാവായ നടരാജന്റെ രംഗപ്രവേശം. പാര്‍ട്ടിയുടെ സഹായത്തോടെ താല്‍ക്കാലികമായി സര്‍ക്കാര്‍ ജോലി സംഘടിപ്പിച്ച നടരാജന്‍ കുടംബത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ശശികലയെ വിവാഹം കഴിച്ചു. അടിയന്തിരാവസ്ഥ കാലത്ത് അയാളുടെ പണി തെറിച്ചു. ജീവിതം പരീക്ഷണമായിത്തീര്‍ന്നപ്പോള്‍ ഇരുവരും ചെന്നൈയിലേക്ക് താമസം മാറി. ഒരു വീഡിയോ ക്യാമറ വാങ്ങിയ ശശികല സ്വന്തമായൊരു വീഡിയോ ഷോപ്പ് ആരംഭിച്ചു. പൊതു ചടങ്ങുകളും വിവാഹങ്ങളുമൊക്കെ ഷൂട്ടു ചെയ്യാന്‍ ശശികല പഠിച്ചു.

ആര്‍ക്കോട്ട് ജില്ലാ കളക്ടറായിരുന്ന വി ചന്ദ്രലേഖ ഐഎഎസിനെ നടരാജനു നേരിട്ടറിയാമായിരുന്നു. അന്ന് എഐഎഡിഎംകെയില്‍ ജയലളിത ശക്തിപ്രാപിച്ചു വരുന്ന കാലം. അവരുടെ രാഷ്ട്രീയ-പൊതു ചടങ്ങുകള്‍ ശശികലയെക്കൊണ്ടു ഷൂട്ടു ചെയ്യാന്‍ ജയലളിതയോടു ശുപാര്‍ശ ചെയ്യണമെന്ന് നടരാജന്‍ കളക്ടറോടു അഭ്യര്‍ത്ഥിച്ചു. എന്തായാലും സംഗതി ഫലിച്ചു. ചന്ദ്രലേഖയുടെ ശുപാര്‍ശ ശശികലയുടെ ഭാഗധേയത്തെ മൊത്തത്തില്‍ മാറ്റിമറിച്ചു. ജയലളിതക്ക് ശശികലയുടെ കഴിവില്‍ താല്‍പ്പര്യം തോന്നി. എണ്‍പതുകളുടെ മധ്യത്തോടെ എം ജി ആര്‍ ക്ഷീണിതനായി. 1987 ല്‍ അദ്ദേഹം രോഗം മൂര്‍ച്ഛിച്ച് അന്തരിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ അധികാരത്തിന്റെ പേരില്‍ കടിപിടി തുടങ്ങിയപ്പോള്‍ ഒരു ഭാഗത്ത് ജയലളിതയും മറുഭാഗത്ത് ആര്‍ എം വീരപ്പനുമായിരുന്നു. ഇക്കാലത്താണ് ശശികല ജയലളിതയുടെ വീട്ടിലേക്ക് താമസം മാറുന്നതും അവര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കുന്നതും. രാഷ്ട്രീയത്തില്‍ മുമ്പേ തന്നെ പയറ്റിത്തെളിഞ്ഞ നടരാജന്‍ ജയയുടെ രാഷ്ട്രീയ പുനപ്രവേശത്തിനും നിലനില്‍പ്പിനും സര്‍വ ഒത്താശകളും ചെയ്തു. അക്കാലത്ത് പൊയസ് ഗാര്‍ഡനില്‍ മുഴുവന്‍ ശശികലയുടെ ബന്ധുക്കളെയും അനുയായികളേയും കൊണ്ട് നിറഞ്ഞിരുന്നു. (1989 ല്‍ മന്നാര്‍ഗുഡിയില്‍ നിന്ന് 40 ജോലിക്കാരെയാണ് പൊയസ് ഗാര്‍ഡനില്‍ കൊണ്ടുവന്നത്. വീട്ടുവേലക്കാര്‍, അടുക്കളക്കാര്‍, സെക്യൂരിറ്റി, ഡ്രൈവര്‍മാര്‍, സന്ദേശവാഹകര്‍ തുടങ്ങിയവരൊക്കെ മന്നാര്‍ഗുഡി ഇറക്കുമതിയില്‍ പെടുന്നു. മുമ്പുണ്ടായിരുന്ന ജോലിക്കാരെയൊക്കെ ശശികല തന്ത്രപൂര്‍വം പറഞ്ഞുവിട്ടു.)

1991 ല്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു. അതോടെ ശശികലയുടെ ശുക്രദശ തെളിഞ്ഞു. തുടര്‍ന്ന് 1996 വരെ ശശികല ആയിരുന്നു വേദനിയത്തിലെ എല്ലാമെല്ലാം. അവരുടെ അനുവാദമില്ലാതെ ആര്‍ക്കും ജയാമ്മയെ കാണാനാവില്ല. ശശികലയുടെ മുന്നില്‍ വച്ചാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തലൈവി ഭരണ കാര്യങ്ങള്‍ ബ്രീഫ് ചെയ്തിരുന്നത്. ശശികലയാണ് അപ്രഖ്യാപിത ഉപ മുഖ്യമന്ത്രി. അവരുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ ആജ്ഞകളായി എല്ലാവരും സ്വീകരിച്ചിരുന്നു. പാര്‍ട്ടിയിലെ ഘടനയില്‍പ്പോലും അവര്‍ കൈകടത്തി. പല പ്രദേശങ്ങളിലും അവരുടെ ബന്ധുക്കളായി പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍. ഒട്ടുമിക്ക എംഎല്‍എമാരും അവരുടെ ഗണത്തില്‍ പെടുന്നവരായിരുന്നു. അങ്ങനെ ഭരണത്തിന്റെ ചുക്കാന്‍ ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിന്റെ കൈകളില്‍ ഭദ്രമായി അമര്‍ന്നു. സംസ്ഥാനത്ത് ഭരണം എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് ശശികലയും സംഘവുമായി. പണത്തോടുള്ള ശശികലയുടേയും നടരാജന്റേയും ബന്ധുക്കളുടേയും ആര്‍ത്തി ആകാശം മുട്ടെ വളര്‍ന്നു. എത്ര പിടിച്ചടക്കിയാലും മതിയാവില്ലെന്ന അവസ്ഥ. മനസ്സിനിണങ്ങിയ ബംഗ്ലാവുകളും ഫാം ഹൗസുകളും പലരില്‍ നിന്നും ഭീഷണിപ്പെടുത്തി വാങ്ങിക്കൂട്ടി. കിട്ടിയതില്‍ ചെറിയൊരു പങ്ക് ജയലളിതക്കും നിവേദിച്ചു. ചുരുക്കത്തില്‍ ശശികലയുടെ തടവിലായി മുഖ്യമന്ത്രി ജയലളിത.

തമിഴ്‌നാട്ടിലെത്തുന്ന നിക്ഷേപകരോടും വ്യവസായികളോടും അമിതമായ കമ്മിഷന്‍ വാങ്ങി മാത്രം അവരുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. 15 ശതമാനം കമ്മിഷന്‍ കൊടുക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരു വ്യവസായി ഗുജറാത്തിലേക്ക് പോയി. ഇക്കാര്യം ജയലളിതയുടെ ശ്രദ്ധയില്‍ പെടുത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി നേരേന്ദ്ര മോദിയായിരുന്നു എന്നാണ് കേള്‍വി. എന്തായാലും മന്നാര്‍ഗുഡി മാഫിയ അനധികൃതസ്വത്തിന്റെ ഉടമകളായി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും മറ്റും വമ്പിച്ച തുക മാഫിയ ചോദിച്ചു വാങ്ങി. അങ്ങനെ ഭരണത്തിന്റെ സിരാകേന്ദ്രം അഴിമതിക്കറകളില്‍ വിലയം പ്രാപിച്ചു. സര്‍ക്കാര്‍ തന്നെ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ. വിദേശത്തും സ്വദേശത്തും നിക്ഷേപങ്ങള്‍ നടത്തി. മദ്യക്കമ്പനികള്‍ പോലുള്ള വ്യവസായങ്ങള്‍ പലയിടങ്ങളില്‍ ആരംഭിച്ചു. 2002 ല്‍ ജയലളിതയുടെ ഭരണ കാലത്തായിരുന്നു കോയമ്പത്തൂരില്‍ ശശികല മിഡാസ് ഗോള്‍ഡണ്‍ ഡിസ്റ്റിലറി ആരംഭിച്ചത്. താമസിയാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റു ഡിസ്റ്റിലറികളും വന്‍ മുതല്‍ മുടക്കില്‍ സംഘടിപ്പിച്ചു. (ഡിഎംകെയുടെ ഭരണകാലത്തും സര്‍ക്കാരിനു മദ്യം നല്‍കാന്‍ ഈ ഡിസ്റ്റിലറികള്‍ക്ക് കഴിഞ്ഞിരുന്നു). നടരാജന്റെ ബന്ധുവായ രാവണനാണ് ശശികലയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ചുക്കാന്‍ പിടിച്ചത്. 5000 കോടി രൂപയുടെ ആസ്തിയാണ് ശശികല സ്വരൂപിച്ചത് എന്ന് മാധ്യമങ്ങള്‍ അക്കാലത്ത് എഴുതി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ടിക്കറ്റിന്റെ പേരില്‍ ശശികല 300 കോടി രൂപ ശേഖരിച്ചു എന്നാണ് ഭരണത്തിന്റെ കോലായകളില്‍ കേട്ടത്. അതും മന്നാര്‍ഗുഡി മാഫിയയുടെ വിജയമായിരുന്നു.

ജയലളിതക്കെതിരെ മന്നാര്‍ഗുഡി മാഫിയ നീങ്ങുകയാണെന്ന് അറിയിച്ചത് ഇന്റലിജന്‍സ് വിഭാഗമാണ്. ശശികല, നടരാജന്‍, ഇവരുടെ ബന്ധുക്കളായ രാവണന്‍, വി കെ സുധാകരന്‍, ടി ടി കെ ദിനകരന്‍, എം രാമചന്ദ്രന്‍ (നടരാജന്റെ സഹോദരന്‍), മിഡാസ് മോഹന്‍ (നടരാജന്റെ ബിസിനസ് പാര്‍ട്‌നര്‍) തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്തായാലും 2011 ഡിസംബര്‍ 19 നു ജയലളിത ശശികലയേയും മന്നാര്‍ഗുഡി മാഫിയാ സംഘത്തിലെ മറ്റു 13 പേരേയും പുറത്താക്കി. കാരണം വ്യക്തമായിരുന്നില്ല. എങ്കിലും ജയലളിത കേസില്‍ കുരുങ്ങി പുറത്തുപോയാല്‍ അടുത്ത മുഖ്യമന്ത്രി ശശികലയായിരിക്കും എന്ന് ഏതോ ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നത്രേ!. (ജയലളിതക്ക് വിഷാംശമുള്ള മരുന്നുകള്‍ കൊടുത്തിരുന്നെന്നും തമിഴകത്തെ അന്തിപ്പത്രങ്ങള്‍ കഥയെഴുതിയിരുന്നു) മന്നാര്‍ഗുഡി മാഫിയ സ്വന്തം ചുറ്റുവട്ടത്തില്‍ സമാന്തര സര്‍ക്കാര്‍ നടത്തുന്ന കാര്യം മനസ്സിലാക്കാന്‍ ജയലളിത താമസിച്ചുപോയിരുന്നു.

എന്തായാലും ശശികലയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ജയാമ്മ തെറ്റുകുറ്റങ്ങള്‍ പൊറുത്ത് ശശികലയെ 2012 മാര്‍ച്ച് 31 നു മടക്കി വിളിച്ചു. ശശികല പെട്ടിയും തൂക്കി വന്നപ്പോള്‍ ഏറെ സന്തോഷിച്ചത് പുറത്തു നിന്ന മാഫിയാ സംഘങ്ങളായിരുന്നു. കാരണം ഒരാള്‍ അകത്തുണ്ടായാല്‍ കാര്യങ്ങള്‍ സുഗമമായി നടത്താനാകും. ശശികലയുടെ വൈകാരിക ഇടപെടലുകള്‍ക്കപ്പുറം ഒന്നും സംഭവിക്കില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പക്ഷേ തലൈവി മറ്റു സംഘാംഗങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. രാവണന്‍ രത്‌നസ്വാമി പിച്ച സിങ്കപ്പൂര്‍ യാത്ര കഴിഞ്ഞെത്തിയപ്പോള്‍ പൊലീസ് പിടികൂടി. അയാളുടെ വീട്ടില്‍ നിന്ന് 50 കോടി നോട്ടുകള്‍ പിടിച്ചെടുത്തു. നടരാജനേയും ജയാമ്മ വിട്ടില്ല. സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ അയാള്‍ക്കെതിരെ ഇന്റലിജന്‍സ് വിഭാഗം കേസുകള്‍ ഫയല്‍ ചെയ്തു.

പൊയസ് ഗാര്‍ഡനിലേക്ക് ജ്യോത്സ്യന്മാരെ കൊണ്ടുവന്നു ജീവിതവിജയത്തിനായി മന്ത്രവാദങ്ങളും പൂജകളുമൊക്കെ നടത്തിയതിന്റെ പിന്നിലും ശശികലയായിരുന്നു. പരപ്പനങ്ങാടിക്കാരന്‍ ജ്യോത്സ്യന്‍ വേദനിലയത്തില്‍ നടത്തിയ പൂജകള്‍ക്ക് കണക്കില്ലെന്നാണ് പിന്നാമ്പുറ വാര്‍ത്തകള്‍. അതിനു അവരെ സഹായിച്ചത് ഈറോഡ് എം എല്‍ എ രാമലിംഗമായിരുന്നു. എന്തായാലും മൂന്നാം വട്ടം മുഖ്യമന്ത്രി ആയ ജയലളിത പാഠങ്ങള്‍ വേണ്ടത്ര പഠിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. ആദ്യ കാലത്ത് ഒരു രൂപ ശമ്പളം പറ്റിയിരുന്ന മുഖ്യമന്ത്രി ജയലളിതയല്ല പിന്നീട് തമിഴകം കണ്ടത്.

എന്തായാലും ഭരണം നഷ്ടപ്പെട്ടാലും ഉറ്റ തോഴി ശശികലയെ പിന്തള്ളാന്‍ ഇനി തലൈവിക്കാകില്ല. ആ ബന്ധം അത്രത്തോളം വൈകാരികമായിക്കഴിഞ്ഞിരിക്കുന്നു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍