UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

തമിഴകം സമ്മതിക്കുമോ ശശികലയുടെ മാഫിയാ കളികള്‍?

വര്‍ദ കെട്ടടങ്ങി; പക്ഷേ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ തിരുമുറ്റത്ത് കൊടുങ്കാറ്റിന്റെ ശക്തി വര്‍ദ്ധിക്കുകയാണ്

ജയലളിതയുടെ മരണമെന്ന ‘വര്‍ദ’ കെട്ടടങ്ങിയപ്പോള്‍ രംഗം ശാന്തമാകുമെന്ന് ചിലരെങ്കിലും കരുതിക്കാണും. പക്ഷേ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) തിരുമുറ്റത്ത് കൊടുങ്കാറ്റിന്റെ ശക്തി വര്‍ദ്ധിക്കുകയാണ്. ഡിസംബര്‍ 29 നു എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും ചേരാനിരിക്കെ പാര്‍ട്ടിയുടെ പിന്നാമ്പുറങ്ങളില്‍ ഉരുള്‍പൊട്ടല്‍ രൂപപ്പെടുന്നു എന്നാണ് വാര്‍ത്തകള്‍. ജയലളിത ‘അലങ്കരിച്ച’ ജനറല്‍ സെക്രട്ടറി പദവും മുഖ്യമന്ത്രിപദവും അവരുടെ ഉറ്റതോഴി ശശികല ഏറ്റെടുക്കണമെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ ഒന്നടങ്കം, തലൈവിയുടെ മൃതശരീരം അടക്കിയ മറീനാ കടല്‍ക്കരയില്‍ വച്ച് കെഞ്ചിപ്പറഞ്ഞപ്പോഴും ‘കമാ’ന്ന് ഉരിയാടാതെ നില്‍ക്കുകയായിരുന്നു ‘ചിന്നമ്മ’. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ചിന്നമ്മയുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുകയാണോ എന്നു അണികളില്‍ ചിലരെങ്കിലും സംശയിച്ചുതുടങ്ങിയിരിക്കുന്നു.

ജയാമ്മയുടെ സിംഹാസനത്തില്‍ തല്‍ക്കാലം ഒ പനീര്‍ശെല്‍വത്തെ പടിച്ചിരുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ശാശ്വതമല്ലെന്ന ചിന്താഗതി ചിന്നമ്മയുടെ മനസ്സില്‍ ബോംബുകള്‍ വര്‍ഷിക്കുന്നുണ്ടാകണം. കാരണം അധികാരമില്ലാതെ താന്‍ സ്ഥാപിച്ച സാമ്പത്തിക- വ്യാവസായിക സാമ്രാജ്യത്തെ നിലനിര്‍ത്താനാവില്ലെന്ന് ശശികലക്കും അവരുടെ ഭര്‍ത്താവ് നടരാജനും നന്നായറിയാം. 1991 മുതല്‍ വാരിക്കൂട്ടിയ സമ്പത്തെല്ലാം അന്യംനിന്നു പോകാതിരിക്കണമെങ്കില്‍ അധികാരത്തിന്റെ തലപ്പത്തുതന്നെ വര്‍ണക്കൊടി നാട്ടണം. ആയിരക്കണക്കിനു കോടിയുടെ ബിനാമി സ്വത്തുക്കളാണ് അവരെ വ്യാകുലപ്പെടുത്തുന്നത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവും കാലക്രമത്തില്‍ മുഖ്യമന്ത്രി പദവും തന്ത്രപൂര്‍വം കൈക്കലാക്കിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഭൂകമ്പങ്ങളുടെ റിച്ചര്‍ സ്‌കെയില്‍ മനസ്സിലാക്കാവുന്നതേയുള്ളു. പൊയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ അവര്‍ നിശബ്ദരായിരിക്കുന്നു എന്നാവും പാര്‍ട്ടി അണികള്‍ വിചാരിക്കുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. ചിന്നമ്മയുടെ നേതൃത്വത്തിലുള്ള മണ്ണാര്‍ക്കുടി മാഫിയാസംഘം തന്ത്രപൂര്‍വം കരുക്കള്‍ നീക്കുകയാണെന്ന് പാര്‍ട്ടിയിലെ ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.

‘ചിന്നമ്മ’ക്കെതിരെ ആദ്യത്തെ അമ്പെയ്തുവിട്ടത് പ്രതിപക്ഷനേതാവ് മുത്തുവേല്‍ കരുണാനിധി സ്റ്റാലിനായിരുന്നു. പെരിയമ്മ മരിച്ച വിവരം അറിയാതെ 340 പൊലീസുകാര്‍ ഇന്നും പൊയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ചിന്നമ്മക്ക് കാവല്‍ നില്‍ക്കുന്നു എന്ന വസ്തുത ആദ്യം പുറത്തുവിട്ടത് ഇതേ ചിന്നദളപതിയായിരുന്നു. ജനസമ്മതിയില്ലാത്ത ഒരു വ്യക്തിക്ക് ഇത്രയും പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നതിന്റെ പരംപൊരുള്‍ മറ്റുള്ളവരും ഏറ്റെടുത്തതോടെ ഉന്നത പൊലീസുകാരുടെ ചങ്കിടിപ്പു വര്‍ദ്ധിച്ചു. ക്രമിനലുകളെക്കൊണ്ട് നഗരം പൊറുതിമുട്ടുമ്പോള്‍ ചിന്നമ്മയെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ കടമയല്ലേ എന്നാണ് പരിഹാസപൂര്‍വം സ്റ്റാലിന്‍ ചോദിച്ചത്. അടുത്ത ദിവസംതന്നെ പൊലീസുകാരെ വേദനിലയത്തില്‍ നിന്ന് പിന്‍വലിക്കുകയും സ്വകാര്യ സെക്യൂരിറ്റിക്കാരെ കാവലിനു നിയോഗിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പനീര്‍ശല്‍വം നിരന്തരം പൊയസ് ഗാര്‍ഡനിലെത്തി ചിന്നമ്മയെ കാണുന്നതിനെക്കുറിച്ചായി അടുത്ത ചോദ്യങ്ങള്‍. മാത്രമല്ല ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയേറ്റില്‍ കയറി സംസ്ഥാനത്തിന്റെ ഭരണസാരഥിയായ ചീഫ് സെക്രട്ടറിയുടെ മേശയും കസേരയും വലിച്ചുതുറന്നു പരിശോധിച്ചപ്പോഴും പനീര്‍ശെല്‍വവും മറ്റു അധികാരികളും ഞാനൊന്നുമറിഞ്ഞില്ലേ എന്ന തന്ത്രമാണ് സ്വീകരിച്ചത്. നാണംകെട്ട നടപടിയെന്ന് പട്ടാളി മക്കള്‍ കക്ഷിയിലെ (പിഎംകെ) ഡോക്ടര്‍ രാമദാസ് ആക്ഷേപിക്കുകയും ചെയ്തു. മറ്റു ചിലര്‍ ചോദിച്ചു: ജയാമ്മയുണ്ടായിരുന്നെങ്കില്‍ ഇത് നടക്കുമോ? അതിനിടയിലാണ് തമിഴകത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ വേദനിലയത്തിലെത്തി ശശികലയെ കണ്ട് കൂറു പ്രഖ്യാപിച്ചത്. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ ശശികലയെ കണ്ട വൈസ് ചാന്‍സലര്‍മാരെ പുറത്താക്കണം എന്ന് മുറവിളി ഉയര്‍ന്നപ്പോള്‍ അങ്കലാപ്പിലായത് ചിന്നമ്മയാണ്. തൊട്ടടുത്ത ദിവസം വൈസ് ചാന്‍സലര്‍മാരോട് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ കത്തയക്കുകയും ചെയ്തു.

അണികള്‍ക്കിടയിലെ അസംതൃപ്തിയാണ് ശശികലയെ ചിന്താകുലയാക്കുന്ന മറ്റൊരു ഘടകം. തിരുപ്പത്തൂര്‍ പഞ്ചായത്ത് യൂണിയന്‍ പ്രവര്‍ത്തകരാണ് ആദ്യമായി രംഗത്തുവന്നവരില്‍ പ്രധാനികള്‍. എംഎല്‍എമാരേയോ മന്ത്രിമാരേയോ വീട്ടിലും ആശുപത്രിയിലും അമ്മയെ കാണാന്‍ അനുവദിക്കാത്തതിന്റെ കാരണക്കാരി ചിന്നമ്മയാണെന്നാണ് അവര്‍ പറയുന്നത്. അതാകട്ടെ നിരവധി സംശയങ്ങള്‍ക്കും കാരണമായി. ശശികലക്ക് അനുകൂലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ താമസിയാതെ ഒരു വിഭാഗം നശിപ്പിച്ചിരുന്നു. ചെന്നൈ നഗരത്തിലും അത്തരത്തില്‍ പോസ്റ്ററുകള്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നു. മന്ത്രിമന്ദിരങ്ങള്‍ നില്‍ക്കുന്ന  ഗ്രീന്‍വെയ്‌സ് റോഡിലും പാര്‍ട്ടി ഓഫീസ് നില്‍ക്കുന്ന ലോയ്ഡ്‌സ് റോഡിലും ശശികലയുടെ നിരവധി പോസ്റ്ററുകള്‍ കീറിക്കളഞ്ഞിരുന്നു.

ജയലളിതയുടെ കാലത്ത് അവരേക്കാള്‍ പ്രായമുള്ള നേതാക്കള്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കടന്നു വന്നിരുന്നില്ല. അവര്‍ ജയളിതയുടെ നിഴലില്‍ മറഞ്ഞുനിന്നിരുന്നത് ആത്മാഭിമാനവും ഉള്‍ഭയവും കൊണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയലളിതയെ ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടാണ് പലരും തുറന്നുപറച്ചിലുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ഇതാകട്ടെ ശശികലാ ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നു. മന്ത്രിമാര്‍ പോലും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മാധ്യമങ്ങളെ തേടുന്നു. ജനങ്ങളുമായി ബന്ധം പുലര്‍ത്താന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു. ജയലളിതയുടെ കാലത്ത് നേതാക്കള്‍ക്ക് വേണ്ടി വോട്ടു ചോദിച്ചിരുന്നത് തലൈവിയാണ്. പുതിയ മാറ്റത്തിന്റെ ചേരിയില്‍ കാര്യങ്ങള്‍ തലകുത്തിവീണിരിക്കുന്നു. ജനങ്ങള്‍ തങ്ങളെ അംഗീകരിച്ചാല്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പുകളില്‍ കാര്യസിദ്ധി ഉണ്ടാകൂ എന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്തായാലും ആരോഗ്യകരമായ ഒരു രാഷ്ട്രീയസംസ്‌ക്കാരത്തിനു തമിഴകം സാക്ഷ്യം വഹിക്കുന്നു എന്നു വേണം അനുമാനിക്കാന്‍.

ചിന്നമ്മയെ വലയ്ക്കുന്ന മറ്റൊരു ഘടകം ജയാമ്മയുടെ സഹോദരന്റെ മകള്‍ ദീപാ ജയകുമാറിന്റെ രംഗംപ്രവേശമാണ്. പൊയസ് ഗാര്‍ഡനില്‍ താമസിക്കാന്‍ ശശികലക്ക് അവകാശമില്ലെന്നും താനാണ് ജയലളിതയുടെ യഥാര്‍ത്ഥ അവകാശിയെന്നും ദീപ പറയുന്നു. 1974 ല്‍ വേദനിലയത്തിലാണ് താന്‍ ജനിക്കുന്നത്. ദീപയെന്ന പേരുപോലും ഇടുന്നത് ജയലളിതയാണ്. 1978 ലാണ് താമസം മാറുന്നത്. അതിനു ശേഷം അച്ഛന്‍പെങ്ങളെ കാണാന്‍ പോലും ജയലളിതയും സംഘവും അനുവദിച്ചിരുന്നില്ലെന്നും ദീപ ആരോപിക്കുന്നു. എന്നാല്‍ ദീപയുടെ സഹോദരന്‍ തന്നോടൊപ്പാണ് എന്നത് ശശികലക്ക് ആശ്വാസമായിരിക്കാം. പക്ഷേ വേദ നിലയത്തിന്റെ പങ്ക് തനിക്കും അവകാശപ്പെട്ടതാണെന്ന് ദീപ പറയുമ്പോള്‍ ശശികലക്ക് നിശ്ബദമായി നില്‍ക്കാനേ കഴിയൂ.

എ ഐ എ ഡി എം കെ നേതാവ് ശശികല പുഷ്പ, ജയലളിതയുടെ മരുമകള്‍ ദീപ

ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എംപി ശശികല പുഷ്പയാണ് ശശികലക്കെതിരെ രംഗത്തുവന്നിരിക്കുന്ന മറ്റൊരു നേതാവ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശശികലയെ നിയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ശശികല പുഷ്പ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നത് ശശികലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

എന്തായാലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്.  ലോക്‌സഭാതെരഞ്ഞടുപ്പ് 2019 ഉണ്ടാകും. ഈ സന്ദര്‍ഭത്തില്‍ എഐഎഡിഎംകെയുടെ ഭാവി എന്തായിരിക്കും?  അതില്‍ ശശികലയുടേയും സംഘത്തിന്റേയും പങ്ക് എന്തായിരിക്കും? തമിഴക രാഷ്ട്രീയം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ജനങ്ങളുമായി ബന്ധമില്ലാത്ത ഒരു നേതാവിനെ പാര്‍ട്ടിയുടെ തലപ്പത്തു പ്രതിഷ്ഠിക്കാനുള്ള എഐഎഡിഎംകെയുടെ നീക്കത്തിനു കൂടുതല്‍ എതിര്‍പ്പുകള്‍ പ്രകടമാകുകയാണ്. എന്തായാലും തമിഴ്‌നാടിന്റെ പല ജില്ലകളിലും ചിന്നമ്മക്കെതിരെ സുനാമികള്‍ രൂപംകൊള്ളുന്നു എന്നാണ് രഹസ്യ റിപ്പോര്‍ട്ടുകള്‍. ഈ അവസരം മുതലെടുക്കാനാണ് ഡിഎംകെ നേതൃത്വം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്. ഈ പകിട കളിയിലെ പ്രധാന കരുക്കള്‍ ജനങ്ങളാണ്. അതാണ് ശശികലയെ ചിന്താക്കുഴപ്പത്തിലാക്കുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍