UPDATES

സിനിമ

സിനിമ എന്ന പ്രതിരോധം: ജയന്‍ ചെറിയാന്‍ / അഭിമുഖം

Avatar

ജയന്‍ ചെറിയാന്‍ / പ്രണവ്

പാപ്പിലിയോ ബുദ്ധ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയന്‍ ചെറിയാന്‍ പുതിയ ചിത്രം കാ ബോഡി സ്കേപ്പുമായാണ് ഇത്തവണ ഐഎഫ്എഫ്കെയില്‍ എത്തിയിരിക്കുന്നത്. ഹിന്ദു ദേവതകളെ അപമാനിച്ചെന്നും ഹനുമാനെ പോലെയുള്ള പുരാണ കഥാപാത്രങ്ങളെ സ്വവര്‍ഗരതിക്കാരനായി ചിത്രീകരിച്ചെന്നും ആരോപിച്ച് സെന്‍സര്‍ ബോഡ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് ജയന്‍ ചെറിയാന്‍ അനുകുല വിധി സമ്പാദിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന് ശേഷവും ചിത്രം ഐഎഫ്എഫ്‌കെയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. ഏറെ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷമാണ് കാ ബോഡി സ്‌കേപ്‌സ് 21ാമത് ഐഎഫ്എഫ്‌കെയില്‍ ഇടം പിടിച്ചത്.

പ്രതിസന്ധികള്‍ക്കും ഒരുപാട് തടസങ്ങള്‍ക്കും ശേഷമാണ് കാ ബോഡി സ്‌കേപ്പ് ഐഎഫ്എഫ്‌കെയില്‍ എത്തിയത്. എങ്ങനെ കാണുന്നു ?

ഐഎഫ്എഫ്‌കെയില്‍ സിനിമ കാണിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ്, എന്നാല്‍ ഒരു സിനിമ ഇത്തരം സെന്‍സര്‍ഷിപ്പുകളിലൂടെ, ഒരു വ്യവസ്ഥാപിത സമൂഹത്തിന്റെ കൈകളിലൂടെ കടന്നുപോകുന്ന അവസ്ഥ വളരെ ഖേദകരമാണ്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക വേദിയാണ് ഐഎഫ്എഫ്‌കെ. ഇവിടെ സെന്‍സര്‍ ബോഡിന്‌റെ ആവശ്യമില്ല. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ കാതലായ തത്വമാണ് സാംസ്‌കാരിക സ്വയംഭരണാവകാശം. ഐഎഫ്എഫ്‌കെ പോലുള്ള ഒരു സാംസ്‌കാരിക പരിപാടിയില്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെടുക എന്ന് പറയുന്നത് അദ്ഭുതകരമാണ്.

ഇതിന് മുമ്പ് ഇങ്ങനെ നടന്നിട്ടില്ല. ഭീകരമായ തരത്തില്‍ നമ്മുടെ സമൂഹത്തെ ആകെ ഗ്രസിച്ചിരിക്കുന്ന സാംസ്‌കാരിക ഫാസിസത്തിന്റെ ധൃഷ്ടാന്തമാണിത്. ഈ ചിത്രത്തിന്റെ പ്രദര്‍ശനം ഹൈക്കോടതി ഇടപെടല്‍ കൊണ്ട് മാത്രം സാധ്യമായതാണ്. ആവിഷ്‌കാര സ്വാന്ത്ര്യമുള്ള സമൂഹമാണ്, ലോകത്തിലെ വലിയ ജനാധിപത്യ രാഷ്ട്രമാണ് എന്നൊക്കെ വീമ്പിളക്കുമ്പോഴും ഈ സ്വാതന്ത്ര്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കേണ്ടി വരുന്നത് വളരെ വേദനാജനകമാണ്. സമൂഹത്തില്‍ ഈ സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ നമ്മള്‍ അനുഭവിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്ന സിനിമയാണ് കാ ബോഡി സ്‌കേപ്‌സ്. സെന്‍സര്‍ഷിപ്പ് സമൂഹത്തിനെതിരെയുള്ള പോരാട്ടമാണ് ഈ സിനിമയുടെ ഉള്ളിലുള്ള കഥയെങ്കിലും, ഈ സിനിമയെ തന്ന സെന്‍സര്‍ഷിപ്പ് സമൂഹം വേട്ടയാടുന്നു എന്നതാണ് ഇവിടെയുള്ള വ്യാജോക്തി.

സിനിമയുടെ പിറവിയേയും അതിന്റെ നിലനില്‍പ്പിനെയും ഇല്ലാതാക്കാനുള്ള ശ്രമം തന്നെയാണ് ഈ സിനിമ ഉണ്ടാകാനുള്ള സാഹചര്യവും. സമൂഹം വ്യസ്ഥാപിതമാകുന്നു, ജനാധിപത്യവിരുദ്ധ സ്വഭാവം പ്രകടിപ്പിക്കുന്നു, ഫാസിസത്തിലേക്ക് മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇവിടെ കല്‍ബുര്‍ഗിയെ പോലുള്ളവര്‍ കൊല്ലപെടുന്നു, എഴുത്തുകാര്‍ എഴുത്തു നിര്‍ത്തേണ്ടി വരുന്ന സാഹചര്യത്തില്‍ കലാകാരന്‍ എന്ന നിലയിലും ജനാധിപത്യ വിശ്വാസി എന്ന നിലയിലും ആശങ്ക ഉളവാകുന്നു. ഇങ്ങനൊക്കെ ആണെങ്കിലും, ഇന്ത്യയെ ആകെ ഈ ഫാസിസം ഗ്രസിച്ചിരിക്കുന്ന  സാഹചര്യത്തില്‍ ഐഎഫ്എഫ്‌കെ പോലുള്ള തുരുത്തുകള്‍ ഇതിനൊരു പ്രതിരോധമാകുന്നു.

ഐഎഫ്എഫ്‌കെയില്‍ വിദേശ സിനിമകള്‍ explicit ആകുന്നു. ഇന്ത്യയില്‍ ഇതുപോലുള്ള സിനിമയ്ക്ക് തടസമുണ്ടാവുകയും ചെയ്യുന്നു. ഇത് ഒരു തരത്തില്‍ വിവേചനമല്ലേ ?

അങ്ങനൊരു വിവേചനസ്വഭാവം കാണുന്നുണ്ട്. വിദേശ സിനിമകള്‍ എത്ര explicit ആണെങ്കിലും ഇന്ത്യയുടെ അധികാര ഘടനയേയോ പദവിയെയോ ഇളക്കിമറിക്കുന്നില്ല. മറ്റ് പ്രദേശങ്ങളുടെ സിനിമകള്‍ ഒരു അകന്ന യാഥാര്‍ത്ഥ്യം പോലെയാണ്. നമ്മള്‍ അതു ആസ്വദിക്കുക മാത്രം ചെയ്യുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്നത് മറ്റൊന്നാണ്: പുറത്ത് നമ്മള്‍ പുരോഗമന വാദിയായി വ്യവഹരിക്കുമ്പോഴും ഉള്ളില്‍ ഒരു തികഞ്ഞ യാഥാസ്ഥിതിക മനസിനെ കെട്ടിപാര്‍പ്പിക്കുകയാണ്. മറ്റുള്ളവരുടെ നഗ്‌നത ആസ്വദിക്കുമ്പോള്‍ സ്വന്തം ശരീരത്തിന്റെ നഗ്‌നത നമ്മള്‍ കാണാന്‍ താല്‍പര്യപ്പെടുന്നില്ല.

സിനിമ പോലുള്ള ഒരു കലാരൂപത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു ?

ഇതു പോലുള്ള ഇടപെടലുകള്‍ തികച്ചും സാംസ്‌കാരിക, ജനാധിപത്യ വിരുദ്ധമാണ്. ഭരണകൂടത്തിന്റെ നിരന്തരമായ കടന്നു കയറ്റം ആശങ്കാജനകമാണ്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ഒട്ടും ശക്തിയില്ലത്തതുമാണ്. ഫാസിസത്തിനെതിരെ 70കളിലുണ്ടായ പോലുള്ള ശക്തമായ ചെറുത്ത് നില്‍പ്പ് ഇപ്പൊ സമൂഹത്തില്‍ കാണാന്‍ സാധിക്കുന്നില്ല.

താങ്കളുടെ ചിത്രം ഒരു വ്യവസ്ഥാപിത മതത്തിനെതിരെ സംസാരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയതാകുമോ സിനിമ നേരിടേണ്ടി വന്ന തടസങ്ങള്‍ക്ക് കാരണം ?

ഇതിനകത്ത് ഒരു മതത്തിനെ മാത്രമല്ല പരാമര്‍ശിക്കുന്നത്, എല്ലാ തരത്തിലുള്ള യാഥാസ്ഥിതിക മത ചിന്തകളെയും പരോക്ഷമായ് ചോദ്യം ചെയ്യുന്നു. കേവലമായ മത വിരുദ്ധ വികാരത്തിനുമപ്പുറം കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഏക ശിലാത്മകമായ ദേശീയ നിര്‍മ്മിതിയെ താറുമറാക്കുമോ എന്ന ഭീതിയും സിനിമയിലൂടെ പ്രകടമാക്കുന്നു. അതിലുമുപരി ഈ സിനിമ ആധികാരികത എന്ന ആശയത്തിനെതിരെയാണ്. സമകാലിക സാമൂഹ്യ വ്യവസ്ഥയെ ഏതെങ്കിലും തരത്തില്‍ എടുക്കുന്ന സിനിമ നിര്‍മാതാവിന്‌റെ ജീവിതം ദുരിത കടലാക്കി മാറ്റുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. അതുവഴി ഏതെങ്കിലും തരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കായി അന്യോപദേശ കഥകള്‍ പറയുകയാണ്. വിവിധ തരത്തിലുള്ള വിശാസം അല്ലെങ്കില്‍ ആശയം പ്രകടിപ്പിക്കാന്‍ കഴിയാത്ത സമൂഹം ഒരു ജനാധിപത്യ സമൂഹമല്ല. എല്ലാ തരത്തിലുള്ള ചിന്താഗതിയും തുല്യ പ്രാധാന്യത്തോട് കൂടി ഒരു പൊതുസ്ഥലത്തില്‍ പ്രകടിപ്പിക്കാന്‍ സാധിക്കണം.

ഇതേ ആശയം പ്രകടിപ്പിക്കുന്ന സമാന്തര സിനിമകള്‍ മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ കച്ചവട സിനിമകള്‍ കൊട്ടി ഘോഷിക്കപ്പെടുകയാണല്ലോ ?

കച്ചവട സിനിമകള്‍ ഷോ ബിസിന്‍റെ ഒരു ഭാഗമാണ്. വന്‍ മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് ഇതിനെ എങ്ങനെ തരണം ചെയ്യമെന്നറിയാം. അവരും ഇതേ അധികാരവര്‍ഗത്തിന്റെ ഭാഗമാണ്. സമാന്തര സിനിമകള്‍ ഭരണകൂട വ്യവസഥയ്‌കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അധികാരിവര്‍ഗം ചൂഷണം ചെയ്യുന്നു.



ഒന്നു കണ്ണോടിച്ച് നോക്കുകയാണെങ്കില്‍ നിരോധിയ്ക്കപ്പെടുന്ന പല സിനിമകളും ലിംഗ സമത്വത്തിനെ കുറിച്ചു പറയുന്ന സിനിമകള്‍ ആണ്. അതിനെപറ്റി  ?

നമ്മുടെ സമൂഹം പുരുഷ കേന്ദ്രീകൃത സമൂഹമാണ്. അപ്പോള്‍ സ്വഭാവികമായും പുരുഷാധികാരത്തെ ചോദ്യം ചെയ്യുന്നത് സമൂഹം സ്വീകരിക്കില്ല. ഇതിനെതിരെ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരും പ്രവര്‍ത്തിക്കുന്നതും ന്യൂനപക്ഷം ആയിരിക്കും. ന്യൂനപക്ഷത്തിന്‌റെ ശബ്ദം വളരെ ചെറുതാകുമ്പോഴും പ്രതിരോധം അസ്ഥിരമാകുമ്പോഴും അടിച്ചമര്‍ത്തല്‍ ലളിതമാണ്.

ഒരു സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രഖ്യാപനം എന്ന നിലയിലേക്ക് ഐഎഫ്എഫ്‌കെ  മാറിയിരിക്കുകയാണ്. ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

പുരോഗമനവാദികള്‍ ആണെന്ന് പറയുമ്പോഴും വളരെ യാഥാസ്ഥിതികമാണ് നമ്മുടെ സമൂഹം. ഐഎഫ്എഫ്‌കെ ഒരു വേദി ഒരുക്കുന്നുണ്ട്. സ്ത്രീകള്‍, പുരുഷന്മാര്‍ എന്നില്ലാതെ എല്ലാവര്‍ക്കും ഒരുമിച്ച് ഇരിക്കാവുന്ന, ഒരുമിച്ച് സംവദിക്കാവുന്ന, ഒരുമിച്ച് സിനിമ കാണാവുന്ന ഒരു വേദിയുണ്ട്. ഈ വേദി നമ്മള്‍ പരിപോഷിപ്പിക്കണം. ഈ വേദി നമ്മള്‍ നിലനിര്‍ത്തുക തന്നെ വേണം.

ഫാസിസം സകല മേഖലയിലും വന്നു നില്‍ക്കുകയാണ്. അതിനെ തടയുന്ന പ്രധാന സംവിധാനമാണ് കല. കലാകാരന്മാര്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകളെ പറ്റി ?

ഹിറ്റ്‌ലര്‍ ഇങ്ങനെ പറയുമായിരുന്നു: watch out for the artist, oriter and fim makers. they support the people, they mingle with everyone. watch out for them. ഏതു കാലത്തും അധികാരം കയ്യേറിയിരുന്ന ഒരു വ്യവസ്ഥാപിത സമൂഹം ഉണ്ടായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, ഇവരുടെ പ്രവാചക ശബ്ദം ശോഷിക്കുമ്പോളാണ് അധികാരം കയ്യാളുന്നവരുടെ ആക്കം കൂടുന്നത്. കലാകാരന്മാര്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നവരല്ല. നിശബ്ദമായ് അവരുടെ പേനയിലൂടെ, ബ്രഷ് സ്‌ട്രോക്‌സിലൂടെ, സിനിമകളിലൂടെ മാടത്തിന്റെ കൊടിയടയാളം പെറുന്നവരാണ്. ഈ അഗ്രദൂതന്മാരുടെ ശബ്ദം പുറത്ത് വരുന്നത് അവരുടെ സൃഷ്ടികളിലൂടെയാണ്. അങ്ങനെയുള്ള ആളുകള്‍ ഒരു പക്ഷെ വിധ്വംസകരാകും, തീര്‍ത്തും ആരാജകവാദിയാകും. എങ്കിലും ഒട്ടും രാഷ്ട്രീയ ബോധമില്ലാത്ത കലാകാരന്മാരുടെ സൃഷ്ടികളില്‍ വലിയൊരു രാഷ്ട്രീയം കാണും.

കാ ബോഡി സ്‌കേപ്പിലെ നായകന്‍ ഒരു ചിത്രകാരന്‍ ആണല്ലോ. അയാളുടെ ബ്രഷ് സ്‌ട്രോക്‌സ് മാറ്റത്തിന്റെ ബ്രഷ് സ്‌ട്രോക്‌സ് ആണ് എന്ന് പറയാന്‍ സാധിക്കുമോ ?

യാഥാര്‍ത്ഥ്യത്തില്‍ പുറത്ത് നിന്നും നോക്കുന്ന ഒരാള്‍ക്ക് ഇതൊരു മാറ്റത്തിന്റെ ചിന്ഹമായ് തോന്നുമെങ്കിലും അയാളെ സമ്പന്തിചിടത്തോളം അയാള്‍ ആശയറ്റ സാഹചര്യത്തില്‍ അയാളുടെ പ്രണയത്തെ ചിത്രീകരിക്കുകയാണ്. അവബോധജന്യമായ കലാ പ്രവൃത്തിയെ തടഞ്ഞു നിര്‍ത്താനോ തിരിച്ചു പിടിക്കാനോ പറ്റില്ല. എയ്ത് വിട്ട അമ്പ് പോലെ, തോക്കില്‍ നിന്നും പുറത്തുപോയ വെടിയുണ്ട പോലെയാണ് ഇതും.

താങ്കളുടെ വലിയ കാലത്തെ പ്രയത്‌നമാണല്ലോ കാ ബോഡി സ്‌കേപ്‌സ്. സിനിമ ഇത്രയും പ്രതിസന്ധികളിലെത്തുമ്പോള്‍ മാനസികമായി എങ്ങനെ ബാധിക്കുന്നു ?

കഴിഞ്ഞ എട്ട് മാസമായി ഇതിന് പിറകെയാണ് ഞാന്‍. കലാകാരന്‍ എന്ന നിലയില്‍ ഈ പ്രശ്‌നങ്ങളില്‍ സ്വയം ബന്ധനസ്ഥന്‍. വിവാദം, അതിന്റെ ബുദ്ധിമുട്ടുകള്‍ ഇവയെല്ലാം കലാപരമായ ചിന്തയെ ബാധിച്ചിരിക്കുകയാണ്. ഇത്തവണ ഐഎഫ്എഫ്‌കെയില്‍ നിന്ന് പിന്തുണ ലഭിച്ചു.

കാ ബോഡി സ്‌കേപ് എങ്ങനെ വേറിട്ട്‌ നില്‍ക്കുന്നു ?

ഇത് കുറേ യുവാക്കളുടെ കഥയാണ്. മറ്റ് സിനിമകള്‍ പോലെ തന്നെ ഇതില്‍ പ്രണയമുണ്ട്, പ്രണയ ഭാവങ്ങളുണ്ട്, പ്രശ്‌നങ്ങളുണ്ട്. പുതിയ കഥ എന്ന് പറയുന്ന ഒന്നില്ല. എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നു തന്നെയാന്‍. ഈ കഥയെ എങ്ങനെ പ്രകടിപ്പിക്കുന്നു, എങ്ങനെ പ്രദര്‍ശിപ്പിക്കുന്നു, അവിടെയാണ് വ്യതസ്തമാകുന്നത്.

താങ്കളുടെ ചിത്രമായ പാപ്പിലിയോ ബുദ്ധ പറയുന്നത് ഗൗരവമുള്ള സാമൂഹ്യ പ്രശ്‌നങ്ങളാണ്. വെറും ആഘോഷങ്ങള്‍ അല്ല കല എന്ന് എന്ന് തന്നെയല്ലേ ?

Avatar

ആഘോഷങ്ങളല്ല സിനിമ. ഓരോ ജനസമൂഹത്തിനും അവരുടേതായ ആവശ്യങ്ങള്‍ പ്രകടിപ്പിക്കാനും അവരുടെ വ്യക്തിത്വത്തെ സ്ഥിരീകരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു എതിര്‍ലിംഗ സംഭോഗ തത്പരത സമൂഹം അവരുടെ മാര്‍ഗമാണ് മാതൃക എന്ന് മറ്റു സമൂഹങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഒരു വ്യക്തി, സ്വന്തം ശരീരം കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആ വ്യക്തി തന്നെയാവണം. ഒരു വ്യക്തിയുടെ ശരീരത്തിന് മേല്‍ ആ വ്യക്തി തന്നെ പ്രസ്താവന ചെയ്യുന്ന സ്വാതന്ത്ര്യമാണ് ഏറ്റവും പ്രാമാണികമായ ജനാധിപത്യത്തിന്റെ അടയാളവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍