UPDATES

മുൻ കേന്ദ്രമന്ത്രി ജയന്തി നടരാജൻ കോൺഗ്രസ് വിട്ടു

അഴിമുഖം പ്രതിനിധി

മുൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ കോൺഗ്രസ് വിട്ടു. തന്നെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയതിൻറെ വിശദീകരണം ആരാഞ്ഞുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കയച്ച കത്തിലെ വിശദാംശങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജയന്തി കോൺഗ്രസിനെ ഉപേക്ഷിച്ചത്. ഇവർ ബിജെപിയിലേക്ക് ചേക്കേറുമെന്ന്‍ സൂചനയുണ്ട്. 

യു‌പി‌എ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് 2014 നവംബറിലാണ് ജയന്തിനടരാജന്‍ സോണിയാഗാന്ധിക്ക് കത്തയച്ചത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഇടപെട്ടു. താന്‍ അനുമതി നിഷേധിച്ച പല പദ്ധതികള്‍ക്കും പാരിസ്ഥിതികാനുമതി നല്‍കാനായി രാഹുല്‍ ഗാന്ധി സമ്മര്‍ദം ചെലുത്തി. മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിനുശേഷവും രാഹുല്‍ തനിക്കെതിരെ രൂക്ഷമായ അപവാദപ്രചരണം നടത്തുകയായിരുന്നെന്നും ജയന്തി കത്തില്‍ ആരോപിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആയിരുന്നു രാഹുലിന്റെ ഈ പ്രവര്‍ത്തനമെന്നും ജയന്തി കത്തില്‍ പറയുന്നു. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും രാഹുലിന്‍റെ അനാവശ്യ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും കത്തില്‍ ആരോപണമുണ്ട്.

ഒഡിഷയിലെ നിയാമഗിരിയിലെ വേദാന്ത കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കാനായിരുന്നു രാഹുല്‍ ഇടപെട്ടത്. ഖനനപ്രദേശത്തെ ആദിവാസികളുടെ താത്പര്യം സംരക്ഷിക്കണമെന്നതായിരുന്നു എന്റെ നിലപാട്. അതുകൊണ്ട് മന്ത്രിസഭയില്‍ നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ചാണു ഖനനത്തിനുവേണ്ടിയുള്ള വേദാന്തയുടെ അപേക്ഷ നിരസിച്ചത്. ഗുജറാത്തിലെ അദാനി ഗ്രൂപ്പിന് വേണ്ടിയും സമാന നിലപാടായിരുന്നു രാഹുല്‍ കൈകൊണ്ടത്. ഹിമാചലിലെ ജി.വി.കെ. പവര്‍ പ്രോജക്റ്റ്, മഹാരാഷ്ട്രയിലെ ലവാസ പ്രോജക്റ്റ്, ഗുജറാത്തിലെ നിര്‍മ സിമന്റ് പ്ലാന്റ് എന്നിവയ്ക്ക് ക്ലിയറന്‍സ് നല്‍കുന്നതിലും ഇത്തരത്തില്‍ രാഹുലിന്റെ ഓഫീസില്‍ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നു. ഇതിന് വഴങ്ങാഞ്ഞതാണ് തന്‍റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത് എന്നും ജയന്തി നടരാജന്‍ കത്തില്‍ പറയുന്നു.

മന്ത്രിസ്ഥാനം ഒഴിഞ്ഞതിന്റെ പിറ്റേന്ന് നടന്ന ഫിക്കിയുടെ സമ്മേളനത്തില്‍ വച്ച് വന്‍കിട പ്രോജക്റ്റുകള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതില്‍ വരുത്തിയ കാലതാമസമാണ് സാമ്പത്തികരംഗത്തെ തകര്‍ച്ചയ്ക്ക് വഴിവച്ചതെന്ന് രാഹുല്‍ ആരോപിച്ചു. തനിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തി. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ പ്രതികാര നടപടിയായി തന്നെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും നീക്കിയെന്നും ജയന്തി നടരാജൻ ആരോപിക്കുന്നു. 

മന്ത്രിസ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു ഫയല്‍ കണ്ടെത്താന്‍ കര്‍ശനമായ നടപടി കൈക്കൊണ്ടതും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി അനുകൂല നിലപാട് സ്വീകരിച്ചതും പാര്‍ട്ടിയില്‍ പലരുടേയും ശത്രുത വിളിച്ചുവരുത്തിയെന്നും ജയന്തി ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് നൂറ് ദിവസം മാത്രമുള്ളപ്പോഴാണ് ജയന്തി നടരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജി എന്നായിരുന്നു പാര്‍ട്ടി നല്‍കിയ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് കത്തിലെ വിവരങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍