UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധി കുടുംബത്തിന് നല്ല സര്‍ട്ടിഫിക്കറ്റ് (ജയന്തി നടരാജന്‍ വക)

Avatar

ടീം അഴിമുഖം

2014 മേയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നാണംകെട്ട പരാജയത്തിന് ശേഷം, ഗാന്ധി കുടുംബത്തിന് ലഭിക്കുന്ന ഏക നല്ല വാര്‍ത്ത പോലും ആ നിലയിലല്ല മുഖ്യധാര മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ ജയന്തി നടരാജന്റെ രാജിക്കത്ത് ഗാന്ധി കുടുംബത്തിനും ദരിദ്രരോടും പ്രാന്തവല്‍കൃതരോടുമുള്ള അവരുടെ സഹാനുഭൂതിക്കുമുള്ള ഒരു സമ്മതി പത്രമാണ്. മാത്രമല്ല, എന്തൊക്കെയാണ് മോദി സര്‍ക്കാരിന്റെ മുന്‍ഗണനകളെന്നും ജയന്തി നടരാജന്‍ ഏത് വിധത്തിലാണ് അത്തരം ഹീനകൃത്യങ്ങള്‍ക്ക് സഹായങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്നുമുള്ളതിന്റെ ചില സൂചനകള്‍ കൂടി ആ കത്തില്‍ നിന്നും വായിച്ചെടുക്കാം.

കത്തില്‍ ജയന്തി നടരാജന്‍ ഉന്നയിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോപണം യഥാര്‍ത്ഥത്തില്‍ ഗാന്ധി കുടുംബത്തിന്റെ കിട്ടാവുന്ന ഏറ്റവും നല്ല സര്‍ട്ടിഫിക്കറ്റാണ്. ‘ഞാന്‍ മന്ത്രിയായിരുന്ന കാലത്ത്, പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ളനടപടികള്‍ സ്വീകരിക്കുക എന്ന വ്യക്തവും സ്പഷ്ടവുമായ നയം പാര്‍ട്ടിക്കുണ്ടായിരുന്നു എന്ന് മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനും പരിസ്ഥിതിയും വ്യവസായവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിറുത്താനും ശ്രമിക്കുകയും ചെയ്തിരുന്നു,’ എന്നവര്‍ കത്തില്‍ പറയുന്നു.

‘എന്‍എസിയുടെ അദ്ധ്യക്ഷ എന്ന നിലയില്‍ സോണിയ ഗാന്ധി, ‘പരിസ്ഥിതി മന്ത്രാലയത്തിലെ പദ്ധതികളെ സംബന്ധിച്ചും ആദിവാസി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ചും താങ്കള്‍ നിരവധി കത്തുകള്‍ എഴുതുകയും, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ സൂക്ഷ്മ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട് എന്ന കാര്യം ഞാന്‍ താങ്കളെ കൃത്യമായി അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്,’ എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘ചില പ്രധാനപ്പെട്ട മേഖലകളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയില്‍ നിന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ചില അഭ്യര്‍ത്ഥനകള്‍ (ഞങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ദ്ദേശങ്ങള്‍) വരാറുണ്ടായിരുന്നു. അത്തരം ‘അഭ്യര്‍ത്ഥനകള്‍’ മാനിക്കുന്നതില്‍ ഞാന്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി വ്യക്തിപരമായി തന്നെ ഒഡീഷയിലെ നിയമാഗിരി കുന്നുകളിലെത്തുകയും, താന്‍ അവരുടെ ‘ശിപായി’ ആയിരിക്കുമെന്നും അവരുടെ താല്‍പര്യങ്ങള്‍ ഖനന ഭീമന്മാരായ വേദാന്തയുടെ കൈകളില്‍ പെട്ട് ഹനിക്കപ്പെടാന്‍ അനുവദിക്കില്ലെന്നും അവിടുത്തെ ഡോണ്‍ഗ്രിയ കോണ്ട ആദിവാസികള്‍ക്ക് പരസ്യമായി വാക്ക് നല്‍കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് അദ്ദേഹത്തിന്റെ ഓഫീസ് എനിക്ക് അയച്ച് തരികയും, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരുടെ കടുത്ത സമ്മര്‍ദത്തെയും, വേദാന്ത കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന 30,000 കോടി രൂപയുടെ നിക്ഷേപങ്ങളെ തടയാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും വന്ന രൂക്ഷമായ വിമര്‍ശനങ്ങളെയും തൃണവല്‍ഗണിച്ചു കൊണ്ട്, ആദിവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഞാന്‍ ഉറപ്പാക്കുകയും വേദാന്തയ്ക്കുള്ള പരിസ്ഥിതി അനുമതി നിഷേധിക്കുകയും ചെയ്തു,’ എന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സമ്മതിക്കുന്നു. തന്റെ നിലപാടുകളെ സുപ്രീംകോടതി പിന്തുണച്ചു എന്നും അവര്‍ സമ്മതിക്കുന്നുണ്ട്.

‘അദാനിയുടെ കാര്യത്തിലും സമാനസംഭവമാണ് ഉണ്ടായത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ നിക്ഷേപങ്ങള്‍ തടസപ്പെടുത്തുന്നു എന്ന് മന്ത്രിസഭയുടെ അകത്തുനിന്നും പുറത്തുനിന്നുമുള്ള വിമര്‍ശനങ്ങളെ അവഗണിച്ചുകൊണ്ട് ഞാന്‍ അവരുടെ പാരിസ്ഥിതികാനുമതി നിഷേധിച്ചു. അദാനി നടത്തുന്ന പാരിസ്ഥിതി ലംഘനങ്ങളെ കുറിച്ചുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും എന്‍ജിഒകളുടെയും പരാതികള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എനിക്ക് അയച്ചുതരികയും അത് സംബന്ധിച്ച് ദീപക് ബാബറിയയുമായി ആശയവിനിമയം നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഞാന്‍ എടുത്ത നടപടികളെ കുറിച്ച് ഇടയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് വിവരങ്ങള്‍ നല്‍കുകയും അക്കാര്യങ്ങളില്‍ അദ്ദേഹം വളരെ പ്രോത്സാഹനജനകമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളിലുള്ള താങ്കളുടെ ആശങ്കകളും താങ്കള്‍ എനിക്കെഴുതി കത്തുകളില്‍ പങ്കുവച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ദാരി ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട ജിവികെ ഊര്‍ജ്ജ പദ്ധതിയും മഹാരാഷ്ട്രയിലെ ലാവാസ പദ്ധതിയും ഗുജറാത്തിലെ നിര്‍മ സിമന്റ് ശാലയും ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കപ്പെട്ടിള്ള നിരവധി പദ്ധതികളെ സംബന്ധിച്ച് തീരമാനങ്ങള്‍ കൈക്കൊള്ളുന്നതിന് എനിക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിട്ടുണ്ട്. കൂടാതെ, ആ സമയത്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പൗലോക് ചാറ്റര്‍ജി, ഞാനും എന്റെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുമ്ടായിരുന്നു,’ എന്നും ജയന്തി നടരാജന്‍ വെളിപ്പെടുത്തുന്നു.

ജയന്തി നടരാജന്റെ ദീര്‍ഘമായ കത്ത് മുഴുവന്‍ ഇവിടെ ഉദ്ധരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അവരുടെ കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉള്ളടക്കങ്ങള്‍ മേല്‍ പറഞ്ഞതൊക്കെയാണ്. ഈ കത്ത് എന്താണ് നമ്മോട് പറയുന്നത്? ഗാന്ധിമാരെ കുറിച്ച് അതെന്താണ് വെളിപ്പെടുത്തുന്നത്? ഇത്തരത്തില്‍ ഒരു കത്തെഴുതാന്‍ ജയന്തി നടരാജനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്?

ആദ്യമായി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട ഒരു ക്രിമിനല്‍ കേസില്‍ ചോദ്യം ചെയ്യുന്നതിനായി ജയന്തി നടരാജന്‍ വിളിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ജാര്‍ഖണ്ട് കാടുകളില്‍ കമ്പനിക്ക് പാരിസ്ഥിതിക അനുമതികളും ഖനന അവകാശങ്ങളും അനുവദിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ക്രമവിരുദ്ധ നടപടികളെ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിന് ജയന്തി നടരാജനെ വിളിച്ചുവരുത്താന്‍ ആവശ്യമായ തെളിവുകള്‍ സിബിഐ അന്വേഷണത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലഭിച്ചിട്ടുണ്ട്. അവരെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്താന്‍ വേണ്ട തെളിവുകള്‍ സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് 2014 നവംബര്‍ ഒന്നിന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് കഴിഞ്ഞു വെറും അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ജയന്തി നടരാജന്‍ ഇത്തരത്തില്‍ ഒരു കത്ത് സോണിയ ഗാന്ധിക്കെഴുതിയത് വെറും യാദൃശ്ചികമാവില്ല. ഒരു ക്രിമിനല്‍ കേസില്‍ സംശയിക്കപ്പെടുന്ന ആളാണ് താന്‍ എന്ന കാര്യം വ്യക്തമായ ഉടനെ ഇങ്ങനെ ഒരു കത്തെഴുതാന്‍ അവരെ പ്രേരിപ്പിച്ച മറ്റ് ഘടകങ്ങള്‍ എന്തൊക്കെയാവാം? എന്‍ഡിഎ സര്‍ക്കാരുമായി അവര്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിട്ടുണ്ടോ? അല്ലെങ്കില്‍, എന്തുകൊണ്ടാണ് സിബിഐ ഇതുവരെ അവരെ വിളിച്ചുവരുത്താത്തത്? ഈ കേസിന്റെ അന്വേഷണത്തില്‍ പ്രകടമായ പുരോഗതിയൊന്നും ഇതുവരെയും ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? ജയന്തി നടരാജന്റെ കലാപത്തെ പിന്തുണയ്ക്കാന്‍ എല്ലാ ബിജെപി നേതാക്കളും ഉത്സാഹപൂര്‍വം രംഗത്തിറിങ്ങുന്നത് എന്തുകൊണ്ട്? ഇതിലെല്ലാം പ്രധാനമായി, ഡല്‍ഹിയില്‍ എഎപിക്കെതിരായി ഏകദേശം ഉറപ്പായ തോല്‍വി ബിജെപി അഭിമുഖീകരിക്കുമ്പോള്‍ അവര്‍ ഈ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് എന്തിന്?

യുവതിയെ നിരീക്ഷിച്ചത് സംബന്ധിച്ച വിവാദത്തില്‍ മോദിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പാര്‍ട്ടി നേതൃത്വം തന്നെ നിര്‍ബന്ധിച്ചതായി ജയന്തി നടരാജന്‍ ആരോപിക്കുന്നു. സാഹിബിന് അമിതതാല്‍പര്യം ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ ആ സ്ത്രീയെ ഗുജറാത്ത് സര്‍ക്കാര്‍ പിന്തുടര്‍ന്ന രീതിയില്‍ സ്ത്രീകളുടെ മൗലീക അവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്നാണോ ജയന്തി നടരാജന്‍ പറയുന്നത്? അടുത്ത കാലത്തിറങ്ങിയ ഒരു ഉത്തരവ് പോലെ, അമിത് ഷായും അദ്ദേഹത്തിന്റെ പോലീസും നടത്തിയ നഗ്നമായ അധികാര ദുര്‍വിനിയോഗത്തിലൂടെ വിവരങ്ങള്‍ പരസ്യമാക്കിയത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമല്ല എന്നാണോ അവര്‍ കരുതുന്നത്? അതോ ആ ടേപ്പുകള്‍ പുറത്ത് വിട്ടത് വഴി മാധ്യമങ്ങളാണ് സ്വകാര്യതയ്ക്ക് മേല്‍ കടന്നുകയറിയതെന്ന് ജയന്തി നടരാജന്‍ കരുതുന്നുണ്ടോ?

കോണ്‍ഗ്രസിനും യുപിഎ സര്‍ക്കാരിനും മേല്‍ ഗാന്ധി കുടുംബം നടത്തിയിരുന്ന ധൃതരാഷ്ട്രാലിംഗനം എന്ന ഒറ്റ യാഥാര്‍ത്ഥ്യം മാത്രമാണ് ജയന്തി നടരാജന്റെ കത്ത് സ്ഥാപിച്ചെടുക്കുന്നത്. പക്ഷെ അതൊരു ദേശീയ രഹസ്യമൊന്നും ആയിരുന്നില്ല. കോണ്‍ഗ്രസിന് നേരെയുള്ള ജയന്തി നടരാജന്റെ അവസരവാദപരമായ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ ജനാധിപത്യത്തിലേക്ക് നയിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ജയന്തി നടരാജനെ പോലുള്ളവരെ കാണുമ്പോള്‍ ഇതൊരു വിഡ്ഢികളുടെയും അധികാരപ്രമത്തരുടെയും നാടാണെന്ന വികാരമാണ് ഉണ്ടാവുക. ഭാഗ്യവശാല്‍, ജ്ഞാനോദയം സംഭവിച്ചവരെക്കാള്‍ വിവേകശാലികളാണ് നമ്മുടെ ദരിദ്രരും സാധാരണക്കാരും. ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ വിരോധാഭാസവും അതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍