UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

ജയന്തി നടരാജന് പാരയായതില്‍ ഉമ്മന്‍ ചാണ്ടിയുടെ ആറന്‍മുള കത്തും

 പി. സുജാതന്‍

ജയന്തി നടരാജന്‍ കോണ്‍ഗ്രസ്സിന്റെ ചന്തമുള്ള ഒരു മുഖമായിരുന്നു. ജയറാം രമേശ് കൊള്ളാവുന്ന ഒരു തലയും. കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ ഇരുവരും വനം-പരിസ്ഥിതി വകുപ്പ് മാറി മാറി ഭരിച്ച് കുഴപ്പത്തില്‍ ചാടി. വ്യവസായ വികസനവും പരിസ്ഥിതി സംരക്ഷണവും ഒത്തുപോകില്ല. അതിനാല്‍ ജയന്തിക്കും ജയറാമിനും പരിസ്ഥിതി – വനം വകുപ്പ് മന്ത്രിമാരായി എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. രണ്ടുപേരും ആ മന്ത്രാലയത്തില്‍ നിന്ന് ഇടക്കാലത്ത് മാറ്റപ്പെട്ടു. കാരണം ആര്‍ക്കും ഊഹിക്കാം. സ്ഥാപിത താല്‍പ്പര്യക്കാരെ സുഖിപ്പിച്ച് ഇന്ത്യയില്‍ ഒരാള്‍ക്കും നല്ല വനം മന്ത്രിയോ പരിസ്ഥിതി സംരക്ഷണ വകുപ്പു മന്ത്രിയോ ആകാന്‍ പറ്റുമെന്ന് കരുതേണ്ട.

ജയന്തിയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു എന്ന് ഈയിടെ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ചുകൊണ്ട് അവര്‍ വെളിപ്പെടുത്തി. പാര്‍ട്ടിയിലെ യുവരാജാവ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ അപമാനകരമാംവിധം അസഹനീയമായിരുന്നു എന്ന് ജയന്തി നടരാജന്‍ പറഞ്ഞു. ജയറാം രമേശ് കോണ്‍ഗ്രസ്സില്‍ തുടരുകയാണ്. അതിനാല്‍ അദ്ദേഹം ഇതുവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല. ജയന്തിയുടേതുപോലുള്ള തിക്താനുഭവങ്ങള്‍ ജയറാമിനും പറയാനുണ്ടെന്നുവരാം. ജയന്തി നടരാജനെപ്പോലെ വൈകാരികമായി പ്രതികരിക്കാന്‍ ബുദ്ധിമാനായ ജയറാം രമേശ് കൂട്ടാക്കില്ല. കോണ്‍ഗ്രസ്സ് വിടാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുമില്ല.

ജയന്തി നടരാജന്‍ വിപുലമായ കോണ്‍ഗ്രസ്സ് പാരമ്പര്യത്തിന്റെ സന്തതിയാണ്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും ധൈര്യം പകരുന്ന രാഷ്ട്രീയ പശ്ചാത്തലം അവര്‍ക്കുണ്ട്. നെഹ്രുവിന്റെ കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ഭക്തവത്സലത്തിന്റെ ചെറുമകള്‍. മൂന്ന് ദശാബ്ദങ്ങളായി കോണ്‍ഗ്രസ് നേതൃനിരയിലുള്ള മഹതി. രാഹുലിന്റെ അച്ഛന്‍ ശ്രീ പെരമ്പതൂരില്‍ ബോംബ് പൊട്ടി രക്തസാക്ഷിയായപ്പോള്‍ ആദ്യം സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതാവ്. ജയന്തി വനം പരിസ്ഥിതി വകുപ്പില്‍ നിരവധി സമ്മര്‍ദ്ദങ്ങളോട് ഏറ്റുമുട്ടിയാണ് ഒടുവില്‍ തോറ്റ് പിന്‍വാങ്ങിയതെന്ന് പറയുന്നു. പശ്ചിമഘട്ട വനനിരകളുടെ സംരക്ഷണാര്‍ത്ഥം പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ഉണ്ടാക്കിയ പഠന റിപ്പോര്‍ട്ട് മുതല്‍ കേരളത്തിലെ ആറന്മുള വിമാനത്താവളം പദ്ധതിവരെ ജയന്തിയെ ശ്വാസം മുട്ടിച്ച പ്രശ്‌നങ്ങളാണ്.

കാടും പ്രകൃതിയും ജീവവ്യവസ്ഥയുടെ സംരക്ഷണവും ഉറപ്പുവരുത്താന്‍ രൂപംകൊണ്ട മന്ത്രാലയത്തിന് വികസനത്തെക്കുറിച്ച് വലിയ സങ്കല്‍പ്പങ്ങളുണ്ടാകണം. ഏത് വ്യവസായ സംരംഭത്തിനും പാരിസ്ഥിതികാനുമതി നിര്‍ബ്‌നധം. ആറന്മുള വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2013 സെപ്തംബര്‍ 26-ാം തീയതി എഴുതിയ കത്ത് മന്ത്രിയായിരുന്ന ജയന്തി നടരാജന് ലഭിച്ചു. ”പ്രവാസി മലയാളികള്‍ക്ക് ഉപകാരപ്പെടുന്ന വിമാനത്താവളമാണ്. മൂന്നാര്‍, തേക്കടി, കുമരകം എന്നിവിടങ്ങളില്‍ വരുന്ന വിനോദസഞ്ചാരികള്‍ക്ക് എളുപ്പം എത്താം. ശബരിമല തീര്‍ത്ഥാടകരെ വലിയ അളവില്‍ സഹായിക്കും. എല്ലാത്തിനും ഉപരി വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ തുറന്നുകിട്ടും. മറ്റ് അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞ ഈ പദ്ധതിയില്‍ സര്‍ക്കാരിന് പത്തുശതമാനം ഓഹരി പങ്കാളിത്തമുണ്ട്.” അതിനാല്‍ എത്രയും വേഗം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി കേരളത്തിന്റെ സ്വപ്നപദ്ധതിയെ സഹായിക്കൂ എന്ന് ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിയോട് സവിനയം അഭ്യര്‍ത്ഥിച്ചു. കെ.ജി.എസ്. ഗ്രൂപ്പ് എന്ന സ്വകാര്യ സംരംഭകരുടെ വിമാനത്താവളം പദ്ധതിക്കുവേണ്ടി സംസ്ഥാന മുഖ്യമന്ത്രി ഇങ്ങനെ താണു വീണ് അപേക്ഷിക്കുന്നത് കണ്ടപ്പോള്‍ ജയന്തി നടരാജന് പന്തികേട് തോന്നിയിട്ടുണ്ടാകണം. ആ കത്ത് ഉള്‍പ്പെട്ട അനുമതി അപേക്ഷയിന്മേല്‍ അവര്‍ തീരുമാനമെടുക്കാന്‍ മടിച്ചു. മദ്ധ്യകേരളത്തില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എം.പി.മാര്‍ വഴി കേരളത്തിന്റെ സമ്മര്‍ദ്ദം ഏറിയപ്പോള്‍ ആറന്മുളയുടെ പരിസ്ഥിതിക്ക് വിമാനത്താവളം വന്നാല്‍ എന്തു ദോഷമുണ്ടാകുമെന്ന് മന്ത്രി പഠിച്ചു.വിമാനത്താവളത്തിനെതിരെ ഉയരുന്ന പ്രതിഷേധ സമരങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചു. ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കുന്ന പദ്ധതിയാണെന്ന് ജയന്തി നടരാജന് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിഞ്ഞു. കേരള മുഖ്യമന്ത്രിയോട് അവര്‍ സഹതപിച്ചു. കാരണം 500 ഏക്കര്‍ നെല്‍വയല്‍ നികത്തണം. അതിന് 96 ലക്ഷം ടണ്‍ മണ്ണ് ഏതെങ്കിലും മല ഇടിച്ച് കൊണ്ടുവരണം. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 27 അപൂര്‍വ സസ്യങ്ങള്‍ അടക്കം 212 ഇനം കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളും മരങ്ങളും കൊണ്ട് നിറഞ്ഞതാണ് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം. അവയില്‍ പത്തു ചെടികള്‍ ആയൂര്‍വേദ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നവയാണ്. 80 ഇനം പക്ഷിക്കൂട്ടങ്ങള്‍ അവിടെ സദാ കാണപ്പെടുന്നു. വയല്‍ നികത്തി വിമാനത്താവളം നിര്‍മ്മിക്കുന്നതോടെ പരിസരങ്ങളിലെ നൂറു കണക്കിന് കിണറുകള്‍ വറ്റിവരണ്ടുപോകും. രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകാം. പദ്ധതി പ്രദേശത്തെ പ്രശസ്തമായ ക്ഷേത്രത്തിലെയും നിരവധി കാവുകളിലെയും അനുഷ്ഠാനങ്ങള്‍ അവതാളത്തിലാകുന്നതുവഴി സാംസ്‌കാരികമായ തിരിച്ചടി നേരിടാവുന്നതാണ്. മഴക്കാലത്ത് സമീപത്തുള്ള പമ്പാനദിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ ജലം പരന്നൊഴുകിപ്പോകുന്നത് വയലും നീര്‍ച്ചാലുകളും ഉള്ളതുകൊണ്ടാണ്. അവ നികത്തപ്പെടുന്നതോടെ നദീതീരം ഇടിഞ്ഞ് അപകടങ്ങളും വന്‍ ദുരന്തങ്ങളും ഉണ്ടാകുമെന്ന ഭയം അസ്ഥാനത്തല്ല.

തൃശൂരിലെ സലിം ആലി ഫൗണ്ടേഷനും ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതിയും ഇങ്ങനെ നിരവധി വാദഗതികള്‍ വിമാനത്താവളം പദ്ധതിക്കെതിരെ ഉയര്‍ത്തിയിട്ടുണ്ട്. അവയൊന്നും തള്ളിക്കളയാവുന്നതല്ലെന്ന് വനം – പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജന്‍ കണ്ടു. അതിനാല്‍ ആറന്മുള വിമാനത്താവളം പദ്ധതിക്ക് അനുമതി നല്‍കാന്‍ അവര്‍ വിസമ്മതിച്ചു.

കേരളത്തില്‍ ആറന്മുള പദ്ധതിക്ക് അനുകൂലമായും പ്രതികൂലമായും സമരം നടക്കുമ്പോള്‍ ഇടതു സര്‍ക്കാരാണ് കൃഷി നിലം നികത്താന്‍ കെ.ജി.എസ്. ഗ്രൂപ്പിന് അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇടതുവലതു ഭരണകൂടങ്ങള്‍ ഒരുപോലെ തെറ്റുചെയ്താല്‍ അതു തിരുത്തുന്നതിനുപകരം തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് ന്യായീകരണമില്ലെന്നിരിക്കെ വിമാനത്താവളം പദ്ധതിക്കു പിന്നിലെ വില്ലന്‍ ആരെന്നറിയാതെ സാമാന്യജനം വലഞ്ഞു. അപ്പോള്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്ത് ജയന്തി നടരാജന്റെ പക്കല്‍ സുവ്യക്തമായ ഒരു തെളിവും നാണക്കേടുമായി ഇരിപ്പുണ്ടായിരുന്നു. എത്ര പെട്ടെന്നാണ് പിന്നെ കാര്യങ്ങള്‍ക്ക് വേഗതയേറിയത്.

ജയന്തി നടരാജന്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് മുന്നറിയിപ്പില്ലാതെ മാറ്റപ്പെട്ടു. പിറ്റേദിവസം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മുംബെയില്‍ വ്യവസായികളുടെ യോഗത്തില്‍ പ്രസംഗിച്ചു. ”വ്യവസായ വളര്‍ച്ചയ്ക്ക് തടസ്സമാകുന്ന പ്രവര്‍ത്തനം ഇനി പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുണ്ടാകില്ല.” എന്ന രാഹുലിന്റെ വാക്കുകള്‍ ജയന്തിയെ ഉദ്ദേശിച്ചു മാത്രമായിരുന്നു. ആറന്മുള വിമാനത്താവളം ആരുടെ പദ്ധതിയായിരുന്നു? പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദേരയ്ക്ക് അതില്‍ പങ്കാളിത്തമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. അതൊരു അഭ്യൂഹമായിരുന്നോ എന്ന് വ്യക്തമല്ല. പ്രതിപക്ഷ നേതാവ് തന്റെ പ്രസ്താവനയ്ക്ക് തെളിവൊന്നും ഉയര്‍ത്തിയില്ല. കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ റോബര്‍ട്ട് വദേരയ്ക്ക് വന്‍തോതില്‍ ഭൂമി ഇടപാടുകളുണ്ടെന്ന വാര്‍ത്തകള്‍ ശരിയായിരുന്നു. ആറന്മുള പദ്ധതിയോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പുലര്‍ത്തിപ്പോന്ന അമിത താല്‍പ്പര്യത്തിനു കാരണം പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവാണെങ്കില്‍ ജയന്തി നടരാജന്‍ അറിഞ്ഞുകൊണ്ട് എതിര്‍ക്കാനൊന്നും ധൈര്യപ്പെടില്ല. തമിഴ്‌നാട്ടില്‍ ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ച് ജയിച്ചിട്ടുള്ള നേതാവല്ല ജയന്തി. എങ്കിലും 30 വര്‍ഷമായി അവര്‍ എം.പിയോ മന്ത്രിയോ കോണ്‍ഗ്രസ് വക്താവോ ആയി നേതൃനിരയിലുണ്ട്. നെഹ്രു കുടുംബവുമായി ജയന്തിയുടെ കുടുംബം നാലു തലമുറകളായി തുടരുന്ന അടുപ്പം മാത്രമായിരുന്നു ഏക ബലം. അതിനി വേണ്ടെന്ന് വയ്ക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് മാറ്റപ്പെട്ടശേഷം അവര്‍ ഒരു വര്‍ഷത്തോളം കാത്തിരുന്നു. 2013 ഡിസംബറിലാണ് ജയന്തി മന്ത്രിസ്ഥാനത്തു നിന്ന് മാറ്റപ്പെട്ടത്. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ആ മാറ്റം എന്ന് എ.ഐ.സി.സി. വക്താവായി പ്രത്യക്ഷപ്പെട്ടുകൊണ്ട് അവര്‍ പറഞ്ഞു. അത് വെറുതെയായിരുന്നു. രാഹുല്‍ഗാന്ധി ഇരിക്കാന്‍ പറഞ്ഞാല്‍ വിനയത്തോടെ നിലത്തു വീണ് ഇഴയുമായിരുന്ന വീരപ്പമൊയ്‌ലിയില്‍ പിന്നീട് വനം-പരിസ്ഥിതി മന്ത്രാലയം അധഃപതിച്ചു. കോണ്‍ഗ്രസില്‍ ഒരു രാഹുല്‍ വിരുദ്ധ ചേരിയുണ്ട്. അവര്‍ ജയന്തി നടരാജന്റെ തീരുമാനത്തില്‍ ആഹ്ലാദിക്കുന്നുണ്ടാകണം. ഒരാളെങ്കിലും യുവരാജാവിനെതിരെ  പരസ്യമായി രംഗത്തുവന്നല്ലോ.

തമിഴ്‌നാട്ടില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ഇറക്കിയ തന്ത്രത്തിന്റെ പാവപ്പെട്ട ഇരയാണ് ജയന്തി നടരാജന്‍ എന്ന് കരുതുന്നവരുണ്ട്. ജയന്തി ബി.ജെ.പിയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ അങ്ങനെ പറയാം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണാ തിരാഥ് മുന്‍ മന്ത്രിയും മുന്‍ എം.പിയും ആയിരുന്നു. അവര്‍ ഈയിടെ ബി.ജെ.പിയില്‍ ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെ മത്സരിക്കുന്നു. ഇതൊരു പ്രവണതയായി പടരാന്‍ കാത്തിരിക്കുകയാണ് ഭാഗ്യാന്വേഷികളായ കോണ്‍ഗ്രസ് നേതാക്കള്‍. അങ്ങനെ നല്ല ലക്ഷ്യത്തോടെ അല്ലെങ്കിലും കോണ്‍ഗ്രസ്സിനുള്ളില്‍ വംശാധിപത്യം വെല്ലുവിളിക്കപ്പെടുകയാണ്. ഡല്‍ഹിയില്‍ നിന്ന് തമിഴ്‌നാട് വരെ എത്തിയ രാഹുല്‍ വിരുദ്ധ കാറ്റ് സഹ്യപര്‍വതം കടന്ന് കേരളത്തില്‍ എത്തുമോ? സ്ത്രീ നേതാക്കളില്‍ മാത്രം ഇപ്പോള്‍ കാണുന്ന ഈ തന്റേടം കോണ്‍ഗ്രസ്സിലെ പുരുഷകേസരികളെ അലോസരപ്പെടുത്തുന്നില്ലേ? മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയില്‍ മഹാത്മാ ഗാന്ധിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. നോക്കണേ, ഒരു പാര്‍ട്ടിയുടെ പാപ്പരത്തം.

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍