UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോമഡികള്‍ എന്നൊക്കെ തികച്ചു വിളിക്കാന്‍ പോലും തോന്നുന്നില്ലല്ലോ സാറേ!

Avatar

ഇന്ദു

തമിഴില്‍ ഈയടുത്ത് ഇറങ്ങിയ രാഷ്ട്രീയ ആക്ഷേപ സിനിമയാണ് ജോക്കര്‍. ഈ ചിത്രത്തെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ സംവിധായകന്‍ രാജു മുരുഗന്‍ പറഞ്ഞൊരു കാര്യമുണ്ട്; നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തെ അടയാളപ്പെടുത്താന്‍ ഏറ്റവും ഉചിതമായ വഴി തമാശയാണ്.

ഇ പി ജയരാജന്റെ രാജിക്കു പിന്നാലെ കോണ്‍ഗ്രസ്- ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങള്‍ കേട്ടപ്പോഴാണു ജോക്കറിന്റെ സംവിധായകന്‍ പറഞ്ഞ കാര്യം ഓര്‍ത്തുപോയത്. ഈ രാഷ്ട്രീയക്കാരോളം നമ്മളെ ചിരിപ്പിക്കാന്‍ ഒരു കോമഡിക്കാര്‍ക്കും സാധ്യമല്ല.

ഇ പി ജയരാജന്‍ ചെയ്ത തെറ്റിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. മന്ത്രിസ്ഥാനത്തു നിന്നുള്ള രാജി ജയരാജനെ മഹത്വവത്ക്കരിക്കുന്നതിനുള്ള കാരണവുമാകുന്നില്ല. തെറ്റു ചെയ്‌തൊരു മന്ത്രി ഇത്രപ്പെട്ടെന്ന് നടപടി നേരിട്ടപ്പോള്‍, അത്ര അവഗാഹത്തോടെയല്ലെങ്കിലും കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അത്ഭുതവും സന്തോഷവും തോന്നും. ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം, ഇടയ്ക്കെങ്കിലും സ്വയം തിരുത്താന്‍ തയ്യാറായതില്‍ കുറവല്ലാത്ത ആശ്വാസവും. 

ഇ പി ജയരാജന്റെ കള്ളത്തരം കണ്ടുപിടിച്ച് അദ്ദേഹത്തെ കൊണ്ട് രാജിവയ്പ്പിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയ കോട്ടിട്ട എട്ടുകാലി മമ്മൂഞ്ഞുമാരുടെ ആവേശം ഇതുവരെ ശമിച്ചിട്ടില്ലെങ്കിലും (അവരിനി പിണറായിയെ കൂടി രാജിവയ്പ്പിച്ചേ വിശ്രമിക്കൂ എന്നു തോന്നുന്നു) സാധാരണ ജനങ്ങളുടെ സമ്മേളന ഇടമായ സോഷ്യല്‍ മീഡിയയില്‍ ജയരാജന്റെ രാജി ജനാധിപത്യ സംരക്ഷണത്തിനുതകുന്ന ഒന്നായാണ് സ്വീകരിക്കപ്പെട്ടത്. ഇന്ന് സോഷ്യല്‍ മീഡിയ പരിശോധിക്കുന്നവര്‍ക്ക് അതു മനസിലാകും. ജയരാജനെ ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. അദ്ദേഹം കുപ്രചരണങ്ങളില്‍പെട്ട് രാജിവയ്‌ക്കേണ്ടിവന്നതാണെന്നു വിശദീകരിക്കാനും തയ്യാറായിട്ടില്ല. മറിച്ച് ആ രാജി തികച്ചും ജനാധിപത്യ മര്യാദയായിട്ടാണ് ഭൂരിഭാഗവും കാണുന്നത്. അതവിടെ നില്‍ക്കട്ടെ, ഇനി ആദ്യം പറഞ്ഞ തമാശക്കാരിലേക്ക് കടക്കാം.

വി ടി ബല്‍റാം എന്ന പ്രതീക്ഷ ശേഷിപ്പിക്കുന്ന കോണ്‍ഗ്രസുകാരനില്‍ നിന്നു തുടങ്ങാം. തന്റെ പാര്‍ട്ടി ഭരിച്ചിരുന്ന കാലത്ത് കളത്തിലുണ്ടായിരുന്നവരുടെ കള്ളത്തരങ്ങള്‍ ബല്‍റാം ഓര്‍ക്കുന്നില്ലെങ്കിലും ജനം മറന്നിട്ടുണ്ടാകില്ല. സ്വജനപക്ഷപാതത്തിന്റെ നാണക്കേട് ഇടതു സര്‍ക്കാരിന്റെ മേല്‍ കോരിയൊഴിക്കാന്‍ വെമ്പുന്ന ഇതേ എംഎല്‍എയുടെ തൊണ്ടയില്‍ ഇപ്പോഴും കുരുങ്ങി കിടക്കുന്നൊരു ലഡു കഷ്ണം ഉണ്ടാകാം. പിണറായി വിജയന് ഹല്ലേലൂയ പാടുന്നവരെ പരിഹസിക്കുന്ന അതേ ബല്‍റാം തന്നെയാണ് കെഎം മാണിക്കും ബാബുവിനും വേണ്ടി ഓശാന പാടിയതെന്നതും ഓര്‍ക്കുമ്പോഴാണ് ചിരി ഉച്ചത്തിലായി പോകുന്നത്. കുറ്റം ചെയ്തതു കയ്യോടെ പിടിക്കപ്പെട്ടവനാണ് ജയരാജന്‍ എങ്കില്‍, ബല്‍റാമിന്റെ മന്ത്രിമാരില്‍ എത്രയോ പേരുടെ തലയില്‍ കട്ട കോഴിയുടെ പൂടയുണ്ടായിരുന്നു എന്നും ചിരിയോടയല്ലാതെ ഇപ്പോള്‍ ചോദിക്കാന്‍ കഴിയുന്നില്ല. ഇതെല്ലാം മറന്ന്‍ ഫസ്റ്റ് വിക്കറ്റ് വീണതിന്റെ വിജയാഹ്ലാദം നടത്തുന്നതു കാണുമ്പോഴാണ് ചിരി സഹാക്കാന്‍ വയ്യാത്തത്!!! അല്ല, ബല്‍റാം, യു.ഡി.എഫ് മന്ത്രിസഭയില്‍ പേരുദോഷം കേള്‍പ്പിക്കാതിരുന്ന ഒരു മന്ത്രിയുടെ പേര് പറഞ്ഞേ! 

എല്ലാ ആക്ഷേപങ്ങളും ആരോപണങ്ങളും വരുമ്പോഴും സ്വന്തം മന:സാക്ഷി പറയട്ടെ, ജനകീയ കോടതി ശിക്ഷ വിധിക്കട്ടെ എന്നൊക്കെ പറഞ്ഞു തടിതപ്പിയിരുന്ന ഒരു മുഖ്യമന്ത്രിയില്‍ നിന്നും എന്തുകൊണ്ടും ഭേദമാണ്, ജയരാജന്റെ പേരിലുള്ള വിവാദം ഉയര്‍ന്ന് ഒരാഴ്ച കഴിയും മുന്നേ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും നീക്കാന്‍ തയ്യാറായ പിണറായി വിജയന്‍. ഒരു കോണ്‍ഗ്രസുകാരനതില്‍ ധാര്‍മിക ഔന്നിത്യം കാണാന്‍ കഴിയില്ലെങ്കിലും ജനസാമാന്യത്തിന് അതിനു സാധിക്കുന്നുണ്ട്. അഞ്ചുവര്‍ഷം ജനത്തെ കബളിപ്പിച്ചിട്ട്, ഒടുവില്‍ കളിയില്‍ തോറ്റ് നാണംകെട്ട് പുറത്തായതിനുശേഷം കെഎസ്ആര്‍ടിസി ബസിലും സെക്കന്‍ഡ് ക്ലാസ് സ്ലീപ്പറിലും കയറിയിറങ്ങി ജനകീയനാകാന്‍ ശ്രമിക്കുന്നതിലെ പൊള്ളത്തരത്തേക്കാള്‍ മതിപ്പുണ്ടാകും തെറ്റ് പറ്റിയെന്നും അതു തിരുത്തുന്നൂവെന്നും പറയുന്നൊരു ഭരണാധികാരിക്ക്. മാധ്യമപ്രവര്‍ത്തകരോട് ചതുര്‍ത്ഥിയുള്ളവന്‍ എന്നാണ് ആക്ഷേപമെങ്കിലും തന്റെ മന്ത്രിസഭയിലെ ഒരാംഗത്തിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ തനിക്കുള്ള നിലപാട് അറിയിക്കാതെ അദ്ദേഹം മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടിയില്ല, കൃത്യമായി, വ്യക്തമായി വിശദീകരണം നല്‍കി. സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന സൂചനകളും ഓരോ അവസരത്തിലും നല്‍കിക്കൊണ്ടേയിരുന്നു. അത്തരത്തിലൊരു നീക്കമൊന്നും അദ്ദേഹത്തിന്റെ മുന്‍ഗാമിയില്‍ നിന്നും കണ്ടിരുന്നില്ല. കെ ബാബുവൊക്കെ അഞ്ചുവര്‍ഷവും മന്ത്രിയായി ഇരുന്നില്ലേ? പോട്ടെ, ആ മുഖ്യമന്ത്രി തന്നെയല്ലേ അഞ്ചു വര്‍ഷവും ഭരിച്ചത്?

ജയരാജന്‍ രാജിവച്ചതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നു പറഞ്ഞു ഞെരിപൊരി കൊണ്ടു നില്‍ക്കുന്ന മറ്റു രണ്ടുപേരുണ്ട്. കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ചും അന്വേഷിക്കണമെന്നും ചെന്നിത്തല പറയുന്നതു കേട്ടത് ഒരശ്ലീല കോമഡി കേള്‍ക്കുന്നതുപോലെയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ മുഖ്യമന്ത്രിക്കും ഒരു ഓഫീസ് ഉണ്ടായിരുന്നല്ലോ! ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയ്ക്കു പോയതും അവിടെ നിന്നു മടങ്ങിയെത്തി അടൂരും തൃപ്പൂണിത്തുറയിലും തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാന്‍ പോയതും സുധീരന്‍ മറന്നോ? കടുംവെട്ടു കളി കളിച്ചവര്‍ക്കായി ആര്‍പ്പു വിളിച്ചവരാണ് ഇപ്പോള്‍ സാമാന്യമര്യാദ കാണിച്ചവരെ വിമര്‍ശിക്കുന്നത്. 

ഇതിനെല്ലാം പുറമെ ബിജെപി നേതാവ് വി മുരളീധരന്റെ വക മറ്റൊരു തമാശ കേട്ടു. ജനവികാരത്തിനു മുന്നിലാണ് ജയരാജന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായതെന്ന്. അങ്ങനെയെങ്കില്‍ താങ്കളുടെ പരമോന്നത നേതാവ് ഭരിക്കുന്ന ഒരു സര്‍ക്കാര്‍ അങ്ങ് ഡല്‍ഹിയില്‍ ഉണ്ടല്ലോ, എത്ര മന്ത്രിമാരെക്കുറിച്ചാണ് ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുള്ളത് എന്നു എന്തെങ്കിലും പിടിയുണ്ടോ? അത് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെയും ഒക്കെ കാര്യം. അതും കഴിഞ്ഞ്, ഭരണഘടന അനുസരിച്ച് സത്യം ചെയ്ത് അധികാരമേറ്റെടുത്ത ചില മന്ത്രിമാരുടെ വായില്‍ നിന്ന് വീഴുന്ന വര്‍ഗീയവിഷം തുപ്പുന്ന വാക്കുകള്‍ കേള്‍ക്കാതിരിക്കാന്‍ ബിജെപിക്കാര്‍ക്ക് ചെവിക്ക് കുഴപ്പമൊന്നുമില്ലല്ലോ? അപ്പോള്‍ ഈ പറയുന്ന ജനത്തിനൊക്കെ എന്തു വിലയാണ് നേതാവേ നിങ്ങള്‍ കൊടുത്തിട്ടുള്ളത്?

 

ജനങ്ങളുടെ വികാരം അംഗീകരിക്കാന്‍ തയ്യാറാകുന്നിടത്തല്ലേ സാര്‍ ജനാധിപപത്യം വിജയിക്കുന്നത്. ജനം തെറ്റു ചൂണ്ടികാണിക്കുമ്പോള്‍ അതു തിരുത്താന്‍ തയ്യാറാകുന്നിടത്തല്ലേ ജനാധിപത്യം വിജയിക്കുന്നത്. എതിര്‍പ്പ് കൂടി അംഗീകരിക്കാന്‍ ഒരു ഭരണകൂടം തയ്യാറാകുമ്പോഴല്ലേ അതിനെ ജനാധിപത്യഭരണകൂടം എന്നു വിളിക്കാന്‍ കഴിയുക. അങ്ങനെയെല്ലാം നോക്കുമ്പോള്‍ ജനമാണ് വലുതെന്ന സന്ദേശം ഉയര്‍ത്താന്‍, നിര്‍ബന്ധിതമായിട്ടാണെങ്കില്‍ പോലും തയ്യാറായ ഒരു സര്‍ക്കാരിനെതിരേ വടിയുയര്‍ത്തി നില്‍ക്കുന്നതു കാണുമ്പോള്‍, വീണ്ടുമൊന്നു തീര്‍ച്ചപ്പെടുത്തേണ്ടി വരികയാണ്; ഇമ്മാതിരി രാഷ്ട്രീയക്കാരേക്കാള്‍ വലിയ കോമഡിക്കാരില്ല. 

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍