UPDATES

നല്ല കാലം പ്രതീക്ഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെ കഷ്ടത്തിലാക്കുമോ വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടി

ഒരു ചോദ്യം ബാക്കി, എല്‍ഡിഎഫില്‍ വന്നാല്‍ ജെഡിയു ഒറ്റയ്ക്കു നില്‍ക്കുമോ, ലയിക്കുമോ?

എല്‍ഡിഎഫ് പിളര്‍ത്തി സിപിഐയെ യുഡിഎഫിലേക്ക് എത്തിക്കുമെന്ന സൂചന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നല്‍കിയിട്ട് ഏറെ ദിവസങ്ങളായില്ല. സിപിഐയും കോണ്‍ഗ്രസും സഖ്യകക്ഷികളായിരുന്ന നല്ലനാളുകളെക്കുറിച്ച് ഓര്‍ത്താണ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പരോക്ഷമായി പറഞ്ഞത്. യുഡിഎഫ് വിപുലമാക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിനേക്കാള്‍ യുഡിഎഫ് ദുര്‍ബലമാകുകയാണോയെന്ന ആശങ്കയാണ് ഉയരുന്നത്. എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകുകയാണെന്ന വ്യക്തമായ സൂചനയാണ് പാര്‍ട്ടി നേതൃത്വം ഇന്ന് നല്‍കിയിരിക്കുന്നത്. അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നതാകട്ടെ കോണ്‍ഗ്രസിനെ തന്നെയാണ്.

കോണ്‍ഗ്രസിലെ അന്ത:ഛിദ്രങ്ങള്‍ യുഡിഎഫിലെ ഘടകകക്ഷികളെ കൂടി ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. 2009ലാണ് ജെഡിയു യുഡിഎഫില്‍ ചേരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിന് എല്‍ഡിഎഫ് കോഴിക്കോട് സീറ്റിന് പകരം വയനാട് സീറ്റ് എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം മത്സരിച്ച ജെഡിയുവിന് രണ്ട് എംഎല്‍എമാരെ മാത്രമാണ് ലഭിച്ചത്. യുഡിഎഫ് നേട്ടം കൊയ്ത തെരഞ്ഞെടുപ്പില്‍ ഒരു മന്ത്രിയെയും അവര്‍ക്ക് ലഭിച്ചു. യുഡിഎഫില്‍ ചേര്‍ന്ന കാലം മുതല്‍ പലപ്പോഴും യുഡിഎഫ് വിടുന്നുവെന്ന സൂചനകളും ജെഡിയു നല്‍കുന്നുണ്ട്. ജെഡിഎസുമായി ലയിക്കാനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ ജനതാദളിന്റേത് ഇടതുപക്ഷ നിലപാടുകളാണെന്നും അതിനാല്‍ യുഡിഎഫില്‍ നിന്നും വിട്ടുവന്നാല്‍ മാത്രമേ ലയിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നും ജെഡിഎസ് വ്യക്തമാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ജെഡിയുവിന് പറ്റിയ പാളയമല്ല അതെന്ന് വിവിധയിടങ്ങളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഓരോ ഘട്ടത്തിലും കോണ്‍ഗ്രസ് അവരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തുകയായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായും ജെഡിയു, സഖ്യം വിടാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ രാജ്യസഭ സീറ്റുകളില്‍ ഒന്ന് നല്‍കി കോണ്‍ഗ്രസ് ആ നീക്കത്തെ തടഞ്ഞു. ഇതിന് പുറമെ ആവശ്യപ്പെട്ട നിയമസഭ സീറ്റുകളും അവര്‍ക്ക് അനുവദിച്ചു. അതേസമയം യുഡിഎഫ് തകര്‍ന്നടിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിച്ചെടുക്കാന്‍ ജെഡിയുവിന് സാധിച്ചില്ല. വീരേന്ദ്രകുമാറിന് ലഭിച്ച രാജ്യസഭ എംപി സ്ഥാനമൊഴിച്ച് നിര്‍ത്തിയാല്‍ ഇന്ന് അധികാരത്തിന് പുറത്താണ് അവര്‍. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തിനുള്ള അടുത്ത കളമൊരുങ്ങുന്നത്.

കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍ പാര്‍ട്ടിക്ക് നഷ്ടം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന ജെഡിയുവിന്റെ നിരീക്ഷണം ഒരുവിധത്തില്‍ ശരിയാണ്. അതിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മാത്രം പരിശോധിച്ചാല്‍ മതി. കോണ്‍ഗ്രസിനും ജെഡിയുവിനും സ്വാധീനമുള്ള മേഖലകളില്‍ പോലും ഇടതുമുന്നണി വലിയ വിജയമാണ് നേടിയത്. ഇത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന പരാജയമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സഖ്യകക്ഷികളെ പരാജയപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. താഴേത്തട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തങ്ങള്‍ക്ക് സാധിക്കാതെ പോകുന്നതും യുഡിഎഫിനൊപ്പം നിന്നതുകൊണ്ടാണെന്ന് ജെഡിയു നേതാവ് ഷെയ്ഖ് പി ഹാരിസ് പറയുന്നു.

"</p

അതേസമയം യുഡിഎഫ് വിപുലീകരണം സ്വപ്‌നം കാണുന്ന ഉമ്മന്‍ ചാണ്ടി സഖ്യത്തില്‍ വിള്ളല്‍ വീഴില്ലെന്നാണ് ഇപ്പോഴും പറയുന്നത്. ഇടതുമുന്നണി ജെഡിയുവിനെ സ്വാഗതം ചെയ്തതിനെക്കുറിച്ച് പുച്ഛത്തോടെയാണ് അദ്ദേഹം മറുപടി പറയുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്‍ഡിഎഫ് ഒരുപാട് തവണ ജെഡിയുവിനെ സ്വാഗതം ചെയ്തതല്ലേ, എന്നിട്ടും ഒന്നും സംഭവിച്ചില്ലല്ലോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കൂടാതെ കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ജെഡിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പ്രതീക്ഷിക്കുന്നാണ് ഉമ്മന്‍ ചാണ്ടി പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷമെന്ന നിലയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ യുഡിഎഫിന് സാധിക്കുന്നില്ലെന്ന ജെഡിയുവിന്റെ നിരീക്ഷണവും അദ്ദേഹം തള്ളിക്കളയുന്നു. അക്രമസമരങ്ങളല്ല യുഡിഎഫ് നയമെന്നാണ് അദ്ദേഹം ഇവിടെ പറയുന്നത്. അക്രമസമരത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ കാമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ദുര്‍ബലമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ മാത്രമാണ് ഒരു വര്‍ഷത്തിന് ശേഷവും പ്രതിപക്ഷത്തിന് സാധിച്ചിട്ടുള്ളുവെന്ന് കാണുമ്പോള്‍ ജെഡിയുവിന്റെ ഈ ആരോപണവും തള്ളിക്കളയാനാകില്ല. ഉയര്‍ത്തിപ്പിടിക്കേണ്ട പല വിഷയങ്ങളും വിട്ടുപോകുകയോ ദുര്‍ബലമായ പ്രതിഷേധങ്ങളാക്കുകയോ ചെയ്തും അനാവശ്യ വിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ചും പ്രതിപക്ഷം കോമാളികളാകുന്ന കാഴ്ചയാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്.

എംഎല്‍എമാര്‍ ആരും തന്നെയില്ലെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് ജെഡിയു മുന്നണി വിടുന്നത് കടുത്ത നഷ്ടം തന്നെയാണ്. നിലവില്‍ കോണ്‍ഗ്രസിനെ കൂടാതെ മുസ്ലിംലീഗും, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സിഎംപിയും (സിപി ജോണ്‍ വിഭാഗം) ആര്‍എസ്പിയും ജെഡിയുവും മാത്രമാണ് ഈ മുന്നണിയിലുള്ളത്. ഇതില്‍ സിഎംപി, ആര്‍എസ്പി, ജെഡിയു എന്നിവയ്ക്ക് ഒരു എംഎല്‍എ പോലുമില്ല. കേരള കോണ്‍ഗ്രസിന്റെ മാണി വിഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ യുഡിഎഫില്‍ നിന്നും വിട്ടുപോയിരുന്നു. പ്രാദേശിക ധാരണയോടെ തന്നെ മുന്നോട്ട് പോകുമെന്ന് പറഞ്ഞിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. ജെഡിയു മുന്നണി വിട്ടുപോകുമ്പോള്‍ ഇത്തരത്തില്‍ ഏതാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തെയും ഇത് ബാധിക്കുമെന്ന് ഉറപ്പാണ്. കൂടാതെ ആര്‍എസ്പിയിലെ ഒരു വിഭാഗത്തിന് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്തിയത് തെറ്റായി പോയി എന്ന അഭിപ്രായവുമുണ്ട്. ഇക്കാരണങ്ങളാലെല്ലാമാണ് ജെഡിയു വിട്ടുപോകുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ബിഹാറില്‍ വിശാല സഖ്യം രൂപീകരിച്ച് ബിജെപിക്കെതിരെ പ്രതിരോധ കോട്ട സൃഷ്ടിച്ച ജെഡിയു രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പമാണ് നീങ്ങുന്നത്. ഏതാനും നാളുകള്‍ക്കകം അവര്‍ ബിജെപിയുമായി സഖ്യം രൂപീകരിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കില്ലെന്നാണ് ജെഡിയു സംസ്ഥാനഘടകത്തിന്റെ തീരുമാനം. ഒരു വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാരാകട്ടെ ജനപ്രീതി ദിനംപ്രതി വര്‍ദ്ധിപ്പിക്കുകയാണ്.

പ്രതിപക്ഷ നിലപാടുകളുടെ കാര്യത്തില്‍ രാജ്യം ഇപ്പോള്‍ മുഖ്യമായും ഉറ്റുനോക്കുന്ന സംസ്ഥാനമാണ് കേരളം. ബിജെപിയുടെ കേന്ദ്ര ഭരണത്തെ കേരള സര്‍ക്കാരിനോളം എതിര്‍ക്കുന്ന മറ്റൊരു സംസ്ഥാന സര്‍ക്കാരുമുണ്ടെന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന് ബിജെപിയെ എതിര്‍ക്കാന്‍ ജെഡിയു തീരുമാനിച്ചതില്‍ യാതൊരു അത്ഭുതവുമില്ല. ബിജെപിയുടെ ഫാസിസ്റ്റ് നയത്തിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച തങ്ങള്‍ക്ക് പറ്റിയ പാളയം എല്‍ഡിഎഫ് തന്നെയാണെന്ന് വീരേന്ദ്രകുമാറിനും സംഘത്തിനും നന്നായി അറിയാം. തങ്ങളുടെ മതേതര, സോഷ്യലിസ്റ്റ് പ്രതിച്ഛായ ശക്തമാക്കാന്‍ ജെഡിയുവിന് നല്ലത് എല്‍ഡിഎഫില്‍ ചേരുന്നത് തന്നെയാണ്.

സിപിഎമ്മിനു പുറമെ മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് അവരെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇരുപാര്‍ട്ടികളും വീണ്ടും ലയിക്കുമോ അതോ ഇപ്പോഴത്തെ നിലപോലെ രണ്ടായി തന്നെ നില്‍ക്കുമോ എന്നകാര്യത്തില്‍ സംസാരമൊന്നും ഉണ്ടായിട്ടില്ല. മുമ്പ് ജെഡിയുവും ജെഡിഎസും ലയിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അന്ന് യുഡിഎഫ് വിട്ടുവരണമെന്നാണ് ജെഡിഎസ് നിലപാടെടുത്തത്. എല്‍ഡിഎഫിലേക്ക് ജെഡിയു എന്ന പാര്‍ട്ടിയായി തന്നെയാണ് എത്തുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജെഡിഎസും ജെഡിയുവും തമ്മിലുണ്ടാകാനിടയുള്ള സീറ്റ് തര്‍ക്കം ഇടതുപക്ഷത്തിന് വീണ്ടും വെല്ലുവിളിയാകുകയും ചെയ്യും. അതേസമയം ദേശീയതലത്തില്‍ ജെഡിയു എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നാല്‍ ഓരോ ശ്വാസത്തിലും ബിജെപിയെ എതിര്‍ക്കുന്ന സിപിഎമ്മിന് സംസ്ഥാന തലത്തില്‍ ജെഡിയുവിനെ മുന്നണിയില്‍ തുടരാന്‍ അനുവദിക്കാനുമാകില്ല. അഥവ അനുവദിച്ചാല്‍ അത് സിപിഎമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ക്ക് തിരിച്ചടിയാകും.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍