UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഡിയു മുന്നണി വിടാതിരിക്കാന്‍ രാജ്യസഭാ സീറ്റ് വാഗ്ദാനം ഓര്‍മ്മിപ്പിച്ച് തങ്കച്ചന്‍

അഴിമുഖം പ്രതിനിധി

ഈ വര്‍ഷം രാജ്യസഭയിലേക്ക് ഒഴിവു വരുന്ന സീറ്റുകളില്‍ ഒന്ന് എം പി വീരേന്ദ്ര കുമാറിന്റെ ജെഡിയുവിന് നല്‍കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഇക്കാര്യം അവര്‍ക്ക് നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണ്. ജെഡിയു മുന്നണി വിടുന്ന സാഹചര്യം ഇപ്പോഴില്ലെന്നും അവരുടെ പരാതികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ഏപ്രിലില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവ് വരുന്നത്. നിയമസഭയിലെ അംഗങ്ങളുടെ എണ്ണ ബലത്തിന് അനുസരിച്ച് രണ്ട് പേരെ യുഡിഎഫ് വിജയിപ്പിക്കാനാകും. എല്‍ഡിഎഫിന് ഒരാളേയും. കോണ്‍ഗ്രസില്‍ നിന്ന് എകെ ആന്റണിയും സിപിഐഎമ്മിന്റെ കെ എന്‍ ബാലഗോപാലും ടി എന്‍ സീമയുമാണ് രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതില്‍ എകെ ആന്റണിയെ പാര്‍ലമെന്റില്‍ നിലനിര്‍ത്താനാകും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന് താല്‍പര്യം. കൂടാതെ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാതിരിക്കാനാണ് ലാവ് ലിന്‍ കേസ് വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുത്തിപ്പൊക്കിയതെന്ന വാദവും ഉയരുന്നുണ്ട്. അതിനാല്‍ ഇപ്പോഴത്തെ അംഗബലം അനുസരിച്ച് യുഡിഎഫിന് ജയിപ്പിക്കാവുന്ന രണ്ടാമത്തെ സീറ്റ് ജെഡിയുവിന് നല്‍കുമെന്ന ധ്വനിയാണ് തങ്കച്ചന്‍ നല്‍കുന്നത്.

യുഡിഎഫിന്റെ കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം ജെഡിയു നിരന്തരമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് പാര്‍ട്ടി തലവന്‍ എം പി വീരേന്ദ്രകുമാറിന്റെ പരാജയം അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വളരെ നിസംഗ മനോഭാവമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മുന്നണി വിടുമെന്ന ഭീഷണി ഉയര്‍ത്തുമ്പോള്‍ സമാശ്വാസ വാക്കുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തുകയും ചെയ്യാറുണ്ട്.

യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞടുപ്പ് പത്രിക തയ്യാറാക്കുന്ന യോഗത്തില്‍ ജെഡിയു പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും ഗ്രൂപ്പുകള്‍ക്ക് ബദലായി സ്വന്തം ഗ്രൂപ്പുണ്ടാക്കി വരുന്ന കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നടത്തുന്ന കേരളാ രക്ഷാ യാത്രയുടെ കോഴിക്കോട് സ്വീകരണത്തില്‍ എം പി വീരേന്ദ്രകുമാര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍