UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ജീപ്പ് ഗ്രാന്റ് ചെരോക്കി എന്ന പുലി

ഇന്ത്യക്കാരന് ‘ജീപ്പ്’ എന്നാല്‍ മഹീന്ദ്രയുടെ മോഡലാണ്. എന്നാല്‍ യഥാര്‍ത്ഥ ജീപ്പ് അതല്ല. ‘ജീപ്പ്’ ഒരു അമേരിക്കന്‍, എസ്‌യുവി നിര്‍മ്മാണകമ്പനിയാണ്. 1941-ല്‍ ജനിച്ച അമേരിക്കന്‍ മോട്ടോഴ്‌സ് എന്ന കമ്പനിയാണ് ജീപ്പ് എന്ന പേരില്‍ എസ്‌യുവികള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. നമ്മുടെ നാട്ടില്‍ പണ്ട് കണ്ടുവന്നിരുന്ന ‘വില്ലീസ് ജീപ്പ്’ അമേരിക്കന്‍ മോട്ടോഴ്‌സിന്റെ വകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കന്‍ സൈന്യം ഏറ്റവുമധികം ഉപയോഗിച്ചത് ജീപ്പിന്റെ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളാണ്. ബന്‍താം, പിഗ്മി, വില്ലീസ്, കൈസര്‍ എന്നീ പേരുകളിലെല്ലാം ജീപ്പിന്റെ വാഹനങ്ങള്‍ പുറത്തുവന്നു.

സിവിലിയന്‍, ആര്‍മി മോഡലുകളുണ്ടായിരുന്ന അമേരിക്കന്‍ മോട്ടോഴ്‌സിനെ ഫിയറ്റ് ഏറ്റെടുത്തത് 1987-ലാണ്. തുടര്‍ന്ന് ആധുനിക ലോകത്തിനു ചേരുന്ന രീതിയിലുള്ള എസ്‌യുവികള്‍ ജീപ്പ് നിര്‍മ്മിച്ചു തുടങ്ങി. റാംഗ്ലര്‍, ചെരോക്കി എന്നിവയൊക്കെ ഉദാഹരണങ്ങള്‍.

ഇന്ത്യയില്‍ ജീപ്പിന്റെ മോഡലുകള്‍ വരുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഓരോരോ കാരണങ്ങളാല്‍ മാതൃകമ്പനിയായ ഫിയറ്റ് ജീപ്പിന്റെ ഇന്ത്യന്‍ പ്രവേശം മാറ്റിവെച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇനി കാത്തിരിപ്പു വേണ്ട റാംഗ്ലര്‍, ഗ്രാന്റ് ചെരോക്കി എന്നീ മോഡലുകള്‍ വാഹനപ്രേമികളെ പുളകമണിയിച്ചു കൊണ്ട് ഇന്ത്യന്‍ മണ്ണില്‍ പ്രവേശിക്കുകയാണ്. ഗ്രാന്റ് ചെരോക്കിയുടെ വിശേഷങ്ങളാവാം ഇത്തവണ.

ഗ്രാന്റ് ചെരോക്കി

1992-ല്‍ നിര്‍മ്മാണമാരംഭിച്ച മോഡലാണ് ഗ്രാന്റ് ചെരോക്കി. ഈ മിഡ്‌സൈസ് എസ്‌യുവിയുടെ നാലാം ജനറേഷന്‍ 2011-ലാണ് പുറത്തുവന്നത്. അതേ മോഡലാണ് ഇപ്പോഴും വിപണിയിലുള്ളത്. 3 ലിറ്റര്‍, 3.6 ലിറ്റര്‍, 5.7 ലിറ്റര്‍, 6.4 ലിറ്റര്‍ എന്നിങ്ങനെ വിവിധ എഞ്ചിന്‍ വകഭേദങ്ങളുണ്ട്. പുതിയ ഗ്രാന്റ് ചെരോക്കിയ്ക്ക്. 2015-ല്‍ ലോകമെമ്പാടുമായി 2,77,236 ഗ്രാന്റ് ചെരോക്കികള്‍ വിറ്റഴിക്കാന്‍ ജീപ്പിനു കഴിഞ്ഞിട്ടുണ്ട്. എസ് യു വി പ്രേമികളുടെ ഹരമാണ് ഈ മോഡല്‍.

കാഴ്ച

പഴയ വില്ലീസ് ജീപ്പുമായി യാതൊരു സാദൃശ്യവും ജീപ്പിന്റെ പുതിയ മോഡലുകള്‍ക്കില്ല. ഗ്രില്ലിന്റെ രൂപത്തില്‍ വേണമെങ്കില്‍ ചെറിയൊരു സാദൃശ്യം പറയാമെന്നു മാത്രം. ഡിസൈനിന്റെ കാര്യത്തില്‍ ലോകത്തിലേറ്റവുമധികം പുരസ്‌കാരങ്ങള്‍ ലഭിച്ച എസ് യു വിയാണ് ജീപ്പ് എന്നുമറിയുക. ഏഴ് വെര്‍ട്ടിക്കല്‍ സ്ലോട്ടുകളാണ് ഗ്രില്ലിനുള്ളത്. തീക്ഷ്ണമായ ഹെഡ്‌ലാമ്പുകളില്‍ ഡേ ടൈം റണ്ണിംഗ്‌ലാമ്പ്. വിരിഞ്ഞു നില്‍ക്കുന്ന സൈഡ് ഫെന്‍ഡറുകള്‍ക്കൊപ്പം വിരിയുന്ന വലിയ ബമ്പറില്‍ ക്രോമിയം സ്ലോട്ടിനുള്ളില്‍ ഫോഗ്‌ലാമ്പ്. ബമ്പറിനു താഴെ ബ്ലാക്ക് ക്ലാഡിങ്ങില്‍ നെറ്റഡ് എയര്‍ഡാം. അതിനു താഴെ എസ് യു വികളുടെ തനത് സ്‌കഫ് പ്ലേറ്റ്.

വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ഗ്രാന്റ് ചെരോക്കിക്ക് അത്ര ഗാംഭീര്യമുണ്ടെന്നു പറഞ്ഞുകൂടാ. ഒരുസോഫ്റ്റ് 7 സീറ്റര്‍ എസ്‌യുവിയാണ് സൈഡ് പ്രൊഫൈല്‍ ഓര്‍മ്മിപ്പിക്കുന്നത്. വലിയ വീല്‍ആര്‍ച്ചുകളും ബോഡിലൈനുകളും വലിയ ക്വാര്‍ട്ടര്‍ ഗ്ലാസുമാണ് ഗ്രാന്റ് ചെരോക്കിക്കുള്ളത്.

പിന്‍ഭാഗം കൂടുതല്‍ സൗമ്യമാണ് മുന്‍ഭാഗത്തെ ദാരിദ്ര്യമൊന്നും പിന്നിലില്ല. ചെത്തിയെടുത്ത ബൂട്ട് ലൈനുകളും അത്ര വലുതല്ലാത്ത ബമ്പറും ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുമാണ് പിന്നില്‍ ശ്രദ്ധിക്കപ്പെടുന്ന ഘടകങ്ങള്‍. ടെയ്ല്‍ലാമ്പ് വശങ്ങളില്‍ നിന്നാരംഭിക്കുന്നു. ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലറും ക്രോമിയം ബമ്പര്‍ ലൈനും പിന്‍ഭാഗത്തുണ്ട്.

ഉള്ളില്‍

വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ 7 സീറ്ററാണെന്നു തോന്നുമെങ്കിലും 5 സീറ്ററാണ് ഗ്രാന്റ് ചെരോക്കി. പിന്നില്‍ പക്ഷേ വമ്പന്‍ ബൂട്ട്‌സ്‌പേസുണ്ട്. 1544 ലിറ്റര്‍! കൂടാതെ ഫുള്‍സൈസ് സ്‌പെയര്‍ വീലിനും പിന്നില്‍ സ്ഥലമുണ്ട്. പുതിയ വോള്‍വോ എക്‌സ് സി 90-യെ ഓര്‍മ്മിപ്പിക്കുന്നു, ഡാഷ്‌ബോര്‍ഡ്.


സെന്റര്‍ കണ്‍സോളിലും ഡാഷ്‌ബോര്‍ഡിലും കറുപ്പിന്റെയും അലൂമിനിയും ഫിനിഷിന്റെയും ജുഗല്‍ബന്ദി. വലിയ 8.9 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഡാഷ്‌ബോര്‍ഡിനു നടുവില്‍. ഇതിലും മീറ്റര്‍ കണ്‍സോളിലെ സ്‌ക്രീനിലുമായി വാഹനത്തിന്റെ കണ്‍ട്രോളുകളെല്ലാം വീക്ഷിക്കാം. വോയ്‌സ് കണ്‍ട്രോള്‍, എയര്‍ സസ്‌പെന്‍ഷന്‍, ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റം, റഡാര്‍ ബേസ്ഡ് അഡാപ്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, സാറ്റലൈറ്റ് നാവിഗേഷന്‍, ബ്ലൂടൂത്ത് ടെലിഫോണി, പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ, എസ് ഡി കാര്‍ഡ് സ്ലോട്ട്, യു എസ് ബി സ്ലോട്ട് എന്നിവയൊക്കെ നിയന്ത്രിക്കപ്പെടുന്നത് സ്‌ക്രീനില്‍ കാണാം. അതിനായി ധാരാളം സ്വിച്ചുകള്‍ ഡാഷ്‌ബോര്‍ഡിലും സ്റ്റിയറിംഗ് വീലിലുമുണ്ട്. ദുബായില്‍ ടെസ്റ്റ്‌ഡ്രൈവ് ചെയ്തത് ഇറാക്കിലേക്ക് കയറ്റുമതി ചെയ്യുന്ന മോഡലാണ്. ഇതില്‍ പിന്‍ഭാഗം വരെ നീളുന്ന പനോരമിക് സണ്‍റൂഫുണ്ട്. ഇന്ത്യയിലും ടോപ്എന്‍ഡ് മോഡലില്‍ ഇതു കണ്ടേക്കും.

ഡാഷ്‌ബോര്‍ഡിനു മേലെ സോഫ്റ്റ്ടച്ച് ലെതറിന്റെ ആവരണമുണ്ട്. ഡാഷ്‌ബോര്‍ഡില്‍ മോക്ക്‌വുഡിന്റെ പാനലുകളും കാണാം. പിന്‍ഭാഗത്ത് ടെയ്ല്‍ഗേറ്റ് ഇലക്ട്രിക്കലി ക്ലോസ് ചെയ്യാന്‍ സ്വിച്ചുണ്ട്.

ഡ്രൈവര്‍ സൈഡിലെ സീറ്റിന് കണ്‍ട്രോളുകളുണ്ട്. കൂടാതെ ഹീറ്റിങ് ഓപ്ഷനുമുണ്ട്. മുന്നിലും പിന്നിലും സ്ഥലസൗകര്യം ഇഷ്ടംപോലെ. അതുപോലെ സെന്റര്‍ കണ്‍സോളിലെ, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലെയുള്ള രൂപത്തിലുള്ള ഓട്ടോമാറ്റിക് ഗിയര്‍ ലിവറും കൗതുകം പകരും.

എഞ്ചിന്‍

2012-ലെ മെര്‍സിഡസ് ബെന്‍സ് എം ക്ലാസിന്റെ പ്ലാറ്റ്‌ഫോം നവീകരിച്ചാണ് ഗ്രാന്റ്‌ചെരോക്കി നിര്‍മ്മിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡ്രൈവബിലിറ്റിയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ് ഗ്രാന്റ് ചെരോക്കി. ഇന്ത്യയിലെത്തുന്നത് 3 ലിറ്റര്‍ വി6 എഞ്ചിന്‍ മോഡലാണ്. ഇത് 237 ബിഎച്ച്പി യാണ്. 58.07 കി.ഗ്രാം മീറ്റര്‍ടോര്‍ക്ക് 2000 ആര്‍ പി എമ്മില്‍ത്തന്നെ ലഭ്യമാകുന്നു.

100 കി.മീ വേഗതയെടുക്കാന്‍ വെറും ഒമ്പത് സെക്കന്റുകള്‍ മതി. സീ എഫ് കമ്പനിയുടെ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തകര്‍പ്പന്‍. സ്‌പോര്‍ട്ട് മോഡില്‍ 4000 ആര്‍പി എമ്മില്‍ ഒരു കുതിച്ചുചാട്ടമുണ്ട്. ഹരം പകരുന്ന അനുഭവമാണത്. 2400 കി.ഗ്രാം ഭാരവും 4875 മി.മീ നീളവും 2915 മി.മീ വീല്‍ബെയ്‌സുമുള്ള ഗ്രാന്റ് ചെരോക്കിയുടെ പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നാമമാത്രമായ ബോഡിറോളേ അനുഭവപ്പെടുന്നുള്ളു എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

ഓഫ് റോഡ് ഡ്രൈവര്‍മാരുടെ സ്വപ്‌നവാഹനമാണിത്. ഏതുമലയും അള്ളിപ്പിടിച്ചു കയറാന്‍ മടിയില്ലാത്തവന്‍. ലാന്‍ഡ്‌റോവര്‍ വാഹനങ്ങളിലേതിനു സമാനമായ ടെറെയ്ന്‍ റെസ്‌പോണ്‍സ് സിസ്റ്റവും ഗ്രാന്റ് ചെരോക്കിയിലുണ്ട്. ഒരു നോബ് തിരിച്ച്, ഏതു ടെറെയ്ന്‍ വേണമെങ്കിലും തെരഞ്ഞെടുത്ത് ഓടിക്കാം.

ജര്‍മ്മന്‍ ആഡംബര എസ് യു വികള്‍ പോലെ ഗ്ലാമറസല്ല, ജീപ്പ് ഗ്രാന്റ് ചെരോക്കി. പക്ഷേ കാര്യപ്രാപ്തിയുടെ കാര്യത്തില്‍ പുലിയാണവന്‍. നിര്‍മ്മാണ നിലവാരമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ആഡംബരങ്ങളും കുറവല്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് 60 ലക്ഷം രൂപയിലേറെ വില പ്രതീക്ഷിക്കാമെന്നതു മാത്രമാണ് ഗ്രാന്റ് ചെരോക്കിയുടെ നെഗറ്റീവ് ഘടകം!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍