UPDATES

വായന/സംസ്കാരം

കലയും പ്രതിഷേധവും ഒരുമിക്കുമ്പോള്‍; ശില്‍പ്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം

കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലം പ്രക്ഷുബ്ദമായ 70-കളില്‍ മുഴങ്ങിക്കേട്ട വിമത ശബ്ദം ഈ 2017-ലും നമുക്ക് കേള്‍ക്കാം- ഭാഗം – 1

‘നീ എന്തിനാ ആര്‍ക്കും വേണ്ടാത്ത ചിത്രകല പഠിക്കുന്നത്?’ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബോട്ടണി അധ്യാപികയായ ഒരു കന്യാസ്ത്രീ ജീവന്‍ തോമസിനോട് ചോദിച്ചു. അതിനുള്ള ഉത്തരമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. ചിത്രകല പഠിക്കാന്‍ മദ്രാസില്‍ പോയെങ്കിലും അവിടെ അഡ്മിഷന്‍ കിട്ടിയില്ല. അങ്ങനെ തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ അധ്യാപകരുടെ ഗുണനിലവാരമില്ലായ്മയില്‍ പ്രതിഷേധിച്ച് സമരവുമായിറങ്ങി. ഇതാണ് ജീവന്‍ തോമസ്. കലയും പ്രതിഷേധവും ഒരുമിച്ച് കൊണ്ടുപോയ ചിത്രകാരന്‍, ശില്പി. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലം പ്രക്ഷുബ്ദമായ 70-കളില്‍ മുഴങ്ങിക്കേട്ട വിമത ശബ്ദം ഈ 2017-ലും നമുക്ക് കേള്‍ക്കാം. ശില്പി ജീവന്‍ തോമസിന്റെ ജീവിതചിത്രം സഫിയ ഒ.സി യിലൂടെ…

കുട്ടിക്കാലത്തെ വര
ഒന്നാം ക്ലാസ്സില്‍ ഒക്കെ പഠിക്കുമ്പോഴാണ് ഏറ്റവും രസകരമായിട്ട് ഞാന്‍ ചിത്രം വരച്ചുകൊണ്ടിരുന്നത്. നാട്ടിലിങ്ങനെ നെല്ലുണങ്ങുന്ന സിമന്റിട്ട കളങ്ങളുണ്ട്. അന്ന് സിമന്റിട്ട ഇത്രയും വലിയ സ്ഥലം വേറെയില്ല. അവിടെ പകലിങ്ങനെ നെല്ലുണങ്ങും, നാലുമണിയൊക്കെ ആകുമ്പോഴേക്കും നെല്ല് മുഴുവനും അടിച്ചുകൂട്ടി വാരി എടുക്കും. ഞങ്ങളുടെ വീടിനടുത്തൊരു ദന്തിസ്റ്റ് ഉണ്ട്. ദന്തിസ്റ്റിന്റെ അവിടുന്ന് മോള്‍ഡ് എടുക്കാന്‍ ഉപയോഗിയ്ക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ കഷ്ണം കിട്ടും. അത് ചോക്ക് പോലെ ഉപയോഗിക്കാന്‍ പറ്റുന്ന സാധനമാണ്. അത് കളത്തില്‍ കൊണ്ടുപോയി ഞങ്ങള്‍ പടം വരക്കും. ഞാനും എന്റെ ഒരു കസിന്‍ ബ്രദറും ഉണ്ടാകും. ഏറ്റവും രസകരമായിട്ട് വളരെ താത്പര്യത്തോടെ വരച്ചു കൊണ്ടിരുന്ന ചിത്രങ്ങളാണത്. ‘ഹ’ എന്നെഴുതിയിട്ട് വണ്ടി വരക്കുക. ‘ഹ’ എന്നെഴുതിയിട്ട് രണ്ട് പൂജ്യം ഒക്കെയിട്ടിട്ട് പിന്നെ അതിനൊരു സ്റ്റിയറിംഗും ഒക്കെ വെച്ചുകഴിഞ്ഞാല്‍ വണ്ടിയായി. വളരെ സിമ്പിളായിരുന്നു അത്. പിന്നെ പയ്യെ പയ്യെ കാറിന് ബോഡി ഉണ്ടാവുന്നു, ഡോര്‍ ഉണ്ടാവുന്നു, ഡോറിന് ലോക്ക് ഉണ്ടാകുന്നു. ഇങ്ങനെയൊക്കെയുള്ള പല കാര്യങ്ങളും വരുന്നു. ഓരോ പിരീഡിലും വരുന്ന നമ്മുടെ ഒബ്‌സര്‍വേഷനനുസരിച്ച് അതു മാറുന്നു. അന്ന് കാര്‍ എന്നുപറഞ്ഞാല്‍ വളരെ അപൂര്‍വ്വ വസ്തുവാണ്. ഇങ്ങനെ ഡെവലപ് ചെയ്ത് പിന്നെ മനുഷ്യനെ വരക്കാന്‍ തുടങ്ങുന്നു. കിളികളെ വരക്കാന്‍ തുടങ്ങുന്നു. ആദ്യം നമ്മള്‍ ഒബ്‌സര്‍വ് ചെയ്യുന്നത് വളരെ സിമ്പിള്‍ ആയിട്ടുള്ള ചെറിയ ചെറിയ കാര്യങ്ങളാണ്. അതിനു ശേഷം പിന്നെ അതിന്റെ ഡീറ്റെയില്‍സിലേക്ക് പോകുന്ന അവസ്ഥയാണ്. അപ്പോ നമ്മള്‍ക്ക് കിട്ടുന്ന ഒരു പസില്‍ ഉണ്ട്; നമ്മള്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യങ്ങള്‍ ഇതിലേക്ക് കൊണ്ട് വരുന്നു എന്നുള്ളതാണ്. വാസ്തവത്തില്‍ പിന്നീടൊരിക്കലും അത്ര രസകരമായി വരയ്ക്കാന്‍ പറ്റിയിട്ടില്ല എന്നതാണ്‌ സത്യം.

അമ്മയും അച്ഛനും
എന്റെ ഫാദര്‍ യു തോമസ് പഴയ ഒരു ഫ്രീഡം ഫൈറ്ററാണ്. ബ്രിട്ടീഷ് മിലിറ്ററിയിലായിരുന്നു; ആദ്യമേ INA യിലായിരുന്നു. ഐഎന്‍എയുടെ ഇന്‍സ്ട്രക്ഷന്‍ പ്രകാരം ബ്രിട്ടീഷ് മിലിറ്ററിയില്‍ INA ലഘുലേഖകള്‍ കൊടുക്കുകയും മറ്റും ചെയ്തു; ഒരുമാസം ഒരു റെജിമെന്റിലാണെങ്കില്‍ അടുത്ത മാസം അവിടുന്ന് ചാടി മറ്റൊരിടത്തായിരിക്കും. ഒരോ സ്ഥലത്തും ലഘുലേഖകള്‍ കൊടുത്തു പിടിക്കപ്പെടുമ്പോള്‍ അവിടുന്ന് ചാടും; ഇത് പലപ്രാവശ്യം ആവര്‍ത്തിക്കുകയും അതൊരു സീരിയസ് ഇഷ്യൂ ആവുകയും ചെയ്തതോടെ അവിടുന്ന് മുങ്ങി. പിന്നീട് ഗന്ധിയന്‍ കോണ്‍ഗ്രസില്‍ ആയിരുന്നു. കാരണം എന്താന്നുവെച്ചാല്‍ യുദ്ധത്തിന്റെ സമയത്ത് സുഭാഷ് ചന്ദ്ര ബോസ് ജപ്പാന്റെയും ജര്‍മ്മനിയുടെയും ഒക്കെ പക്ഷത്തു നില്‍ക്കുന്ന അവസ്ഥയില്‍ അതിന്റെ ഒരു ഭവിഷ്യത്ത് മനസ്സിലാക്കിയിട്ടു കോണ്‍ഗ്രസിലേക്ക് വന്നതാണ്. പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്നു, അവിടുന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വരുന്നത്. ആദ്യകാല കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു. രണ്ടു കൊല്ലത്തോളം ജയിലിലൊക്കെ കിടന്നിട്ടുണ്ട്.

അമ്മ അമ്മിണി ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയാണ്. അക്കാലത്തെ സെന്‍സുള്ള ഒരു നാലാം ക്ലാസ്സുകാരി. വാസ്തവത്തില്‍ അമ്മയുടെ അടുത്ത് വര്‍ത്തമാനം പറയുമ്പോള്‍ ഒരു നാലാം ക്ലാസ്സുകാരിയുടെ അറിവൊന്നുമല്ല, അതിലും എത്രയോ ഹൈ ആയിട്ടുള്ള ഒരാളായിട്ടാണ് തോന്നുക. അച്ഛന്‍ അമ്മയെ പലസ്ഥലത്തും കൊണ്ടുപോകുമായിരുന്നു. അച്ഛന്‍ പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടതിനുശേഷം ഒരു പാര്‍ട്ടിയിലും ഇല്ലാതെ വന്നു. പിന്നീട് ചെറിയ തോതില്‍ ബിസിനസ് തുടങ്ങി. പത്തു മുപ്പത്തിരണ്ട് സ്ഥലങ്ങളില്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. ആ സമയത്ത് അമ്മയെ ഇതിനകത്ത് നല്ലപോലെ ഇന്‍വോള്‍വ് ചെയ്യിച്ചിരുന്നു.

ഒരു ബിസിനസ്, ബേക്കറിയായിരുന്നു. കളമശ്ശേരിയില്‍ കാറ്ററിംഗ് കോളേജിലെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു അമ്മ. ബേക്കറി സാധനങ്ങളായിട്ടും ഇറച്ചിയും മീനുമായിട്ടും ഒക്കെ ഒരുപാട് ഡിഷുകള്‍ ഉണ്ടാക്കാന്‍ അറിയാമായിരുന്ന കക്ഷിയാണ് അമ്മ. ഓരോ സാധനങ്ങള്‍ ഉണ്ടാക്കുന്നതില്‍ വളരെ മിടുക്കിയാണ് അമ്മ. ഞാന്‍ ചെയ്യുന്ന ചില സാധനങ്ങളില്‍ ഇപ്പോഴും പല ഡിഫെക്ടും കണ്ടുപിടിച്ചിട്ട് ഇങ്ങനെയല്ല ജീവാ, അങ്ങനെയാണ് ചെയ്യണ്ടത് എന്നുപറയും. ചിലത് നമ്മള്‍ ഇങ്ങനെ സൂക്ഷിച്ച് ഇരുന്നു ചെയ്യുമ്പോള്‍ അത്ര ഭയങ്കര ഡെക്കറേറ്റ് ചെയ്യണ്ട, വേഗം ചെയ്തു കൊടുക്കാന്‍ പറയും. അമ്മയ്ക്കിപ്പോള്‍ ഏതാണ്ട് 88 വയസ്സു കഴിഞ്ഞുകാണും. അങ്ങനെയൊരു അമ്മയാണ് എനിക്കുള്ളത്. വാസ്തവത്തില്‍ അക്കാദമിക്കില്‍ മാത്രമേ അമ്മയെ നാലാം ക്ലാസ്സുകാരിയാണെന്ന് പറയാന്‍ പറ്റൂ. വേറൊരു തരത്തില്‍ നോക്കിയാല്‍ ഒരുപാട് ലൈഫ് എക്‌സ്പീരിയന്‍സ് ഉള്ള സ്ത്രീയായിരുന്നു.

സ്‌കൂള്‍ ജീവിതം
അത് കഴിഞ്ഞിട്ട് പിന്നെ സ്‌കൂള്‍ ലൈഫ് ഇങ്ങനെ പോകുന്നു. ഇടയ്ക്ക് ഡ്രോയിംഗ് കോമ്പറ്റീഷനൊക്കെ പോകും. മറ്റൊരു പ്രധാന പരിപാടി സ്‌പോര്‍ട്‌സായിരുന്നു. സ്‌പോര്‍ട്‌സില്‍ സ്‌കൂള്‍ ചാമ്പ്യന്‍ ഒക്കെയായിരുന്നു. 1500, 5000, 8000, 10000 റൈസായിരുന്നു പങ്കെടുത്തിരുന്ന ഐറ്റം. ഏതാണ്ട് പ്രീ ഡിഗ്രി കഴിഞ്ഞപ്പോ അതൊക്കെ നിര്‍ത്തി. സ്‌പോര്‍ട്‌സിനോട് ഗുഡ്ബൈ പറഞ്ഞു. സ്‌കൂളില്‍ എന്നെ നാലാം ക്ലാസ്സുമുതല്‍ ബോര്‍ഡിംഗിലാക്കിയതാണ്; സിഗരറ്റ് വലിച്ചതിന്റെ പേരില്‍. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കു രണ്ട് അംഗരക്ഷകര്‍ ഉണ്ടായിരുന്നു. എന്റെ മുത്തശ്ശന്‍ എടുത്തു വളര്‍ത്തിയ രണ്ടു മനുഷ്യരുണ്ട്, അതില്‍ ഒരാളുടെ മകനും ഒരാളുടെ ബ്രദറും. ഇവര്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഇവര്‍ക്ക് ഏതാണ്ട് 16 ഉം 17 ഉം വയസ്സുണ്ടായിരുന്നു. ഇവരുടെ കൂടെയാണ് നമ്മള്‍ സ്‌കൂളില്‍ പോകുന്നത്. ഇവരുടെ സെക്യൂരിറ്റി ഉള്ളതുകാരണം ഒരാളും നമ്മളെ ഉപദ്രവിക്കാന്‍ വരില്ല. ഇവരുടെ പരിപാടി എന്നുപറഞ്ഞാല്‍ പഠിത്തം ഒന്നും ഇല്ല, അവിടെ ഉപ്പുമാവും പാലും ഒക്കെ ഉണ്ടാക്കലാണ്. അധ്യാപകര്‍ക്ക് മുറുക്കാന്‍ വാങ്ങിക്കൊടുക്കുക, ചായ വാങ്ങിക്കൊടുക്കുക ഇതൊക്കെയാണ് ഇവരുടെ പരിപാടി. പക്ഷെ ഡി ഇ ഒ ഒക്കെ വന്നുകഴിഞ്ഞാല്‍ ഇവര്‍ സ്റ്റുഡന്റ്സുമാണ്. ഇവര്‍ ബീഡി വലിക്കുന്നത് കണ്ടിട്ടുണ്ട്; അയിനിച്ചക്കയുടെ ബഡിംഗ് സ്റ്റേജില്‍ കായ വരുന്നതിന് മുമ്പായിട്ടു തിരി പോലൊരു സംഗതി വരും, അതിന്റെ പുറത്തു കടലാസ് ചുറ്റിയിട്ട് അത് കത്തിച്ചു വലിക്കും. കുട്ടിക്കാലത്തുള്ള ഓരോ ഇന്‍വെന്‍ഷന്‍ ആണ്. ഒരു ദിവസം ഞാന്‍ വീട്ടീന്ന് കൊണ്ടുവന്ന പൈസ അവര്‍ക്ക് കൊടുത്തിട്ട് അന്നൊരു സിഗരറ്റ് വാങ്ങിച്ചു. ഞാന്‍ വളരെ കാര്യമായിട്ടു വലിച്ചു തുമ്മി ചുമച്ചു, ഈ സമയത്താണ് അവിടെ ഉണ്ടായിരുന്ന അച്ഛന്റെ സുഹൃത്തായ ഒരു അധ്യാപകന്‍ വരുന്നത്. അങ്ങേര് പിടിച്ചു. പിടിച്ചിട്ടു തല്ലിയൊന്നും ഇല്ല. നേരെ വീട്ടില്‍ കൊണ്ടുപോയി; എന്നിട്ട് അച്ഛനോട് പറഞ്ഞു, ഇവനെ അവിടെ പഠിപ്പിച്ചാലൊന്നും ശരിയാവില്ല. അങ്ങനെയാണ് എന്നെ കീഴില്ലം ബോര്‍ഡിംഗില്‍ കൊണ്ടാക്കുന്നത്.

ബോര്‍ഡിംഗ് അനുഭവങ്ങള്‍
കീഴില്ലം സെന്റ് തോമസ് ഹൈസ്‌കൂളില്‍ അവിടെ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പള്ളിയിലിടാന്‍ 10 പൈസ വെച്ചു തരുമായിരുന്നു. ഞങ്ങളൊരു അഞ്ചാറ് പേര് കൂടി ഈ പത്തു പൈസ പള്ളിയില്‍ ഇടാതെ അടിച്ചുമാറ്റും. ഞങ്ങളുടെ സംഘത്തില്‍ ഡെ സ്‌കോളേര്‍സും ഉണ്ടായിരുന്നു. അവരുടെ കയ്യില്‍ കൊടുത്തിട്ട് സിഗരറ്റ് വാങ്ങിക്കും. അത് ആരോ ഒറ്റു കൊടുത്തു പിടിച്ചു. അതിനു കിട്ടി പതിനാറടി. ഓരോരുത്തര്‍ക്കിട്ടും പതിനാറടി കിട്ടി. അത് നല്ല രസമായിട്ടുള്ള അടിയായിരുന്നു. ഇങ്ങനെയുള്ള വന്‍ ശിക്ഷകളൊക്കെ വിധിക്കുന്നത് ശനിയാഴ്ച ദിവസമാണ്. ശനിയാഴ്ച ക്രിസ്ത്യാനികളുടെ ഏത് ദിവസമാണെന്നൊന്നും എനിക്കറിയില്ല. പ്രധാനപ്പെട്ട ശിക്ഷയെല്ലാം വാസ്തവത്തില്‍ ശനിയാഴ്ച ദിവസമാണ് നടപ്പിലാക്കുക. അതെങ്ങനെയാണെന്ന് വെച്ചാല്‍ നിക്കര്‍ ഊരിക്കും, ഷഢിയും ഊരിക്കും. ഒരു ബക്കറ്റ് വെള്ളം അവിടെ കൊണ്ട് വെക്കും, അതില്‍ തോര്‍ത്ത് മുക്കിപ്പിഴിഞ്ഞ് ആ നനഞ്ഞ തോര്‍ത്തുടുപ്പിച്ച് നിര്‍ത്തിയിട്ടാവും അടിക്കുക. ഈ ഒരേ സ്ഥലത്ത് പതിനാറടിയും അടിക്കാന്‍ പറ്റുന്ന ഭയങ്കര എക്‌സ്‌പെര്‍ട്ടായിട്ടുള്ള അധ്യാപകരുണ്ട്. ആകപ്പാടെ നൂലുമാത്രമല്ലേ തോര്‍ത്തിനുള്ളൂ. അത് നനക്കുമ്പോള്‍ ശരീരത്തോട് ഒട്ടി നില്‍ക്കുകയല്ലേ, നല്ല വേദന ഉണ്ടാവാന്‍ വേണ്ടിയാണ് ഇങ്ങനെ നനഞ്ഞ തോര്‍ത്ത് ഉടുപ്പിച്ചിട്ട് അടിക്കുന്നത്. അടി എന്നുപറഞ്ഞാല്‍ നല്ല ഒന്നാന്തരം അടിയാണ്.

അവിടെ ക്രിസ്ത്യന്‍സിനൊക്കെ പള്ളിയില്‍ പോണം എന്നത് നിര്‍ബ്ബന്ധമാണ്. എനിക്കാണെങ്കില്‍ ഏത് പള്ളിയിലാണ് പോകണ്ടത് എന്നുപോലും അറിയില്ലായിരുന്നു. ചവറ് പോലെ ക്രിസ്ത്യാനികള്‍ ഉള്ളതു കൊണ്ട് ഏത് പള്ളിയിലാ പോകണ്ടത് എന്നറിയില്ല. കാരണം ഞാന്‍ എന്റെ ഫാദര്‍ പള്ളിയില്‍ പോകുന്നത് കണ്ടിട്ടില്ല. ഗ്രാന്‍ഡ് ഫാദര്‍ പള്ളിയില്‍ പോകുന്നത് കണ്ടിട്ടില്ല, അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ പള്ളിയില്‍ പോകുന്നത് ഞാന്‍ കാണുന്നത് അവരെ മരിച്ചതിന് ശേഷം പള്ളിയില്‍ കൊണ്ടുപോകുമ്പോഴാണ്. അല്ലാതെ എനിക്കു പള്ളിയുമായിട്ട് യാതൊരു ബന്ധവും ഇല്ല. ഏത് പള്ളിയിലാ പോകുന്നത് എന്നു അവര് ചോദിച്ചപ്പോള്‍ ആദ്യം ഒരു പള്ളി പറഞ്ഞു, പിന്നെ അതല്ല നമ്മുടെ പള്ളി എന്നു പറഞ്ഞ് അടുത്താഴ്ച വേറൊരു പള്ളിയില്‍ വിട്ടു, പിന്നെ അതും അല്ല നമ്മുടെ പള്ളി എന്നു പറഞ്ഞു. അപ്പോ അവര്‍ ഏറ്റവും നീചനായ ഒരാളോടെന്നപോലെ എന്നോടു ചോദിച്ചു. നിങ്ങള്‍ വീട്ടില്‍ പള്ളിയില്‍ ഒന്നും പോകാറില്ലേന്ന്. ഇല്ല, പള്ളിയിലൊന്നും പോകാറില്ല. നമ്മളത് വളരെ ആത്മാര്‍ഥമായിട്ട് പറഞ്ഞതാണ്, പക്ഷേ അതോടുകൂടി നമ്മളെന്തോ വേറൊരുതരത്തില്‍ മാര്‍ക്ക് ചെയ്യപ്പെടുകയായിരുന്നു.

ഞാന്‍ ദൈവവിശ്വാസം ഇല്ലാത്ത കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്നാല്‍ എല്ലാ ക്രിസ്ത്യാനികളും നിര്‍ബ്ബന്ധമായും പള്ളിയില്‍ പോകണം എന്നു നിര്‍ബ്ബന്ധിക്കുന്ന ഒരു അന്തരീക്ഷമാണ് ബോര്‍ഡിംഗില്‍ ഉണ്ടായിരുന്നത്. രാവിലെ എഴുന്നേല്‍ക്കുന്ന സമയത്ത് ഒരു പ്രാര്‍ഥന, എന്നുവെച്ചാല്‍ ബെഡില്‍ മുട്ടുകുത്തിയിരുന്ന് പ്രാര്‍ഥിക്കുക, അതുകൂടാതെ കുളിയൊക്കെ കഴിഞ്ഞു വന്നിട്ട് ഞങ്ങളുടെ സ്റ്റഡി ടൈം ഉണ്ട്. അതിന്റെ ആരംഭത്തില്‍ ഒരു പ്രാര്‍ഥന, രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോള്‍ ബ്രേക്ഫാസ്റ്റ് തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞ് വേറൊരു പ്രാര്‍ഥന, അതുകഴിഞ്ഞ് നേരെ സ്‌കൂളില്‍ ചെല്ലുമ്പോള്‍ സ്‌കൂളില്‍ ഒരു നീണ്ട പ്രാര്‍ഥന, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം തന്നതിന് ദൈവത്തോട് ഒരു പ്രാര്‍ഥന. വൈകുന്നേരം കളിയൊക്കെ കഴിഞ്ഞു കുളിച്ചുകഴിഞ്ഞാല്‍ ഒരു നീണ്ട പ്രാര്‍ഥന. ഈ പ്രാര്‍ഥനയുടെ സമയത്താണ് ശിക്ഷ ഒക്കെ കൊടുക്കുന്നത്. ചെറിയ ശിക്ഷയൊക്കെയാണെങ്കില്‍ അന്നേരം കൊടുക്കും, വല്യ ശിക്ഷയാണെങ്കില്‍ ശനിഴ്ചത്തേക്ക് മാറ്റിവെക്കും. സ്‌കൂള്‍ തുടങ്ങുന്ന സമയത്ത് തന്നെ നീണ്ട പ്രാര്‍ഥനക്ക് ശേഷം ബൈബിള്‍ ക്ലാസ്സും മോറല്‍ ക്ലാസ്സും ഉണ്ടാകും. നോണ്‍ ക്രിത്യന്‍സിന് മോറല്‍ ക്ലാസ്സും അല്ലാത്തവര്‍ക്കൊക്കെ ബൈബിള്‍ ക്ലാസ്സും. മോറല്‍ ക്‌ളാസ്സില്‍ പഠിപ്പിക്കുന്നത് ഏതാണ്ട് ക്രിസ്ത്യാനിറ്റിയുടെ നിയമങ്ങളും ഒക്കെയാണ്. ക്രിസ്ത്യാനിറ്റിയുടെ അടിസ്ഥാന ആശയങ്ങളിലൊന്ന് പാപബോധമാണ്. ഈ സങ്കല്‍പ്പത്തെ ആത്യന്തികമായിട്ട് വിശകലനം ചെയ്തു കഴിയുമ്പോള്‍ അത് എത്തിച്ചേരുന്നത് ലൈംഗികത പാപമാണെന്ന സങ്കല്‍പ്പത്തിലേക്കാണ്.

വീട്ടില്‍ നിന്ന് വന്നിട്ട് ഇവിടെ ജീവിക്കുന്നത് എനിക്കു പറ്റാത്ത അവസ്ഥയുണ്ടായി. അതിന്റെ ഒരു റിബലിയന്‍ സാധനമാണ് ഈ ദൈവത്തിനിടുന്ന പത്തു പൈസ; പള്ളി നടത്തുന്ന സ്‌കൂളാണിത്. നിര്‍ബ്ബന്ധമായിട്ടും പത്തുപൈസ നമ്മള്‍ ഇടണം. നമ്മള്‍ക്ക് പത്തു പൈസ തരികയും ചെയ്യും നമ്മുടെ ബില്ലില്‍ അത് ചേര്‍ക്കുകയും ചെയ്യും. അതുകൊണ്ടാണ് ആ പൈസ എടുത്തിട്ട് സിഗരറ്റ് വാങ്ങണമെന്ന ചിന്ത വരുന്നത്. അത് പിടിച്ചു. അതിനു ശിക്ഷ കിട്ടി. പിന്നെ ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അവിടുന്നു മാറ്റി. ആ സ്‌കൂളില്‍ വച്ചാണ് എനിക്കൊരു അധ്യാപകനോട് ഭയങ്കരമായ ഇഷ്ടം തോന്നുന്നത്. കെ.എ മോസ്സസ് എന്ന ഒരധ്യാപകന്‍ ഉണ്ടായിരുന്നു. അദ്ദേഹം മലയാളത്തിലും ഇംഗീഷിലും എം.എ എടുത്ത ആളാണ്. എല്ലാ ക്ലാസ്സുകളിലും സാധാരണ ഇദ്ദേഹം ക്ലാസ്സ് എടുക്കും. അദ്ദേഹം ക്ലാസ് എടുക്കാന്‍ വന്നാല്‍, മുക്കാല്‍ മണിക്കൂര്‍ ക്‌ളാസ്സില്‍ കാല്‍ മണിക്കൂര്‍ മാത്രമേ സിലബസ് പ്രകാരം ക്ലാസ്സ് എടുക്കാറുള്ളൂ. ബാക്കി സമയം ലോക ക്ലാസ്സിക്കുകളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുക.

അഞ്ചാക്ലാസിലും ആറാം ക്ലാസ്സിലും ഒക്കെ പഠിക്കുമ്പോള്‍ത്തന്നെ നമ്മളീ ബോദ്‌ലയരെ കുറിച്ചും കീറ്റ്‌സിനെ കുറിച്ചും ഒക്കെ കേള്‍ക്കാന്‍ ഇടവരുന്ന ഒരു സാഹചര്യമാണ്. അധ്യാപകര്‍ക്കിടയില്‍ ഈ മനുഷ്യന് ശത്രുക്കളും ഉണ്ടായിരുന്നു. ഡബിള്‍ എം.എ ഉള്ള അധ്യാപകനോട് ബി എ, ബി എഡ് ഉള്ള അധ്യാപകര്‍ക്ക് തോന്നുന്ന സഹജമായ ഒരു പ്രശ്‌നം ഉണ്ടല്ലോ, അതുണ്ടായിരുന്നു. ഒരധ്യാപകന്‍ ഒരിക്കല്‍ ചോദിച്ചു, മാഷ്‌ക്ക് വല്ല കോളേജിലും പോയി പഠിപ്പിച്ചൂടെ, ഈ ഡബിള്‍ എം.എ ഒക്കെ വെച്ചിട്ടു സ്‌കൂളില്‍ പഠിപ്പിക്കാന്‍ വരുന്നത് എന്തിനാണെന്ന്. ഈ മനുഷ്യന്‍ മുറുക്കുകയോക്കെ ചെയ്യും. വായിലുള്ള മുറുക്കാന്‍ നീട്ടി ഒരു തുപ്പ് തുപ്പിയിട്ടു പുള്ളി പറഞ്ഞു; ബേസിക് ക്ലാസ്സിലൊക്കെയാണ് കുട്ടികള്‍ക്ക് നല്ല അധ്യാപകര് വേണ്ടത്. അവിടെയാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഗുണം പറഞ്ഞു കൊടുക്കേണ്ടത്. അവിടെ വെച്ചിട്ടാണ് കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള ഒരു ടേസ്റ്റ് ഉണ്ടാക്കി കൊടുക്കേണ്ടത്. പിന്നെ ഒരു ഘട്ടം കഴിഞ്ഞാല്‍ ഇവര് തന്നെത്താനെ ഇത് അന്വേഷിച്ചു പോയിക്കോളും. പലപ്പോഴും നല്ല അധ്യാപകരില്ലാത്തത് കൊണ്ടാണ് കുട്ടികള്‍ കുറച്ചു കഴിയുമ്പോഴേക്കും വിദ്യാഭ്യാസത്തിനോട് വെറുപ്പ് തോന്നിയിട്ട് വേറെ തരത്തിലോട്ട് പോകുന്നത് എന്ന്. അന്നത് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ശരിക്കും പൊരുള്‍ അറിയുന്നത് പിന്നീടാണ്.

എനിക്കു കിട്ടിയിട്ടുള്ള ഗുണം എന്താണെന്നുവെച്ചാല്‍ എന്റെ പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങള്‍ എടുത്തുതരാനായിട്ടുള്ള മനുഷ്യരുണ്ടായിരുന്നു. കൃസ്ത്യാനിറ്റിയുടെ വങ്കത്തരങ്ങള്‍ ഉള്ള സ്‌കൂളാണെങ്കിലും ശരി പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങള്‍ അവര്‍ വായിക്കാനായി എടുത്തു തരുമായിരുന്നു. അത് പക്ഷേ സ്റ്റഡിടൈമില്‍ വായിക്കാന്‍ പറ്റില്ല. ലിഷര്‍ ടൈമില്‍ മാത്രമേ വായിക്കാവൂ എന്നുള്ള ഒരു നിബന്ധന ഉണ്ടായിരുന്നു. എന്റെ ഫാദറിന്റെ ഒരു ഫ്രെണ്ട് ഉണ്ടായിരുന്നു; പുള്ളിക്ക് ഒരു ലൈബ്രറി ഉണ്ട്. വൈഎംസിഎയുടെ പൂട്ടിപ്പോയ ഒരു ലൈബ്രറിയാണത്. എന്റെ തറവാട് വീടിന്റെ പിറകിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ ലൈബ്രറിയിലേക്കുള്ള കോണിപ്പടിയാണ്. അയാള്‍ ഉച്ചക്ക് ഊണ് കഴിഞ്ഞ് അവിടെ വരും. ഞാന്‍ അഞ്ചില്‍ പഠിക്കുന്ന സമയത്ത് അച്ഛന്‍ ഇങ്ങേരെ പരിചയപ്പെടുത്തി. കക്ഷി എന്നോടു വായിക്കാറുണ്ടോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു വായിക്കാറുണ്ടെന്ന്. ഏത് പുസ്തകമാണ് വായിക്കുന്നതെന്ന് അപ്പോള്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ ഒരു ഡിറ്റക്ടീവ് നോവല്‍ ആണ് വായിച്ചിരുന്നത്. അത് പറഞ്ഞു. അതുപോര അതൊക്കെ നിര്‍ത്തിവെക്കണം, ഞാനൊരു പുസ്തകം തരാം; അത് വായിക്കണം എന്നു പറഞ്ഞു. വാസ്തവം പറഞ്ഞാല്‍ അന്ന് എടുത്തു തന്നത് ഒരു കടുകട്ടിയുള്ള ദാസ്തെവ്‌സ്‌കിയുടെ പുസ്തകമാണ്. വെളുത്തരാത്രികള്‍ എന്ന ചെറുകഥകള്‍. ഈ മനുഷ്യന്റെ ഭാഷയുടെ ഔന്നിത്യത്തെക്കാളുപരി ഒരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലുള്ള സെന്റിമെന്‍സും പ്രശ്‌നങ്ങളും ഒക്കെ പറയാനുള്ളതായിട്ടുള്ള മിടുക്കുള്ളതുകൊണ്ട് നമുക്കത് വളരെ സീരിയസ് ആയിട്ട് വായിക്കാന്‍ പറ്റും. പിന്നെ ഈ മനുഷ്യന്‍ ഓരോരോ പുസ്തകങ്ങള്‍ എടുത്തു തരും. അവധി കഴിഞ്ഞു സ്‌കൂളില്‍ ചെല്ലുമ്പോള്‍ വേറെ പുസ്തകങ്ങള്‍ കിട്ടും.

ഇങ്ങനെ ആ പ്രായത്തിനനുസരിച്ച് പുസ്തകങ്ങള്‍ എടുത്തു തരുന്ന കുറച്ചു ലൈബ്രേറിയന്‍സ് ഉണ്ടായിരുന്നു. അത് വളരെ ഗുണകരമായിരുന്നു. എന്നുവെച്ചാല്‍ നമുക്കൊരു ബേസിക് എത്തിക്‌സ് ഉണ്ടാക്കാന്‍ പാകത്തിന്. ആ എത്തിക്‌സ് ഇന്നിവിടെ നടപ്പിലാവുന്ന ഒരു കാര്യം അല്ല. അതില്‍ നിന്നൊക്കെ അപ്പുറമാണ് നമ്മുടെ ഒരു സൊസൈറ്റി. എങ്ങനെ കള്ളത്തരം ചെയ്തു ജീവിക്കാം എന്നു പഠിച്ചില്ല, അല്ലെങ്കില്‍ ഞാന്‍ പഠിപ്പിക്കുന്നില്ല എന്നൊരവസ്ഥയില്‍ പലപ്പോഴും എന്റെ ജീവിതവും പരാജയമാണ്, എന്റടുത്തു വന്നുകൂടുന്ന ആള്‍ക്കാരുടെ ജീവിതവും പരാജയമാണ്. ഇതാണ് സ്‌കൂള്‍ ജീവിതത്തില്‍ പലപ്പോഴും എനിക്ക് കിട്ടിയിട്ടുള്ള ഒരു പാഠം എന്നു പറയുന്നത്.

നല്ല ഒന്നുരണ്ട് അധ്യാപകര്‍ പഠിപ്പിക്കുന്നു. എന്റെ ഫാദറാണെങ്കില്‍ എനിക്ക് വേനലവധിക്കു ചെല്ലുമ്പോള്‍ വേറൊരു കാര്യം കൂടി ചെയ്തു തരുമായിരുന്നു ഒരു മനുഷ്യന്‍ വരും. ഒരു മുന്‍ഷി ലൈനില്‍ ഉള്ള ഒരാളാണ്. ഒരു സാധു മനുഷ്യന്‍. ഈ മനുഷ്യന്റെ പണി എന്താന്നുവെച്ചാല്‍ രാമായണവും മഹാഭാരതവും ഭഗവത് ഗീതയുമൊക്കെ വായിച്ചു വിശദീകരിച്ചു തരിക എന്നുള്ളതാണ്. അയാളാണെങ്കില്‍ ഇതിന്റെ ചെറിയ ഉപകഥകള്‍ വരെ വളരെ രസകരമായി ഇങ്ങനെ പറഞ്ഞുതരും. അതെനിക്ക് കുറെ ഗുണം ചെയ്തിട്ടുണ്ട്. കാരണം എന്താന്നുവെച്ചാല്‍ ഈ ക്രിസ്ത്യാനിറ്റിയില്‍ നിന്നു മാറിയിട്ട് വേറൊരു മതത്തിന്റെ ഡീറ്റൈല്‍സ് അറിയുകയാണ്. ഒരു പക്ഷേ ബൈബിള്‍ വായിച്ചിട്ടുള്ളതിനെക്കാളും ഡീറ്റെയി ആയിട്ട് ഈ മനുഷ്യന്റെ നറേഷനില്‍ നിന്ന് എനിക്ക് രാമായണവും മഹാഭാരതവും ഗീതയും ഒക്കെ മനസ്സിലായിട്ടുണ്ട്.

എട്ടാം ക്ലാസ്സ് തൊട്ട് പി ഗോവിന്ദപ്പിള്ളയുടെ കുടുംബ സ്‌കൂളില്‍ ആയിരുന്നു. ജയകേരളം ഹൈസ്‌കൂള്‍, പുല്ലുവഴി. ഈ രണ്ടു സ്‌കൂളിനും ഏതാണ്ട് ഒരു അഞ്ചെട്ട് കിലോമീറ്ററിന്റെ ദൂര വ്യത്യാസമേയുള്ളൂ. രണ്ടും മൂവാറ്റുപുഴക്കും പെരുമ്പാവൂരിനും ഇടയ്ക്ക് കിടക്കുന്ന സ്ഥലമാണ്. അവിടെ ചെല്ലുമ്പോഴേക്കും കാര്യങ്ങള്‍ നേരെ തിരിഞ്ഞു. പള്ളിയില്‍ പോകുന്നത് കുറ്റകരമാണ്, അമ്പലത്തില്‍ പോകുന്നത് കുറ്റകരമാണ്, മോസ്‌ക്കില്‍ പോകുന്നത് കുറ്റകരമാണ്. കുറ്റകരം അല്ല എന്തിനാണ് പോകുന്നത് എന്നുള്ളതാണ്. കാരണം സയന്‍സ് പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം കൃത്യമായിട്ടറിയാം ദൈവത്തിന്റെ സങ്കല്‍പം എന്താണ്. ഹിസ്റ്ററി പഠിക്കുന്നവര്‍ക്കും അറിയാം. ഏതിനെക്കുറിച്ചും കൃത്യമായിട്ടും വളരെ രസകരമായിട്ടുമുള്ള രീതിയില്‍ ക്ലാസ്സിലും അല്ലാത്തപ്പോഴും ഒക്കെ അവിടെ പറയാറുണ്ട്. അവിടെ പഠിപ്പിക്കുന്ന അധ്യാപകരില്‍ ഒരു മനുഷ്യന്‍ മാത്രം കോണ്‍ഗ്രസുകാരനും ബാക്കിയുള്ളവരെല്ലാം സിപിഐ (എംഎല്‍), സിപിഐ, സിപിഎം എന്നീ മൂന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മെംബര്‍മാരായിട്ടുള്ള കക്ഷികളാണ്. അതുകൊണ്ടു തന്നെ വളരെ സജീവമായിട്ടുള്ള വേറെ തരത്തിലുള്ള ചര്‍ച്ചകളും മറ്റുള്ള കാര്യങ്ങളും ഉണ്ടാവും. സമ്മര്‍ വെക്കേഷന് സ്‌പെഷല്‍ ആയിട്ട് ചില ക്യാമ്പുകള്‍ ഉണ്ടാകും. അതില്‍ വരുന്നത് എ.ടി കോവൂര്‍, ഇടമറുക്, പവനന്‍, എം ഗോവിന്ദന്‍ എങ്ങനെയുള്ള മനുഷ്യരാണ്. അതുകൊണ്ട് വേറൊരു തരത്തിലുള്ള എഡ്യുക്കേഷന്‍ അവിടുന്നും കിട്ടിയിട്ടുണ്ട്.

ചിത്രങ്ങള്‍: രാഖി സാവിത്രി

(തുടരും)

ഭാഗം 2-  ജീവന്‍ തോമസിന്റെ പ്രീഡ്രിഗി കാലവും, നാടക അനുഭവങ്ങളും, ഫൈന്‍ ആര്‍ട്‌സ് കോളേജ്/റാഡിക്കല്‍ മൂവ്‌മെന്റ് കാലങ്ങളും..

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍