UPDATES

വായന/സംസ്കാരം

കുത്തും കോമയും ഒരുപിടി കഥകളും

Avatar

ഉമാ ദേവു

“ചിന്തകൾക്ക് തീ പകരു…നിശബ്ദതയും സ്വാതന്ത്ര്യവും തരു… ഞാൻ ജാലവിദ്യകൾകാണിക്കാം”-
ജെനിത് കാച്ചപ്പിള്ളി

ഒരു ബാഗും തോളിലിട്ടു ലക്ഷ്യമില്ലാത്തൊരു യാത്ര പോകണം… അതാണെന്റെ സ്വപ്നമെന്ന് അമ്മയോട് പറഞ്ഞപ്പോ മറുപടിയിൽ ഉണ്ടായിരുന്നു, ‘ലോകമെന്ന നരകം സൃഷ്ടിക്കുന്ന സ്വാതന്ത്ര്യം എന്ന മായ എന്നെ ജീവിതമെന്ന സ്വർഗ്ഗത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ പ്രേരിപ്പിക്കുന്നു’ എന്ന്. ഒരുപക്ഷെ അന്ന് ഞാൻ ‘കഥയില്ലാത്ത കഥകൾ’ വായിച്ചിരുന്നെങ്കിൽ അമ്മയോട് പറയുമായിരുന്നു ‘നിയന്ത്രണങ്ങളുടെ സ്വർഗത്തേക്കാൾ എനിക്കിഷ്ടം സ്വാതന്ത്ര്യങ്ങളുടെ നരകമാണ്’ എന്ന്.

ജെനിത് കാച്ചപ്പിള്ളി എഴുതിയ ഇരുപതു കഥകൾ, ഒരു കട്ടി കുറഞ്ഞ പേപ്പർ ബൈന്റിൽ ഒളിപ്പിച്ചിരിക്കുന്ന ജാലവിദ്യകളാണ്. ജെനിത് തന്റെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കഥകൾ തേടി യാത്ര പോകേണ്ട. പകരം തനിക്കു ചുറ്റും പടർന്നു പന്തലിക്കുന്ന ജീവിതം എന്ന വൃക്ഷത്തിൽ നിന്ന് തന്നെ ഓരോ കഥയ്ക്കുമുള്ള ബീജം അദ്ദേഹം കണ്ടെത്തി.

‘കഥയില്ലാത്ത കഥകൾ’ എന്ന തലകെട്ട് തന്നെ വിചിത്രമായി തോന്നാം. അർത്ഥശൂന്യമായ എന്തിനെയോ സൂചിപ്പിക്കുന്ന പോലെയും തോന്നിയേക്കാം. എന്നാൽ പുസ്തകത്തിന്റെ ഓരോ താളിലും ജെനിത് എഴുതിയതിനപ്പുറവും ഇപ്പുറവും വായിച്ചെടുക്കാൻ കഴിയും.

തന്റേതായ ശൈലിയിൽ വളരെ ചുരുങ്ങിയ വാക്കുകൾ കോർത്തിണക്കി കഥകളെഴുതിയപ്പോൾ ആ  കഥകൾ ഓരോന്നും എന്നിൽ അത്ഭുതമാണ് ഉളവാക്കിയത്. ചെറുകഥകളേക്കാൾ ചുരുങ്ങിയ ഒരുപിടി കഥകൾ. പുസ്തകത്തിന്റെ അവതാരികയിൽ എഴുത്തുകാരനും തിരക്കഥാകൃത്തുമായ  ഉണ്ണി. ആർ എഴുതിയ പോലെ, ‘കുറുങ്കഥയുടെ അപാരതയെ ഉദാഹരിക്കുന്ന ഒരു കഥയാണിത്’. 

കഥയില്ലായ്മയിൽ നിന്ന് ഉണ്ടായ കഥയും, അമ്മയ്ക്ക് പറഞ്ഞു കൊടുത്ത കഥയും, ചോറ്റു പാത്രവും, കുത്തും കോമയും, പഞ്ചസാരകുപ്പിയിലെ ഉറുമ്പ് പോലും കഥയില്ലാത്ത കഥകൾക്ക് വിഷയമായി.

‘പരിചിതമായ ഒരു കഥാഘടനയോ, രീതിയോ ഇതിൽ കണ്ടില്ലെന്നു വരാം എന്നും ചില അവസരങ്ങളിൽ ഇതൊരു കഥയാണോ എന്ന് പോലും തോന്നിയേക്കാം എന്നും ജെനിത് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഒരു കഥാഘടനയോ, സാഹിത്യ രീതികളോ ഇല്ലാത്ത സത്യസന്ധമായ കഥാരീതിയാണ് ഈ കഥകളുടെ സൗന്ദര്യം. 

ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ള എഴുത്ത് ശൈലിയും, ഓർമ്മകളെ തൊട്ടുണർത്താൻ കഴിയുന്ന കഥകളും എഴുതുന്ന ഈ യുവപ്രതിഭയ്ക്ക് എഴുത്ത് വഴിയിൽ പിന്തുണയുമായി അദ്ദേഹത്തിന്റെ ചിന്തകൾക്ക് തീ പകരാൻ ഒരുപാട് വായനക്കാർ ഉണ്ടാവും എന്നതിൽ സംശയമില്ല.

സംവിധായകൻ മമാസ് ഓണ്‍ലൈൻ പ്രകാശനം നിർവഹിച്ച പുസ്തകം ഇറങ്ങി ഒരു മാസത്തിനുളിൽ തന്നെ രണ്ടാം പതിപ്പിനു തയ്യാറെടുക്കുകയാണ്.

(ഫ്രീലാന്‍സ് റൈറ്ററാണ് ഉമ) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍