UPDATES

വിദേശം

ജെറമി കോര്‍ബിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ചില്ലറയല്ല

സ്വെന്‍ജ ഒ ഡോനല്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ലേബര്‍ പാര്‍ട്ടിയെ ഏകോപിപ്പിക്കുകയും ഒരു പുതിയ ടീമിനെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്നതായിരിക്കും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ജെറമി കോര്‍ബിന്‍ നേരിടുന്ന ആദ്യ വെല്ലുവിളി. നേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിരവധി മുതിര്‍ന്ന ലേബര്‍ നേതാക്കള്‍ രാജിവച്ചതോടെ ഇത് വലിയ വെല്ലുവിളിയായിരിക്കുകയും ചെയ്യും.

കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന് വന്നിട്ടുള്ള പാര്‍ട്ടിയുടെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവായ കോര്‍ബിന്‍, ഒബ്‌സര്‍വര്‍ ദിനപ്പത്രത്തില്‍ ‘അഭിവൃദ്ധിയിലേക്കുള്ള നിങ്ങളുടെ വഴിയെ നിങ്ങള്‍ക്കൊരിക്കലും മുറിച്ചുമാറ്റാനാവില്ല,’ എന്ന് എഴുതിക്കൊണ്ട് സാമ്പത്തിക അച്ചടക്കത്തിനെതിരായ തന്റെ സന്ദേശം ഒന്നുകൂടി വ്യക്തമാക്കുകയും ചെയ്തു. ‘പാര്‍ട്ടിയുടെ എല്ലാ തലങ്ങളില്‍ നിന്നുമുള്ള ആശയങ്ങള്‍,’ ഏകോപിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ലേബര്‍ നിരകളില്‍ നിന്നുള്ള ഒരു കലാപസാധ്യതയാണ് അദ്ദേഹം ഇപ്പോള്‍ നേരിടുന്നത്.

കഴിഞ്ഞ മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ നിരവധി ആളുകള്‍ മുന്നോട്ട് വരുന്നതിനിടയിലാണ് 66-കാരനായ കോര്‍ബിന്‍ 60 ശതമാനത്തോളം വോട്ടുകളുമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിട്ടും, തന്റെ സഹനിയമനിര്‍മാതാക്കള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള പിന്തുണ തുലോം കുറവാണ്. പതിനഞ്ച് ശതമാനത്തില്‍ താഴെ നിയമനിര്‍മാതാക്കള്‍ മാത്രമാണ് അദ്ദേഹത്തിന് വോട്ട് ചെയ്തത്. നേതൃത്വത്തിലെത്താന്‍ മത്സരിക്കുന്ന യ്വിവെറ്റെ കൂപ്പറും ലിസ് കെന്‍ഡാളും പെന്‍ഷന്‍കാരുടെ വക്താവ് റേച്ചല്‍ റീവ്‌സും സമൂഹങ്ങളുടെ വക്താവ് എമ്മ റെയ്‌നോള്‍ഡ്‌സും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ലേബര്‍ നേതാക്കള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

എന്നാല്‍, ശനിയാഴ്ച നടന്ന മറ്റൊരു പ്രത്യേക തെരഞ്ഞെടുപ്പിലൂടെ ലേബറിന്റെ ഉപനേതാവായി തിരഞ്ഞെടുക്കപ്പെട്ട ടോം വാട്ട്‌സണ്‍ കോര്‍ബിന് ലഭിച്ച ജനപിന്തുണ അംഗീകരിക്കണമെന്ന് പാര്‍ട്ടിയുടെ നിയമനിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിക്കുകയും അട്ടിമറിക്ക് ‘പൂജ്യം സാധ്യത’ മാത്രമാണുള്ളത് എന്ന് പറഞ്ഞുകൊണ്ട് കലാപസാധ്യതയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. മാത്രമല്ല, ഞായറാഴ്ച ബിബിസിയുടെ ‘ആന്‍ഡ്രൂ മാര്‍’ എന്ന പരിപാടിയില്‍ സംസാരിക്കവെ ‘മുന്‍ ബഞ്ച് ജോലി ചെയ്യാനറിയാവുന്ന ചിലര്‍ എപ്പോഴുമുണ്ടാവും,’ എന്ന് വിമതരാവാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നില്ല.

‘ലേബര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ മാറ്റമാണെന്ന് മാത്രമല്ല ഇതൊരു വമ്പിച്ച രാഷ്ട്രീയ പുനരേകീകരണം ആണെന്ന കാര്യം നിഷേധിക്കുന്നതിലും അര്‍ത്ഥമില്ല,’ എന്ന് വാട്ട്‌സണ്‍ പറയുന്നു. ‘നമ്മള്‍ അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ജെറമി കോര്‍ബിന് നമ്മുടെ അംഗങ്ങളില്‍ നിന്നും വലിയ സമ്മതിയാണ് ലഭിച്ചിരിക്കുന്നത്. അവിടെ ചിലതൊക്കെ സംഭവിക്കുന്നുണ്ട്.’

കോര്‍ബിന്റെ എല്ലാ വീക്ഷണങ്ങളോടും താന്‍ യോജിക്കുന്നില്ലെന്ന് വാട്ട്‌സണ്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘പാര്‍ട്ടിയെ ജനാധിപത്യവല്‍ക്കരിക്കാന്‍ ഞങ്ങള്‍ ഇരുവരും ആഗ്രഹിക്കുന്നു. ഓരോ സമൂഹത്തിലും പാര്‍ട്ടിയുടെ വേരുകള്‍ വീണ്ടും ഉറപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.’

മുമ്പൊരിക്കലും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടില്ലാത്ത കോര്‍ബിന്‍, വിജയിച്ച് മണിക്കൂറകള്‍ക്കുള്ളില്‍ തന്നെ വളരെ വിവാദപരമായ ഒരു നേതൃത്വശൈലിയായിരിക്കും തന്റേതെന്ന് അനുമാനിക്കാവുന്ന തരത്തിലുള്ള ചില സൂചനകള്‍ നല്‍കി. തങ്ങളുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കാന്‍ രാഷ്ട്രീയക്കാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന വേദിയായ മാര്‍ ഷോയില്‍ പങ്കെടുക്കാനുള്ള തീരുമാനം ഉപേക്ഷിച്ച അദ്ദേഹം, ബുധനാഴ്ച പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ പ്രധാനമന്ത്രിയെ നേരിടില്ലെന്നും വ്യക്തമാക്കി.

ലേബര്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍ തന്റെ രാഷ്ട്രീയ ജീവിതം ചിലവിട്ട കോര്‍ബിന്‍, 200-1 സാധ്യതമാത്രമുള്ള പുറമെ നിന്നുള്ള ആള്‍ എന്ന സ്ഥാനത്തുനിന്നാണ് വിജയം കൈവരിച്ചത്. ബ്രിട്ടന്റെ ആണവായുധങ്ങള്‍ ഉപേക്ഷിക്കുക, റയില്‍വേ പുനര്‍ദേശസാല്‍ക്കരിക്കുക, അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ അച്ചടിച്ച പണം കൊണ്ട് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അദ്ദേഹത്തിന് ലേബര്‍ അണികളുടെ പിന്തുണ നേടിക്കൊടുത്തത്.

ടോണി ബ്ലയറുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച സ്വതന്ത്രകമ്പോള നയങ്ങളില്‍ നിന്നുള്ള വലിയ വ്യതിയാനമായിരിക്കും കോര്‍ബിന്റെ തെരഞ്ഞെടുപ്പെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെ വരുന്നപക്ഷം, സാമ്പത്തികരംഗം കൈകാര്യം ചെയ്യാനുള്ള പാര്‍ട്ടിയുടെ കഴിവിനെ ജനം അവിശ്വസിക്കുമെന്നതിനാല്‍ മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ ലേബര്‍ പാര്‍ട്ടിക്ക് അവരുടെ വോട്ടര്‍മാരെ തിരകെ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

കോര്‍ബിന് വോട്ട് ചെയ്യരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട ബ്ലയര്‍, മുന്‍ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെ പല സ്വതന്ത്രകമ്പോള പരിഷ്‌കരണങ്ങളും പിന്തുടരുകയും സോഷ്യലിസ്റ്റ്, സമാനവാദ നിലപാടുകളില്‍ നിന്നും പാര്‍ട്ടിയെ അകറ്റിനിറുത്തുകയും ചെയ്തുകൊണ്ട് മൂന്ന് തവണ ലേബര്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച വ്യക്തിയാണ്. 2003ലെ ഇറാഖ് അധിവേശത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ ജനപിന്തുണ നഷ്ടപ്പെട്ട അദ്ദേഹം, ഭൂഖണ്ഡത്തിലെമ്പാടും സാമ്പത്തികമാന്ദ്യം ഇടതു-മധ്യ പാര്‍ട്ടികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് അധികാരമൊഴിഞ്ഞു.

ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ ദേശീയ, സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുകയാണെന്ന് ഞായറാഴ്ചത്തെ ട്വീറ്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രതികരിച്ചു.

പ്രധാനമന്ത്രിയാവാനുള്ള കോര്‍ബിന്റെ സാധ്യതകളെ തന്റെ പാര്‍ട്ടി തള്ളിക്കളയുന്നില്ലെന്ന് മാര്‍ ഷോയില്‍ സംസാരിക്കവെ ജസ്റ്റിസ് പാര്‍ട്ടി സെക്രട്ടറി മൈക്കിള്‍ ഗോവ് വ്യക്തമാക്കി.

‘ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയാവുമെന്നതും നമ്മള്‍ അതിനെ നേരിടേണ്ടി വന്നേക്കുമെന്നും അംഗീകരിക്കാവുന്നതേയുള്ളു,’ എന്ന് അദ്ദേഹം പറഞ്ഞു. ‘അതുണ്ടാക്കാവുന്ന അപകടത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കേണ്ടത്.’

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍