UPDATES

വിദേശം

ലേബര്‍ പാര്‍ട്ടി വീണ്ടും ‘ഇടതുപക്ഷ’മായി; ജെറമി കോര്‍ബിന്‍ തന്നെ നേതാവ്

Avatar

കാര്‍ല ആദം
(വാഷിങ്ടണ്‍ പോസ്റ്റ്) 

പരസ്പരം പോരടിക്കുന്നുവെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ നേതാവായി ജെറമി കോര്‍ബിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ രാഷ്ട്രീയരംഗം പിടിച്ചുകുലുക്കിയ കോര്‍ബിന്റെ സ്ഥാനാരോഹണം ഒരു വര്‍ഷം മുന്‍പായിരുന്നു.

ബ്രിട്ടനിലെ ബെര്‍നി സാന്‍ഡേഴ്‌സ് എന്നറിയപ്പെടുന്ന കോര്‍ബിന്‍ പാര്‍ട്ടിയുടെ അടിത്തട്ടില്‍ തനിക്ക് മികച്ച ജനപ്രീതിയുണ്ടെന്ന് വീണ്ടും തെളിയിച്ചു. 61.8 ശതമാനം വോട്ട് നേടിയാണ് എതിരാളി ഓവെന്‍ സ്മിത്തിനെ കോര്‍ബിന്‍ പരാജയപ്പെടുത്തിയത്.

‘ബ്രിട്ടനില്‍ യഥാര്‍ത്ഥ മാറ്റത്തിനായി യത്‌നിക്കാം,’ ലിവര്‍പൂളില്‍ നടന്ന പാര്‍ട്ടി വാര്‍ഷികസമ്മേളനത്തില്‍ ഫലപ്രഖ്യാപനത്തിനുശേഷം കോര്‍ബിന്‍ പറഞ്ഞു.

ആഭ്യന്തര കലഹത്താല്‍ ഛിന്നഭിന്നമായ പാര്‍ട്ടിയില്‍ ഐക്യത്തിനും കോര്‍ബിന്‍ ആഹ്വാനം ചെയ്തു.

‘തിരഞ്ഞെടുപ്പുകള്‍ വികാരാവേശമുള്ളവയാണ്; പക്ഷപാതപരവും. സംവാദത്തില്‍ ആവേശം കൂടുമ്പോള്‍ എല്ലാവരും പലതും പറയും. പിന്നീട് ഖേദം തോന്നുകയും ചെയ്യും. അവയെല്ലാം മായ്ച്ചുകളഞ്ഞ് ഇന്നു മുതല്‍ പുതിയ തുടക്കമിടാം.’

2010 മുതല്‍ അധികാരത്തില്‍നിന്നു പുറത്തുകഴിയുന്ന പാര്‍ട്ടിയിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്ന തിരഞ്ഞെടുപ്പിലെ ഫലം ഏറെക്കുറെ പ്രതീക്ഷിച്ചതുതന്നെയാണ്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ പ്രിയപ്പെട്ടയാളാണെങ്കിലും പാര്‍ലമെന്റ് പ്രതിനിധികളുടെ ഇടയില്‍ കോര്‍ബിന് സ്വീകാര്യത കുറവാണ്.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെത്തുടര്‍ന്നാണ് നേതൃത്വത്തെ തീരുമാനിക്കാന്‍ വോട്ടെടുപ്പു നടന്നത്. 230 പാര്‍ലമെന്റ് അംഗങ്ങളില്‍ 172 പേരും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു.

കോര്‍ബിന്റെ പ്രവര്‍ത്തനശൈലിയാണ് പലരിലും എതിര്‍പ്പുണ്ടാക്കുന്നതെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായവോട്ടെടുപ്പില്‍ അദ്ദേഹത്തിന്റെ മോശം പ്രകടനമാണ് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. യൂണിയനില്‍ തുടരണം എന്ന നിലപാടിനുവേണ്ടി പ്രചാരണം നടത്തിയെങ്കിലും യഥാര്‍ത്ഥത്തില്‍ കോര്‍ബിന്റെ ആഗ്രഹം അതായിരുന്നില്ല എന്നാണു വിമര്‍ശനം.

എന്നാല്‍ സ്മിത്തിന്റെ അനുയായികള്‍ കോര്‍ബിന്റെ അനുയായികളുടെയത്ര ഉല്‍സാഹഭരിതരായില്ല എന്നതിനാല്‍ റിബലുകള്‍ക്കു വിജയം കാണാനായില്ല. കോര്‍ബിന്റെ അനുയായികള്‍ ആവേശഭരിതരും സാമൂഹിക മാധ്യമങ്ങളില്‍ ശക്തരുമാണ്. കോര്‍ബിന്‍ നേതാവായശേഷം കൂട്ടത്തോടെ ആളുകള്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. അഞ്ചുലക്ഷം അംഗങ്ങളുള്ള പാര്‍ട്ടി പടിഞ്ഞാറന്‍ യൂറോപ്പില്‍ ഏറ്റവും വലുതാണെന്ന് കോര്‍ബിന്‍ പറയുന്നു.

എന്നാല്‍ കോര്‍ബിന്റെ സ്വാധീനം വോട്ടര്‍മാരില്‍ ചെറിയൊരു ശതമാനത്തിലേ ഫലിക്കുന്നുള്ളൂവെന്നാണ് പല ലേബര്‍പാര്‍ട്ടി അനുഭാവികളുടെയും ആശങ്ക. ഇയിടെ നടന്ന ഒരു അഭിപ്രായവോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെക്കാള്‍ ഒന്‍പതു പോയിന്റ് പിന്നിലായിരുന്നു ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനം.

വ്യാപകമായ ജനപിന്തുണ നേടാന്‍ കഴിവുള്ള നേതാക്കളില്ലെന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ അടിസ്ഥാനപ്രശ്‌നമെന്ന് സ്ട്രാത്‌ക്ലൈഡ് യൂണിവേഴ്‌സിറ്റി രാഷ്ട്രമീമാംസ പ്രഫസര്‍ ജോണ്‍ കര്‍ട്ടിസ് ചൂണ്ടിക്കാട്ടുന്നു.

‘കഴിവു തെളിയിച്ച ഒരാള്‍ പോലും പാര്‍ട്ടിയിലില്ല. കോര്‍ബിന്റെ അനുയായികള്‍ക്ക് ഒരു സ്ഥാനാര്‍ത്ഥിയെങ്കിലുമുണ്ട്. മറ്റുള്ളവര്‍ക്ക് അതുമില്ല.’

പാര്‍ട്ടിയുടെ ഇടതുപക്ഷ വിഭാഗത്തിലെ മുതിര്‍ന്നയാളായ കോര്‍ബിന്‍ കഴിഞ്ഞ വര്‍ഷം നേതൃസ്ഥാനത്തെത്തിയപ്പോള്‍ അത് ലേബര്‍ പാര്‍ട്ടിയുടെ വ്യവസ്ഥയ്ക്കും പത്തുവര്‍ഷത്തെ ഭരണത്തില്‍ ഇടതും വലതും തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാക്കിയ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ക്കുമെതിരെയുള്ള വെല്ലുവിളിയായാണ് കണ്ടത്.

കോര്‍ബിന്റെ അനുയായികളില്‍ പലരും ബ്ലെയറിന്റെ കടുത്ത എതിരാളികളാണ്. കോര്‍ബിന്‍ സമതയുള്ള സമൂഹസൃഷ്ടിക്കായി ആക്ടിവിസ്റ്റുകളെ ഒരുമിപ്പിച്ച വക്രതയില്ലാത്ത ആധികാരിക രാഷ്ട്രീയക്കാരനാണെന്നാണ് അവരുടെ വാദം.

എന്നാല്‍ കോര്‍ബിന്റെ ഇപ്പോഴത്തെ ജനപിന്തുണ പൊതുതിരഞ്ഞെടുപ്പില്‍ നിലനില്‍ക്കുമെന്നു വിശ്വസിക്കാത്തവരാണ് മറ്റുള്ളവര്‍. ഗോര്‍ഡന്‍ ബ്രൗണിന്റെ കീഴിലുള്ള ലേബര്‍ സര്‍ക്കാരില്‍ വിദേശ സെക്രട്ടറിയായിരുന്ന ഡേവിഡ് മിലിബാന്‍ഡിന്റെ അഭിപ്രായത്തില്‍ ‘1930 മുതല്‍ പാര്‍ട്ടി അധികാരത്തില്‍നിന്ന് ഇത്ര അകലെയായിരുന്നിട്ടില്ല.’

ന്യൂ സ്റ്റേറ്റ്‌സ്മാനില്‍ മിലിബാന്‍ഡ് ഇങ്ങനെ എഴുതി: ‘ദേശീയത എല്ലാറ്റിനും ഉത്തരമാകില്ല. ചെലവുചുരുക്കലിനെതിരെയുള്ള പ്രസംഗം എന്തിനും വിശദീകരണമല്ല. കോര്‍പറേറ്റ് നികുതി എല്ലാ ചെലവും നടത്തില്ല. ഇവയെല്ലാം ഒരുമിച്ചുപോകുന്നില്ല. ഇതുകൊണ്ടു കാര്യമില്ല. ജനങ്ങള്‍ ബുദ്ധിയില്ലാത്തവരല്ല.’

കോര്‍ബിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി പിളരുമെന്നായിരുന്നു സ്മിത്ത് ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനു സാധ്യതയില്ലെന്ന് നിരീക്ഷകര്‍ കരുതുന്നു. നയിക്കാന്‍ മികച്ച ഒരു നേതാവില്ല എന്നതുതന്നെ കാരണം.

ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗങ്ങള്‍ മുന്‍പും കൂറുമാറിയിട്ടുണ്ട്. എണ്‍പതുകളുടെ തുടക്കത്തില്‍ 28 അംഗങ്ങള്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു രൂപം നല്‍കി. പിന്നീട് ഇത് ലിബറല്‍ പാര്‍ട്ടിയില്‍ ലയിച്ചാണ് ലിബറല്‍ ഡമോക്രാറ്റുകള്‍ ഉണ്ടായത്.

‘ഇടതുപക്ഷത്തെ അന്തച്ഛിദ്രം എന്താണു ചെയ്തത്? ടോറികള്‍ക്ക് 18 വര്‍ഷത്തെ ഭരണം നല്‍കുക മാത്രം,’ ലേബര്‍ എംപി ചുക ഉമുന്ന പറയുന്നു. ‘ വിശാലമാകുമ്പോള്‍ മാത്രമേ ലേബര്‍ പാര്‍ട്ടിക്കു വിജയിക്കാനാകൂ,’ പാര്‍ട്ടി പിളരുന്നതിനെതിരെ പ്രചാരണം നടത്തിയ ഉമുന്ന പറഞ്ഞു.

‘ലേബര്‍ പാര്‍ട്ടി കുടുങ്ങിയിരിക്കുകയാണ്,’ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ രാഷ്ട്രമീമാംസ വിദഗ്ധന്‍ ടോണി ട്രാവേഴ്‌സ് പറഞ്ഞു. ‘പാര്‍ലമെന്ററി പാര്‍ട്ടി പേടിസ്വപ്‌നത്തിലൂടെ കടന്നുപോകുകയാണ്. എന്നാല്‍ പിളരാന്‍ സാധ്യതയില്ല. ഈ സംഘര്‍ഷം തുടരാനാണ് സാധ്യത.’

2015ല്‍ കോര്‍ബിനോടു പരാജയപ്പെട്ട ആന്‍ഡി ബേണ്‍ഹാം ഐക്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രെക്‌സിറ്റിനുശേഷം യുകെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കണമെന്നും ബേണ്‍ഹാം ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ സമാധാനം സ്ഥാപിക്കാന്‍ കോര്‍ബിന്റെ തിരഞ്ഞെടുപ്പിനാകുമെന്നു തോന്നുന്നില്ല. ‘പാര്‍ലമെന്ററി പാര്‍ട്ടിയും നേതാക്കളും തമ്മിലും പാര്‍ലമെന്ററി പാര്‍ട്ടിയും അംഗങ്ങളും തമ്മിലും ഭിന്നത നിലനില്‍ക്കുന്നിടത്തോളം പ്രശ്‌നം പരിഹരിക്കാനാകില്ല,’ പ്രഫസര്‍ കര്‍ട്ടിസ് ചൂണ്ടിക്കാട്ടുന്നു. ‘വരുന്ന 12 മാസത്തില്‍ വീണ്ടുമൊരു നേതൃത്വ തിരഞ്ഞെടുപ്പിന് നാം സാക്ഷ്യം വഹിക്കേണ്ടി വരാം.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍