UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഴിവായത് വന്‍ ദുരന്തം: 150 യാത്രക്കാരുമായി ജെറ്റ് എയര്‍വേയ്സ് കഴിഞ്ഞ വര്‍ഷം തിരുവനന്തപുറത്തിറങ്ങിയത് അപകടകരമായി

Avatar

അഴിമുഖം പ്രതിനിധി 

ജെറ്റ് എയര്‍വേയ്സിന്റെ 150 യാത്രക്കാരുണ്ടായിരുന്ന 9W-555 വിമാനം കഴിഞ്ഞ വര്‍ഷം ആഗസ്ത് 17-നു തിരുവനന്തപുരത്ത് വൈമാനികര്‍ ഇടിച്ചിറക്കി. റണ്‍വെ എവിടെയാണ് എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെ വന്നപ്പോഴാണ് അതുണ്ടായതെന്ന് ഒരു വ്യോമയാന മന്ത്രാലയ അന്വേഷണം കണ്ടെത്തിയെന്ന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ അപകടകരമായ ഇറക്കലിന് ദുരന്തത്തില്‍ കലാശിച്ചേക്കാമായിരുന്ന സാധ്യതകള്‍ ഉണ്ടായിരുന്നതായി കഴിഞ്ഞയാഴ്ച്ച വ്യോമയാന മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈമാനികര്‍ ‘മെയ് ഡെ’ (അപകട സൂചന) പ്രഖ്യാപിച്ച് ആറ് തവണ ചുറ്റിപ്പറന്നതിന് ശേഷ ഏഴാം തവണയാണ് ഇടിച്ചിറക്കിയത് എന്നു റിപ്പോര്‍ട്ടിലുണ്ട്.

“അതെവിടെയാണെന്ന് അറിയാമോ?” എന്നു വൈമാനികര്‍ ഏഴാം ശ്രമം നടത്തുമ്പോള്‍ ഫസ്റ്റ് ഓഫീസര്‍ ചോദിക്കുന്നത് കോക്പിറ്റിലെ ശബ്ദരേഖയില്‍ കേള്‍ക്കാം. “കണ്ണടച്ച് പോകുന്നു,” എന്നു ക്യാപ്റ്റന്‍ മറുപടിയും പറയുന്നു.

ഒടുവില്‍ ഇറങ്ങിയപ്പോള്‍ ബോയിംഗ് 737-ല്‍ അവശേഷിച്ചിരുന്നത് വെറും 349 കിലോഗ്രാം ഇന്ധനമായിരുന്നു. ഒരു വിമാനത്തിന് നിലത്തുകൂടി സ്വയം നീങ്ങാന്‍ (taxiing) ചുരുങ്ങിയത് 100 മുതല്‍ 150 കിലോ ഇന്ധനം വേണം. ഒരു തവണ വൈമാനികര്‍ ചുറ്റിയിരുന്നെങ്കില്‍ വേണ്ടത്ര ഇന്ധനമില്ലാതെ വിമാനം തകര്‍ന്നേനെ എന്നു അധികൃതര്‍ പറഞ്ഞു.

‘ഗുരുതരം’ എന്നു വിശേഷിപ്പിച്ച സംഭവത്തിന്റെ പേരില്‍ ക്യാപ്റ്റനെ  സഹവൈമാനികനായി തരം താഴ്ത്തി. വൈമാനികരുടെ പ്രതികരണം ലഭ്യമല്ല.

ജെറ്റ് വിമാനം കൊച്ചിയിലെത്തിയപ്പോള്‍ അതില്‍ 4,844 കിലോ ഇന്ധനമുണ്ടായിരുന്നു. കൊച്ചിയിലിറങ്ങാന്‍ മൂന്നുതവണ ശ്രമിച്ചെങ്കിലും റണ്‍വെ തെളിഞ്ഞു കാണാത്തതിനാല്‍ നടന്നില്ല. അപ്പോള്‍ ഇന്ധനം 2644 കിലോയില്‍ എത്തുകയും ചെയ്തു.

അവിടെ നിന്നു പോകേണ്ട വിമാനത്താവളമായ ബെംഗളൂരുവിലേക്ക് 3306 കിലോ ഇന്ധനം വേണം. അതുകൊണ്ടാണ് തിരുവനന്തപുരത്തേക്ക് പറക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്. അവിടെ ചുറ്റിപ്പറന്ന വൈമാനികര്‍ 1,324 കിലോഗ്രാം ബാക്കിയുള്ളപ്പോള്‍ മെയ് ഡെ പ്രഖ്യാപിച്ചു. ആറാമത് ശ്രമം കഴിഞ്ഞപ്പോള്‍ ഇന്ധനം 662 കിലോഗ്രാമായി.

“വിമാനം 180 ഡിഗ്രി തിരിഞ്ഞു അപായമണി മുഴക്കി താഴ്ന്നാണ് വന്നത്,” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

“Enhanced ground proximity warning system (EGPWS), ‘Terrain pull up’ എന്ന് തുടര്‍ച്ചയായി മുന്നറിയിപ്പ് തന്നു.” എല്ലാ മുന്നറിയിപ്പുകളോടും കൂടെ ക്യാപ്റ്റന്‍ മുന്നോട്ടുവന്നുകൊണ്ടിരുന്നു, റണ്‍വെ ഒട്ടും കാണാതെയായിരുന്നു അത്. ഒടുവില്‍ ഏഴാം ശ്രമത്തില്‍ വിമാനം നിര്‍ത്തി,” റിപ്പോര്‍ട്ടില്‍ പറയുന്നു.

മോശം കാലാവസ്ഥയില്‍ എത്രതവണ ശ്രമിക്കാമെന്നതിനെക്കുറിച്ചും ബദല്‍ ലക്ഷ്യങ്ങള്‍ സംബന്ധിച്ചും ഒരു കമ്പനി നയം ഇല്ലാത്തതാണ് ഇതിന് കാരണമായി റിപ്പോര്‍ട്ട് പറയുന്നത്.

“കുറഞ്ഞ സാഹചര്യങ്ങള്‍ക്കും താഴെ നിരവധി EPWG മുന്നറിയിപ്പുകള്‍ അവഗണിച്ചും മൂന്നു തവണ വൈമാനികര്‍ തിരുവനന്തപുരത്ത് ഇറക്കാന്‍ ശ്രമിച്ചു. അതുവഴി യാത്രക്കാരുടെ സുരക്ഷയെയാണ് അപകടത്തിലാക്കിയത്.”

ജെറ്റ് എയര്‍വേയ്സ് സുരക്ഷാ നയവും പ്രവര്‍ത്തന നടപടിക്രമങ്ങളും നിരന്തരം പരിശോധിക്കാന്‍ ഒരു ആഭ്യന്തര അന്വേഷണം നടത്തി എന്നാണ് പറയുന്നത്.

എയര്‍ലൈനിന്റെ ഒരു വക്താവ് പറഞ്ഞു, “സംഭവം അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് ഞങ്ങള്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ ആവശ്യമായ ഇന്ധനമടക്കം എയര്‍ലൈന്‍ എല്ലാ സാധ്യമായ നടപടികളും എടുത്തിരുന്നെങ്കിലും മോശം കാലാവസ്ഥ വൈമാനികര്‍ക്ക് സുരക്ഷിതമായി നിലത്തിറക്കാന്‍ തങ്ങളുടെ എല്ലാ ശേഷിയും പരിശീലനമികവും പുറത്തെടുക്കേണ്ട ഒരവസരം സൃഷ്ടിക്കുകയായിരുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍