UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: വിമാനങ്ങളുടെ കൂട്ടിയിടിയും വിമാന റാഞ്ചലും

Avatar

1976 സെപ്തംബര്‍ 10
വിമാനങ്ങള്‍ കൂട്ടിയിടിച്ച് 176 മരണം

ലോകം അന്നേവരെ കണ്ടതില്‍ വച്ച് അത്യന്തം ദാരുണമായ ആകാശദുരന്തമായിരുന്നു 1976 സെപ്തംബര്‍ 10 ന് നടന്നത്. യൂഗോസ്ലാവിയായിലെ സാഗ്രെബില്‍ വച്ച് രണ്ടു യാത്രാ വിമാനങ്ങള്‍ കൂട്ടിയിടിച്ച് 176 പേരാണ് കൊല്ലപ്പെട്ടത്. ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യതയില്‍ നില്‍ക്കുന്ന സമയത്താണ് ഈ ദുരന്തം നടക്കുന്നത്.

ഏഷ്യക്കും യൂറോപ്പിനും ഇടയിലൂടെയുള്ള വിമാനസഞ്ചാരം സോവിയറ്റ് റഷ്യയുടെയും അവരുടെ സഖ്യരാജ്യങ്ങളുടെയും ആകാശ അതിര്‍ത്തികള്‍ ഒഴിവാക്കിയായിരുന്നു നടത്തിയിരുന്നത്. ശീതയുദ്ധത്തില്‍ ഒരുപക്ഷത്തും നിലയുറപ്പിക്കാതെ നിന്ന യൂഗോസ്ലാവിയായിലെ സാഗ്രെബ് വിമാനത്താവളം ഈ നിയന്ത്രണം മൂലം അക്കാലത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളമായി മാറി.

എന്നാല്‍ നിരവധി വിമാനങ്ങള്‍ ഈ വിമാനത്താവളം ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും അവരുടെ എയര്‍ട്രാഫിക് സംവിധാനം ഈ വിമാനങ്ങളെ എല്ലാം നിയന്ത്രിക്കാന്‍ പര്യാപ്തമായിരുന്നുമില്ല. ഈ പിഴവാണ് വലിയൊരു ആകാശ ദുരന്തത്തിന് വഴിവെച്ചത്. ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ഈസ്താംബൂളിലേക്ക് 54 യാത്രക്കാരുമായി പറക്കുകയായിരുന്ന ബ്രീട്ടീഷ് എയര്‍വെയ്‌സിന്റെ ട്രിഡന്റ് 3 ബി 476ാം നമ്പര്‍ വിമാനവും 108 യാത്രക്കാരുള്ള ഇനെക്‌സ് ഷാറെര്‍ ഡി സി -9 പശ്ചിമ ജര്‍മ്മന്‍ വിമാനവും തമ്മില്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കാന്‍ സാഗ്രെബ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് സംവിധാനത്തിന് കഴിയാതെ പോവുകയായിരുന്നു.

1976 സെപ്തംബര്‍ 10 
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചുന്നു

സാഗ്രെബില്‍ ആകാശക്കുരുതി നടന്ന അതേ ദിവസം തന്നെ ഡല്‍ഹി-ജയ്പൂര്‍-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ സി 491 വിമാനവും റാഞ്ചി. റാഞ്ചിയ വിമാനം ലാഹോറിലേക്കാണ് കൊണ്ടുപോയത്. ഈ വിമാനത്തില്‍ ജീവനക്കാരെ കൂടാതെ 66 യാത്രക്കരാണ് ഉണ്ടായിരുന്നത്. ഈ റാഞ്ചല്‍ നാടകം പിറ്റേദിവസം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് അവസാനിക്കുകയും വിമാനത്തില്‍ ബന്ദിക്കളാക്കപ്പെട്ടവരെല്ലാം മോചിതരാവുകയും ചെയ്തു.

ന്യൂഡല്‍ഹിക്കും ഇസ്ലാമാബാദിനും ഇടയില്‍ നടന്ന നയതന്ത്രതല ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു പാക്കിസ്ഥാന്റെ രക്ഷാപ്രവര്‍ത്തനം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും തന്നെ സെപ്തംബര്‍ 11 ന് ഡല്‍ഹിയില്‍ തിരിച്ചെത്തി.


ആകസ്മികം എന്നുപറയട്ടെ ഇതേ വിമാനം തന്നെ 1981 സെപ്ംതബറില്‍ സിഖ് പ്രക്ഷോഭകാരികള്‍ റാഞ്ചുകയും ലാഹോറിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍