UPDATES

മാളയിലെ ജൂതര്‍; ചരിത്രത്തിന്റെ അവശേഷിപ്പുകള്‍

Avatar

രാകേഷ് നായര്‍

നാലുംകൂടിയൊരു കവല, അതിനെയൊന്നു നീട്ടിയാല്‍; തെക്ക് സെന്റ് സ്റ്റനിസ്ലാവോസ് ഫെറോന പള്ളി തൊട്ട് തെക്കോട്ട് മാള മൊഹിയുദ്ദീന്‍ ജുമാ മസ്ജിദിന് മുന്നിലെ വളവിലെത്തി നില്‍ക്കുന്നതും പടിഞ്ഞാറ് സിനഗോഗില്‍ തുടങ്ങി, താഴേക്കിറങ്ങി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡും പഞ്ചായത്ത് ഓഫീസും പൊലീസ് സ്റ്റേഷനും കടന്ന് ശവക്കോട്ടവരെയും പറയാം. ഇതിനകത്ത് ഒതുങ്ങും മാള എന്ന പട്ടണം. ഈ പറഞ്ഞ ചുറ്റളവിനുള്ളില്‍ കേരളത്തിലെ ഒരു ശരാശരി നഗരക്കാഴ്ച്ചകളെല്ലാം ഉണ്ട്. 

മാളയുടെ ഹൃദയത്തെ പട്ടണമെന്ന് വിശേഷിപ്പിക്കുന്നതിലും സുഖം അങ്ങാടി എന്നു പറയുന്നതിലാണ്. അങ്ങാടി എന്ന വാക്കിന്റെ വഴിയോരങ്ങളില്‍ നിരത്തിവച്ചിരിക്കുന്ന കാഴ്ച്ചകള്‍ കൂടി ഇവിടെയുണ്ട്. ഒപ്പം വലിയൊരു ചരിത്രത്തിന്റെ ഓര്‍മ്മകളും.

പഴമയെ പകുത്തു ചേര്‍ത്തുവച്ച പുതുമകളാണ് അങ്ങാടിയുടെ ഇരുവശങ്ങളിലും കാണാവുന്നത്. കാലത്തിന്റെ രണ്ടു മുഖങ്ങളും ദൃശ്യം. സെന്റ് തോമസ് കേളേജിലേക്കു പോകുന്ന പിള്ളേരും അവരുടെ കളി ചിരികളെക്കാള്‍ ഉച്ചത്തില്‍ ചിരിക്കുന്ന എണ്‍പത്തെട്ടുകാരന്‍ സായിബും ഷണ്‍മുഖന്റെ ചായക്കടയിലിരുന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്ന ബൈജുവുമൊക്കെ മാളയുടെ അതാതുകാലത്തിന്റെ അടയാളങ്ങളായി ഈ അങ്ങാടിയിലുണ്ട്. ഇവര്‍ക്കെല്ലാം ഇടയിലൂടെ നടന്നാല്‍ മാളയുടെ ചരിത്രത്തെ തൊട്ടറയാം. 

എന്തുകൊണ്ട് മാള അതിന്റെ തനതായൊരു ചരിത്രം പേറി മറ്റിടങ്ങളില്‍ നിന്നു മാറി നില്‍ക്കുന്നു എന്ന ചോദ്യത്തില്‍ നിന്നാകണം മാളയുടെ പഴയകാലത്തേക്ക് നടന്നു തുടങ്ങാന്‍. ആയിരത്തോളമാണ്ടുകള്‍ പിന്നിട്ട് ആ മടക്കയാത്ര ചെന്നെത്തി നില്‍ക്കുക മാളക്കടവിലായിരിക്കും. മുച്ചീരി പട്ടണത്തില്‍ നിന്ന് കുറെ ജൂതന്മാര്‍ ഈ മണ്ണിലേക്കെത്തുന്നത് ഈ കടവിറങ്ങിയാണ്. മാളയുടെ ചരിത്രം അവിടെ നിന്ന് തുടങ്ങുന്നു.

സോളമന്‍ രാജാവ് കൂട്ടിയിണക്കി നിര്‍ത്തിയ ഒരു ജനത നിരന്തരമായ ആക്രമണങ്ങളെ ഭയന്ന് ജീവിച്ച നാടുപേക്ഷിച്ച് തുടങ്ങിയ ദീര്‍ഘമായ പലായനം ചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടത് ഡയസ്‌പോറ എന്ന പേരിലാണ്. സ്വന്തം മണ്ണില്‍ നിന്ന് ബഹിഷ്‌കൃതരായി അഭയം തേടിയെത്തിയിടത്തെല്ലാം നിന്നു ക്രൂരതകളേറ്റുവാങ്ങി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കായി തുടര്‍ന്ന യാത്രകള്‍. സംവത്സരങ്ങളുടെ അലച്ചിലില്‍ ഒടുവില്‍ വാഗ്ദത്ത ഭൂമി അനുവദിച്ചു കിട്ടിയവര്‍. പുതിയകാലത്തിന്റെ നോട്ടത്തില്‍ എന്തൊക്കെ കളങ്കം കാണാന്‍ കഴിഞ്ഞാലും യഹൂദ ജീവിതത്തിന്റെ വിവരിക്കാനാവാത്ത പീഢകളുടെ കഥ വിസ്മരിക്കാന്‍ കഴിയില്ല. അഭയം തേടി ചെന്നിടത്തെല്ലാം നേരിടേണ്ട വന്ന യാതനകളുടെ കഥ ഓരോ യഹൂദനും കൈമാറി കിട്ടിയിട്ടുണ്ടെങ്കിലും അവരെല്ലാവരും ആ കൂട്ടത്തില്‍ നിന്ന് മാറ്റിവയ്ക്കുന്നൊരു നാട് കേരളമാണ്. പറവൂരും ചേന്ദമംഗലവും കൊച്ചിയിലുമെല്ലാം ജൂതര്‍ അതവരുടെ മാതൃഭൂമിയായി കണ്ട് നൂറ്റാണ്ടുകള്‍ ജീവിച്ചു. പിതൃഭൂമിയിലേക്ക് മടങ്ങിയെങ്കിലും പോറ്റിയ മണ്ണുമായുള്ള ബന്ധം മുറിച്ചെറിയാന്‍ ഇന്നുമാര്‍ക്കും ആവാത്തത് അത് അത്തരത്തിലൊരു ബന്ധം ആയതുകൊണ്ടാണ്.

അഭയാര്‍ത്ഥികളായ യഹൂദര്‍ കേരളത്തില്‍ ആദ്യമെത്തുന്നിടം തുറമുഖ നഗരമായ മുസിരിസില്‍ (ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു. അവിടെ ആവാസമുറപ്പിച്ച ശേഷമാണ് മറ്റിടങ്ങളിലേക്ക് ചേക്കേറുന്നത്. മാളയിലേക്ക് യഹൂദര്‍ എങ്ങനെയെത്തി എന്നതിനെ കുറിച്ച് രണ്ടഭിപ്രായം പറഞ്ഞുകേള്‍ക്കുന്നുണ്ട്. മുസിരീസില്‍ ഉണ്ടായ കലാപത്തെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ടുവന്നവരാണ് മാളയില്‍ കുടിയേറി പാര്‍ത്തതെന്നു പറയുന്നുണ്ടെങ്കിലും അതിനേക്കാള്‍ വിശ്വാസ്യത രണ്ടാമത്തെ കാരണത്തിനാണ്. മുസിരീസില്‍ നിന്ന് ജലമാര്‍ഗം വന്നെത്താന്‍ എളുപ്പമായൊരു ഇടമാണ് മാള. സ്വാഭാവികമായും യൂഹദരുടെ വാണിജ്യതാല്‍പര്യം തന്നെയാകണം അവരെ മാളയിലെത്തിച്ചത്. അന്നത്തെ കൊടുങ്ങല്ലൂര്‍ രാജാവിന്റെ ആതിഥ്യമര്യാദ കൊണ്ട് യഹൂദര്‍ക്ക് മാളയിലേക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കുകയും അവരവിടെ തങ്ങളുടെതായൊരു ശക്തിയായി രൂപപ്പെടുകയും ചെയ്തു. ഇന്നു കാണുന്ന മാള അങ്ങാടിയുടെ രൂപീകരണം യഹൂദര്‍ വഴി ഉണ്ടായിട്ടുള്ളതാണ്. പ്രദേശത്ത് അന്നുണ്ടായിരുന്ന ജനസമൂഹവുമായി വളരെ വേഗം ഇടകലര്‍ന്ന യഹൂദര്‍ അവിടെ കച്ചവടകേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും വാസസ്ഥലങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അവരുടെ മതാചാരകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി ആരാധനാലയമായ സിനഗോഗ് നിര്‍മ്മിക്കാനുള്ള അവകാശവും അന്നത്തെ ഭരണാധികാരികള്‍ നല്‍കുകയുണ്ടായി. സിനഗോഗ് കൂടാതെ ജൂത ശ്മശാനം നിര്‍മ്മിക്കാനുള്ള സ്ഥലവും വിട്ടുകൊടുത്തു. 

സിനഗോഗിന്റെ ഉള്‍വശം( പഴയകാല ചിത്രം, പ്രൊഫ. സി കര്‍മചന്ദ്രന്റെ ശേഖരത്തില്‍ നിന്ന്)

പല തവണ പുതുക്കി പണിതശേഷമുള്ള, ഇന്നു കാണുന്ന ജൂത സിനഗോഗ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള സിനഗോഗുകളില്‍ ഒന്നാണ്. ശ്മശാനമാകട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ ജൂത ശ്മശാനവുമാണ്. ജൂതവംശത്തിന്റെ വിസ്തൃതമായൊരു ചരിത്രം രേഖപ്പെട്ടു കിടക്കുന്ന ഇടമായി മാള മാറുകയും ചെയ്തു.

മാളയില്‍ ഇന്നു കാണുന്ന അങ്ങാടി യഹൂദവരവിനു ശേഷം ഉണ്ടായതാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഇപ്പോഴും അവിടെയുണ്ട്. ഒരു പ്രദേശം പ്രധാനകേന്ദ്രമാക്കി തെരഞ്ഞെടുത്തശേഷം നടുവിലൂടെയൊരു പാതയും അതിനിരുവശവും വീടുകള്‍ സ്ഥാപിക്കുകയുമായിരുന്നു യഹൂദ രീതി. ചുറ്റുമതിലോ മുറ്റമോ ഇല്ലാത്തതായിരുന്നു അവരുടെ വീടുകള്‍. റോഡിലേക്കിറങ്ങുന്ന വാതിലുകളായിരുന്നു യഹൂദഭവനങ്ങളുടേത്. താഴെ കച്ചവടമുറികളും മുകളിലോ പിറകിലോ ആയി താമസവും. ചരിത്രത്തിന്റെ ശേഷിപ്പുകളായി ചിലത് ഇപ്പോഴും മാളയില്‍ കാണാം.

നാല്‍പ്പതിലേറെ ജൂത കുടുംബങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. അങ്ങാടിയില്‍ തന്നെയായിരുന്നു ഇവരെല്ലാം താമസിച്ചിരുന്നതും. സിനഗോഗ് സ്ഥാപിച്ചിരിക്കുന്നതും അങ്ങാടിയോട് ചേര്‍ന്നാണ്. ഇവിടെ നിന്ന് ഏകദേശം അര കിലോമീറ്റര്‍ മാറിയാണ് ശ്മശാനം.

ജൂത ശവകുടീരം

1948 ല്‍ ലോകത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതരെല്ലാം ഇസ്രയേല്‍ എന്ന സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. കൂട്ടത്തില്‍ മാളയിലുണ്ടായിരുന്ന ജൂതരും. 1955-ലായിരുന്നു മാളയിലെ ജൂതര്‍ തിരികെ പോകുന്നത്. നൂറ്റാണ്ടുകളോളം തങ്ങള്‍ കഴിഞ്ഞുകൂടിയ മണ്ണ് വിട്ടുപോകാന്‍ പലര്‍ക്കും മടിയായിരുന്നു. പലരും പോകേണ്ട എന്ന തീരുമാനത്തില്‍വരെയെത്തിയിരുന്നു. ഒറ്റപ്പെട്ടുപോയാലോ എന്ന ഭയവും വാഗ്ദത്ത ഭൂമി എന്ന പ്രലോഭനവും അവരുടെ തീരുമാനങ്ങള്‍ മാറ്റിച്ചു. ഒടുവില്‍ ജൂതരൊഴിഞ്ഞ മാളയുടെ മണ്ണില്‍ ഒരു സിനഗോഗും വലിയൊരു ശ്മശാനവും ബാക്കിയായി. തങ്ങളില്‍ തന്നെയുള്ളവരെന്നു ജൂതരെ കണക്കാക്കിയ മാളയിലെ ജനങ്ങള്‍ യഹൂദര്‍ക്ക് അവര്‍ തങ്ങളെ ഏല്‍പ്പിച്ച പൈതൃകസ്മാരകങ്ങള്‍ സംരക്ഷിച്ചു കൊള്ളാം എന്ന വാക്കും നല്‍കിയാണ് യാത്രാമംഗളങ്ങള്‍ നേര്‍ന്നത്.

മാള അങ്ങാടി

അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം മാള കുറെ വളര്‍ന്നു. ഇപ്പോള്‍ മാള അങ്ങാടിയുടെ നടുവില്‍, അതായത് ജംഗ്ഷനില്‍ എത്തുന്ന ഒരു പുറമെക്കാരന് എവിടെയാണ് ചരിത്രം പേറി നില്‍ക്കുന്ന സിനഗോഗ് എന്ന് കണ്ടുപിടിക്കുക ബുദ്ധുമുട്ടാണ്. തൊട്ടടുത്ത് തന്നെയുണ്ടെങ്കിലും നിരന്ന കടമുറികള്‍ക്കപ്പുറം മറഞ്ഞുനില്‍ക്കുന്ന ആ സ്മാരകം കണ്ടെത്താന്‍ തീര്‍ച്ചയായും പ്രദേശവാസികളുടെ ആരുടെയെങ്കിലും സഹായം വേണ്ടിവരും. പ്രധാന ജംഗ്ഷനില്‍ നിന്ന് ഉള്ളിലോട്ടു കേറുന്നൊരു പോക്കറ്റ് റോഡുണ്ട്. തുടക്കത്തില്‍ തന്നെ ഷണ്‍മുഖ വിലാസം ടീ സ്റ്റാള്‍, എതിരായി കടമുറികളുടെ നിര. അടഞ്ഞുകിടക്കുന്ന ഒന്നിന്റെ മുന്നില്‍ ഉണക്ക മത്സ്യങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു. തൊട്ടു ചേര്‍ന്ന് നാണ്യവിളകള്‍ ശേഖരിക്കുന്നൊരിടം. അതു കഴിഞ്ഞ് ഒരു പൂക്കട, പിന്നെയൊരു സ്റ്റുഡിയോ. ഉണക്കമത്സ്യ കച്ചവടവും നാണ്യവിളശേഖരണവുമെല്ലാം പഴയകാല മാളയുടെ കച്ചവടസ്വഭാവത്തിന്റെ പ്രതീകങ്ങള്‍ തന്നെയാണ്. മാള നല്ല വളക്കൂറുള്ള മണ്ണാണ്. ധാരാളം ഫലവൃഷങ്ങളും നാണ്യവിളകളും ഇവിടെ വിളഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു വ്യാപാരികള്‍ മാളയില്‍ എത്തിയിരുന്നതായും ഇവിടെ നിന്ന് ചക്കയുള്‍പ്പെടെയുള്ളവ അങ്ങോട്ടേയ്ക്ക് കയറ്റി അയക്കാറുണ്ടായിരുന്നുവെന്നും പറയുന്നു. കടല്‍ കടന്നുപോലും വ്യാപാരബന്ധം മാളയുമയാട്ടുണ്ടായിരുന്നതായും ചരിത്രം പറയുന്നുണ്ട്. മാള ഒരു കച്ചവട ഭൂമികയാക്കിയതിന്റെ പ്രധാനശില്‍പ്പികള്‍ ജൂതന്മാര്‍ തന്നെയാകണം.


(ചില അങ്ങാടി കാഴ്ചകള്‍ )

ഷണ്‍മുഖന്റെ ചായക്കടയുടെ തൊട്ടു പിറകിലായാണ് സിനഗോഗ്. ജൂതര്‍ക്ക് മാളക്കാര്‍ കൊടുത്ത വാക്ക് പാലിക്കപ്പെടുന്നില്ലെന്നതിന്റെ തെളിവ് സിനഗോഗ് പരിസരത്ത് നിന്നാല്‍ മനസ്സിലാകും. മാളയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് വിശദമായി പറയാനുണ്ട്, ഇപ്പോള്‍ അതിലേക്ക് കടക്കുന്നില്ല. അല്‍പ്പം കൂടി ചരിത്രം തേടിപ്പോയാല്‍ മാത്രമെ ഇപ്പോള്‍ സംഭവിക്കുന്ന അവഗണനകളുടെ ആഴം എത്രയാണെന്നു മനസ്സിലാകൂ.

മാളയിലെ ജൂതരെ കണ്ടിട്ടുള്ളവര്‍ ആരെങ്കിലും ഇപ്പോള്‍ ഉണ്ടോ എന്ന അന്വേഷണത്തില്‍ ആദ്യം കണ്ടുമുട്ടിയത് അബ്ദുള്ള എന്ന സായിബിനെയാണ്. പ്രായം തളര്‍ത്തിയ ശരീരത്തെ ഒരുന്നൂവടിയുടെ ബലം കൊണ്ട് താങ്ങി നിര്‍ത്തുന്ന സായിബ് അങ്ങാടിയിലെ ഏവര്‍ക്കും പരിചിതനാണ്. വര്‍ഷങ്ങളോളം ഇതേ അങ്ങാടിയിലെ ഒരു കച്ചവടക്കാര്‍ കൂടിയായിരുന്ന സായിബിനെ കണ്ടത് അടയ്ക്കയും ജാതിയുമൊക്കെ ശേഖരിക്കുന്ന കടയുടെ മുന്നിലെ ചെറുമതിലിന്മേലാണ്.

55 ല്‍ അവസാന ജൂതനും മാള വിടുമ്പോള്‍ സായിബിന് പ്രായം പത്തോ പതിനഞ്ചോ. സായിബിന്റെ മനസ്സില്‍ ഇപ്പോഴും പഴയകാലമുണ്ട്. പുറത്തുവരാന്‍ വിങ്ങുന്ന ശബ്ദത്തില്‍ ആ കാലത്തിന്റെ ഓര്‍മയിലുള്ള കഥകള്‍ സായിബ് പങ്കുവച്ചു.

ബാപ്പയ്ക്കും അങ്ങാടിയില്‍ അക്കാലത്ത് കച്ചവടമുണ്ട്. അദ്ദേഹത്തിന് ജൂതന്മാരൊക്കെയായി കൂട്ടാണ്. അങ്ങാടിയില്‍ ജൂതരെത്തുന്നതിനു മുമ്പ് അധികവും മുസ്ലീങ്ങളാണ്. ഇവിടെയുള്ള മാള മുഹിയുദ്ദീന്‍ ജുമാമസ്ജീദ്  കേരളത്തിലെ രണ്ടാമത്തെ മുസ്ലിം പള്ളിയാണെന്നാണ് പറയുന്നത്. ആ പള്ളീടെ തൊട്ടടുത്ത് തന്നെയാണ് അവരുടെ പള്ളിയും (സിനഗോഗ്). എല്ലാവരും കച്ചോടക്കാരായിരുന്നു. മുട്ട, അടയ്ക്ക, കായ, തോല് ഇതൊക്കെയായിരുന്നു അവര്‍ കച്ചോടം ചെയ്തിരുന്നത്. ഇവിടെയുള്ള വീടുകളില്‍ കയറിയിറങ്ങി അവര്‍ മുട്ടയും കായുമൊക്കെ വാങ്ങും. അതാണ് പിന്നീടവര്‍ വില്‍ക്കുന്നത്. ഞങ്ങളൊക്കെ അവരോട് മുട്ട വാങ്ങിയിട്ടുണ്ട്. തോലുറയ്ക്ക് വയ്ക്കുന്നവരുമുണ്ട്. കശാപ്പുശാലയില്‍ നിന്നാണ് തോല്‍ വാങ്ങുന്നത്. അതു കൊണ്ടുവന്ന് ഉപ്പിനകത്തിട്ടു വയ്ക്കും. ഇതും അവരുടെ പ്രധാന കച്ചവടമായിരുന്നു. മിക്കവരും കടമുറികളില്‍ ഇരുന്നു തന്നെയയിരുന്നു കച്ചവടമെങ്കിലും അവരുടെ പെണ്ണുങ്ങളില്‍ ചിലര്‍ വീടുകള്‍ കയറിനടന്ന് കച്ചവടം ചെയ്യാറുണ്ടായിരുന്നു. ഇതു മിക്കവാറും മുട്ടയും കായുമൊക്കെയായിരുന്നു.

സായിബും കൂട്ടരും

നമ്മുടെ മാതിരി കൈലിയും വെള്ളമുണ്ടുമൊക്കായിരുന്നു അവരുടെ വേഷവും. പെണ്ണുങ്ങള്‍ക്ക് നീളന്‍ കൈയുള്ള കുപ്പായമായിരിക്കും. പഴയ കാലത്തെ മുസ്ലീം പെണ്ണുങ്ങളുടെ അതേ വേഷം തന്നെയായിരുന്നു ജൂതപ്പെണ്ണുങ്ങള്‍ക്കും. ആണുങ്ങള്‍ തലയുടെ പുറകിലായി ചെറിയൊരു വട്ടത്തൊപ്പി വയ്ക്കും. അതു പിള്ളേരും വയ്ക്കാറുണ്ട്. ഞാനങ്ങനെ തൊപ്പിവയ്ക്കാതെ പുറത്ത് നടക്കുന്നത് കണ്ടിട്ടുള്ളത് ജൂതന്‍മാഷിനെയായിരുന്നു. അങ്ങേര്  മാത്രമായിരുന്നു പുറത്തൊരു ജോലിക്കു പോയിരുന്നതും. അവര്  മറ്റൊരാളുടെ കീഴില് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരാണ്. അതാണ് എല്ലാവരും കച്ചവടക്കാരയത്. (മാള ഗവ. എല്‍ പി സ്‌കൂളിലെ അധ്യാപകനായിരുന്ന എലിയാഹു മെയ്ര്‍ ആണ് സായിബ് പറയുന്ന ജൂതന്‍മാഷ്. 1955-ല്‍ മാള പഞ്ചായത്തുമായി കരാറിലേര്‍പ്പെട്ടവരില്‍ ഒരാളായ പള്ളിവാതുക്കല്‍ ഏലായച്ചയുടെ പുത്രനാണ് എലിയാഹു).

(മാള ഗവ. എല്‍ പി സ്‌കൂളിലെ അധ്യാപകനായിരുന്ന എലിയാഹു മെയ്ര്‍ (ജൂതന്‍ മാഷ് ). പിതാവും 1955-ല്‍ മാള പഞ്ചായത്തുമായി കരാറിലേര്‍പ്പെട്ടവരില്‍ ഒരളായ പള്ളിവാതുക്കല്‍ ഏലിയാച്ചയ്ക്കും കുടുംബത്തിനുമൊപ്പം. പ്രൊഫ. സി കര്‍മചന്ദ്രന്റെ ശേഖരത്തില്‍ നിന്ന്)

മാഷ് നല്ല വെളുത്ത മുണ്ടും ഷര്‍ട്ടുമൊക്കെയിട്ടാണ് നടക്കുക, എല്ലാവരോടും നല്ല സ്‌നേഹമായിരുന്നു. കഷണ്ടി കയറിയ തലയായിരുന്നു. തൊപ്പി വയ്ക്കാറില്ലായിരുന്നു. വീട്ടിനകത്ത് വയ്ക്കാറുണ്ടായിരിക്കും. നമ്മളെയൊന്നും അവര് വീട്ടിനകത്തേ കയറ്റാറില്ല. എന്തെങ്കിലും വിശേഷം വന്നാലും വിളിക്കാറില്ല. രാത്രി ഒരുപാട് വൈകിയാണ് അവര് ഉറങ്ങുന്നത്. പീടികേം അടച്ചശേഷം അവര് റോഡില്‍ നിന്ന് വര്‍ത്താനം പറയും. ഉറക്കെയാണ് പറയുന്നത്. അവരുടെ വീടിന്റെ മുന്നിലെല്ലാം വിളക്ക് കാണും. അതൊരുപാട് രാത്രിയൊക്കെ ആകുമ്പോഴാ അണയ്ക്കുന്നത്. പിന്നെയവരുടെ കല്യാണം ഓര്‍മ്മയുണ്ട്. കല്യാണത്തിന് നമുക്കൊന്നും അവരുടെ പള്ളിയില്‍ കയറാന്‍ പറ്റത്തില്ല. വാതിലിന്റെ പുറത്തുവരെ ചെല്ലാം. ആണും പെണ്ണും കൂടി വെറ്റിലയും അടക്കയും പിന്നെ കുറച്ച് നാണയങ്ങളും കൂടി തലയ്ക്കുഴിഞ്ഞ് പുറത്തേക്കെറിയും, ഞങ്ങള് പിള്ളേര് അതു പെറുക്കാനായിട്ട് കാത്തുനില്‍ക്കും. പള്ളിക്കകത്ത് എന്തൊക്കെയോ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാം, നമുക്കൊന്നും മനസ്സിലാകില്ല. ഭക്ഷണമൊന്നും നമ്മളെ വിളിച്ചു തരത്തൊന്നുമില്ല. അവരുടെ ആള്‍ക്കാര് മാത്രം. 

എന്നാലും എല്ലാരോടും നല്ല സ്‌നേഹായിരുന്നു. അവരായിട്ട്  ആരും വഴക്കുകൂടിയത് കേട്ടിട്ടില്ല. അവര്‍ക്ക് കച്ചോടായിരുന്നു വലുത്. പണക്കാരുമുണ്ടായിരുന്നു പാവപ്പെട്ടവരും ഉണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍.

ഇപ്പോ ചിലര് പറയണത് അവര് അവരുടെ രാജ്യത്തിനടുത്തുള്ള മുസ്ലീങ്ങളെ കൊല്ലുന്നവരാണെന്നാണ്. പക്ഷേ ഇവിടെയവര്‍ എത്രയോ കൊല്ലക്കാലം ജീവിച്ചു. ഒരാളോടുപോലും വഴക്കുണ്ടാക്കിയതായിട്ട് കേട്ടിട്ടില്ല.


മാള കടവ് ഇപ്പോള്‍

മാളക്കടവില്‍ നിന്നാണ് അവര് പോണത്. രണ്ടോ മൂന്നോ സംഘായിട്ടാണ് പോയത്. അന്ന് കടവില്‍ ബോട്ട് വരും. മൂന്നു ബോട്ടുകളാണ് കൊടുങ്ങല്ലൂരില്‍ നിന്ന് ഉണ്ടായിരുന്നത്, റാണി, ഫ്‌ളോറ എന്നായിരുന്നു രണ്ടെണ്ണത്തിന്റെ പേര്, കൊടുങ്ങല്ലൂരുള്ളവരുടെയായിരുന്നു. ഒരെണ്ണത്തിന്റെ പേര് ഓര്‍മയില്ല. പോണതിന് മുമ്പ് അവര് എല്ലാവരും കൂടി പള്ളിയിലെത്തി വലിയ പ്രാര്‍ത്ഥനയൊക്കെയായിരുന്നു. നാട്ടുകാരോടെല്ലാം പറഞ്ഞിട്ടാണ് പോണത്. ഞങ്ങളെല്ലാവരും പോയിട്ടുണ്ടായിരുന്നു മാളക്കടവില്‍ അവരെ യാത്രയാക്കാന്‍. കുറെപ്പേര് കരയുന്നുണ്ടായിരുന്നു.

സായിബിന്റെ വാക്കുകളില്‍ ക്ഷീണം നിറഞ്ഞിരുന്നു. ഓര്‍ത്തെടുത്താല്‍ ഇനിയും പലതും പറയാനുണ്ടായിരിക്കാം. പക്ഷെ വയ്യ. യാത്ര പറഞ്ഞ് തിരിച്ചു നടക്കുമ്പോഴും സായിബ് പറഞ്ഞത് ഒരു കാര്യമായിരുന്നു; അവര് നല്ല സ്‌നേഹമുള്ളോരായിരുന്നു…

പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ ചെറിയ ഇറക്കം തുടങ്ങുന്നതിന് വലതുവശത്തായിട്ടാണ് മാള പോസ്റ്റ് ഓഫീസ്. ഇപ്പോഴും അതേപോലെ നിലനിര്‍ത്തിയിരിക്കുന്ന ഒരു ജൂത വീടാണ് പോസ്റ്റ് ഓഫീസ് ആയി ഉപയോഗിക്കുന്നത്. ഈ വീട്ടില്‍ താമസിച്ചിരുന്നൊരു ജൂതന്‍ ഇന്നും ഇവിടെ സന്ദര്‍ശിക്കാന്‍ എത്താറുണ്ടെന്നത് അറ്റുപോകാത്തൊരു ബന്ധത്തിന്റെ കഥകൂടിയാണ്. തന്റെ എഴാമത്തെ വയസുവരെ ഈ വീട്ടില്‍ വളര്‍ന്ന ഹയ്യിം ആറോണ്‍ ആണ് പൂര്‍വബന്ധത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിക്കാനാഗ്രഹിക്കാതെ ഒരു തീര്‍ത്ഥാടകനെന്നപോലെ ഇങ്ങോട്ടേക്കു വരുന്നത്. ഹയ്യിമിനെപോലെ മാളയെന്ന മാതൃഭൂവിലേക്ക് പറന്നിറങ്ങുന്നവര്‍ വേറെയുമുണ്ട്. പഴയ ആതിഥ്യ മര്യാദ മാള മറന്നു തുടങ്ങിയതുമാത്രമാണ് അവരെ വേദനിപ്പിക്കുന്നത്.

(പോസ്റ്റ് ഓഫീസ് കെട്ടിടം, ഇത് പഴയൊരു ജൂത ഭവനമായിരുന്നു. പ്രൊഫ. സി കര്‍മചന്ദ്രന്റെ ശേഖരത്തില്‍ നിന്ന്)

പോസ്റ്റ് ഓഫീസ് കെട്ടിടത്തിനകത്ത് കയറാന്‍ സാധിച്ചു. വീതിയും നീളവും കൂടിയ ഒരു മുറിയാണ് ആദ്യം. സ്വീകരണമുറിയായിരിക്കും. ഇടതുവശത്തായി മറ്റൊരു മുറി, അത്ര വലുതൊന്നുമല്ല, അകത്തേ വാതില്‍ തുറന്നാല്‍ വീടിന്റെ പിന്നാമ്പുറത്തേക്കിറങ്ങാം. പ്രധാന വാതിലിന്റെ പൂട്ട് പ്രത്യേകതരമാണ്. ഇടത്തോട്ടും വലത്തോട്ടും തിരിച്ചാണ് പൂട്ടേണ്ടത്. മറ്റു വാതിലുകളുടെ സാക്ഷകളും ഓടാമ്പലുമെല്ലാം കേരളീയ മാതൃകയില്‍ തന്നെ. അടുക്കള സാമാന്യം വലിപ്പമേറിയതാണ്. നല്ല വായു സഞ്ചാരം, വെട്ടം ആവശ്യത്തിനകത്തു കയറും. സ്വീകരണ മുറിയുടെ വലതുവശത്തും ഒരു മുറിയുണ്ട്. അതിനകത്തെ വാതില്‍ തുറന്നാലും നേരെ അടുക്കളയിലെത്താം. എല്ലാ മുറികളും മച്ച് മേഞ്ഞിട്ടുണ്ട്. തറയില്‍ ടൈല്‍സ് വിരിച്ചതും ലോക്കര്‍ വയ്ക്കാന്‍ ചെറിയൊരു തട്ടുകെട്ടിയതുമൊഴിച്ചാല്‍ ബാക്കിയൊരു മാറ്റവും ഈ വീട്ടില്‍ ഇതുവരെ വരുത്തിയിട്ടില്ലെന്നാണ് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്.


(ഹയ്യിം ആറോണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ജനിച്ചു വളര്‍ന്ന വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍, പ്രൊഫ. സി കര്‍മചന്ദ്രന്റെ ശേഖരത്തില്‍ നിന്ന്)

ഒരു ജൂത ഭവനത്തിന്റെ ഘടന ഇങ്ങനെയാണോ? മൊത്തത്തില്‍ നോക്കിയാല്‍ ഇതിന്റെ നിര്‍മാണരീതി തനത് കേരളീയ ശൈലിയോടു ചേര്‍ന്നാണ്. ഒരുപക്ഷേ ഹയ്യിമിന്റെ പൂര്‍വികര്‍ ആരോടെങ്കിലും വാങ്ങിയ വീടുമാകാം ഇത്. 

മാളയിലെ ജൂതന്മാരെ കണ്ടിട്ടുള്ളവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മറ്റൊരാള്‍ ഔസേപ്പുണ്ണ് മാഷാണ്. പ്രായം എണ്‍പ്പത്താറിനപ്പുറം കടന്നിരിക്കുന്നു. ഓര്‍മ്മകള്‍ ഏറെയുണ്ടെങ്കിലും പ്രായത്തിന്റെ തളര്‍ച്ചയാണ് ഔസേപ്പുണ്ണി മാഷിനെപ്പോലുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട്. ജൂതജീവിതത്തിന്റെ നേരനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന വളരെ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ മാളയിലുള്ളത്. അങ്ങാടിക്കു അല്‍പ്പം തെക്കോട്ടു മാറി ഇപ്പോള്‍ മിഷന്‍ ഹോസ്പിറ്റല്‍ നില്‍ക്കുന്ന സ്ഥലത്തായിരുന്നു മാഷിന്റെ കുടുംബം പണ്ട് താമസിച്ചിരുന്നത്. മാള അങ്ങാടിയുടെ രസം ജൂതന്മാരായിരുന്നു എന്നാണ് മാഷ് പറയുന്നത്. “അവരാണ് അങ്ങാടിയില്‍ സജീവമായുണ്ടായിരുന്നത്. പ്രദേശവാസികളായ ചിലരുടെ കച്ചവടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ ജൂതന്മാരുടെയായിരുന്നു. അവര്‍ മറ്റൊരു നാട്ടില്‍ നിന്നുവന്നവരാണെന്ന തോന്നലൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. എല്ലാവരും വളരെ സ്‌നേഹത്തോടെയായിരുന്നു കഴിഞ്ഞത്. മാള പലതരം സംസ്‌കാരത്തിന്റെ ഒരു ഇടമായിരുന്നു. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍, ഗോവയില്‍ നിന്നു വന്ന കുടുംബി സമുദായക്കര്‍, കൊങ്ങിണിമാര്‍ എന്നിവരെല്ലാം വളരെ ഒരുമയോടെ കഴിഞ്ഞുപോന്നിരുന്നു. ആരെങ്കിലുമായി ഒരു വഴക്കോ പ്രശ്‌നമോ ഉണ്ടായിട്ടുള്ളതായി പറഞ്ഞു കേട്ടിട്ടില്ല. ഒരുപക്ഷേ ജൂതന്മാര്‍ ഇത്ര സുരക്ഷിതരായി കഴിഞ്ഞുകൂടിയ മറ്റൊരു സ്ഥലവും ഉണ്ടാകില്ല. അങ്ങാടിയില്‍ ഇപ്പോള്‍ കാണുന്ന കച്ചവടമുറികളില്‍ കൂടുതലും ജൂതന്മാരുടെയായിരുന്നു. അവരുടെ വീടും കടയുമെല്ലാം ഒരുമിച്ചായിരുന്നു. പോകുമ്പോള്‍ അതെല്ലാം ഇവിടെയുള്ളവര്‍ക്ക് വിറ്റിട്ടു പോയതാണ്. പലതും അതുപോലെ തന്നെയാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ വികസസനത്തിന്റെ പേരില്‍ അവയെല്ലാം പൊളിക്കുമെന്നാണ് കേള്‍ക്കുന്നത്. അതോടെ ജൂതരുടെ സ്മാരകങ്ങളായി കണ്ടുപോന്നിരുന്നവയെല്ലാം തകര്‍ന്നുവീഴും. ചരിത്രം, പൈതൃകം എന്നൊന്നും ഇപ്പോഴുള്ളവര്‍ക്ക് അറിയില്ല. അവര്‍ക്ക് വികസനമാണ് ലക്ഷ്യം. എന്താണ് ഇവര്‍ പറയുന്ന വികസനമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”

“പരസ്പരം സഹകരിച്ചു ജീവിക്കുമ്പോഴും അവര്‍ക്ക് അവരുടെതായ രീതികളുണ്ടായിരുന്നു. അതിലവര്‍ വിട്ടുവീഴ്ച്ചകളൊന്നും നടത്തിയില്ല. അവരുടെ വീടുകളിലേക്കൊന്നും നമ്മളെ ക്ഷണിക്കുമായിരുന്നില്ല. നമ്മുടെ ഭക്ഷണം കഴിക്കുന്നതിനോടും വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു. വിവാഹം വളരെ ആഘോഷമായിട്ടാണ് നടത്തുന്നത്. അതിനും പുറത്തു നിന്നുള്ളവര്‍ക്ക് ക്ഷണം ഉണ്ടാകില്ല. വീട്ടില്‍ നിന്ന് അവരുടെ പള്ളിവരെ ചെറുക്കനും പെണ്ണും നടന്നുപോകുന്നത് കണ്ടിട്ടുണ്ട്. നീളം കുപ്പായമൊക്കെയിട്ട് നല്ലോണം അണിഞ്ഞൊരുങ്ങിയിരിക്കും പെണ്ണ്.  പള്ളിക്കകത്ത് വലിയ പ്രാര്‍ത്ഥനയൊക്കെ ഉണ്ട്. ഇവര്‍ എല്ലാ ദിവസവും പള്ളിയില്‍ പോകാറില്ല. വെള്ളിയാഴ്ച്ച ദിവസം അവര്‍ ഉപവാസത്തിലായിരിക്കും. അന്ന് വീട്ടില്‍ നിന്ന് ഒരു തിരിയും കത്തിച്ച് എല്ലാവരും പള്ളിയിലേക്ക് പോകും. പിറ്റേദിവസമാണ് പുറത്തിറങ്ങുന്നത്. സബാത്ത് എന്നാണ് ആ ആരാധനയ്ക്ക് പറയുന്നത്. ഒരു ദിവസം മുഴുവന്‍ അവര്‍ ജലപാനമില്ലാതെ പ്രാര്‍ത്ഥനയില്‍ മാത്രമായിരിക്കും. ശനിയാഴ്ച്ച കത്തിച്ച തിരിയുമായി തിരികെ വീട്ടിലെത്തി ആ തീ അടുപ്പില്‍ പകര്‍ന്നാണ് അവര്‍ ഭക്ഷണം ഉണ്ടാക്കുക. ആചാരങ്ങളിലെല്ലാം വളരെ ചിട്ട പുലര്‍ത്തിയിരുന്ന കൂട്ടരാണ്. അപ്പോഴും തങ്ങള്‍ കാരണം മറ്റാര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ അവിടെയുള്ള (ഇസ്രയേല്‍)വരെകുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ഭുതമാണ്. മാളക്കാര്‍ക്ക് പരിചയമുള്ള ജൂതന്മാര്‍ സ്‌നേഹിക്കാന്‍ അറിയുന്നവരായിരുന്നു.”


(സിഎംഎസ് സ്‌കൂള്‍)

ഷണ്‍മുഖ വിലാസം ടീ സ്റ്റാളിന്റെ മുന്നിലുള്ള ഇടറോഡിലൂടെ അല്‍പ്പം മുന്നോട്ടു പോയി വളയുന്ന ഇടത്താണ് സിഎംഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. സിനഗോഗിന്റെ പിറകില്‍. ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നില്ല. കുട്ടികളില്ലാത്തതിനാല്‍ അടച്ചുപൂട്ടി. ഈ സ്‌കൂളിലാണ് ജൂതക്കുട്ടികളടക്കം മാളയിലെ വിദ്യാര്‍ത്ഥികള്‍ ഒരുകാലത്ത് അടിസ്ഥാന വിദ്യാഭ്യാസം നേടിയിരുന്നത്. സിഎംഎസ് സ്‌കൂളിന് സമീപത്തായാണ് ഏലീശ അമ്മാമ്മയുടെ വീട്. പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ അമ്മാമ്മയുടെ മനസ്സിലും ഉണ്ട്. ഇവിടെയും പ്രായവും അതിന്റെ അവശതകളുമാണ് വില്ലന്‍. ഒരുപക്ഷേ ഇവരുടെയൊക്കെ കാലം കഴിയുന്നതോടെ മാളയിലെ ജൂതചരിത്രത്തിന്റെ നേര്‍ഭാഷ്യം നമുക്ക് അന്യമാകും. പിന്നെ കേട്ടകഥകളില്‍ തങ്ങളുടെതായി കുറച്ച് ഭാവനകളും ചേര്‍ത്ത് വിളമ്പുന്നവര്‍ മാത്രമാകും ആശ്രയം. 

സിനഗോഗിന്റെ തൊട്ട് തെക്കു മാറിയായിരുന്നു ഏലീശ അമ്മാമ്മയുടെ വീട്. അവരുടെ അപ്പന്‍ ഒരു ജൂതന്റെ കൈയില്‍ നിന്ന് വാങ്ങിയതാണ് ആ വീട്. സിനഗോഗില്‍ നടക്കുന്ന പ്രാര്‍ത്ഥനകളുടെ മുഴക്കം അമ്മാമ്മയുടെ കാതുകളില്‍ ഇപ്പോഴുമുണ്ട്. “അതവരുടെ ഭാഷയിലാണല്ലോ, അതുകൊണ്ട് എന്താണ് പറയുന്നതൊന്നും മനസ്സിലാകില്ല. അവര്‍ തമ്മിലും ആ ഭാഷയില്‍ സംസാരിക്കാറ്. നമ്മളോടൊക്കെയാണ് മലയാളത്തില്‍ പറയുന്നത്. അവരുടെ പെണ്ണുങ്ങള്‍ എല്ലാ വീട്ടിലും കയറി മുട്ടയും പച്ചക്കായുമൊക്കെ വാങ്ങി കൊണ്ടുപോയി വില്‍ക്കും. എല്ലാ പെണ്ണുങ്ങളൊന്നും വീട്ടില്‍ നിന്ന് പുറത്തുവരാറില്ലായിരുന്നു. കച്ചവടത്തിനു നടക്കുന്നവര്‍ മാത്രമാണ് പുറത്ത് കാണുക. പള്ളിയില്‍ പോകാനാണ് എല്ലാവരും പുറത്തിറങ്ങുക. വെള്ളിയാഴ്ച്ച മാത്രമാണ് പ്രാര്‍ത്ഥന. നീളന്‍ കുപ്പാമയിട്ടു നടക്കുന്നവരെ കുറച്ചുപേരെ കണ്ടതുമാത്രമെ ഓര്‍മ്മയുള്ളൂ. ബാക്കിയെല്ലാവരും നമ്മുടെതുമാതിരിയായിരുന്നു. മുസ്ലീം പെണ്ണുങ്ങളുടെ പണ്ടത്തെ വേഷമില്ലേ, കൈയുടെ തണ്ട് വരെ നീളമുള്ള കുപ്പായം, അതായിരുന്നു പലരുടെയും വേഷം. ചിലരൊക്കെ സാരി ഉടുക്കും. അതു പുതിയകൂട്ടത്തിലുള്ളവരാണ്. ചിലരൊക്കെ നല്ല വെളുത്തവരായിരുന്നു. ജൂതന്‍മാഷൊക്കെ നല്ല വെളുപ്പായിരുന്നു. എന്നെ പഠിപ്പിച്ചിട്ടുണ്ട്. മാഷ് നല്ല സ്‌നഹമുള്ളവനായിരുന്നു. മാഷ് മാത്രമെ അവരുടെ കൂട്ടത്തില്‍ നിന്ന് പുറത്തൊരു ജോലിക്കുപോയതായി കേട്ടിട്ടുള്ളൂ. ബാക്കിയെല്ലാവരും കച്ചവടക്കാരല്ലേ.” 


(മാള സെന്റ് സ്റ്റനിസ്ലാവോസ് ഫെറോന പള്ളി (വിശുദ്ധ സ്റ്റാനിസ്ലാവോസിന്റെ പേരിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണിത്).  പട്ടണത്തിന്റെ ചില ദൃശ്യങ്ങള്‍ താഴെ)

“അവരിവിടുന്ന് പോകുമ്പോള്‍ നാട്ടുകാര്‍ക്കൊക്കെ വലിയ വിഷമമായിരുന്നു. അവര്‍ക്കും സങ്കടമുണ്ടായിരുന്നു. മാളക്കടവില്‍ നിന്നാണ് എല്ലാവരും പോകുന്നത്. നാട്ടുകാരൊക്കെ യാത്രയാക്കാന്‍ പോയിട്ടുണ്ടായിരുന്നു. നല്ല ആള്‍ക്കാരായിരുന്നു അവര്. ഇപ്പോഴും ആരൊക്കെയോ ഇവിടെ വരാറുണ്ടുന്നു പറയുന്നു. പ്രായായില്ലേ, ഞാനിപ്പോള്‍ പുറത്തേക്കൊന്നും പോകാറില്ല. അവര് മറ്റൊരു നാട്ടീന്ന് വന്നവരാണെന്നൊന്നും ഞങ്ങള്‍ക്ക് അന്നു തോന്നീട്ടുണ്ടായിരുന്നില്ല. ഇവിടെ തന്നെയുള്ള ആള്‍ക്കാര്, അങ്ങനായിരുന്നു എല്ലാവരും.”

ഇരുട്ട് കനത്താലും മാള അങ്ങാടിയില്‍ വെളിച്ചം മിന്നിക്കൊണ്ടിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അത് ജൂതരുടെ വീടിനു മുന്നില്‍ നിന്നായിരുന്നു. പകലു മുഴുവനും കച്ചവടത്തിന്റെ തിരക്ക്, ജൂതരുടെ വിശ്രമം രാത്രിയിലായിരുന്നു. ഉറങ്ങാന്‍ പോകുന്നതുവരെ പലരും പുറത്ത് റോഡിലായിരിക്കും. സ്വപ്നങ്ങളും ദു:ഖങ്ങളും നേട്ടങ്ങളും ചില തര്‍ക്കങ്ങളുമൊക്കെയായി അവര്‍ പുറത്തുകാണും. 

തോമാസ് സാറിനെ കാണുന്നതും അങ്ങാടിയില്‍ ഇരുട്ടു വീണ സമയത്താണ്. തോമാസ് സാറിന്റെ അപ്പന് അങ്ങാടിയില്‍ സോഡ കടയുണ്ടായിരുന്നു. “അപ്പനും കുറെ ജൂതരുമായി കൂട്ടുമുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് എനിക്ക് ജൂതരുമായി കൂട്ടുണ്ടാകുന്നത്. ജൂതരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ജൂതന്‍ മാഷിനെയാണ്. പൊതുവെ ജൂതന്മാര്‍ക്ക് വൃത്തി കുറവാണല്ലോ. പക്ഷെ മാഷ് അങ്ങനെയല്ലായിരുന്നു. നല്ല വൃത്തിയുള്ള വേഷത്തിലായിരുന്നു മാഷ് എപ്പോഴും. മാഷിന്റെ വീടും അങ്ങനെയായിരുന്നു. അവരുടെ കൂട്ടത്തില്‍ നിന്ന് അധ്യാപകജോലി ചെയ്യുന്ന ഒരേയൊരാളും മാഷായിരുന്നു. ഇപ്പോള്‍ കാണുന്ന കവലയില്‍, സിനഗോഗ് തൊട്ട് ശവക്കോട്ടയെന്നു വിളിക്കുന്ന അവരുടെ സെമിത്തേരി വരെ ജൂതരായിരുന്നു. റോഡിനു ഇരുവശവുമായിട്ടാണ് അവരുടെ താമസം. വീടും കടയുമൊക്കെ ഒരുമിച്ചായിരുന്നു. പലതും രണ്ടു നിലകളായിട്ടാണ്. താഴെ കച്ചോടം മുകളില്‍ താമസം. റോഡിന്റെ തെക്ക് വശം മുസ്ലീം പള്ളിയാണ്. വടക്ക് ക്രിസ്ത്യന്‍ പള്ളിയും. ഇവിടെ നിന്ന് താഴോട്ട് അല്‍പ്പം പോയാല്‍ ഒരമ്പലവുമുണ്ട്. പല മതസ്ഥര്‍ താമസിച്ചിരുന്നെങ്കിലും മാളയില്‍ ഇന്നുവരെ ഒരു കലാപവും ഉണ്ടായിട്ടില്ല. പക്ഷേ, അവരുടെ സിനഗോഗിനു മുന്നിലൂടെയുള്ള വഴിയില്‍ നമ്മുടെ പ്രദക്ഷിണമൊന്നും കൊണ്ടുപോകന്‍ സമ്മതിക്കില്ല. ഞങ്ങടെ പള്ളീന്ന് പെരുന്നാളിന് അമ്പ് പ്രദക്ഷിണം ഉണ്ട്. അത് പള്ളീന്നിറങ്ങി തെക്കോട്ട് ഈ ജംഗ്ഷന്റെ മുന്നില്‍ വരെ വന്ന് തിരിഞ്ഞുപോകാറാണ് പതിവ്. അവരുടെ വഴിയിലേക്ക് കയറാന്‍ പാടില്ല. അങ്ങനെ ചില നിര്‍ബന്ധങ്ങള്‍ ഉണ്ടെന്നല്ലാതെ വേറൊരു കുഴപ്പവും പരസ്പരം ഉണ്ടായിട്ടില്ല. ജൂതര്‍ക്ക് പ്രധാനം അവരുടെ കച്ചവടമായിരുന്നു. ഒരു കോഴി മുട്ട കിട്ടിയാലും അതവര് കച്ചോടം ചെയ്യും. ആ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേകം കഴിവാണ്. ജൂതര് പോയിട്ട് കൊല്ലങ്ങള്‍ കുറെ ആയെങ്കിലും ഇപ്പോഴും അവരെ കുറിച്ച് പറയന്നുണ്ടെങ്കില്‍, അതും സ്‌നേഹത്തോടെ- അതവരുടെ പെരുമാറ്റം അങ്ങനെയായിരുന്നതുകൊണ്ടാണ്. പുതിയകാലത്ത് പലതും സംഭവിക്കുന്നുണ്ടാകാം. എന്നാലും ഈ നാട്ടില്‍ കഴിഞ്ഞവരെക്കുറിച്ച് നമുക്ക് മോശമായതൊന്നും പറയാനില്ല.”

(അവഗണനയുടെ കാടുപടലങ്ങളാല്‍ മറയുന്ന ഒരു ചരിത്രത്തിന്റെ നേര്‍സാക്ഷ്യം)

യഹൂദ ചരിത്രത്തിന്റെ കഥകളിനിയും പലതുമുണ്ടാകും മാളയിലെ ജനങ്ങള്‍ക്ക് പറയാന്‍. ആ കഥകളിലെല്ലാം യഹൂദര്‍ സ്‌നേഹമുള്ള അയല്‍ക്കാരായിരുന്നു. മികവുള്ള കച്ചവടക്കാരും ശാന്തരുമായിരുന്നു. അന്യനെ കടന്നാക്രമിക്കുന്നവരല്ലായിരുന്നു. മാള, യഹൂദ ചരിത്രത്തിന്റെ തിളക്കമുള്ള ഒരേടു തന്നെയാണ്. ആയിരത്തോളം കൊല്ലങ്ങള്‍ ഒരു ജനത ഇവിടെ കുടിയേറി പാര്‍ത്തിരുന്നുവെന്നത് അത്ര നിസ്സാരമായി തമസ്‌കരിക്കാന്‍ കഴിയില്ല. സാന്നിധ്യമില്ലെങ്കിലും അവര്‍ ബാക്കിവച്ചു പോയ അവശേഷിപ്പുകള്‍ ഇവിടെ സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. അങ്ങനെ ചെയ്യുന്നതിലെ ലാഭ, നഷ്ടങ്ങള്‍ നോക്കരുത്. ഇത് നമ്മുടെകൂടി ചരിത്രമാണ്. ചരിത്രം സംരക്ഷിക്കുന്നത് എക്കാലവും ഭാവിയുടെ നന്മയ്ക്ക് ഉപകരിക്കും. ഹയ്യിമിനെപ്പോലെയുള്ളവര്‍ ഒരു തീര്‍ത്ഥാടനം പോലെ മാളയിലെത്തുന്നത് , ഈ നാട് അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതുകൊണ്ടാണ്. അവര്‍ക്ക് നമ്മള്‍ കൊടുത്ത വാക്ക് വിശ്വസിച്ചാണ് കാതങ്ങള്‍ താണ്ടിയവര്‍ ഇവിടെയെത്തുന്നത്. അവരുടെ പൂര്‍വികര്‍ ജനിച്ചു ജീവിച്ചു മരിച്ച മണ്ണ് അവര്‍ക്ക് എത്രമേല്‍ പ്രിയപ്പെട്ടതായിരിക്കുമെന്നോര്‍ക്കുക. അത്രപെട്ടെന്ന് ഇടിച്ചു നിരത്താവുന്നതല്ല അവയൊന്നും. കെട്ടിച്ചമയ്ക്കുന്ന പകയുടെയും രാഷ്ട്രീയത്തിന്റെയും സ്വാര്‍ത്ഥ ലക്ഷ്യങ്ങളോടെയുള്ള വികസന അജണ്ടകളുടെയും മറവില്‍ ഇപ്പോള്‍ മാളയില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരു സാംസ്‌കാരിക സമൂഹത്തിന് ഒട്ടും ശോഭനീയമല്ല.  

മാളയിലെ ജൂതസ്മാരകങ്ങള്‍ ഇപ്പോള്‍ അതിജീവനത്തിനായുള്ള ചെറുത്തുനില്‍പ്പിലാണ്. അതെക്കുറിച്ച് അടുത്ത ഭാഗത്തില്‍...

 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് രാകേഷ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍