UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈനികജീവിതം വെറും പാട്ടും നൃത്തവും ഒരു ഗ്ലാസ് സ്കോച്ചുമല്ല

Avatar

ജനുവരി 13നു അന്തരിച്ച ഇന്ത്യന്‍ ആര്‍മി ലെഫ്റ്റനന്റ് ജനറല്‍ ജെ എഫ് ആര്‍ ജേക്കബ് ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്തു എഴുതിയ കത്തിന്റെ പൂര്‍ണ്ണരൂപം. 1971 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യന്‍ വിജയത്തിന്റെ പ്രമുഖ ശില്‍പികളിലൊരാളായ ജനറല്‍ ജേക്കബ് ബംഗ്ലാദേശിന്റെ വിമോചനത്തിലും മുഖ്യ പങ്കു വഹിച്ചു. 36 വര്‍ഷത്തെ സൈനിക ജീവിതത്തിനു ശേഷം ഗോവ, പഞ്ചാബ് എന്നിവിടങ്ങളില്‍ ഗവര്‍ണ്ണറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. 

എന്റെ എല്ലാ മക്കള്‍ക്കും,

എനിക്കിപ്പോള്‍ 93 വയസായി. ജോലിയില്‍ നിന്നും വിരമിച്ച ഒരു ആര്‍മി ലെഫ്റ്റനന്റ് ജനറല്‍. ഒരുപക്ഷേ, പഴയകാലത്തെയും കയ്യില്‍പ്പിടിച്ച്, ജീവിതത്തിന്റെ അവസാന നാളുകളിലുള്ള ഒരാള്‍. ഞാന്‍ വിവാഹം കഴിച്ചില്ല. എനിക്കു കുടുംബവുമില്ല. എനിക്കൊപ്പം എന്റെ പരമ്പരയുടെ അവസാന അടയാളവും ഇന്ത്യയില്‍ നിന്നും, ഈ ഭൂമുഖത്തുനിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമാകും. എനിക്കു മക്കളില്ല. പക്ഷേ, അതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുമ്പോള്‍ ഈ രാജ്യത്തെ ഓരോ ചെറുപ്പം നിറഞ്ഞ മുഖത്തും ഞാനെന്റെ മക്കളെ കാണുന്നു. നിങ്ങളെല്ലാവരും എന്റെ മക്കളാണ്. അതുകൊണ്ടാണ് ഞാന്‍ ഈ കത്ത് നിങ്ങള്‍ക്കെഴുതുന്നത്. ഒരു ജൂതനെന്നതില്‍ ഞാന്‍ അഭിമാനിക്കുമ്പോഴും ഞാന്‍ എല്ലാ തരത്തിലും ഒരു ഇന്ത്യക്കാരനാണ്. ഇന്ത്യയെ നമ്മുടെ പ്രാഥമികമായ സ്വത്വമാക്കി മാറ്റാനാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നതും.

സൈനികജീവിതം എനിക്കു ചുമതലാബോധത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു. രാഷ്ട്രത്തെ സേവിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ, ഒരിയ്ക്കലും പതറാതെ നിവര്‍ന്നു നില്‍ക്കുക. സേവനമാണ് നമ്മുടെ ചുമതല. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നതാണ് ചെയ്യേണ്ടതും ആഗ്രഹിക്കേണ്ടതും തേടേണ്ടതും കീഴടക്കേണ്ടതും. നിങ്ങള്‍ക്ക് നിങ്ങളോട് സത്യസന്ധത പുലര്‍ത്താനുള്ള ഏക വഴിയും അതു മാത്രമാണ്.

എന്നെ ഏറ്റവും കൂടുതല്‍ ആകുലപ്പെടുത്തുന്നത് രാജ്യത്തു ദാരിദ്ര്യം പെരുകുന്നു എന്നതാണ്. ഇന്ത്യയിലെ യുവാക്കള്‍ ഈ സാഹചര്യത്തിന്റെ ചുമതല ഏറ്റെടുക്കണം. ഞാനീ രാജ്യത്തെ യുവാക്കളോടാണ് സംസാരിക്കുന്നത്. നിങ്ങള്‍ എന്റെ തലമുറയേക്കാളും എത്രയോ ഏറെ അറിവുള്ളവരും പരിശീലനമുള്ളവരുമാണ്. ഉറച്ച സാമ്പത്തികവും തന്ത്രപരവുമായ ആസൂത്രണം ആവശ്യമായ മാറ്റം കൊണ്ടുവരും. നിങ്ങളുടെ രാജ്യത്തില്‍ അതുണ്ടാകും.

സ്ത്രീകളെ ബഹുമാനിക്കുക എന്നാണ് ആണ്‍കുട്ടികളോട് പറയാനുള്ളത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നെനിക്ക് മനസിലാകുന്നില്ല. അതിനെനിക്ക് ഉത്തരവുമില്ല. കേള്‍ക്കാന്‍ സന്നദ്ധരായവരോട് അഭ്യര്‍ത്ഥിക്കാനെ എനിക്കാവുകയുള്ളൂ.

ഞാന്‍ അവസാനിക്കുകയാണ്. പക്ഷേ, നിങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ. വ്യത്യസ്തതയോടെ തുടങ്ങുക. ഞാന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ എന്റെ മകനോ മകളോ ഒരു സൈനികോദ്യഗസ്ഥ/ന്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുമായിരുന്നു! സൈനികജീവിതം ശുദ്ധവും അച്ചടക്കമുള്ളതും ഒരു ലക്ഷ്യമുള്ളതുമാണ്. സൈനികജീവിതം വെറും പാട്ടും നൃത്തവും ഒരു ഗ്ലാസ് സ്കോച്ചുമല്ല. നിങ്ങളോട് ഒരു കാര്യം പറയട്ടെ, എന്റെ ഇഷ്ടപാനീയം പച്ചവെള്ളമാണ്!

അവസാനിപ്പിക്കട്ടെ,
ജനറല്‍ ജേക്കബ് 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍