UPDATES

സിനിമ

വെള്ളിമൂങ്ങയ്ക്കു ശേഷം മുന്തിരിവള്ളികളുമായി സംവിധായകന്‍ ജിബു ജേക്കബ്/അഭിമുഖം

Avatar

അഭിമുഖംജിബു ജേക്കബ്/ അപര്‍ണ

വിജെ ജയിംസിന്റെ ഒരുപാട് ആഘോഷിക്കപ്പെട്ട ചെറുകഥയാണ് പ്രണയോപനിഷത്ത്. ജീവിതത്തിലെ ഏതോ ഘട്ടത്തില്‍ കൈമോശം വന്ന ആനന്ദങ്ങളും പ്രണയവും ഒക്കെ വീണ്ടെടുക്കുന്ന ദമ്പതികളുടെ കഥയാണിത്. മനസിലെ വികാരങ്ങളുടെ നേര്‍ത്ത വരകളിലൂടെയാണ് ആ കഥ സഞ്ചരിച്ചത്. ഒരുപാട് വായിക്കപ്പെട്ട കഥയാണെങ്കിലും അതിനെ സിനിമയാക്കാമോ എന്ന സാധ്യതയെപ്പറ്റി ചിന്തകള്‍ ആരും പങ്കു വെച്ചിരുന്നില്ല. അപ്രതീക്ഷിതമായൊരു നേരത്താണ് ജിബു ജേക്കബ് സംവിധായകാനായി ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ എന്ന പേരില്‍ പ്രണയോപനിഷത്ത് സിനിമയാക്കുന്നു എന്ന വാര്‍ത്ത വന്നത്. മോഹന്‍ലാലും മീനയുമാണ് പ്രധാന വേഷത്തില്‍ എന്ന് കൂടി അറിഞ്ഞപ്പോള്‍ പ്രേക്ഷകരും വായനക്കാരും ആവേശത്തോടെ ആ വാര്‍ത്തയെ ഉള്‍ക്കൊണ്ടു, ടീസറുകള്‍ വന്‍ വിജയമായി. ക്രിസ്തുമസ് റിലീസ് ആയി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തീയേറ്ററുകളില്‍ എത്താനിരിക്കെ സിനിമയെക്കുറിച്ച് സംവിധായകന്‍ ജിബു ജേക്കബ് സംസാരിക്കുന്നു.

അപര്‍ണ: പൊതുവേ ചെറുകഥകളും മറ്റു സാഹിത്യസൃഷ്ട്ടികളുമൊക്കെ സിനിമകളാക്കുന്ന പ്രവണത മലയാളത്തില്‍ കുറഞ്ഞു വരികയാണല്ലോ. അത്തരമൊരു കാലത്ത് പ്രണയോപനിഷത്ത് പോലൊരു കഥ മുന്‍നിര്‍ത്തി ഒരു സിനിമ ചെയ്യുന്നതിന് പിന്നിലെ ധൈര്യവും പ്രചോദനവും?

ജിബു ജേക്കബ്: സത്യം പറഞ്ഞാല്‍ ഞാനല്ല ഈ സിനിമയുമായി ആദ്യം ബന്ധപ്പെടുന്നത്. സിന്ധുരാജ് പ്രൊഡ്യൂസറോടും ലാലേട്ടനോടും കഥ പറഞ്ഞു; അവര്‍ സമ്മതിച്ച ശേഷമാണ് എന്നെ കാണുന്നത്. സിന്ധുരാജ് എനിക്ക് പ്രണയോപനിഷത്ത് വായിക്കാന്‍ തന്നു. ആ കഥ വായിച്ചപ്പോള്‍ വല്ലാത്ത ഒരു പുതുമ തോന്നി. ഒപ്പം മലയാള സിനിമയില്‍ ഇത് വരെ കാണാത്ത ഒരു പ്രമേയത്തിനും പരീക്ഷണത്തിനും ഉള്ള സാധ്യത അതില്‍ ഉണ്ടായിരുന്നു. കഥയുടെ പ്രധാന ആശയം മാത്രം എടുത്ത് അതിനെ ഒരു സിനിമയാക്കി വികസിപ്പിക്കാന്‍ അങ്ങനെ ഞങ്ങള്‍ തീരുമാനിച്ചു.

അപര്‍ണ: ഒരുപാട് വായനക്കാര്‍ സ്വന്തമായുള്ള എഴുത്തുകാരനാണ് വി ജെ ജെയിംസ്. പ്രണയോപനിഷത്ത് അദ്ദേഹത്തിന്റെ വളരെയധികം വായിക്കപ്പെട്ട കഥയുമാണ്. അത്തരമൊരു കഥ ഒരു ജനകീയ സിനിമ ആക്കുമ്പോള്‍ ഒരു സംവിധായകന്‍ എന്ന രീതിയില്‍ നേരിട്ട വെല്ലുവിളികള്‍?

ജിബു: മനോവിചാരങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന കഥയാണ് പ്രണയോപനിഷത്ത്. കൃത്യമായ ഒരു പശ്ചാത്തലത്തില്‍ നിന്നു കൊണ്ടല്ല ആ കഥ സംഭവിക്കുന്നത്. കഥാഗതിയെയും പ്രധാന കഥാപാത്രങ്ങളായ ഭാര്യയേയും ഭര്‍ത്താവിനെയും ഞങ്ങള്‍ സ്വീകരിച്ചു. പിന്നീട് പുതിയ ഒരു വണ്‍ലൈന്‍ ഉണ്ടാക്കി. നായകനെ പഞ്ചായത്ത് സെക്രട്ടറിയാക്കി. അയാളുടെ ജോലി സ്ഥലം, അയാളും കൂടുംബവും താമസിക്കുന്ന എന്‍ജിഒ കോളനി, ഇവര്‍ക്ക് ചുറ്റുമുള്ള മറ്റു കഥാപാത്രങ്ങള്‍… ഇങ്ങനെ മൂലകഥയെ നിത്യജീവിതത്തിലെ കുറെ സംഭവങ്ങളുമായി ചേര്‍ത്ത് ഒരു സിനിമയ്ക്ക് യോജിച്ച രീതിയില്‍ ഞങ്ങള്‍ മാറ്റിയെടുക്കുകയായിരുന്നു.

അപര്‍ണ: താങ്കളുടെ ആദ്യ സിനിമ വെള്ളിമൂങ്ങ വളരെ ലഘുവായി കഥ പറഞ്ഞു പോകുന്ന ഒരു രീതി സ്വീകരിച്ച സിനിമയായിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു മേക്കിങ് ആവശ്യപ്പെടുന്നില്ലേ?

ജിബു: തീര്‍ച്ചയായും. വെള്ളിമൂങ്ങ ഒരു സറ്റയര്‍ മൂഡില്‍ ഉള്ള സിനിമയായിരുന്നു. ഒരു ചെറിയ ഗ്രാമവും അവിടെ തട്ടിപ്പും വെട്ടിപ്പുമായി കടന്നു പോകുന്ന കുറച്ചു മനുഷ്യരുമൊക്കെയാണ് പ്രധാന കഥാപാത്രങ്ങള്‍. ഈ സിനിമയില്‍ പക്ഷെ തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷമാണുള്ളത്. ഇതിലെ നായകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. തൊഴിലിടത്തിലെ അയാളുടെ ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ സിനിമ കടന്നു പോകുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും വെള്ളിമൂങ്ങയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. സിനിമയുടെ അന്തരീക്ഷത്തിലോ കഥയോ കഥാപാത്രങ്ങള്‍ തമ്മിലോ യാതൊരു സാമ്യവും ഇല്ല.

അപര്‍ണ: പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡിയാണ് മോഹന്‍ലാല്‍-മീന. എങ്ങനെയാണ് അവരിലേക്ക് എത്തിച്ചേരുന്നത്?

ജി: ലാലേട്ടന്‍ തുടക്കം മുതലേ ഈ പ്രൊജക്ടിന്റെ ഭാഗമാണ്. പക്ഷെ മീന എന്ന ചിന്ത ആദ്യം ഉണ്ടായില്ല. പല നടിമാരെപ്പറ്റി ചിന്തിക്കുന്നതിനിടയില്‍ എപ്പോഴോ ആണ് മീനയില്‍ എത്തുന്നത്. അപ്പോള്‍ തോന്നി ഇത്രയും കഴിവുള്ള ആര്‍ട്ടിസ്റ്റുകള്‍ മലയാളത്തില്‍ കുറവാണല്ലോ എന്ന്. ലാലേട്ടനൊപ്പം അഭിനയിക്കാന്‍ കഴിവുള്ള ഒരു നടി, പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരജോഡി. ഇവര്‍ സ്‌ക്രീനില്‍ വരുമ്പോള്‍ ഉള്ള കെമിസ്ട്രി പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ട്. പിന്നെ 17 വയസുള്ള ഒരു കുട്ടിയുടെ അമ്മയാവാന്‍ എത്ര മുഖ്യധാരാ നടിമാര്‍ സമ്മതിക്കും. ഇത്രയും കഴിവുള്ള രണ്ടു പേരാണ് ക്യാമറക്കു മുന്നില്‍ എന്നത് ഒരു സംവിധായകന്‍ എന്ന രീതിയില്‍ എന്റെ ജോലി വളരെയധികം എളുപ്പമാക്കി. ദൃശ്യത്തിലാണ് പ്രേക്ഷകര്‍ ഇവരെ അവസാനമായി ഒന്നിച്ച് ഇതിനു മുന്നേ കണ്ടത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് ഇവര്‍ എത്തുന്നത്. എനിക്ക് തോന്നുന്നു നിരവധി അഭിനയ പരീക്ഷണങ്ങള്‍ സാധ്യമായ താരജോഡിയാണ് മോഹന്‍ലാലും മീനയും.

അപര്‍ണ: ‘പ്രണയോപനിഷത്ത്’ എന്ന കഥയുടെ ത്രെഡ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ ആയ ആ യാത്ര അറിയാന്‍ പ്രേക്ഷര്‍ക്കും വായനക്കാര്‍ക്കും കൗതുകമുണ്ടാവും?

ജിബു: നേരത്തെ പറഞ്ഞ പോലെ മനോവിചാരങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കഥയാണിത്. അത്തരം ഒരു കഥ സിനിമയാക്കുമ്പോള്‍ ഉള്ള എല്ലാ ബുദ്ധിമുട്ടും ഇതിനു പിന്നിലും ഉണ്ടായിരുന്നു. ഞാനും സിന്ധുരാജും കുറെ ഹോം വര്‍ക്കുകള്‍ ചെയ്തു. കഥയുടെ ക്ലാസ് എലമെന്റ് ചോരാതെ തന്നെ സാധാരണക്കാര്‍ക്കെല്ലാം ആസ്വദിക്കാവുന്ന സിനിമയാക്കി മാറ്റാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിയത്. ആ ശ്രമം അത്ര എളുപ്പമായിരുന്നില്ല. പ്രണയോപനിഷത്തില്‍ ആകെ രണ്ടു കഥാപാത്രങ്ങളെ ഉള്ളു. കഥയുടെ മെയിന്‍ ത്രെഡിന് ഇളക്കം തട്ടാതെ തന്നെ പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. അവര്‍ കഥയോട് ചേര്‍ന്ന് നില്‍ക്കുന്നവരാകാന്‍ ശ്രദ്ധിച്ചു. അവരിലൂടെ കൂടി കഥ വികസിച്ചു. പുതിയ പശ്ചാത്തലമുണ്ടാക്കി. അന്തരീക്ഷമുണ്ടാക്കി. ആറു മാസത്തിലേറെ നീണ്ടു നിന്ന തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സിന്ധുരാജ് കഥ എഴുതി തുടങ്ങിയത്. 

പിന്നെ വളരെ ലൈറ്റ് ഹാര്‍ട്ടേഡ് ആയ സിനിമയാണ് ഇത്. ഒരുപക്ഷെ വെള്ളിമൂങ്ങയെക്കാള്‍ ലളിതമായ ഒന്ന്. പ്രേക്ഷകരുമായി വളരെ നേരിട്ട് സംവദിക്കുന്ന രീതിയിലാണ് സിനിമ എടുക്കാന്‍ ശ്രമിച്ചത്. മോഹന്‍ലാല്‍, മീന തുടങ്ങിയ പ്രതിഭകളുടെ വലിപ്പം ഉണ്ടെങ്കിലും ഒരു സംവിധായകന്‍ എന്ന രീതിയില്‍ എനിക്ക് വെള്ളിമൂങ്ങയെക്കാള്‍ എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞ സിനിമയാണിത്, ഫിസിക്കല്‍ സ്‌ട്രെയിന്‍ വളരെ കുറവായിരുന്നു.

അ: ട്രെയിലറും ടീസറുകളും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നു. സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍?

ജിബു: ടീസറും ട്രെയിലറും പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചത് ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. എങ്ങനെ സ്വീകരിക്കപ്പെടും എന്ന പേടിയില്‍ ആയിരുന്നു ടീസറുകളും മറ്റും പുറത്തു വിട്ടത്. എന്നാല്‍ പ്രേക്ഷകരുടെ സ്വീകരണം അത്ഭുതപ്പെടുത്തി. എല്ലാവരും സിനിമയെ പറ്റി നല്ലത് സംസാരിക്കുന്നു. അത് എനിക്ക് കുറച്ച കൂടി കോണ്‍ഫിഡന്‍സ് തരുന്നു… സന്തോഷമുണ്ടാക്കുന്നു.

അപര്‍ണ: മീന അഭിനയിക്കുന്ന ഒരു ഗാനരംഗം പുറത്ത് വന്നതിനെപ്പറ്റി?

ജിബു: എങ്ങനെയോ ലീക്ക് ആയതാണ്. ഷൂട്ടിംഗ് സ്ഥലത്തു വച്ച് ആരോ മൊബൈലിലോ മറ്റോ എടുത്തു പുറത്തു വിട്ടതായിരിക്കാം. വലിയ രീതിയില്‍ തന്നെ അതു പ്രചരിക്കുകയും ചെയ്തു. പക്ഷെ അത് ആത്യന്തികമായി നമുക്കു ഗുണമായി വന്നു. സിനിമയുടെ പ്രൊമോഷന് ഗുണം ചെയ്തു.

അപര്‍ണ: മൊബൈല്‍ അടക്കമുള്ള പുതിയ സങ്കേതങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാമെന്നുള്ളതുകൊണ്ട് ഇപ്പോള്‍ ഷൂട്ടിംഗ് വീഡിയോകളും മറ്റും കൂടുതലായി ലീക്ക് ആവുന്നുണ്ട്. ഇതൊരു ഗുരുതരമായ പ്രതിസന്ധിയല്ലേ?

ജിബു: തികച്ചും തെറ്റായ പ്രവണതായാണ്. നിര്‍മാതാവിന്റെയും സംവിധായകന്റെയും അനുവാദമില്ലാതെ അത്തരം വീഡിയോകള്‍ പുറത്ത് വിടുന്നവരെ നിയമ വിധേയമായി ശിക്ഷിക്കേണ്ടതുണ്ട്. മുന്തിരിവള്ളികളിലെ ഗാനരംഗം ഷൂട്ടിങ്ങിനിടയില്‍ ചോര്‍ന്നു പോയതാണ്. അത് ഏതെങ്കിലും ക്രൂ മെമ്പര്‍ ആണോ ഷൂട്ടിംഗ് കാണാന്‍ വന്ന ആരെങ്കിലും ആണോ പുറത്ത് വിട്ടത് എന്നറിയാന്‍ കഴിയില്ലല്ലോ. പൊതുസ്ഥലത്താണ് മലയാളം അടക്കമുള്ള മിക്ക സിനിമാ മേഖലകളും ഇപ്പോള്‍ സിനിമ ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ സ്വാഭാവികമായും സിനിമാ പ്രവര്‍ത്തകര്‍ക്ക് കുറെയേറെ പരിമിതികള്‍ ഉണ്ട്. അവിടെ വരുന്ന ഓരോ വ്യക്തിയെയും പരിശോധിക്കുക എന്നത് പ്രായോഗികമല്ല. വരുന്ന ഓരോ ആളെയും ശ്രദ്ധിക്കാനും നമുക്കു കഴിയില്ല. കടുത്ത ജോലികളില്‍ ആവും ഞങ്ങള്‍ ഓരോരുത്തരും. കുറെ പേരുടെ അധ്വാനത്തെ വിലമതിക്കാതെ ഇത്തരത്തില്‍ ചെയ്യുന്നത് എന്ത് തന്നെയായാലും തീരെ ശരിയല്ല.

അപര്‍ണ: താങ്കള്‍ 10 വര്‍ഷത്തില്‍ ഏറെയായി സിനിമാട്ടോഗ്രഫര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ആളാണ്. അതില്‍ നിന്നും സംവിധായകനിലേക്കെത്തിയപ്പോള്‍ ഉണ്ടായഅനുഭവം?

ജിബു: ഒട്ടും പ്ലാന്‍ഡ് അല്ലാതെയാണ് സംവിധാന രംഗത്തേക്ക് എത്തിയത്. എനിക്ക് പരിചയമുള്ള ഒരു തിരക്കഥാകൃത്തിനൊപ്പം വെള്ളിമൂങ്ങയുടെ തിരക്കഥയുടെ ആദ്യ ഘട്ടത്തില്‍ കുറെ ജോലികള്‍ ചെയ്തിട്ടുണ്ട്. ആ കഥയോടും കഥാപാത്രത്തോടും ഉള്ള ഇഷ്ടം കൊണ്ട് കുറെ സംവിധായകരെ പോയിക്കണ്ടു. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കൊന്നും താത്പര്യം ഉണ്ടായില്ല. എന്നിട്ടും ആ തിരക്കഥ വെറുതെ കളയാന്‍ തോന്നാത്തത് കൊണ്ട് ബിജു മേനോനോട് കഥ പറഞ്ഞു. അദ്ദേഹത്തിന് വലിയ ഇഷ്ടമായി. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു. അതുവരെ സംവിധായകന്‍ ആവാന്‍ വലിയ ആത്മവിശ്വാസം ഒന്നുമില്ലായിരുന്നു. പക്ഷെ ഒടുവില്‍ സ്വയം ചെയ്യാന്‍ തീരുമാനിച്ചു.

ഒരു കാമറാമാന്‍ എന്ന രീതിയില്‍ സിനിമയെ നേരിട്ട് വളരെ അടുത്തു നിന്ന് കണ്ട പരിചയമൊക്കെ സംവിധായകന്‍ ആയപ്പോള്‍ ഗുണം ചെയ്തു. സിനിമയെ വളരെയധികം പഠിച്ചത് കാമറ കൊണ്ട് നടന്ന കാലത്തായിരുന്നു.

അപര്‍ണ: വെള്ളിമൂങ്ങയ്ക്കും മുന്തിരിവള്ളികള്‍ക്കും ഇടയില്‍ വന്ന ഗ്യാപ്?

ജിബു: ഇടവേള എന്ന് പറയാന്‍ പറ്റില്ല. മറ്റു ചില സിനിമകളുടെ ആലോചനയിലും മറ്റും ഇരുന്നപ്പോഴാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ഒത്തു വരുന്നത്. ലാലേട്ടനെ പോലൊരു മഹാ നടനൊപ്പം സിനിമ ചെയ്യാന്‍ പറ്റുമെന്നായപ്പോള്‍ ബാക്കിയെല്ലാം മാറ്റിവച്ചു. ലാലേട്ടന്‍ ഒപ്പത്തിന്റെയും പുലിമുരുകന്റെയും തിരക്കുകളില്‍ ആയിപ്പോയതുകൊണ്ട് ഈ സിനിമ തുടങ്ങാന്‍ താമസം വന്നു.

അപര്‍ണ: അടുത്ത പ്രൊജക്ടുകള്‍? അത്തരത്തില്‍ എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ജിബു: ഒന്നു രണ്ടു പ്രൊജക്ടുകളുടെ ആലോചനയിലാണ്. പ്രമുഖ യുവനടന്മാരെ വച്ച് ഒരു സിനിമ ചെയ്യാന്‍ പദ്ധതിയുണ്ട്. വേറെയും ഒരു പ്രൊജക്റ്റ് ഉണ്ട് മനസ്സില്‍. പക്ഷെ ഇപ്പോള്‍ പൂര്‍ണമായും മുന്തിരിവള്ളികളില്‍ മുഴുകി ഇരിക്കുകയാണ്. ടീം വര്‍ക്കിന്റെ എല്ലാ സന്തോഷങ്ങളും തന്ന സിനിമ കൂടിയാണിത്. ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ കാലം ജീവിതത്തിലെ ഏറ്റവും നല്ല കാലങ്ങളില്‍ ഒന്നായി. എന്തായാലും അത് ആസ്വദിക്കുന്നു. ഇനി ഇതുകഴിഞ്ഞ് കുറച്ചു കൂടി ആഴത്തില്‍ മറ്റു പ്രൊജക്ടുകളെപ്പറ്റി ചിന്തിക്കണം, എഴുതണം എന്നൊക്കെയാണ് ആഗ്രഹം…

 

(ഗവേഷക വിദ്യാര്‍ഥിയായ അപര്‍ണ അഴിമുഖത്തില്‍ off-shots എന്ന സിനിമ സംബന്ധിയായ കോളം ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍