UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് വിരുദ്ധ നിലപാടിനെതിരെ സിപിഎമ്മും ജിഗ്നേഷ് മേവാനിയും ഒരേ വേദിയില്‍

Avatar

അഴിമുഖം പ്രതിനിധി

 

ഗുജറാത്തിലെ ദളിത് മുന്നേറ്റ നായകന്‍ ജിഗ്നേഷ് മേവാനിയും സിപിഎം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളുടെ നേതാക്കളും രാജ്യമെമ്പാടും നടക്കുന്ന ദളിത് മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുന്നവരും ഒരേ വേദിയില്‍. നാളെ (വെള്ളി) ഡല്‍ഹിയിലെ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ നടക്കുന്ന ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലിയിലാണ് നേതാക്കള്‍ ഒത്തുചേരുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് ദളിത് സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് റാലിയും സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ സിപിഎമ്മിന്റെ ദളിത്‌ സംഘടനയായ പികെഎസ് (പട്ടികജാതി ക്ഷേമ സമിതി) ഈ മാസം 21ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സ്വാഭിമാന സംഗമത്തില്‍നിന്ന് ജിഗ്നേഷ് മേവാനി പിന്മാറിയത് ഏറെ വിവാദമായിരുന്നു.  

 

സീതാറാം യെച്ചൂരി, എസ് സുധാകര്‍ റെഡ്ഡി, പ്രകാശ് അംബേദ്ക്കര്‍, രാധിക വെമൂല, ജിഗ്നേഷ് മേവാണി, പി.എസ് കൃഷ്ണന്‍, വില്‍സണ്‍ ബെസവാഡ, പോള്‍ ദിവാകര്‍ തുടങ്ങിയവര്‍ നാളെ വേദി പങ്കിടും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഭാരതീയ ഖേത് മസ്ദൂര്‍ യൂണിയന്‍, ദളിത് ശോഷന്‍ മുക്തി മഞ്ച്, ദളിത് അധികാര്‍ രക്ഷ രാഷ്ട്രീയ അഭിയാന്‍, അഖില്‍ ഭാരതീയ ഖേത് മസ്ദൂര്‍ യൂണിയന്‍, നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ദളിത് ഹ്യൂമന്‍ റൈറ്റ്സ് എന്നീ സംഘടനകളാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.  

 

അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് താന്‍ കേരളത്തില്‍ നടക്കുന്ന പരിപാടിയില്‍നിന്ന് പിന്മാറുന്നതെന്ന് ജിഗ്നേഷ് മേവാനി തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ദളിത് സ്ത്രീയായ ചിത്രലേഖയ്‌ക്കെതിരെ സിപിഎം സ്വീകരിക്കുന്ന നിലപാടുകളും പരിപാടിയില്‍നിന്നുള്ള പിന്മാറ്റത്തിന് കാരണമായി എന്ന്  ജിഗ്നേഷ് മേവാനി വ്യക്തമാക്കിയിരുന്നു. അതിനൊപ്പം ചിത്രലേഖയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

എന്നാല്‍ രാജ്യത്ത് നടക്കുന്ന ദളിത് ആക്രമങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്ന വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവരെക്കൂടി ഉള്‍പ്പെടുത്തി ശക്തമായ സമരപരിപാടികള്‍ക്ക് വിവിധ ദളിത് സംഘടനകള്‍ രൂപം നല്കിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദളിതര്‍ക്ക് നേരെയുള്ള ആക്രമങ്ങളില്‍ 40 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍