UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാറിന്റെ ദളിത് വിരുദ്ധതയിലും വലുതാണോ സ്വത്വവാദികളുടെ സിപിഎം പേടി?

Avatar

ബിലാല്‍ റാവുത്തര്‍

സംഘ് രാഷ്ട്രീയത്തിന്റെ പിടിയിലായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഇതിനെതിരായ പ്രതിരോധങ്ങള്‍ ചെറുതും വലുതുമായി ഉയര്‍ന്നു വരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സംഘപരിവാറും ഭരണകൂടവും രാജ്യദ്രോഹികളുടെ കേന്ദ്രം എന്ന് പ്രചണ്ഡ പ്രചരണം അഴിച്ചുവിട്ട് ആക്രമിച്ച ജെഎന്‍യുവില്‍ സംഘിനെതിരെ ഇടത് വിദ്യാര്‍ത്ഥി ഐക്യം നേടിയ ഉജ്ജ്വല വിജയം. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യം സാഹചര്യങ്ങളുടെ ആവശ്യമായിരുന്നു. ദളിതരും ന്യൂനപക്ഷങ്ങളുമാണ് സംഘിന്റെ പ്രധാന ഇരകള്‍. അവര്‍ നടത്തിയ പല രീതിയിലുള്ള വേട്ടയാടലുകള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. ദളിതരുടെ ചെറുത്ത് നില്‍പ്പ് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ഉനയിലെ ആഗസ്ത് 15 ലെ ദളിതരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം പ്രാധാന്യം അര്‍ഹിക്കുന്നത്. ദളിതരുടെ ഐതിഹാസിക ചെറുത്തു നില്‍പ് എന്ന് ഇതിനെ ചരിത്രം രേഖപ്പെടുത്തും.

ഈ സാഹചര്യത്തിലാണ് സിപിഎം അനുകൂല സംഘടനയായ പികെഎസ്, സംഘപരിവാര്‍ ശക്തികളുടെ ദളിത് പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ കണ്ണൂരില്‍ സ്വാഭിമാന സംഗമം ഈ മാസം 21-നു നടത്താന്‍ തീരുമാനിക്കുന്നതും ഉന സമരനായകന്‍ ജിഗ്‌നേഷ് മേവാനിയെ ഇതിലേക്ക് ക്ഷണിക്കുന്നതും അദ്ദേഹം ക്ഷണം സ്വീകരിക്കുന്നതും. എന്നാല്‍ ഇതിനെതിരെ കഴിഞ്ഞ ദിവസം ജിഗ്‌നേഷ് തന്നെ രംഗത്ത് വരികയും ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പങ്കെടുക്കാത്തതിന് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വളരെ വിചിത്രമായി തോന്നി. ഉനയില്‍ നടന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമായ ദളിത് പ്രക്ഷോഭത്തില്‍ സിപിഎമ്മിന്റെ പോഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ പങ്കെടുക്കുകയുണ്ടായി. സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് കൂടിയായ വിജു കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇത്. വിജുവിനൊപ്പം ജിഗ്‌നേഷ് മേവാനി വേദി പങ്കിടുകയും ചെയ്തിരുന്നു. സിപിഎം എന്ന പാര്‍ട്ടിയും ഈ പ്രക്ഷോഭത്തെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. അന്നൊന്നും ജിഗ്‌നേഷ് മേവാനിക്ക് സിപിഎമ്മിന്റെ ദളിത് നിലപാടുകളില്‍ സംശയം തോന്നിയിരുന്നില്ലേ? എതിര്‍പ്പ് ഒന്നും ഉണ്ടായിരുന്നില്ലേ? അന്നും ഇന്നും ജിഗ്‌നേഷ് അംബേദ്ക്കറൈറ്റ് തന്നെയാണ്. 

 

ഉനയിലെ മാര്‍ച്ചിന്റെ സമയത്തും വലതു പക്ഷ സംഘടനയായ ‘ആം ആദ്മി പാര്‍ട്ടി’യില്‍ ഉത്തരവാദിത്തപെട്ട സ്ഥാനം വഹിച്ചിരുന്നു. അദ്ദേഹം ആ പാര്‍ട്ടിയില്‍ നിന്ന്‍ രാജി വയ്ക്കുന്നത് തന്റെ ആപ് അംഗത്വം ചൂണ്ടിക്കാട്ടി ദളിത് ഐക്യം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ്; പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് എഴുതിയ രാജിക്കത്തില്‍ ആ പാര്‍ട്ടിയുടെ നയങ്ങളോടൊ നേതൃത്വത്തോടോ എന്തെങ്കിലും പ്രശ്നം ഉള്ളതായും അദ്ദേഹം പറഞ്ഞിട്ടില്ല. അതേ സമയം, കേരളത്തില്‍ കേവലം ഒരു പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഒരു ഇടതുപക്ഷ സംഘടന നടത്തുന്ന പരിപാടിയില്‍ നിന്നും ജിഗ്നേഷ് പിന്മാറുന്നതിനു പിന്നില്‍ ശക്തമായ സമ്മര്‍ദ്ധം ഉണ്ടായിരിക്കണം. സമ്മര്‍ദ്ദത്തിന് പിന്നില്‍ കേരളത്തിലെ ദളിത് ബുദ്ധിജീവികളും ദളിത് രക്ഷകരായി സ്വയം അവതരിക്കുന്ന മൗദൂദി അമാനവരും ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

 

ഇവിടെയാണ് ഒരു കാര്യം വളരെ പ്രസക്തമാകുന്നത്: ‘കാഞ്ചാ ഏലയ്യയെ പോലെയുള്ള കേരളത്തിന് പുറത്തുള്ള ദളിത് ബുദ്ധിജീവികള്‍ക്ക് അനുഭവം കൊണ്ട് ബോദ്ധ്യം വന്ന ഒന്നാണ് ഇടത് രാഷ്ട്രീയവുമായുള്ള ഐക്യം. അത് കേരളത്തിലെ ദളിത് ബുദ്ധിജീവികള്‍ക്ക് മനലാകുന്നില്ല എങ്കില്‍ അതിന്റെ കാരണങ്ങളും ഭൗതീകമാണ്. അതായത് ഏലയ്യ കടന്നുപോയ സമീപകാല അനുഭവങ്ങളിളൂടെ അവര്‍ കടന്ന് പൊയിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ നമ്മുടെ സവിശേഷ ഡെമോഗ്രഫിയില്‍ അത് സിപിഎമ്മിന്റെ മണ്ടയില്‍ ആകുന്നു. ആക്കാന്‍ എളുപ്പവും ആകുന്നു’ (കടപ്പാട്- വിശാഖ് ശങ്കര്‍). ഖാപ്പ് പഞ്ചായത്തുകള്‍ ഭരിക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ സാഹചര്യങ്ങളിലെ ദളിതര്‍ അനുഭവിക്കുന്ന പ്രശ്ങ്ങള്‍ വളരെ വലുതാണ്; അതിന്റെ തീവ്രതയും കഠിനമാണ്. അതുകൊണ്ടാണല്ലോ അടിച്ചമര്‍ത്തപ്പെട്ടവരുടെ രൂക്ഷമായ പ്രതികരണം ഉണ്ടായതും പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടി വന്നതും. കേരളത്തിലെ സാഹചര്യത്തില്‍ ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ താരതമ്യേന കുറവാണ്. ഇതിനര്‍ത്ഥം ദളിതര്‍ക്ക് കേരളം സ്വര്‍ഗം ആണെന്നല്ല. ഇവിടെയും ദളിതര്‍ വിവേചനം അനുഭവിക്കുന്നുണ്ട്, ഭൂമിക്ക് വേണ്ടി പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട് അങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ ജിഗ്‌നേഷ് തന്റെ പിന്മാറ്റത്തിന് പേരെടുത്തു പറഞ്ഞ വിഷയം ചിത്രലേഖയുടേതാണ്. ഈ വിഷയത്തില്‍ സിപിഎമ്മിന് തുടക്കത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്ന കാര്യം നിരവധി സ്ഥലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ കേരളത്തിലെ സിപിഎം എന്ന സംഘടനയും അതിന്റെ നേതൃത്വവും ദളിത് വിരുദ്ധത മൂലം ചിത്രലേഖയ്ക്കെതിരെ രംഗത്തു വന്നിരിക്കുന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി കൂടി പരിശോധിക്കേണ്ടിയിരുന്നു; പ്രത്യേകിച്ച് ജിഗ്നേഷിനെ പോലെ ദളിത് പുരോഗമന രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാള്‍.  

 

ഒക്ടോബര്‍ 27-ന് ഹൈദരാബാദ് സര്‍വകലാശാല തിരഞ്ഞെടുപ്പ് നടക്കുകയാണ്; രോഹിത് വെമൂലയുടെ മരണശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണിത്. സംഘപരിവാരവും സ്‌റ്റേറ്റും ആക്രമിച്ചു കൊന്നതാണ് രോഹിതിനെ. ആ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയവരില്‍ സിപിഎം രാഷ്ട്രീയം ഉള്ളവരും ആ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യ സ്ഥാനാര്‍ഥികള്‍ മുന്നോട്ട് വച്ചതും ഈ സംഘപരിവാര്‍ ആക്രമണം തന്നെയാണ്. എന്നാല്‍ ഹൈദരാബാദില്‍ നിന്നാരംഭിച്ച പ്രക്ഷോഭം ഇത്രയും എത്തിയിട്ടും സംഘപരിവാരം ഇന്നും മുട്ടുമടക്കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടത്, ദളിത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ മാത്രമല്ല രാജ്യമൊട്ടാകെ തന്നെ ഒരുമിച്ചു നിന്നുള്ള പോരാട്ടത്തിന് സാധിക്കേണ്ടത് ഈ രാജ്യത്തെ മതേതര, ജനാധിപത്യ ഇടങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയാണ്.

 

(ബിലാല്‍ ദുബായില്‍ ജോലി ചെയ്യുന്നു) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍