UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂരാഹിത്യം – മേവാനി നമ്മോട് പറയുന്നത്

Avatar

മായ പ്രമോദ്

 

ദലിത് ജനാധിപത്യ സംഗമവും ഭൂമിയുടെ രാഷ്ട്രീയവും ഉന്നയിച്ച് കേരളത്തില്‍ 14, 15, 16 തിയ്യതികളില്‍ ജിഗ്‌നേഷ് മേവാനി പങ്കെടുത്ത മൂന്നു പരിപാടികളും ഒരേ ആശമാണ് ഉയര്‍ത്തിപ്പിടിച്ചത്. ബ്രാഹ്മണിസം ഇന്ത്യന്‍ ഫാസിസമാണ്. ഭൂമി ഒരു മനുഷ്യവകാശ പ്രശ്‌നമാണ്. എന്താണിങ്ങനെ കേരളത്തില്‍? തൊട്ടാല്‍ പൊള്ളുന്ന പൊള്ളത്തരങ്ങളിലേക്കാണ് മേവാനി വന്നു തട്ടിയുണര്‍ത്തിത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരിലും എറണാകുളത്തുമായി നടന്ന ഈ പരിപാടിയില്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും സമരപ്രഖ്യാപനവും ഒട്ടൊരു ആശങ്കയോടു കൂടിയല്ലാതെ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പൊതു സമൂഹത്തിനോ നോക്കിക്കാണാന്‍ സാധിക്കുകയില്ല. കാരണം വെവ്വേറെ ആശയങ്ങള്‍ ഉയര്‍ത്തിയാണെങ്കിലും ദലിതുകള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാമെന്ന ചിന്തിയിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു.

 

ഭൂപരിഷ്‌കരണത്തിലൂടെ ജാതിക്കോളനികള്‍ നല്‍കിയ ഇടതുരാഷ്ട്രീയം ഭരിക്കുന്ന കേരളത്തിലാണ് ദളിത് രാഷ്ട്രീയത്തോടും ദലിതരോടും സംസാരിക്കാന്‍ ജിഗ് നേഷ് മേവാനി എത്തിയത് എന്നതാണ് മറ്റൊന്ന്. ദലിത് സംഘടനകളുടെ ക്ഷണം സ്വീകരിച്ച് എത്തുകയും നാലു ദിവസം അദ്ദേഹം നടത്തിയ ആശയ പ്രചരണത്തിലൂടെ ഇവിടത്തെ ദലിത് – പിന്നോക്ക – മുസ്ലീം സമുദായത്തോട് അദ്ദേഹം പറായാന്‍ ശ്രമിച്ച ചില കാര്യങ്ങളുമാണ് ഇവിടത്തെ വിഷയം. മേവാനി തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഷഹീദ് ഭഗത് സിംഗ്, സാവിത്രി ഫുലെ, മാഹാത്മ അയ്യന്‍കാളി, ഡോക്ടര്‍ അംബേദ്കര്‍ എന്നിവര്‍ക്ക് എന്റെ നീല്‍സലാം. ഭഗത് സിംഗിന് നീല്‍സലാം കൊടുക്കാനുണ്ടായ കാരണം അദ്ദേഹം എടുത്തു പറയുന്നു. ഭഗത് സിംഗിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ പരിസരത്ത് ഒരുപാട് ജനങ്ങള്‍ തടിച്ചു കൂടിയത് ബ്രിട്ടീഷുകാരില്‍ ഭയം ഉളവാക്കി. അതിനാല്‍ ഒരു ദിവസം മുന്നേ വധശിക്ഷ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.

 

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏതൊരാളോടും എന്ന പോലെ അദ്ദേഹത്തോടും അവസാനത്തെ ആഗ്രഹം എന്താണെന്ന് ചോദിച്ചു. അതിനദ്ദേഹം പറഞ്ഞ മറുപടി തന്റെ അമ്മൂമ്മയുടെ കൈയ്യില്‍ നിന്നും ഭക്ഷണം കഴിക്കണമെന്നാണ്. അവസാനത്തെ ആഗ്രഹം എന്ന നിലയില്‍ അത് അദ്ദേഹത്തിന്റെ വീട്ടിലറിയിക്കാമെന്ന് ജയിലര്‍ പറഞ്ഞപ്പോള്‍ അതിന് ഭഗത് സിംഗ് കൊടുത്ത മറുപടി ”എന്റെ വീട്ടില്‍ അറിയിക്കേണ്ട യാതൊരു കാര്യവുമില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി തന്റെ ജയില്‍ റൂം വൃത്തിയാക്കുന്ന വാത്മീകി സമുദായത്തില്‍പ്പെട്ട മാംമ്‌ന എന്ന പേരുള്ള ആ സ്ത്രീയാണ് എന്റെ അമ്മ. അവരില്‍ നിന്നാണ് എനിക്ക് അവസാനത്തെ ഭക്ഷണം വേണ്ടത്” എന്നായിരുന്നു. അതിനാലാണ് താന്‍ അദ്ദേഹത്തിന് വിപ്ലവാഭിവാദ്യങ്ങള്‍ ചെയ്യുന്നത് എന്നാണ് മേവാനി പറഞ്ഞത്. 

 

സവര്‍ണ്ണജാതി കോട്ടയായ ബിജെപിയുടെ ഗുജറാത്തില്‍ നിന്നും അവിടുത്തെ ദലിതന്റെ ജീവിതമെന്താണെന്ന് പുറംലോകത്തിന് മുന്നിലായി കാട്ടിക്കൊടുക്കാന്‍ മേവാനി നേതൃത്വം കൊടുക്കുന്ന സമര ആശങ്ങള്‍ക്കായി എന്നതാണ് അദ്ദേഹം ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ പ്രാധാന്യം. വികസനം എന്ന നാലക്ഷരം കാട്ടിക്കൊണ്ട് ലോകത്തിന് മുന്നില്‍ ഗുജറാത്തിനെ ഉയര്‍ത്തിയപ്പോള്‍ ഉന അത് തച്ചുടച്ചുകൊണ്ട് മുന്നോട്ട് കയറിവന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനോടും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനോടും അദ്ദേഹം പറഞ്ഞത് ഇന്ത്യയിലെ എല്ലാ ഭൂരഹിതരായ ദലിത് – ആദിവാസി – പിന്നോക്ക സമുദായങ്ങള്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെയും ഡല്‍ഹി മുതല്‍ കേരളം വരെയും തങ്ങള്‍ സംഘടിക്കുകയും രാജ്യം മുഴുവന്‍ റോഡ് ഉപരോധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്നാണ്. അങ്ങനെ രാജ്യത്തെ ദലിത് – പിന്നോക്ക – ആദിവാസി സഹോദരങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ചോദിക്കും; ”അംബാനിക്ക് കൊടുക്കാന്‍, അദാനിക്ക് കൊടുക്കാന്‍, എസ്സാറിന് കൊടുക്കാന്‍ ഭൂമിയുണ്ടെങ്കില്‍ ഇവിടെത്തെ ദലിതര്‍ക്കും ആദിവാസികള്‍ക്കും കൊടുക്കാന്‍ എന്തുകൊണ്ട് ഭൂമിയില്ലാതെ പോയി” എന്ന്‍.

 

 

മേവാനി തൃശൂരില്‍ നടത്തിയ പ്രസംഗം
മനുസ്മൃതിയുടെ, ബ്രാഹ്മണ്യത്തിന്റെ, ജാതീയതയുടെ പരീക്ഷണശാലയായ ഗുജറാത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. കേരളത്തിലെ സിപിഎം സര്‍ക്കാരിനോടും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനോടും ഇവിടെ വച്ച് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭൂരഹിതരായ ദളിത് – ആദിവാസി – പിന്നാക്കവിഭാഗക്കാര്‍ക്ക് സ്ഥലം പതിച്ച് നല്‍കിയില്ലെങ്കില്‍, ഗുജറാത്ത് മുതല് പശ്ചിമ ബംഗാള്‍ വരേയും ഡല്‍ഹി മുതല് കേരളം വരേയും ഞങ്ങള് സംഘടിക്കുകയും രാജ്യം മുഴുവന് റോഡ് ഉപരോധങ്ങള് സംഘടിപ്പിക്കുകയും ചെയ്യുമെന്നതാണത്.

 

അതുകൊണ്ട് രാജ്യത്തെ മുഴുവന് ദളിത് സഹോദരങ്ങളും ഒറ്റക്കെട്ടായി നിന്ന് ചോദിക്കും: ”അംബാനിക്ക് കൊടുക്കാന്‍, അദാനിക്ക് കൊടുക്കാന്‍, എസ്സാറിന് കൊടുക്കാന്‍ ഭൂമിയുണ്ടെങ്കില്‍ ദളിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും കൊടുക്കാന്‍ ഇവിടെ ഭൂമിയില്ലാത്തത് എന്തുകൊണ്ടാണ്?”

കൂട്ടരെ, ഉനയിലെ സംഭവത്തിന് ശേഷം ഗുജറാത്തില്‍ ദളിതുകള്‍ ഐക്യപ്പെടുകയും പ്രതികരിക്കുകയും ചെയ്ത രീതികള്‍, ബ്രാഹ്മണ്യവാദികളേയും മനുവാദികളേയും പിടിച്ചുലയ്ക്കുക തന്നെ ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍, ‘ഗുജറാത്ത് മോഡല്‍’ എന്നുപറഞ്ഞ് കബളിപ്പിച്ച് അധികാരത്തില്‍ വന്ന മോദി സര്‍ക്കാരില്‍ നിന്നും ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഫാസിസത്തിന്റെ രുചി അറിഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും അപകടം പിടിച്ച അവസ്ഥയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില് വന്നശേഷം സംഘപരിവാര്‍ ശക്തികള്‍ക്കും ബിജെപി പാര്‍ട്ടിക്കാര്‍ക്കും മനുവാദികള്‍ക്കും ഗോരക്ഷകര്‍ക്കും ഒരേതരത്തിലുള്ള അസുഖം പിടിപെട്ടിരിക്കുകയാണ്. ഉനയിലെ സംഭവമാകട്ടെ, അഖ്‌ലാഖിന്റെ കാര്യമാകട്ടെ, അതുമല്ല, ഇപ്പോള്‍ അഹമ്മദാബാദില്‍ മുഹമ്മദ് അയൂബ് എന്നയാളെ കൊന്നതാവട്ടെ, ഇവയില്‍ നിന്നെല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ട്, സംഘപരിവാറിനുള്ള അധികാരഹുങ്ക്. നാം ദളിതര്‍, മുസ്ലീങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരെല്ലാം ഒരുമിച്ചു നിന്ന് സംഘപരിവാര്‍ ശക്തികളുടെ, ആര്‍എസ്എസുകാരുടെ അസുഖം മാറ്റിക്കൊടുക്കേണ്ടിയിരിക്കുന്നു.

ഉനയിലെ സംഭവത്തിനുശേഷം എത്തരത്തിലാണ് ദളിതരും മുസ്ലീങ്ങളും ഒരുമിച്ച് നിന്ന് സംഘപരിവാര്‍ ബ്രാഹ്മണിക്കല്‍ ശക്തികള്‍ക്കെതിരെ പോരാടിയത്, അതുപോലെ തന്നെ അഹമ്മദാബാദിലെ മുഹമ്മദ് അയൂബിന്റെ കൊലപാതകത്തിനെതിരെ പ്രതികരിക്കുകയും മറുപടി ചോദിക്കുകയും തന്നെ ചെയ്യും.

കൂട്ടരെ, എന്തെങ്കിലും വിധത്തിലുള്ള ക്രൂരതകളോ ക്രിമിനല്‍ കുറ്റങ്ങളോ ചെയ്യുമ്പോള്‍, ആരെങ്കിലും കാണുമോയെന്നും താന്‍ പിടിയിലാകുമോ എന്നുമുള്ള ഭയം ആളുകളുടെ ഉള്ളിലുണ്ടാകും. എന്നാല്‍ ഉനയില്‍ സംഭവിച്ചതെന്താണ്? സംഘപരിവാര്‍ ശക്തികള്‍ അവിടെ ദളിതുകളെ ആക്രമിക്കുകയും ചവിട്ടുകയും നഗ്‌നരാക്കുകയും ചെയ്തതിന് ശേഷം തെരുവില്‍ കൊണ്ടുവരികയും ആളുകള്‍ നോക്കിനില്‍ക്കെത്തന്നെ വീണ്ടും അവര്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ നടത്തുകയും ചെയ്തു. ആ അക്രമങ്ങളുടെ വീഡിയോയും ഫോട്ടോയും എടുത്ത് വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റ് മാധ്യമങ്ങളിലൂടേയും രാജ്യം മുഴുവന്‍ പ്രചരിപ്പിച്ചു. ഇതില്‍ നിന്നും നമുക്ക് വ്യക്തമായി മനസിലാക്കാം,

 

 

ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന മറാത്തികളുടെ സമരവും. അവരുടെ സമരം കേവലം റിസര്‍വേഷനു വേണ്ടി മാത്രമല്ല , ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ തടയാനുള്ള അട്രോസിറ്റീസ് ആക്ട് എടുത്തു മാറ്റാന്‍ കൂടി ആവശ്യപ്പെട്ടിട്ടുള്ളതാണ്. അതിന്റെ പിന്നിലുള്ള വസ്തുത, അവര്‍ക്ക് ഹിന്ദു ഐക്യം എന്ന പേരില്‍ മുസ്ലീം – ദളിത് ജനതക്കെതിരെ അക്രമം അഴിച്ചുവിടുവാനാണ്. ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകള്‍ നാസിക്കിലും ദളിതുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു എന്നതാണ്.

കൂട്ടരെ! ഗുജറാത്തില്‍ വളരെക്കാലമായി ദളിതര്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് ഉനയില്‍ നടന്ന സംഭവത്തിന് ശേഷം മാത്രം ഗുജറാത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള ദളിതുകള്‍ ഇതിനെ എതിര്‍ക്കാനും സമരം ചെയ്യാനും തെരുവിലിറങ്ങാനും തയ്യാറായത്? ഇതിനുള്ള ഉത്തരം നിങ്ങള്‍ക്കിടയില്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മോദിജിയുടെ പാര്‍ട്ടി രാജ്യമെങ്ങും പറഞ്ഞു പരത്തിയ വൈബ്രന്റ് ഗുജറാത്തും യഥാര്‍ത്ഥ ഗുജറാത്തും തമ്മിലുള്ള വ്യത്യാസം തന്നെയാണതിന് കാരണം. ഗുജറാത്തില്‍ ദളിതര്‍ക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത് തന്നെയാണതിന് കാരണം.

സുഹൃത്തുക്കളെ, ഗുജറാത്തില്‍ ഇന്നും 1500-ഓളം ഗ്രാമങ്ങളില്‍ ദളിതര്‍ക്കെതിരെ വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നു. 35-ലധികം വിഭാഗം ദളിതുകള്‍ ഈ വൈബ്രന്റ് ഗുജറാത്തില്‍ മാലിന്യ സംസ്‌ക്കരണം നടത്തുന്നു. ഒരുലക്ഷത്തിലധികം വാത്മീകി സമുദായത്തില്‌പ്പെടുന്ന, വൃത്തിയാക്കല്‍ /ശുചീകരണ തൊഴിലാളികള്‍ക്ക് അവരുടെ അടിസ്ഥാന വേതനം പോലും ലഭിക്കുന്നില്ല. 50-ഓളം ഗ്രാമങ്ങളില്‍ നിന്ന് ദളിത് സഹോദരി സഹോദരന്മാരെ പല കാരണങ്ങള്‍ പറഞ്ഞ് സാമൂഹ്യഭ്രഷ്ടിന് വിധേയമാക്കിയിരിക്കുകയാണ്. ഈ ഗുജറാത്ത് മോഡലിലാണ് 119-ഓളം ദളിത് ഗ്രാമങ്ങള്‍ പൊലീസ് സംരക്ഷണയില്‍ ജീവിക്കുന്നത്. അവിടെ നിന്നെങ്ങാനും പൊലീസ് സംരക്ഷണം പിന്‍വലിക്കുകയാണെങ്കില്‍ ഉനയിലെപ്പോലെ തന്നെ ദളിതുകളുടെ തൊലിയുരിക്കപ്പെടുക തന്നെ ചെയ്യും.

എത്രത്തോളമെന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയുടെ മാനസികാവസ്ഥ പോലും ഇത്തരത്തില്‍ ഉള്ളതാണ്. സ്വയം താനൊരു അംബേദ്ക്കര്‍ ഭക്തന്‍ ആണെന്നും, ദളിതുകളുടെ സഹോദരനും സുഹൃത്തുമാണെന്നും അവകാശപ്പെടുന്ന മോദിജി 2009-ല്‍ പ്രസിദ്ധീകരിച്ച ‘കര്‍മയോഗി’ എന്ന തന്റെ പുസ്തകത്തില്‍ കുറിച്ചത് ഇങ്ങനെയാണ്; ‘മാലിന്യം വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് അത് ചെയ്യുമ്പോള്‍ ലഭിക്കുന്നത് ആധ്യാത്മികമായ ആത്മീയ ആനന്ദമാണ്’ എന്നാണ്. അതുകൊണ്ട് ഞാന്‍ കേരളത്തിന്റെ മണ്ണില്‍ നിന്നുകൊണ്ട് ഇവിടെ കൂടിയിരിക്കുന്ന ഭീംസേനയുടെ ഇടയില്‍ നിന്നു കൊണ്ട് അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നു. ഗുജറാത്തിലെ ദളിതര്‍ ചത്ത പശുവിന്റെ മൃതദേഹം എടുക്കുന്ന ജോലിയും വൃത്തിയാക്കുന്ന ജോലിയും ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്; താങ്കള്‍ ഗുജറാത്തിലേക്ക് വരൂ… ചത്ത പശുവിന്റെ മൃതദേഹം എടുക്കൂ… ഗട്ടറില്‍ ഇറങ്ങി വൃത്തിയാക്കൂ… ആത്മീയ ആനന്ദം അനുഭവിക്കൂ…

സുഹൃത്തുക്കളെ, നമ്മുടെ ഉന ദളിത് മുന്നേറ്റത്തിന്റെ ഏറ്റവും പോസിറ്റീവായ കാര്യം ഇതാണ്. രാജ്യത്തെ തന്നെ ദളിത് മുന്നേറ്റങ്ങളില്‍ ആദ്യമായി അഹമ്മദാബാദില്‍ ജൂലൈ 30-ന് നടന്ന ദളിത് സമ്മേളനത്തില്‍ വെച്ച് 20,000-ത്തോളം വരുന്ന ദളിത് സഹോദരി സഹോദരന്മാര്‍ ഡോ. അംബേദ്ക്കറിന്റെ നാമത്തില്‍ ശപഥമെടുത്തു; ‘ഇന്ന് മുതല്‍ ഞങ്ങള്‍ മാലിന്യം എടുക്കില്ല, അഴുക്കുചാലുകളില്‍ ഇറങ്ങില്ല, ചത്ത പശുവിന്റെ മൃതദേഹം എടുക്കുകയില്ല’. 

ദളിത് മുന്നേറ്റങ്ങള്‍, ആത്മാഭിമാനത്തിന് വേണ്ടിയുള്ള യുദ്ധങ്ങളാണ്. ഈ ജാതി വ്യവസ്ഥ കാരണമാണ് ഇതുപോലുള്ള ജോലികള്‍ ദളിതുകളില്‍ മാത്രം നിക്ഷിപ്തമാക്കപ്പെടുന്നതും അവര്‍ വൃത്തിഹീനര്‍ എന്ന് മുദ്രകുത്തപ്പെടുന്നതും. അതുകൊണ്ട് തന്നെയാണ് ഈ 20000-ത്തോളം ആളുകള്‍ ശപഥമെടുക്കുന്നത് ഇത്ര മഹത്വപൂര്‍ണമാകുന്നത്.

 

 

കഴിഞ്ഞ 15-20 വര്‍ഷങ്ങളായുള്ള ദളിത് മുന്നേറ്റങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, നിയോലിബറലിസവും ആഗോളവത്ക്കരണവും മുതലാളിത്തവും കാരണം രണ്ട് വര്‍ഗങ്ങളുടെ ഇടയിലുള്ള അന്തരം വര്‍ദ്ധിക്കുകയും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാവുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ചെയ്തു. പക്ഷേ ദളിത് മുന്നേറ്റങ്ങള്‍ ജാതിവ്യവസ്ഥക്കും മനുവാദത്തിനും ബ്രാഹ്മണ്യവാദത്തിനുമെതിരെ മാത്രം പോരാടുന്നതില്‍ കുടുങ്ങിപ്പോയി. അതുകൊണ്ട് തന്നെ ഈ മുന്നേറ്റം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടതാണ്.

 

അതായത് നമ്മുടെ സമരങ്ങള്‍ ഇനി നമ്മുടെ ആത്മാഭിമാനത്തിനൊപ്പം നിലനില്‍പ്പിന് കൂടി വേണ്ടിയായിരിക്കും. അതായത് മനുവാദത്തിനെതിരെയും ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ്യത്തിനെതിരെയും മുദ്രാവാക്യം വിളിക്കുന്നതോടൊപ്പം തന്നെ നമ്മള്‍ മുതലാളിത്തത്തിനെതിരെയും മുദ്രാവാക്യം വിളിക്കും. അതുപോലെ തന്നെ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയും ഭൂമിക്ക് വേണ്ടിയും നമ്മള്‍ സമരം ചെയ്യും. ആത്മാഭിമാനം ഉണ്ടായിട്ട് വയറ്റില്‍ ഭക്ഷണമില്ലെങ്കില്‍ നമ്മള് എന്ത് ചെയ്യും? താമസിക്കാന്‍ ഇടമില്ലാതെ അഭിമാനവും അന്തസും കൊണ്ട് നമുക്ക് എന്തുചെയ്യാനാകും? അതുകൊണ്ട് തന്നെ ദളിത് മുന്നേറ്റങ്ങള്‍ ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ കൂടിയാവണം.

കൂട്ടരെ, അതുകൊണ്ട് തന്നെ രാജ്യത്തെ മുഴുവന് ദളിത് സഹോദരങ്ങളും ഒറ്റക്കെട്ടായി നിന്ന് ചോദിക്കേണ്ടി വരും, ‘അംബാനിക്ക് കൊടുക്കാന്‍, അദാനിക്ക് കൊടുക്കാന്‍, എസ്സാറിന് കൊടുക്കാന്‍ ഇവിടെ ഭൂമിയുണ്ടെങ്കില്‍ ദളിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും കൊടുക്കാന്‍ ഇവിടെ ഭൂമിയില്ലാത്തത് എന്തുകൊണ്ടാണ്?

അതുകൊണ്ട് തന്നെ സുഹൃത്തുക്കളെ, ഈ കുത്തക കമ്പനികള്‍ക്കെതിരെ സമരം ചെയ്യണമെങ്കില്‍, ഭൂമി പുനര്‍വിതരണത്തിനുവേണ്ടി സമരം ചെയ്യണമെങ്കില്‍, നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യണമെങ്കില്‍ കേരളത്തിലെ മുഴുവന് ദളിത് സമൂഹത്തിലെ ഓരോ സഹോദരി സഹോദരന്മാരും സ്വയം അംബേദ്ക്കറൈറ്റ് ആണെന്ന് അവകാശപ്പെടുന്ന മുഴുവന്‍ ആളുകളും ഒരു കുടക്കീഴില്‍ ഒന്നിച്ചുനിന്നാല്‍ മാത്രമേ സാധിക്കൂ. അതല്ലാതെ മറ്റു വഴികള്‍ ഒന്നും തന്നെ നമുക്കില്ല. അങ്ങനെ കേരളത്തിലെ എല്ലാ ദളിത് സഹോദരി സഹോദരന്മാരും അംബേദ്ക്കറൈറ്റ്‌സ് ഗ്രൂപ്പുകളും തമ്മിലുള്ള അകലങ്ങളും ഉപജാതിക്രമങ്ങളും മാറ്റിവെച്ചുകൊണ്ട് ഒരു കുടക്കീഴില്‍ ഒന്നിക്കുകയാണെങ്കില്‍, നിങ്ങള്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെടുകയാണെങ്കില്‍ തൃശൂര്‍ ആണെങ്കിലും തിരുവനന്തപുരം ആണെങ്കിലും കൊച്ചി ആണെങ്കിലും ഇവിടുത്തെ റോഡുകള്‍ ഉപരോധിക്കാനും ജയിലില്‍ പോകാനും ഞാന്‍ നിങ്ങളുടെ കൂടെ മുന്‍പന്തിയില്‍ ഉണ്ടാകും. 

കൂട്ടരെ, ഗുജറാത്തില്‍ ദളിതരോട് അക്രമങ്ങള്‍ തുടരുന്നതോടൊപ്പം തന്നെ ഭൂമി നല്കാനുള്ള വാഗ്ദാനങ്ങളും വെറും പ്രഹസനങ്ങളായി തുടരുകയാണ്. കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളായി കോണ്‍ഗ്രസ് സര്‍ക്കാരാകട്ടെ, ബിജെപി സര്‍ക്കാരാകട്ടെ, ഗുജറാത്ത് മോഡല്‍ ആകട്ടെ, എല്ലാര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം ആകട്ടെ, ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ദളിതുകള്‍ക്ക് പേപ്പറുകളില്‍ മാത്രമാണ് പതിച്ചുകിട്ടിയിട്ടുള്ളത്. അതിന്റെ യഥാര്‍ത്ഥ സ്ഥാനനിര്‍ണയം ഒരാള്‍ക്ക് പോലും ലഭ്യമായിട്ടില്ല.

 

അതുപോലെ തന്നെയാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും. കേരളത്തിലെ അവസ്ഥയും വിഭിന്നമല്ല. ഇപ്പോള്‍ സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ള 5 ലക്ഷം എക്കര്‍ എസ്‌റ്റേറ്റ് ഭൂമി, അതെങ്കിലും നമുക്ക് സമരം ചെയ്ത് പിടിച്ചെടുക്കണം. അതാകട്ടെ നമ്മുടെ ലക്ഷ്യം. ഏത് വിധത്തില്‍ നമ്മള്‍ ചലോ ഉന എന്ന ആഹ്വാനം നല്‍കിയത്, എങ്ങനെയാണ് അവിടെ ഒരു ദളിത് മഹാസമ്മേളനം നടത്തിയത്, അവിടെ പൊളിഞ്ഞുവീണു മനുവാദത്തിന്റേയും ബ്രാഹ്മണ്യവാദത്തിന്റെ മാറ്റൊലികള്‍, മുഴുവന്‍ രാജ്യത്തും മുഴങ്ങിക്കേട്ട ആ മാറ്റൊലിയുടെ ഊര്ജം കൈയിലേന്തിയാണ് ഞാന്‍ നിങ്ങളുടെ ഇടയില്‍ നില്‍ക്കുന്നത്.

അവിടെ ഉയര്‍ന്നുകേട്ട അതേ മുദ്രാവാക്യം ഉയര്‍ത്തിത്തന്നെയാണ് നിങ്ങളുടെ മുന്നില്‍ നില്ക്കുന്നത്. നാഗ്പൂരില്‍ ഇരിക്കുന്ന മോഹന്‍ ഭഗവതിനോടും ഡല്‍ഹിയിലിരിക്കുന്ന മോദിയോടും അമിത് ഷായോടും എനിക്ക് പറയാനുള്ളത് അത് തന്നെയാണ്.

‘പശുവിന്റെ വാല് നിങ്ങള് സൂക്ഷിച്ചോളൂ
ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി നല്‍കൂ’

 

 

ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു. അഹമ്മദാബാദില്‍ നിന്നും ഉന വരെ, ‘ചലോ ഉന’ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഞങ്ങള്‍ നടത്തിയ പദയാത്രയില്‍ ഞങ്ങളോടൊപ്പം കേരളത്തില്‍ നിന്ന് സിപിഎമ്മിന്റെ കുറച്ച് പ്രവര്‍ത്തകരും, ‘പശുവിന്റെ വാല് നിങ്ങള് സൂക്ഷിച്ചോളൂ, ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് നാല്‍കൂ…’ എന്ന് മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഞാന്‍ അവരോട് പറയുന്നത് ഇതാണ്. വരും ദിവസങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ മുന്നിലും ഈ മുദ്രാവാക്യം വെക്കുന്നതാണ്. അപ്പോഴും നിങ്ങള്‍ കൂടെത്തന്നെയുണ്ടാകണം. ഇവിടെയുള്ള മുഴുവന്‍ ദളിത് സമൂഹവും മുഴുവന്‍ അംബേദ്ക്കറൈറ്റുകളും ഒപ്പം ചേര്‍ന്ന് തിരുവനന്തപുരത്തെ റോഡുകള്‍ ഉപരോധിക്കാന്‍ തീരുമാനിക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍, ജിഗ്‌നേഷ് മേവാനി, അവരുടെ മുന്നില്‍ തന്നെ ഉണ്ടാകും.

എല്ലാവര്‍ക്കും എന്റെ വിപ്ലവാഭിവാദ്യങ്ങള്‍.. ജയ് ഭീം നീല്‍ സലാം.

 

സാംസ്‌കാരിക കേരളത്തിന്റെ മണ്ണില്‍ നാലു ദിവസം നീണ്ടുനിന്ന മൂന്ന് വ്യത്യസ്ത പരിപാടികളിലൂടെ, മേവാനി നല്‍കിയ ആശയപ്രചരണത്തിലൂടെ ആ സമരാവേശം ഇവിടെത്തെ ഓരോ ദലിതനും ആദിവസിക്കും പിന്നോക്കക്കാരനും നാളെയുടെ പുത്തന്‍ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നത്. ആ ആശയങ്ങളിലൂടെ നമുക്ക് ചലോ തിരുവനന്തപുരത്തേയ്ക്ക് എത്താം. ഭൂമി പോലെയൊരു വിഭവത്തിനായി, രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവുമായി, ഇനി വരുന്ന തലമുറയ്ക്കായി ജാതി, ഉപജാതി ചിന്തകള്‍ വെടിഞ്ഞുകൊണ്ട് ഒന്നിച്ചുചേരാം. 

 

(ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് മായ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍