UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് രാഷ്ട്രീയം സ്വത്വവാദത്തില്‍ കുടുങ്ങിക്കിടക്കുന്നു; ഇടതുപക്ഷം സഖ്യകക്ഷി; വേണ്ടത് സംഘ് വിരുദ്ധ കൂട്ടായ്മ- ജിഗ്നേഷ് മേവാനി

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ ദളിത് മുന്നേറ്റം സ്വത്വ രാഷ്ട്രീയത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഗുജറാത്തിലെ ഉന ദളിത് മുന്നേറ്റ നേതാവ് ജിഗ്‌നേഷ് മേവാനി. ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാതിവിരുദ്ധ മുദ്രാവാക്യം വിളികള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും സാമൂഹികവും സാമ്പത്തികവുമായ നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തെ ഒരു സഖ്യകക്ഷിയായാണ് താന്‍ കാണുന്നതതെന്നും ദളിത് – മുസ്ലീം ഐക്യം അത്യാവശ്യമാണെന്നും മേവാനി പറയുന്നു. ആര്‍എസ്എസ് രാഷ്ട്രീത്തിനെതിരെ ഒരു വിശാല രാഷ്ട്രീയം കെട്ടിപ്പടുക്കാനാണ് തങ്ങള്‍ ഗുജറാത്തില്‍ ശ്രമിക്കുന്നതെന്നും ദളിത്, പിന്നോക്ക, മുസ്ലീം ഐക്യത്തിലൂടെ സംഘപരിവാര്‍ വിരുദ്ധ സഖ്യം രൂപീകരിക്കുമെന്നും മേവാനി പറഞ്ഞു. ജി സമ്പത്ത് നടത്തിയ അഭിമുഖത്തിലെ പ്രസക്ത കാര്യങ്ങള്‍:

 

ചോദ്യം: ഭൂമിയില്ലാത്ത എല്ലാ ദളിതര്‍ക്കും അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നാണ് നിങ്ങളുടെ ആവശ്യം. ഇതെത്രത്തോളം സാധ്യമാണ്? അതിനുള്ള ഭൂമിയുണ്ടോ?

 

മേവാനി: എല്ലാ ജില്ലാ, താലൂക്ക് മേഖലകളിലും സര്‍ക്കാരിന്റെ തരിശ് ഭൂമിയുണ്ട്. ഇത് വിതരണം ചെയ്യാവുന്നതാണ്. ഗുജറാത്ത് ഭൂപരിഷ്‌കരണ നിയമം വഴി ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഈ വിധത്തില്‍ കണ്ടെത്താന്‍ കഴിയും. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി വിതരണം ചെയ്യണമെന്ന വകുപ്പ് പോലും എസ്.സി-എസ്.ടി സബ് പ്ലാനിലുണ്ട്. ടാറ്റയ്ക്കും അംബാനിക്കും അദാനിക്കും സെസിനും ഭൂമി കണ്ടെത്താമെങ്കില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും ഒ.ബി.സിക്കു വേണ്ടിയും അവ കണ്ടെത്തണം. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ അത് സാധ്യമാണ്.

 

ചോദ്യം: പക്ഷേ കോര്‍പറേറ്റ് ഹൗസുകള്‍ക്ക് ഭൂമി നല്‍കുന്നത് അവര്‍ സാമ്പത്തിക വികസനം ലക്ഷ്യമാക്കിയാണ്, അതിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും. പക്ഷേ അഞ്ചേക്കര്‍ തരിശ് ഭൂമി ലഭിച്ചിട്ട് ദളിതര്‍ എന്താണ് നേടുക?

 

മേവാനി: ആദ്യ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിരുന്നു ഭൂപരിഷ്‌കരണം. ഇന്ത്യയെ സമത്വമുള്ള ഒരു രാജ്യമാക്കി മാറ്റുകയും പാവപ്പെട്ടവരേയും ഭൂമിയില്ലാത്തവരേയും ഉയര്‍ത്തുകയുമായിരുന്നു അതിന്റെ ലക്ഷ്യം. ഇന്നും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും. അതുകൊണ്ട് ഒരു ബദല്‍ വികസന മാതൃകയ്ക്കായാണ് ഞങ്ങള്‍ വാദിക്കുന്നത്. അതിന്റെ അടിസ്ഥാനം ഭൂപരിഷ്‌കരണമാണ്.

 

ചോദ്യം: സരോദ വില്ലേജിലെ ഭൂ സമരത്തിന്റെ ഭാവി എന്താണ്?

 

മേവാനി: ഗുജറാത്തിലെ ഭൂപരിഷ്‌കരണം കടലാസില്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതുവരെ ഭൂമി നല്‍കിയിട്ടില്ല. പേപ്പറില്‍ കൃഷി നടത്തണമെന്നാണോ അവര്‍ പറയുന്നത? 2006-ല്‍ തന്നെ ഭൂമി അനുവദിക്കാന്‍ തീരുമാനമായെങ്കിലും ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. എന്നാല്‍ സമരം ശക്തമാക്കിയതോടെ ഭുമി അളന്ന് തിട്ടപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. അത് ഞങ്ങള്‍ക്ക് വലിയ വിജയമാണ്.

 

ചോദ്യം: സെപ്റ്റംബര്‍ 16-ന് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദില്‍ തിരിച്ചെത്തിയപ്പോള്‍ എന്തിനായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്?

 

മേവാനി: ഗുജറാത്ത് മോഡല്‍ എന്താണ് എന്നും അതനുസരിച്ചുള്ള ഭരണം എങ്ങനെയാണ് നടക്കുന്നതെന്നുമുള്ളതിന്റെ ഉദാഹരണമാണത്. ഇപ്പോഴുള്ള ദളിത് പ്രക്ഷോഭത്തെ ഗുജറാത്ത് സര്‍ക്കാര്‍ എങ്ങനെ പേടിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണത്.

 

 

ചോദ്യം: ദളിത് രാഷ്ട്രീയം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ് എന്നാണ് താങ്കള്‍ക്ക് തോന്നുന്നത്?

 

മേവാനി: മനുവാദ് മൂര്‍ദാബാദ് പോലുള്ള മുദ്രാവാക്യങ്ങളില്‍ മാത്രമായി അത് കുടുങ്ങിക്കിടക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ദളിത് രാഷ്ട്രീയം ഈ മുദ്രാവാക്യത്തിനപ്പുറത്തേക്ക് ഒരുപാട് പുരോഗമിക്കേണ്ടതുണ്ട്: എന്നാല്‍ അത് സ്വത്വരാഷ്ട്രീയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ സ്വത്വരാഷ്ട്രീയവും ഭൗതിക രാഷ്ട്രീയവും – സാമൂഹികവും സാമ്പത്തികവുമായ നീതിക്കുവേണ്ടിയുള്ള പോരാട്ടം- ഒരുമിച്ച് ചേര്‍ക്കുക എന്നുള്ളതാണ് വെല്ലുവിളി.

 

ചോദ്യം: ദളിത് ഐക്യം ഉണ്ടാവുക വലിയൊരു വെല്ലുവിളിയാണോ?

 

മേവാനി: തീര്‍ച്ചയായും അതുണ്ടാകേണ്ടതുണ്ട്: അതുകൊണ്ടാണ് ഞങ്ങളുടെ മുദ്രാവാക്യം തന്നെ  ‘ദുനിയാ കേ ദളിത് ഏക് ഹോ’ (ലോകത്തിലെ ദളിതരെല്ലാം ഒന്നാണ്) ആകുന്നത്. ദളിതര്‍ക്കിടയില്‍ തന്നെ പരസ്പരം തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതായ പഠനങ്ങളുണ്ട്. ഇത് പരിഹരിക്കപ്പെടേണ്ട വിഷയമാണ്. ദളിത് ഐക്യത്തിനും അത് അത്യാവശ്യമാണ്. മിശ്രവിവാഹം അടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള പരിപാടികളാണ് ഇനി ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

 

ചോദ്യം: ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ അധികാര സ്ഥാനത്തെത്തുമ്പോള്‍ അത് ദളിത് വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം കിട്ടിയല്ലോ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാല്‍ അങ്ങനെ ഒരു വ്യക്തിക്കുണ്ടാകുന്ന നേട്ടങ്ങള്‍ രാഷ്ട്രീയമായോ സമൂഹത്തിന് മൊത്തമായോ ഉള്ള രീതിയിലേക്ക് മാറുന്നുണ്ടോ? വലിയ വിമര്‍ശനങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ നടക്കുന്നുണ്ട്.

 

മേവാനി: അംഗീകരിക്കുന്നു. പാവപ്പെട്ടവരുടേയും ഭൂരഹിതരുടേയും രാഷ്ട്രീയം ഒരിക്കലും ഏതെങ്കിലും വ്യക്തിയുടേയോ ഏതെങ്കിലും നേതാവിനു ചുറ്റും തിരിയുന്നതോ ആയ രാഷ്ട്രീയമാകാന്‍ പാടില്ല. അതൊരു കൂട്ടായ്മയുടെ രാഷ്ട്രീയമായി മാറണം. വര്‍ഷങ്ങളായി ദളിത് ആക്റ്റിവിസ്റ്റുകള്‍ അല്ലെങ്കില്‍ ദളിത് രാഷ്ട്രീയക്കാര്‍ അധികാരത്തിലെത്തുകയും അവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് മാത്രമായി കൂടുതല്‍ തത്പരരാകുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇപ്പോള്‍ ദളിതര്‍ അക്കാര്യം തിരിച്ചറിഞ്ഞു തുടങ്ങി. ജനങ്ങളുടെ മുന്നേറ്റവും കൂട്ടായ്മയിലൂടെ മാത്രമേ അതിന് മാറ്റം വരുത്താന്‍ കഴിയൂ എന്നവര്‍ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു.

 

ചോദ്യം: സ്വത്വരാഷ്ട്രീയത്തിന്റെ പരിമിതിയാണോ ഇത്?

 

മേവാനി: എന്നല്ല, പക്ഷേ അതുണ്ട്, ഇല്ലെന്നു പറയാനും പറ്റില്ല. പോസിറ്റീവും നെഗറ്റീവുമായ വശങ്ങള്‍ അതിലുണ്ട്. സ്വത്വരാഷ്ട്രീയത്തില്‍ ആ ഒരു വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. ഈ വൈരുദ്ധ്യങ്ങളെ മറികടക്കാന്‍ ഉള്ള രാഷ്ട്രീയ വിശകലനങ്ങളും കൂട്ടായ്മകളും ആവശ്യമാണ്.

 

ചോദ്യം: ഇടതുപക്ഷത്തിനോടുള്ള സമീപനത്തില്‍ ദളിത് രാഷ്ട്രീയത്തിന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെല്ലോ. ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നതിനെ ഇടതുപക്ഷം എല്ലാക്കാലത്തും തഴയുന്നുണ്ടെന്നും അതുകൊണ്ടു തന്നെ അവരെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്നും ഒരുവിഭാഗം അംബേദ്ക്കറൈറ്റുകള്‍ തന്നെ പറയുന്നുണ്ട്. എന്താണ് തോന്നുന്നത്?

 

മേവാനി: ഇടതുപക്ഷത്തെ തീര്‍ച്ചയായും ഒരു സഖ്യകക്ഷിയായാണ് ഞാന്‍ കാണുന്നത്. അത് ഇടതുപക്ഷം ദളിതര്‍ക്കൊപ്പം ചേരുന്നുവെന്നോ ദളിതര്‍ ഇടതുപക്ഷത്തിനൊപ്പം ചേരുന്നുവെന്നോ അല്ല. അത് ദളിതര്‍ ഇടതു സ്വഭാവത്തിലേക്ക് മാറുന്നു എന്നതാണ്. ഒരു വര്‍ഗരഹിത സമൂഹം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ഇപ്പോള്‍ നിലനില്‍ക്കുന്ന അസമത്വം കുറവുള്ള ഒരു സമൂഹം സൃഷ്ടിക്കാനെങ്കിലും കഴിയും. ഭൗതിക വിഷയങ്ങളാണ് ദളിത് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു. ‘പശുക്കളെ നിങ്ങള്‍ എടുത്തുകൊള്ളൂ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തിരിക’ എന്ന മുദ്രാവാക്യത്തിലൂടെ സംഘപരിവാറിന്റെ വര്‍ഗീയവും ഭിന്നിപ്പിക്കുന്നതുമായ അജണ്ടയെ പൊളിക്കാനാണ ഞങ്ങള്‍ ശ്രമിക്കുന്നത്. അതേ സമയം തന്നെ, ഭൗതികമായ ഒരു വിഷയം ദളിത് മൂവ്‌മെന്റിനൊപ്പം ഉയര്‍ത്തുന്നത് – നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ ഒരു ഇടത് വീക്ഷണകോണില്‍ നിന്നും കാണാം.

 

ചരിത്രപരമായി ഇന്ത്യയിലെ ഇടതുപക്ഷത്തിന് വലിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അംബേദ്ക്കറെറ്റ് രാഷ്ട്രീയത്തിനും വലിയ തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അക്കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടും. അതിനര്‍ഥം ഞങ്ങളുടെ മുന്നേറ്റത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും അവരെ തടയും എന്നല്ല. ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇത്തരമൊരു തുറന്ന സമീപനം ആവശ്യമാണ്. കൂടുതല്‍ ഗൗരവതരമായും കൂടുതല്‍ സ്ഥിരതയോടെയും ഇടതുപക്ഷം ദളിത് വിഷയങ്ങള്‍ ഉയര്‍ത്തുകയാണെങ്കില്‍ കൂടുതല്‍ ദളിതര്‍ ഇടതിനെ വിശ്വസിക്കാന്‍ തുടങ്ങും. ഇത് സമയമെടുത്ത് സംഭവിക്കുന്ന ഒന്നാണ്.

 

 

ചോദ്യം: ഇത് തിയറിയായി പറയുമ്പോള്‍ എളുപ്പമാണ്. എന്നാല്‍ നടപ്പാക്കുക ബുദ്ധിമുട്ടും. പ്രത്യേകിച്ച് നേതൃത്വത്തിന്റെ കാര്യം വരുമ്പോള്‍. തങ്ങള്‍ക്ക് നിയന്ത്രണമില്ലെങ്കില്‍ ഇടതുപക്ഷം അത്ര കംഫര്‍ട്ടബിള്‍ അല്ല എന്നതാണ് ചരിത്രം.

 

മേവാനി: ഈ കാര്യത്തില്‍ ഉന ദളിത് അത്യാചാര്‍ ലഡത് കമ്മിറ്റിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. അവിടെ ഞങ്ങള്‍ ദളിതര്‍ തന്നെയാണ് അത് നിയന്ത്രിക്കുന്നത്. ഇടതുപക്ഷം ഞങ്ങള്‍ക്കൊപ്പം ചേരുകയും പിന്തുണയ്ക്കുകയുമായിരുന്നു. അത് നിങ്ങള്‍ക്ക് ദളിത് മൂവ്‌മെന്റിന്റെ രാഷ്ട്രീയത്തില്‍ വ്യക്തതയുണ്ടായിരിക്കുകയും എങ്ങനെ അതിനെ രൂപപ്പെടുത്തണമെന്ന് ധാരണയുണ്ടാവുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം ചേരും, അന്തസിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടം ആത്മാര്‍ഥമാകണമെന്നു മാത്രം.

 

ചോദ്യം: ദളിത്-മുസ്ലീം ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങള്‍ നിരന്തരമായി സംസാരിക്കുന്നു. അതൊരിക്കലും എളുപ്പമായിരുന്നിട്ടില്ല.

 

മേവാനി: രാഷ്ട്രീയപരമായി അത് ബുദ്ധിമുള്ള കാര്യമാണെന്ന് അംഗീകരിക്കുന്നു. പക്ഷേ അതൊരു ആശയമായെങ്കിലും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയുമെങ്കില്‍ ചിലത് അതില്‍ നിന്ന് പുറത്തുവരിക തന്നെ ചെയ്യും. 2002 കലാപത്തില്‍ ദളിതരും പങ്കെടുത്തിട്ടുണ്ട്- ചെറിയ തോതിലാണെങ്കില്‍ പോലും. അതുകൊണ്ട് തന്നെ ഒരു ദളിത് എന്ന നിലയില്‍ ഞാന്‍ അപമാനഭാരത്താല്‍ തല കുനിക്കുന്നു. ദളിതരെ കാവിയുടുപ്പിക്കുന്നതിനെതിരെയും പൊരുതേണ്ടതുണ്ട്. ദളിത് – മുസ്ലീം ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ പദ്ധതിയിലൂടെയേ അതിനെ മറികടക്കാനും അത് ദളിത് – മുസ്ലീങ്ങളുടെ താത്പര്യത്തിന് അനുകൂലമായും വരൂ. എനിക്ക് രണ്ട് സഹോദരിമാരുണ്ടായിരുന്നെങ്കില്‍ ഒരാള്‍ വാല്‍മീകി സമുദായത്തില്‍പ്പെട്ടയാളേയും ഒരാള്‍ ഒരു മുസ്ലീമിനെയും വിവാഹം കഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പബ്ലിക് ആയി ഞാന്‍ പറഞ്ഞിട്ടുണ്ട്. മിശ്രജാതി, മിശ്ര മത വിവാഹങ്ങള്‍ ദളിതര്‍ക്കിടയില്‍ സാധാരണമാകേണ്ടതുണ്ട്. ഇപ്പോള്‍ അതൊരു ഭാവനയായി തോന്നാം, എന്നാല്‍ അതൊരു യാഥാര്‍ഥ്യമാവുക തന്നെ ചെയ്യും.

 

ചോദ്യം: ഒരു ദളിത് സംഘപരിവാറില്‍ ചേരുന്നതിനെ എങ്ങനെ വിശദീകരിക്കും?

 

മേവാനി: വിവരക്കേടിനെ എങ്ങനെയാണ് വിശദീകരിക്കേണ്ടത് എന്നെനിക്ക് അറിയില്ല.

 

ചോദ്യം: ഭാവിപരിപാടികള്‍ എന്തൊക്കെയാണ്?

 

മേവാനി: ഗുജറാത്തിലും ഗുജറാത്തിനു പുറത്തും ഒരു ആര്‍എസ്എസ് വിരുദ്ധ രാഷ്ട്രീയം ഉണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. എന്തു സംഭവിക്കുമെന്ന് നോക്കാം. ഈ 27-ന് ഒ.ബി.സി, ആദിവാസികള്‍, മുസ്ലീങ്ങള്‍, കര്‍ഷകര്‍, ട്രേഡ് യുണിയന്‍ എന്നിവരുടെ ദളിതര്‍ക്കൊപ്പം ഒരു വന്‍ ഒത്തുചേരല്‍ നടത്തുന്നുണ്ട്. അത് സംഘപരിവാറിനും ബി.ജെ.പിക്കുമെതിരെ ഒരു വിശാല സഖ്യം രൂപീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഗുജറാത്ത് മോഡലിന്റെ സാംസ്‌കാരികവും ഭൗതികവുമായ പൊള്ളത്തരങ്ങളെ ഞങ്ങള്‍ പൊളിച്ചുകാട്ടും. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചേക്കര്‍ ഭൂമി എന്ന ആവശ്യത്തിന് വേണ്ടി നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറില്‍ ഒക്‌ടോബര്‍ ഒന്നിന് ട്രെയില്‍ തടയല്‍ സമരവും തീരുമാനിച്ചിട്ടുണ്ട്.  

 

(ചിത്രങ്ങള്‍: കെ.എം വാസുദേവന്‍, ദേശാഭിമാനി )

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍