UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ സംഘപരിവാറിനെ പിടിച്ചുകുലുക്കുകയാണ് ഈ യുവാവ്

Avatar

അഴിമുഖം പ്രതിനിധി

രാം പാര്‍മര്‍ക്ക് വേദിയിലെ ചെറുപ്പക്കാരന്‍ ആരെന്ന് അറിയാമായിരുന്നില്ല. എങ്കിലും പ്രാസംഗികന്റെ പരുക്കന്‍ ശബ്ദം ഈ കൂലിപ്പണിക്കാരന് ഇഷ്ടമായി. അതിലുപരി പ്രസംഗവിഷയം അയാള്‍ക്ക് പരിചിതവുമായിരുന്നു. ദളിതര്‍ക്കു നേരെയുള്ള അക്രമങ്ങള്‍. കഴിഞ്ഞ വെള്ളിയാഴ്ച മധ്യഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ആ പ്രസംഗത്തില്‍ തന്റെ സമുദായത്തിനുനേരെയുള്ള തുടര്‍ച്ചയായ അക്രമത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെട്ടപ്പോഴൊക്കെ രാം പാര്‍മര്‍ അതിനനുകൂലമായി ശബ്ദമുയര്‍ത്തി. ധോല്‍ക്കയിലെ ആ കല്യാണ മണ്ഡപത്തില്‍ നിന്ന് ജനക്കൂട്ടം പ്രാസംഗികനെ യാത്രയാക്കുമ്പോഴേക്ക് പാര്‍മര്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറിയിരുന്നു.

സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി ഹാര്‍ദിക് പട്ടേലിനെപ്പോലെ ഒറ്റദിവസം കൊണ്ട് ഉദിച്ചുയര്‍ന്ന അത്ഭുതമല്ല. അയാളുടെ പേരില്‍ വിക്കിപീഡിയ ലേഖനങ്ങളുമില്ല. എന്നാല്‍ ജൂലൈ 31ന് അഹമ്മദാബാദില്‍ 20,000 ദളിതര്‍ ചത്ത പശുവിന്റെ തോലുരിക്കലും ഓടകള്‍ വൃത്തിയാക്കലും ചെയ്യില്ലെന്നു പ്രതിജ്ഞയെടുത്ത റാലി സംഘടിപ്പിച്ചത് മേവാനിയാണ്. ‘അഛേ ദിന്‍’ എന്ന സ്വപ്‌നം യുവാക്കള്‍ക്കു വിറ്റ് ഗുജറാത്തില്‍നിന്നു ഡല്‍ഹിയിലേക്കു ചേക്കേറിയ നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് ഇപ്പോള്‍ ഏറ്റവുമധികം തലവേദനയുണ്ടാക്കുന്നത് യുവാക്കള്‍ തന്നെയാണ്.

31ലെ റാലിക്കുശേഷം വീട്ടിലേക്കു മടങ്ങിയ അദ്ദേഹത്തെ കാത്തിരുന്നത് സന്തോഷകരമായൊരു കാഴ്ചയാണ്. ദളിത് മധ്യവര്‍ഗക്കാര്‍ക്കു മേല്‍ക്കോയ്മയുള്ള അഹമ്മദാബാദിലെ ചാള്‍ നഗറില്‍ അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ ചെറിയൊരു വേദിയൊരുക്കി, പൂമാലകളുമായി കാത്തുനിന്നു. അവരുടെ നായകനെ ആദരിക്കാന്‍. തലേന്നും അന്നും അവര്‍ അദ്ദേഹത്തെ ടിവിയില്‍ കാണുകയും വര്‍ത്തമാനപ്പപത്രങ്ങളില്‍ വായിക്കുകയും ചെയ്തിരുന്നു. കൂട്ടത്തിലുള്ള ഒരാള്‍ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്നതു കണ്ട് അവര്‍ അതിശയിച്ചു. 31ന് രാവിലെ വരെ വളരെക്കുറച്ചുപേര്‍ മാത്രമാണ് മേവാനിയെപ്പറ്റി കേട്ടിരുന്നത്. അവരാകട്ടെ അന്തരിച്ച അഭിഭാഷക, ആക്ടിവിസ്റ്റ് മുകുല്‍ സിന്‍ഹയുടെ ജന്‍ സംഘര്‍ഷ് മഞ്ചിലെ പല പ്രവര്‍ത്തകരിലൊരാളായാണ് മേവാനിയെപ്പറ്റി അറിഞ്ഞിരുന്നത്.  2002ലെ കലാപബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നയാളാണ് സിന്‍ഹ. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയിലെമ്പാടും നിന്ന് മേവാനിക്ക് ഫോണ്‍വിളികളെത്തിത്തുടങ്ങി.

ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനത്ത് ഈ കണ്ണടക്കാരന് ആരാധകരുടെയും അനുയായികളുടെയും  പ്രവാഹമാണ്. ‘ ദളിത് സംഘടനകളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും മാത്രമല്ല ബുദ്ധിജീവികളില്‍നിന്നും ചലച്ചിത്രനിര്‍മാതാക്കളില്‍നിന്നും വരെ അന്വേഷണങ്ങള്‍ വരുന്നു,’ റാലിക്കു നാലുദിവസം മുന്‍പുമാത്രം ഉന ദളിത് അത്യാചാര്‍ ലഡാത് സമിതി രൂപീകരിച്ച മേവാനി പറയുന്നു. ഗോ രക്ഷകരുടെ അക്രമങ്ങള്‍ക്കെതിരെ ഉനയില്‍നിന്ന് അഹമ്മദാബാദ് വരെയുള്ള 355 കിലോമീറ്റര്‍ താണ്ടുന്ന’ ദളിത് അസ്മിത യാത്ര’ യിലാണ് ഇപ്പോള്‍ മേവാനി. സ്വാതന്ത്ര്യദിനത്തില്‍ അഹമ്മദാബാദില്‍ ദേശീയ പതാക ഉയര്‍ത്താനാണ് പരിപാടി. ഓരോ ദളിത് കുടുംബത്തിനും കുറഞ്ഞത് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് യാത്രയുടെ ഉദ്ദേശ്യം.

1980 ഡിസംബറില്‍ മെഹ്‌സാന ജില്ലയില്‍ ജനിച്ച മേവാനി അഹമ്മദാബാദില്‍ ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഘാനിനഗറിലാണു താമസം. മെഹ്‌സാനയില്‍ തുകല്‍ വ്യാപാരരംഗത്തായിരുന്നു മേവാനിയുടെ മുത്തച്ഛനു ജോലി. പിന്നീട് മേവാനിയുടെ മാതാപിതാക്കള്‍ അഹമ്മദാബാദിലേക്കു താമസം മാറ്റി. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലെ ക്ലര്‍ക്കായിരുന്നു പിതാവ് നാഥുഭായ് മേവാനി. എച്ച് കെ ആര്‍ട്‌സ് കോളജില്‍ ഇംഗ്ലിഷ് സാഹിത്യവും ഭവന്‍സ് കോളജില്‍ പത്രപ്രവര്‍ത്തനവും പഠിച്ച മേവാനി മുംബൈയില്‍ ഒരു ഗുജറാത്തി മാസികയിലും പത്രത്തിലും നാലുവര്‍ഷത്തോളം ജോലി ചെയ്തു. വിദ്യാഭ്യാസ വിദഗ്ധനും കോളമിസ്റ്റും ആക്ടിവിസ്റ്റുമായ പ്രഫ. സഞ്ജയ് ഭാവെ, കവിയും അഭിനേതാവുമായ പ്രഫ. സൗമ്യ ജോഷി എന്നിവര്‍ പഠനകാലത്ത് മേവാനിയെ സ്വാധീനിച്ചു.

‘പ്രഫ. ഭാവെ, പ്രഫ. ജോഷി എന്നിവര്‍ വഴിയാണ് നിരീക്ഷക്, ഭൂമിപുത്ര, നയാ മാര്‍ഗ് തുടങ്ങിയ ഗുജറാത്തി ന്യൂസ് ലെറ്ററുകള്‍ ഞാന്‍ പരിചയപ്പെട്ടത്. പൗരാവകാശ പ്രവര്‍ത്തകരായ ഗിരീഷ് പട്ടേല്‍, അന്തരിച്ച ചുനിഭായ് വൈദ്യ, ഇള ബെന്‍ പാഠക് എന്നിവരും എന്നെ സ്വാധീനിച്ചു. എന്നാല്‍ പത്രപ്രവര്‍ത്തനകാലത്ത് ആദര്‍ശവാദവും യാഥാര്‍ത്ഥ്യവും രണ്ടാണെന്ന് എനിക്കു മനസിലായി. 2008ല്‍ കര്‍ഷക ആത്മഹത്യയെപ്പറ്റിയുള്ള രാകേഷ് ശര്‍മയുടെ ഗുജറാത്തി വാര്‍ത്താചിത്രം ഖേദു മോറ രെ കണ്ടശേഷം പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് ഞാന്‍ ഗുജറാത്തിലേക്കു മടങ്ങി,’ മേവാനി പറയുന്നു.

അങ്ങനെയാണ് മേവാനി സാമൂഹികപ്രവര്‍ത്തകന്റെ ജീവിതം തുടങ്ങുന്നത്. ആക്ടിവിസ്റ്റായ ഭരത് സിങ് സാലയ്‌ക്കൊപ്പം മേവാനി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജന്‍ സംഘര്‍ഷ് മഞ്ചില്‍ ചേര്‍ന്നു. പരേതനായ മുകുല്‍ സിന്‍ഹയില്‍നിന്നാണ് ഇടതുപക്ഷ ആശയങ്ങള്‍ മേവാനി സ്വാംശീകരിക്കുന്നത്.  സിന്‍ഹയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നിയമപഠനം തുടങ്ങി. 2013ല്‍ നിയമബിരുദം നേടി.

അഹമ്മദാബാദിലെ ഡി ടി ലോ കോളജില്‍ പഠിക്കുമ്പോള്‍ത്തന്നെ ദളിതരുടെ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ഇടപെട്ടുതുടങ്ങി. ഗുജറാത്ത് ഹൈക്കോടതിയിലാണ് ഇപ്പോള്‍ പ്രാക്ടീസ്. ഗുജറാത്ത് അഗ്രിക്കള്‍ച്ചര്‍ ലാന്‍ഡ് സീലിങ് ആക്ട് അനുസരിച്ച് സര്‍ക്കാരിന്റെ മിച്ചഭൂമി ഭൂമിയില്ലാത്ത ദളിതര്‍ക്കു നല്‍കുന്നതു സംബന്ധിച്ചതാണ് ഒരു കേസ്. ‘ഇന്ന് ദളിതര്‍ക്കെതിരെയുള്ള അക്രമം മാത്രമാണ് ദളിത് പ്രശ്‌നമായി കണക്കാക്കുന്നത്. സാമ്പത്തികപ്രശ്‌നങ്ങള്‍ക്കുവേണ്ടിയും പ്രതിഷേധങ്ങളുണ്ടാകണമെന്നു ഞാന്‍ വിശ്വസിക്കുന്നു. ദളിതരെന്നാല്‍ എല്ലാ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളും ഉള്‍പ്പെടുന്നതാകണം. അവരെയെല്ലാം ഒരുമിച്ചുകൊണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ ദളിതരുടെ പ്രതിഷേധത്തെ ‘സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനം’ എന്നു വിശേഷിപ്പിക്കുന്ന മേവാനിയുടെ അഭിപ്രായത്തില്‍ ‘വ്യവസായത്തൊഴിലാളികളും ഭൂ ഉടമകളുമാകാന്‍ അവര്‍ക്കാകുമെന്ന് ദളിതര്‍ മനസിലാക്കണം. മറ്റുള്ളവര്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ അവര്‍ക്കും ചെയ്യാനാകുമെന്നും.’

ഉനയ്ക്കുശേഷമുണ്ടായ പ്രതിഷേധങ്ങളുടെ മുഖം എന്ന് മേവാനിയെ വിശേഷിപ്പിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിനിഷ്ടമല്ല. ‘ഞാന്‍ മാത്രമല്ല. അദൃശ്യരായ, പുകഴ്ത്തപ്പെടാത്ത അനേകം ആക്ടിവിസ്റ്റുകള്‍ വര്‍ഷങ്ങളായി അസ്പൃശ്യത, ദളിതരുടെ ക്ഷേത്രപ്രവേശനത്തിനുള്ള വിലക്ക്, അവര്‍ക്കെതിരെയുള്ള അക്രമം എന്നിവയ്‌ക്കെതിരെ സമരം ചെയ്യുന്നു. 31ന്റെ സമരം വിജയിപ്പിക്കാന്‍ നിരവധി പേര്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.’ എന്നാല്‍ ഉന സംഭവത്തിലെ ഇരകള്‍ അവരെ അഹമ്മദാബാദ് സിവില്‍ ആശുപത്രി ചികില്‍സ പൂര്‍ത്തിയാക്കാതെ ഡിസ്ചാര്‍ജ് ചെയ്യുന്നുവെന്നു മേവാനിയോട് പരാതിപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രാധാന്യം വ്യക്തമാകുന്നു.

താഴ്ന്നജോലികള്‍ ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്ത ഇരുപതിനായിരം പേരില്‍ 25 ശതമാനമേ അതു പാലിക്കാനിടയുള്ളൂ എന്നു മേവാനിക്കറിയാം. എന്നാല്‍ വരും മാസങ്ങളില്‍ ആയിരങ്ങള്‍ ഇവരോടു ചേരുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. ദളിതരെ മാറ്റിനിര്‍ത്തുന്ന സാമൂഹിക, രാഷ്ട്രീയ ശക്തികള്‍ക്കെതിരെ മാത്രമുള്ള പോരാട്ടമല്ല ഇത്. സമൂഹത്തിന്റെ അഴുക്കുനീക്കം ചെയ്യേണ്ടവരല്ല അവരെന്ന ബോധം ദളിതരില്‍ ഉണ്ടാക്കാനുള്ള സമരം കൂടിയാണ്. ഇതില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടേണ്ടതായും വരും.

ദളിതരുടെ പ്രശ്‌നങ്ങള്‍ക്ക് ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ കുറ്റപ്പെടുത്തുന്ന മേവാനി ബിജെപിയുടെ ഹിന്ദുത്വ അജണ്ട ഒരിക്കലും ജാതിവ്യവസ്ഥ ഇല്ലാതാക്കില്ലെന്നു ചൂണ്ടിക്കാട്ടുന്നു. ‘ഹിന്ദുത്വ മുഴുവനായും ദളിതര്‍ക്ക് എതിരെയാണ്’. മോദി തോട്ടിപ്പണി നിര്‍ത്താന്‍ ദളിതരോട് ആഹ്വാനം ചെയ്യുകയും അവര്‍ക്ക് വ്യാപാരസംരംഭങ്ങള്‍ തുടങ്ങാന്‍ 100 ലക്ഷം വരെ വായ്പ വാഗ്ദാനം ചെയ്യുകയും ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഇത് പുരോഗതിയാണെങ്കില്‍ എന്തുകൊണ്ടാണ് രാജ്യത്തുടനീളം ദളിതര്‍ ആക്രമിക്കപ്പെടുന്നത്?’ എന്നായിരുന്നു മേവാനിയുടെ ചോദ്യം.

ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ വക്താവുകൂടിയായ മേവാനി തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. ‘ഇരുനൂറു ശതമാനവും എനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായുള്ള ബന്ധം സാമൂഹിക പ്രവര്‍ത്തനത്തിന്റെ വിപുലീകരണമാണ്.’ ഗുജറാത്തില്‍ ദളിതര്‍ക്ക് നേതാക്കളില്ല എന്ന കുറവുനികത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും മേവാനി പറയുന്നു. കൗശിക് പാര്‍മര്‍, സുബോധ് പാര്‍മര്‍, സുരേഷ് ആഗ്ജ, മഹേഷ് പാര്‍മര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് തന്നെ സഹായിക്കുന്നതെന്നും മേവാനി അറിയിച്ചു. ‘1970ല്‍ ദളിത് പാന്തര്‍ എന്ന പേരില്‍ ഗുജറാത്തില്‍ വിപ്ലവസംഘം രംഗത്തുവന്നു. എന്നാല്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടതു ചെയ്യാന്‍ അതിനായില്ല. മുതിര്‍ന്ന ദളിത് നേതാക്കള്‍ യുവനേതാക്കളെ സൃഷ്ടിക്കുന്നതിലും അവരെ ഉത്തരവാദിത്തം ഏല്‍പിക്കുന്നതിലും വിമുഖത കാണിച്ചത് സാമ്പത്തിക പ്രശ്‌നങ്ങളിലെ സമരം ഫലവത്തല്ലാതാക്കി.’

ഗുജറാത്ത് കവി മരീസിന്റെ 101ാം ജന്മദിനമായ ഫെബ്രുവരിയില്‍ അദ്ദേഹത്തെപ്പറ്റിയുള്ള ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാനും മേവാനിക്കു പരിപാടിയുണ്ട്. അബ്ബാസ്  അബ്ദുല്‍ വാസി (1917 – 1983) എന്ന മരീസ് ഗസലുകളിലൂടെയാണ് പ്രസിദ്ധനായത്. ഗുജറാത്തിലെ ഗാലിബ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍