UPDATES

വിദേശം

ആരാണ് ജിഹാദി ജോണ്‍?

Avatar

സൌദ് മെക്ഹെനെറ്റ്, ആഡം ഗോള്‍ഡ്മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക് സ്‌റ്റേറ്റ് തടവില്‍ പാര്‍പ്പിച്ചിരുന്ന നിരവധി പേരുടെ തലവെട്ടുകയും ഓണ്‍ലൈന്‍ വഴി വ്യാപകമായി പ്രചരിക്കുന്ന വിഡീയോകളില്‍ കാണികളെ അധിഷേപിക്കുകയും ചെയ്യുന്ന ബ്രിട്ടീഷ് ഉച്ചാരണമുള്ള, മുഖംമൂടി അണിഞ്ഞ ഈ മനുഷ്യനെ ‘ജിഹാദി ജോണ്‍’ എന്നാണ് ലോകം അറിയുന്നത്.

പക്ഷെ അദ്ദേഹത്തിന്റെ കൂട്ടുകാരെയും അദ്ദേഹത്തിന്റെ രീതികള്‍ അറിയുന്നവരെയും സംബന്ധിച്ചിടത്തോളം അത് മുഹമ്മദ് എംവാസിയാണ്. ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിക്കുകയും പടിഞ്ഞാറന്‍ ലണ്ടനില്‍ വളരുകയും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ കോളേജില്‍ നിന്നും ബിരുദം നേടുകയും ചെയ്ത മുഹമ്മദ് എംവാസി. 2012-ഓടെ സിറിയയിലേക്ക് പോയി എന്ന വിശ്വസിക്കപ്പെടുന്ന എംവാസി, പിന്നീട് അയാള്‍ തന്നെ പ്രതിരൂപമായി മാറി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നു.

‘മുഹമ്മദാണ് ജിഹാദി ജോണ്‍ എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല,’ എന്ന് അദ്ദേഹത്തെ തിരിച്ചറിഞ്ഞ അടുത്ത കൂട്ടുകാരില്‍ ഒരാള്‍ വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘അവന്‍ എനിക്കൊരു സഹോദരനെ പോലെയായിരുന്നു….അതവനാണെന്ന് എനിക്കുറപ്പുണ്ട്.’

ജിഹാജി ജോണ്‍, എംവാസി തന്നെയാണെന്ന് താനും വിശ്വസിക്കുന്നതായി, എംവാസി സിറിയയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന ഒരു ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയും അംഗവും വെളിപ്പെടുത്തി. എംവാസി ഒരിക്കല്‍ തടവിലാക്കിയ ആള്‍ ഇട്ട ഇരട്ടപ്പേരാണ് ജിഹാദി ജോണ്‍.

‘ശക്തമായ സാദൃശ്യം നിലനില്‍ക്കുന്നുണ്ട്,’ ‘ജിഹാദി ജോണ്‍’ എംവാസി ആണോ എ്ന്നുറപ്പിക്കുന്നതിന് വേണ്ടി ഒരു വിഡിയോ കാണിച്ചപ്പോള്‍ മനുഷ്യാവകാശ സംഘടനയായ സിഎജിഇയുടെ ഗവേഷണ തലവനായ അസീം ഖുറേഷി പറഞ്ഞു.

‘ഈ സാദൃശ്യത്തില്‍ നിന്നും രണ്ടും ഒരാളാണെന്ന് ന്യായമായും ഉറപ്പിക്കാമെന്നാണ് എനിക്ക് തോന്നുന്നത്,’ ഖുറേഷി കൂട്ടിച്ചേര്‍ത്തു.

ജിഹാദി ജോണിനെ തിരിച്ചറിയുന്നതിനായി, മുന്‍ തടവുകാരുമായുള്ള അഭിമുഖങ്ങളും ശബ്ദപരിശോധനയും ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ മാര്‍ഗ്ഗങ്ങള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് ഫോളിയെ കൊല്ലുന്ന വീഡിയോയില്‍ ഈ ബ്രിട്ടന്‍കാരന്‍ പ്രത്യക്ഷപ്പെട്ട് ഒരു മാസം കഴിഞ്ഞാണ്, തങ്ങള്‍ വിജയിച്ചതായി ഉദ്യോഗസ്ഥര്‍ കരുതുന്നുവെന്ന് കഴിഞ്ഞ സെപ്തംബറില്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി കോമി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നിരുന്നാലും ജിഹാദി ജോണിന്റെ വ്യക്തിത്വം ഇപ്പോഴും രഹസ്യത്തിന്റെ മൂടുപടത്തില്‍ ഒളിപ്പിച്ചിരിക്കുകയാണ്. ഫോളിയുടെ കൊലപാതകത്തിന് ശേഷം, നാല് പാശ്ചാത്യര്‍ ഉള്‍പ്പെടെ നിരവധി പേരെ ക്രൂരമായി കൊലപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന നിരവധി വീഡിയോകളില്‍ ജിഹാദി ജോണ്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരില്‍ ചിലരുടെ തല അയാള്‍ നേരിട്ട് അറക്കുകയും ചെയ്യുന്നുണ്ട്.

ഈ വീഡിയോകളിലെല്ലാം അയാള്‍ കണ്ണുകളും മൂക്കിന്റെ പാലവും ഒഴികെയുള്ള മുഴുവന്‍ ശരീരഭാഗങ്ങളും മറയ്ക്കുന്ന കറുത്ത കുപ്പായത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇടതുകൈയുടെ അടിയില്‍ ഇയാള്‍ ഒരു കൈത്തോക്കുറയും ധരിച്ചിട്ടുണ്ട്.

വാഷിംഗ്ടണിലെ ബ്രിട്ടീഷ് എംബസിയുടെ വക്താവ് ഇങ്ങനെ പറയുന്നു: ‘ഐഎസ്‌ഐഎല്ലിന്റെ പേരില്‍ കൊലപാതകം നടത്തിയ എല്ലാവരും അവര്‍ ചെയ്ത ക്രൂരതയുടെ പേരില്‍ നിയമത്തെ നേരിടണമെന്ന് ഞങ്ങളുടെ പ്രധാനമന്ത്രി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്‌ഐഎല്‍ തടവുകാരെ കൊന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സിറിയയില്‍ ഒരു പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ആ അന്വേഷണം തുടരുന്നിടത്തോളം ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തുന്നത് ഉചിതമല്ലെന്ന് സര്‍ക്കാര്‍ കരുതുന്നു.’ ഇസ്ലാമിക് സ്റ്റേറ്റിന്റെ മറ്റൊരു പേരാണ് ഐഎസ്‌ഐഎല്‍.

ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് അധികൃതര്‍ തയ്യാറായിട്ടില്ല. നിയമോപദേശം ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു അഭിമുഖത്തിന് തയ്യാറല്ലെന്ന് എംവാസിയുടെ കുടുംബവും അറിയിച്ചു.

കുവൈറ്റില്‍ പിറന്ന, 20കള്‍ പ്രായമുള്ള എംവാസി സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ തെളിവുകളൊന്നും അവശേഷിപ്പിച്ചിട്ടില്ല. വളരെ മര്യാദക്കാരനും ആധുനിക വേഷങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുമായ എംവാസി, തന്റെ ഇസ്ലാമിക വിശ്വസങ്ങളോടുള്ള പ്രേമം നെഞ്ചോട് ചേര്‍ത്തിരുന്നതായി അദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നു. താടിയുള്ള എംവാസി, സ്ത്രീകളോട് ഇടപഴകുന്നതില്‍ ശ്രദ്ധാലുവായിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

ലണ്ടനിലെ മധ്യവര്‍ഗ ശ്രേണിയില്‍ പിറന്ന എംവാസി ഇടയ്ക്കിടെ ഗ്രീന്‍വിച്ചിലെ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്താറുണ്ടായിരുന്നു.

ബിരുദം നേടിയതിന് ശേഷം ടാന്‍സാനിയയില്‍ നടത്തിയ ഒരു ആസൂത്രിത നായായട്ടിന്റെ സമയത്താണ് ഇയാള്‍ തന്റെ ചിന്തയ്ക്ക് തീപിടിപ്പിച്ചതെന്നാണ് കൂട്ടുകാര്‍ കരുതുന്നത്. അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇവരാരും പേര് വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല.

എന്നാല്‍ ഈ യാത്രയില്‍ ലക്ഷ്യത്തിലെത്താന്‍ എംവാസിക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും കഴിഞ്ഞില്ല. ഒമാര്‍ എന്ന പേരില്‍ മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ഒരു ജര്‍മ്മന്‍കാരനും അബു താലിബ് എന്ന് പേരുള്ള മറ്റൊരാളുമായിരുന്നു അന്ന് എംവാസിയോടൊപ്പമുണ്ടായിരുന്നത്. 2009 മേയില്‍ അവര്‍ ദാര്‍-എസ് സലാമില്‍ ഇറങ്ങിയപ്പോള്‍ തന്നെ പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും ഒരു ദിവസം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തതിന്റെ കാരണം മൂന്നു പേരോടും വിശദീകരിച്ചിരുന്നോ എന്ന് വ്യക്തമല്ലെങ്കിലും മൂന്നു പേരെയും ടാന്‍സാനിയയില്‍ നിന്നും തിരികെ വിട്ടിരുന്നു.

ആംസ്റ്റര്‍ഡാമിലേക്ക് പറന്ന എംവാസിയെ അവിടെ വെച്ച് ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷ ഏജന്‍സിയായ MI5 ന്റെ ഒരു ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതായും അയാള്‍ സോമാലിയയിലേക്ക് കടക്കാന്‍ ശ്രമിച്ചതായി ആരോപിച്ചതായും ഖുറേഷിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ എംവാസി അവകാശപ്പെട്ടിരുന്നു. ഈ മെയിലുകള്‍ വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയിട്ടുണ്ട്. പ്രധാനം, അക്കാലത്ത് സൊമാലിയയുടെ തെക്കന്‍ ഭാഗങ്ങളില്‍ അല്‍-ഷബാബ് എന്ന തീവ്രവാദ സംഘടന ശക്തമായിരുന്നു എന്നതാണ്.

ഈ ആരോപണം നിഷേധിച്ച എംവാസി, MI5 ഉദ്യോഗസ്ഥന്‍ തന്നെ സംഘത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ആരോപിക്കുകയും ചെയ്തു. എന്നാല്‍, ജിഹാദി ജോണ്‍ സോമാലിയയുടെ കാര്യത്തില്‍ തല്‍പരനായിരുന്നു എന്ന്‍ മാത്രമല്ല തന്റെ അധീനതയില്‍ വരുന്ന തടവുപുള്ളികളെയെല്ലാം അല്‍-ക്വയ്ദയുടെ ഭാഗമായിരുന്ന അല്‍-ഷബാബിന്റെ വീഡിയോ കാണിക്കാറുണ്ടായിരുന്നുവെന്നും, ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ചില തടവുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എംവാസി മുഹമ്മദ് ബിന്‍ മൗസ്സാം ആണെന്ന് കരുതുന്ന ബ്രട്ടീഷ് ദിനപ്പത്രം ഇന്‍ഡിപ്പെന്‍ഡന്റ് ഈ കഥ വിശദമായി എഴുതിയിട്ടുണ്ട്.

എംവാസിയെയും മൂന്ന് സുഹൃത്തുക്കളെയും ബ്രിട്ടനിലേക്ക് മടങ്ങാന്‍ അനുവദിച്ചു. ആ ശീതകാലത്ത് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നതിനായി എംവാസി ആത്മസുഹൃത്തായ ഖുറേഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘തന്നോട് അധികൃതര്‍ പ്രതികരിച്ച രീതിയില്‍ മുഹമ്മദ് അസന്തുഷ്ടനായിരുന്നു. അവര്‍ അയാളോട് വളരെ മോശമായാണ് പെരുമാറിയത്,’ എന്ന് ഖുറേഷി വ്യക്തമാക്കുന്നു.

എംവാസി തന്റെ സുഹൃത്തായ ഖുറേഷിക്ക് എഴുതിയ ഇ-മെയില്‍ പ്രകാരം, ഈ സംഭവം നടന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ തന്റെ ജന്മനാടായ കുവൈറ്റിലേക്ക് മടങ്ങിപ്പോകാന്‍ എംവാസി തീരുമാനിച്ചു. അവിടെ, അയാള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ലഭിക്കുകയും ചെയ്തു. അതിനുശേഷം രണ്ട് തവണ അയാള്‍ ലണ്ടനിലേക്ക് മടങ്ങിയെത്തി. അതില്‍ ഒന്ന് കുവൈറ്റില്‍ നിന്നുള്ള ഒരു സ്ത്രീയുമായി തന്റെ വിവാഹം തീരുമാനിക്കാനായിരുന്നു.

എന്നാല്‍ 2010 ജൂണില്‍, ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ സേന അയാളെ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. എന്ന് മാത്രമല്ല അയാളുടെ വിരലടയാളം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സാധനങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പിറ്റേ ദിവസം അയാള്‍ കുവൈറ്റിലേക്ക് തിരികെ പോകാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അതിന് സമ്മതിച്ചില്ല.

‘ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം എന്നെ കാത്തിരിക്കുന്നു എന്ന് മാത്രമല്ല, എന്റെ വിവാഹജീവിതം അതിന്റെ ആരംഭഘട്ടത്തിലുമാണ്,’ അയാള്‍ 2010ല്‍ ഖുറേഷിക്ക് ഇ-മെയില്‍ അയച്ചു. പക്ഷെ ഇപ്പോള്‍, ‘ഞാനൊരു തടവുകാരനാണ്. കൂട്ടിലടച്ചിട്ടില്ല എന്ന് മാത്രം, അതും ലണ്ടനില്‍. സുരക്ഷാ ഉദ്യോഗസ്ഥന്മാരാല്‍ തടവിലാക്കപ്പെട്ട ഒരു മനുഷ്യന്‍. അവന്റെ ജന്മനാടായ കുവൈറ്റിലേക്ക് മടങ്ങിപ്പോയി പുതിയ ജീവിതം നയിക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടിരിക്കുന്നവന്‍.’

നാലു മാസങ്ങള്‍ക്ക് ശേഷം, അഫ്ഗാനിസ്ഥനിലെ ഒരു യുഎസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ആഫിയ സിദ്ദികി എന്ന യുവതിയെ യുഎസ് കോടതി ജീവപര്യന്തം ശിക്ഷിച്ചപ്പോള്‍, എംവാസി അവരോട് അനുതാപം പ്രകടിപ്പിച്ചുകൊണ്ട് ഇങ്ങനെ എഴുതി. ‘നമ്മുടെ പെങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കേട്ടു….നീതിയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തെ ഇത്തരം വാര്‍ത്തകള്‍ ശക്തിപ്പെടുത്തുകയേ ഉള്ളു!!!’

എംവാസി ഒരു ഉപദേശം ചോദിച്ച് അവസാനം അയച്ച ഇ-മെയില്‍ ജനുവരി 2012ല്‍ ആയിരുന്നുവെന്ന് ഖുറേഷി ഓര്‍ക്കുന്നു. അതിന് ശേഷം അയാളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഖുറേഷി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘തന്റെ ഏത് വ്യക്തിപരമായ സാഹചര്യങ്ങളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് പരിഹരിക്കാന്‍ ആ ചെറുപ്പക്കാരന്‍ തയ്യാറായിരുന്നു’. പക്ഷെ ‘അയാളെ കുറ്റവാളിയാക്കാനും അതില്‍ നിന്നും ഒരു വിധത്തിലും അയാളെ രക്ഷപ്പെടാന്‍ അനുവദിക്കാതിരിക്കാനുമായിരന്നു അധികൃതരുടെ നടപടികള്‍,’ എന്ന് ഖുറേഷി തിരിച്ചറിയുന്നു.

ലണ്ടനിലെ ജീവിതത്തില്‍ അയാള്‍ അനുഭവിച്ച അനിശ്ചിതത്വമാണ് നിരാശാജനകമായി ആ രാജ്യം വിടാന്‍ അയാളെ പ്രേരിപ്പിച്ചതെന്ന് എംവാസിയുമായി വളരെ അടുപ്പമുള്ള സുഹൃത്തുക്കള്‍ പറയുന്നു. അദ്ദേഹം സിറിയയില്‍ എത്തിയോ എന്നും എങ്കില്‍ എങ്ങനെ എത്തി എന്നും ഇപ്പോഴും വ്യക്തമല്ല.

സൗദി അറേബ്യയിലേക്ക് പോകാനും അവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കണമെന്ന ആഗ്രഹം നടപ്പാക്കാനും എംവാസി  ശ്രമിച്ചെങ്കിലും അത് നടന്നില്ല. അയാള്‍ അതില്‍ നിരാശനായിരുന്നു എന്നും പെട്ടെന്നു തന്നെ അപ്രത്യക്ഷനായെന്നും ഒരു സുഹൃത്ത് പറയുന്നു.

‘അയാള്‍ ഞെട്ടലില്‍ ആയിരുന്നു. അയാള്‍ പുതിയ ഒരു ജീവിതം തുടങ്ങണം എന്ന് ആഗ്രഹിച്ചിരുന്നു,’ എന്ന് ഒരു സുഹൃത്ത് പറഞ്ഞും. ‘മറ്റൊരു ജീവിതം കാണാനും തിരഞ്ഞെടുക്കാനും ആഗ്രഹിക്കുന്ന ഒരു തലത്തിലേക്ക് അയാള്‍ എത്തിയിരുന്നു. പക്ഷെ ആരും സമ്മതിച്ചില്ല,’ എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു ചങ്ങാതി വെളിപ്പെടുത്തി.

സിറിയയില്‍ തന്റെ കുടുംബത്തെയും കുറഞ്ഞ പക്ഷം ഒരു ചങ്ങാതിയെയും എംവാസി ബന്ധപ്പെട്ടതായി പറയപ്പെടുന്നു. പക്ഷെ സിറിയയിലെ തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞതായി സൂചനയില്ല.

2013 ല്‍ സിറിയയിലെ ഇല്‍ബിദില്‍ നിന്നും രക്ഷപ്പെട്ട ഒരു പൗരന്റെ അഭിപ്രായ പ്രകാരം, പാശ്ചാത്യ തടവു പുള്ളികളെ രക്ഷിക്കാനുള്ള ഒരു സംഘത്തിന്റെ ഭാഗമാണ് ജിഹാദി ജോണ്‍. ”ഒരു പെട്ടി’ എന്നാണത്രെ രക്ഷപ്പെടാന്‍ തയ്യാറായി നിന്ന ആജീവാനന്ദ ക്രിസ്ത്യാനികള്‍ തടവില്‍ കിടന്ന സ്ഥലത്തെ വിശേഷിപ്പിച്ചിരുന്നത്, ജോര്‍ജ്ജ് എന്ന് വിളിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് ഉച്ചാരണം ഉള്ള ഒരാള്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തിലാണ് എംവാസി ചേരുന്നത്. പാശ്ചാത്യരെ പീഢിപ്പിക്കുന്ന ചില പരിപാടികളിലും എംവാസി പങ്കെടുത്തതായി ചില തടവുകാര്‍ പറയുന്നു.

ഈ മൂന്നു പേരില്‍ ജോര്‍ജ്ജാണ് നായകന്‍ എന്നാണ് തടവില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നത്. ജിഹാദി ജോണ്‍ നല്ല ബുദ്ധിയുള്ളവനും ശാന്തനുമാണെന്ന് അവരൊക്കെ പറയുന്നു. ‘അയാളായിരുന്നു ഏറ്റവും ഉത്തരവാദിത്വം ഉള്ളയാള്‍,’ എന്ന് രക്ഷപ്പെട്ട ഒരാള്‍ പറയുന്നു.

2014 ന്റെ തുടക്കത്തില്‍ സിറിയന്‍ പട്ടണമായ റാഖ്വയിലേക്ക് ഈ തടവുപുള്ളികളെ മാറ്റാന്‍ തുടങ്ങി. അതായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് അംഗീകരിച്ച തലസ്ഥാനം. ഈ മൂന്നു പേരും ഇടയ്ക്കിടെ അവിടെ സന്ദര്‍ശിച്ചിരുന്നു. അവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റില്‍ നമുക്കറിയുന്നതിനേക്കാള്‍ വലിയ അധികാരങ്ങളുണ്ട്.

അതേ സമയം ഖുറേഷി എന്ന ചങ്ങാതി എംവാസിക്ക് ഇങ്ങനെ ഒരു ഇ-മെയില്‍ അയച്ച് കാത്തിരിക്കുന്നു, ‘ ഇന്‍സ അള്ളാ, നിന്റെ ഫോണ്‍ നമ്പര്‍ എനിക്ക് എപ്പോഴെങ്കിലും അയച്ച് തരുമോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു,’ പറ്റിയാല്‍, എനിക്ക് നിന്നെ കണ്ടെത്താനാവും.’

അതിന് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല………………

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍