UPDATES

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

എം ബി ബി എസ് പഠനത്തില്‍ സമൂലമാറ്റം വരണം; വരാതെവിടെപ്പോവാന്‍!

പൊടിമീശ തൂര്‍ന്നു വളരാന്‍ കരടി നെയ്യ് പുരട്ടി നടന്ന കാലം. പെണ്‍കുട്ടികള്‍ ഒരത്ഭുത, ആക്രാന്ത വസ്തുക്കള്‍. അന്നാണ് പി.സി.തോമസ് മാഷിന്റെ എന്‍ട്രന്‍സ് ക്ലാസില്‍ സ്വയം തടവറ തീര്‍ക്കുന്നത്.

‘എന്‍ട്രന്‍സ് പഠനം കഠിനം പൊന്നയ്യപ്പാ’ ഇതു മാത്രമേ എനിക്കതിനെപ്പറ്റി പറയാനുള്ളു. ജീവശാസ്ത്രം ഭയങ്കര ഇഷ്ടമാണ്. അച്ഛന്‍ ഡോക്ടറും. ഇവയാണ് എന്നെ അവിടെയെത്തിച്ചത്. കണക്ക് എന്ന സുണാപ്പി സുനാമിയേക്കാള്‍ ഭീകരന്‍. നാനൂറില്‍ നിന്ന് നാലു കിഴിക്കാന്‍ പറഞ്ഞാല്‍ നാല്‍പ്പതുവട്ടം ആലോചിക്കണം. കണക്കുകള്‍ നിറഞ്ഞ ഫിസിക്‌സും കെമിസ്ട്രിയുമൊക്കെയാണ് എന്‍ട്രന്‍സില്‍ പ്രധാനം.

പരമു എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന പ്രേംകുമാര്‍ ഒരു ജീനിയസ് ആണ്. കാല്‍ക്കുലസ് ട്രിഗണോമെട്രി എല്ലാം പച്ചവെള്ളം. ചീളു കണക്കുകളെല്ലാം പുട്ടുപോലെ നിമിഷങ്ങള്‍ക്കകം ചെയ്യും. തോമസ് മാഷിന്റെ അരുമശിഷ്യന്‍. ജീവശാസ്ത്രം ഇഷ്ടമല്ല. വലിയ വര്‍ത്തമാനങ്ങളൊന്നുമില്ല. ആള്‍ക്കാരുമായി ഇടപെടാനൊന്നും തീരെ ഇഷ്ടമില്ല. ലക്ഷ്യം എം.ബി.ബി.എസ്.

”അതിനു നല്ല വെയ്റ്റാ, ഡോക്ടര്‍ന്ന് പറഞ്ഞാ, നല്ല വെയ്റ്റല്ലേഷ്ടാ? പപ്പക്കും അമ്മക്കും ബയങ്കര ഇന്ററസ്റ്റാ.” അതാണ് കാരണം.

പുഷ്പം പോലെ എന്‍ട്രന്‍സിനു കിട്ടിയ പരമു എട്ടു വര്‍ഷമെടുത്തു എം.ബി.ബി.എസ്. പാസാകാന്‍. മദ്യപാനം, മയക്കുമരുന്നുശീലം എന്നിവ ബോണസ്സായി കിട്ടി.

ഇപ്പോള്‍ ജോലി ചെയ്ത് ജീവിക്കുന്നു. വലിയ പ്രാക്ടീസൊന്നും ഇല്ല. രോഗികളെ കാണുന്നതു തന്നെ ഇഷ്ടമല്ലല്ലോ!

”ഏതു നിലേലെത്തേണ്ടതാ ഞാനൊക്കെ? ഈ നശിച്ച എം.ബി.ബി.എസ്. എടുത്തില്ലായിരുന്നെങ്കില്‍?” പരമു പരിതപിച്ചു.

പല കോഴ്‌സുകളും നമ്മള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്തോ അപാകതയില്ലേ? പഠിക്കാന്‍ കുട്ടികളെ നമ്മള്‍ (സമൂഹം) തിരഞ്ഞെടുക്കുന്ന രീതിയിലും?

ഉണ്ട്. എന്തരോ ഉണ്ട്.

നമ്മുടെ ചിന്തയേ ശരിയല്ല. ചോദ്യങ്ങളും.

”എന്താകാനാണ് ആഗ്രഹം? ഡോക്ടര്‍ എഞ്ചിനീയര്‍?”

ആയിക്കഴിഞ്ഞാല്‍ എല്ലാമായി എന്നാണ് വ്യംഗ്യം.

”വലുതാകുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം?”  ഇതാണ് യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത്.

ഞാനൊക്കെ പഠിക്കുമ്പോള്‍ വിവരമാണ് എല്ലാം. എം.ബി.ബി.എസ്സിനായാലും ദുര്‍മേദസ്സുള്ള പുസ്തകങ്ങള്‍ കൊറേ തൊണ്ട തൊടാതെ വിഴുങ്ങണം. എന്തെങ്കിലും അറിയണമെങ്കില്‍ പുസ്തകം തപ്പി ഓടണം. പ്രബന്ധങ്ങള്‍ തയ്യാറാക്കാന്‍ ഡല്‍ഹിയിലെ നാഷണല്‍ ലൈബ്രറിയിലേക്ക് ട്രെയിന്‍ പിടിച്ച് പായണം.

”ഇന്റര്‍നെറ്റില്ലാതൊരുനാള്‍ ജനങ്ങള്‍ക്കേര്‍പ്പെട്ട ദുഃഖം പറയാവതല്ല.

ഇപ്പോളതിമ്മാതിരിയൊന്നുമില്ല; ഇന്റര്‍നെറ്റില്ലാത്തൊരു വീടുമില്ല.”

”വിവരം വേണം, അതാണ് പ്രധാനം” അതായിരുന്നു അന്നത്തെ മന്ത്രം.

ഇന്നോ? വിവരത്തിന് യാതൊരു വിലയുമില്ല. വിവരം അമൂല്യം തന്നെ. അതുകൊണ്ട് പ്രയോജനമില്ലെന്നല്ല. പക്ഷേ, അതിനിപ്പോള്‍ കാശുമുടക്കേണ്ട. ചുമ്മാ ഗൂഗിള്‍ ചെയ്താല്‍ മതി.  ലോകോത്തര അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ കേള്‍ക്കണോ? ഓണ്‍ലൈന്‍ ക്ലാസുകളുണ്ട്. സര്‍ജറി എങ്ങനെ ചെയ്യാം എന്നുവരെ പഠിപ്പിക്കുന്ന വീഡിയോകളുണ്ട്.

ഒരു വിദഗ്ധന്റെ കൂടെ നിന്നുള്ള പ്രവര്‍ത്തി പരിശീലനത്തിനു മാത്രമേ ഇക്കാലത്തു വിലയുള്ളു. Apprenticeship.

“Apprenticeship is the only way to learn any skill”

ഞാനൊരു രഹസ്യം പറയട്ടെ. അഞ്ചുകൊല്ലം  മിനക്കെട്ടു പഠിച്ച എം.ബി.ബി.എസില്‍ ഉള്ള തൊണ്ണൂറ്റെട്ടു ശതമാനം കാര്യങ്ങളും എനിക്കോര്‍മ്മയില്ല!

അന്നും പിന്നീടും രോഗികളെ ചികിത്സിച്ചും കണ്ടും, ശസ്ത്രക്രിയകള്‍ കണ്ടും ചെയ്തും, പരിചയസമ്പന്നരായ ഗുരുക്കള്‍ ചെയ്യുന്നതു കണ്ടും കേട്ടും പഠിച്ചതൊക്കെയേ അറിയൂ. ചില കാര്യങ്ങള്‍ പെട്ടെന്ന് വീണ്ടും അറിയേണ്ടതായി വരും. അപ്പോള്‍ ഇന്റര്‍നെറ്റ് ഓണ്‍ ചെയ്യും.

പരിശീലനത്തിനും ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ഒരു സമൂല മാറ്റം അത്യാവശ്യം. അതു വരും. വരാതെവിടെപ്പോവാന്‍?

ഇപ്പോള്‍ തന്നെ എം.ബി.ബി.എസ്. പ്രവര്‍ത്തി പരിചയത്തിന് മുന്‍തൂക്കം നല്‍കുന്ന കോഴ്‌സ് തന്നെയാണ്. ഒന്നരവര്‍ഷം കഴിഞ്ഞാല്‍ ആസ്പത്രിയില്‍ പോയി രോഗികളെ കാണണം. മാത്രമല്ല, വളരെ സജീവമായി ജോലി തുടരുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് പരിശീലിപ്പിക്കുന്നത്.

ഞാന്‍ പറയുന്നത് ഇത് അടുത്ത നിലയിലേക്ക് വളര്‍ത്തണം. ഒരൊന്നൊന്നര കൊല്ലം തിയറിയും ലാബും കഴിഞ്ഞ് മുഴുവന്‍ സമയ ആസ്പത്രി ജോലികള്‍ ചെയ്യിപ്പിക്കണം. ഒരു മൂന്നുകൊല്ലം പല വിഭാഗങ്ങളിലായി ഹൗസ് സര്‍ജനായി ജോലി ചെയ്യട്ടെ. ഇടയ്ക്ക് പഠിത്തം. ജോലി നന്നായി ചെയ്യുന്നതിന് മാര്‍ക്ക്. സ്റ്റൈപ്പന്‍ഡ് കൊടുക്കണം. ഫീസ് കുത്തനെ കുറയ്ക്കണം.

അപ്പോള്‍ രണ്ടു ഗുണങ്ങളുണ്ട്. ഒന്ന് – നാലു കൊല്ലം കൊണ്ട് ആള്‍ക്കാരെ ചികിത്സിക്കാന്‍ പാകമായി പുറത്തുവരാം. പിന്നെ ഹൗസ് സര്‍ജന്‍സി വേണ്ട. ഉറങ്ങാന്‍ കള്ളു പിന്നേം കുടിക്കണം എന്ന മാതിരി ജോലി പരിശീലനങ്ങള്‍ കുറക്കാം. ഇപ്പോഴുള്ളതു പോലെ എം.എസ്, എം.ഡി, ഇവ വെറും പരിശീലന ജോലിയായി തുടരണം. ഫീസേ പാടില്ല. ശമ്പളം കൊടുക്കണം. എം.എസ്, എം.ഡിക്ക് കേറാന്‍ എന്‍ട്രന്‍സ് പാടില്ല. പരിശീലന പരീക്ഷകള്‍ക്ക്  എം.ബി.ബി.എസിനുള്ള മാര്‍ക്ക് വച്ച് അഡ്മിഷന്‍ കൊടുക്കണം.

പിന്നൊരു ഗുണം, നാലരക്കൊല്ലം ജൂനിയറായി രാത്രി ഡ്യൂട്ടിയും ചുമതലയുമൊക്കെയെടുത്ത് രോഗികളുടെ തെറിയും സ്‌നേഹവും എല്ലാം അനുഭവിച്ചുകഴിയുമ്പോള്‍ പറ്റാത്തവര്‍ക്ക് പണി നിര്‍ത്താം. ബിരുദമെടുത്ത് മുങ്ങാം. മാനേജ്‌മെന്റിന് പോകാം. ബിസിനസ്സുകള്‍ തുടങ്ങാം. എഴുത്തും മറ്റുമായി കൂടാം. (ഹി ഹി ഹി).

എന്‍ട്രന്‍സ് ഉപേക്ഷിക്കണമെങ്കില്‍ പരീക്ഷകരാരും പക്ഷപാതം കാട്ടരുത്. മക്കള്‍ക്കും മരുമക്കള്‍ക്കും മാര്‍ക്ക് കോരിയിടരുത്, കാശു വാങ്ങിച്ച് ഫസ്റ്റ് ക്ലാസ് കൊടുക്കരുത്. ഈ രീതിയില്‍ കാര്യങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുത്താന്‍ വലിയ എതിര്‍പ്പുണ്ടാവും. രാഷ്ട്രീയ ഇച്ഛാശക്തി എന്ന ആരും കാണാത്ത ഡ്രാഗണ്‍ ഇതിഹാസങ്ങളില്‍ നിന്ന് തീ തുപ്പി യഥാര്‍ത്ഥലോകത്തേക്ക് വരണം.

ചുരുക്കത്തില്‍ നാടും നാട്ടാരും (ഞാനടക്കം) നന്നാവണം.

ഇതു വല്ലതും നടക്ക്വോ?

ഒരു നിമിഷം:

ഒന്നു ഗൂഗിള്‍ ചെയ്തു നോക്കട്ടെ.

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍