UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ മരണം വിരല്‍ ചൂണ്ടിയത് നമ്മുടെ വികസന സ്വപ്നങ്ങളുടെ നേര്‍ക്ക്

Avatar

ഡോ. അനിഷ്യ ജയദേവ്

അപ്പോള്‍ എവിടെയാണ് ഞാന്‍ ആ വാര്‍ത്ത കണ്ടത്? എന്റെ മനസ്സിനുള്ളിലോ? 

ഇരുപത്തി ഏട്ടാം തിയതി ആ പെണ്‍കുട്ടി കൊല്ലപ്പെട്ടു. അടുത്ത അല്ലെങ്കില്‍  അതിനടുത്ത ദിവസം പത്രങ്ങളില്‍ തിരുവനന്തപുരം എഡിഷനിൽ ആ വാര്‍ത്ത വരേണ്ടതല്ലേ?

ഉറപ്പ്. നമ്മള്‍ ഈ വാര്‍ത്ത കണ്ടതാണ്. മനസ്സ് അത് ഉറപ്പിച്ചു. അതുകൊണ്ടാണ് ഇരുപത്തി ഒന്‍പതു മുതലുള്ള പത്രത്തില്‍ ആ വാര്‍ത്ത പരതിയത്. രണ്ടു വ്യത്യസ്ത പത്രങ്ങളില്‍. 29ൽ ഇല്ല, 30ൽ ഇല്ല, മെയ് ദിനത്തിലും ഇല്ല. ഒരുവട്ടം കൂടി നോക്കി ദുര്‍മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിരം സ്ഥലങ്ങളില്‍. എവിടെയും ഇല്ല. പിന്നെ ചരമ കോളത്തില്‍ …ഇല്ല അവിടെയും ഇല്ല.

ഒന്ന് പറഞ്ഞു കൊള്ളട്ടെ, ഈ പരതലിനിടയില്‍ എണ്ണമില്ലാത്ത സ്ത്രീ പീഡനങ്ങളുടെ വിവരണങ്ങള്‍ കണ്ടു. പല പല പ്രദേശങ്ങളില്‍ നടന്നത്. എല്ലാ  പ്രായങ്ങളിലും പെട്ട സ്ത്രീകള്‍. എല്ലാ സാമ്പത്തിക സാമൂഹിക വിഭാഗങ്ങളിലും പെട്ടവര്‍. നമ്മള്‍ അവയൊക്കെ സാധാരണ എന്ന് കണ്ടു  പ്രതികരിക്കാനോ ചിന്തിക്കാനോ വിട്ടു പോയവ. അത്തരം ചിന്തയുടെ കുറവും  ധാരണയുടെ അഭാവവും തന്നെയാണ് ജിഷമാർ തുടർക്കഥയാകുന്നതിനു  കാരണം.

ആദ്യം ജിഷയെ സംബന്ധിച്ച വാര്‍ത്ത കണ്ടത് സോഷ്യൽ മീഡിയയിലാണ്. അതിശയോക്തി കലര്‍ന്ന വാര്‍ത്ത എന്ന് കരുതി അടുപ്പമുള്ള സുഹൃത്തുക്കളോട് സംസാരിച്ചു. വിശ്വാസ്യം എന്ന് ബോധ്യപ്പെട്ടത് രണ്ടാം തിയതി. മാധ്യമ സുഹൃത്തുക്കളോട് കാര്യം തിരക്കി. എന്തുകൊണ്ട് ഫോര്‍ത്ത് എസ്റ്റേറ്റ് ഇങ്ങനെ മൌനം ഭജിച്ചു എന്ന് വല്ലാതെ ആശങ്കപ്പെട്ടുപോയി. കേരളത്തിൽ ഇത്ര നിസ്സംഗതയോ. പോലീസ് റിപ്പോർട്ട്‌ അസ്വാഭാവിക മരണം എന്ന് മാത്രമാണെന്ന് പത്രപ്രവര്‍ത്തക സുഹൃത്തുക്കൾ. സമാന മനോഭാവമുള്ള ചിടര്‍  നടപടികളും എന്ന് തീരുമാനിച്ചു. മൂന്നാം തിയതി മുതൽ മാധ്യമങ്ങൾ പ്രതികരിച്ചു തുടങ്ങി. 

“ദളിത്‌ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത് ക്രൂര ബലാല്‍സംഗത്തിനു ശേഷം”

“നിർഭയ രീതിയിൽ കൊല, കേരളം നടുങ്ങി “എന്നിങ്ങനെ മുന്‍ പേജിൽ തന്നെ വാർത്തകൾ വന്നു തുടങ്ങി. ഇത്തരത്തിൽ ഒരു ഉണർവ് സൃഷ്ടിച്ചത് ഫേസ്ബുക്ക്‌ കൂട്ടായ്മകൾ തന്നെ എന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു.

സംശയകരമായ അനാസ്ഥ നിയമപാലകരുടെയും അയല്‍പ്പക്കത്തിന്റെയും പൊതു പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും നേരെ ആരോപിക്കപ്പെട്ടു. 

പൊതുജനം ഉണര്‍ന്നപ്പോഴേക്കും അന്വേഷണ സംഘം ഉണര്‍ന്നു. അന്വേഷണം ത്വരിത ഗതിയിൽ ആയി. പക്ഷെ അപ്പോഴേക്കും രാസ പരിശോധനയ്ക്ക് അയച്ച ആന്തരിക അവയവങ്ങൾ ഒഴികെ ജിഷയുടെ ഭൌതിക ദേഹം അഗ്നിക്കിരയാക്കിയിരുന്നു. ഇതും അത്ര സ്വാഭാവികം എന്ന് കരുതാൻ തരമില്ല. മനഃപൂര്‍വ്വം അല്ലെങ്കിൽ പോലും കൃത്യവിലോപം തന്നെ.

വികസനം എന്ന പ്രഹേളിക

ഏപ്രില്‍ 30, മെയ് ദിനം. ആ രണ്ടു ദിവസവും ഞാന്‍ പെരുമ്പാവൂര്‍ ആയിരുന്നു. അപ്പോഴൊന്നും ജിഷ എന്ന സ്ത്രീയെ, അവൾ അനുഭവിച്ച യാതനയെ പറ്റി യാതൊരു അറിവും ഇല്ല. അവിടെ കാണുന്നത് അസംഖ്യം മുന്തിയ വീടുകള്‍, ഓരോ വീടും പടുകൂറ്റന്‍ വളപ്പിനുള്ളില്‍. മൂവായിരത്തില്‍ അധികം സ്ക്വയര്‍ ഫീറ്റ് വലിപ്പം. അടുത്ത് ഔട്ട്‌ ഹൌസ്. വിദേശ മലയാളികൾ. ലാൻഡ്‌ മൂവേഴ്സ്. വന്‍കിട കര്‍ഷകര്‍. ഇടയ്ക്കിടെ കൊച്ചു കൊച്ചു കുടിലുകള്‍. ഷെഡ്‌ പോലെ ഉള്ള താത്കാലിക താമസ സ്ഥലങ്ങള്‍. ചില വീടുകളില്‍ ഡിഷ്‌ ആന്‍റിന ഉണ്ട്. അത് അവരെ ദരിദ്ര ജന വിഭാഗത്തില്‍ നിന്ന്  ഒഴിച്ച് നിര്‍ത്താനുള്ള കാരണം അല്ല. രായമംഗലം പഞ്ചായത്ത് മുഴുവന്‍ ഞാന്‍  സഞ്ചരിച്ചു. നല്ല ഒന്നാംതരം റോഡുകള്‍. വികസിത ഗ്രാമങ്ങള്‍ നല്ല ഗതാഗത വീഥികളാല്‍ ബന്ധിക്കപ്പെട്ടിരിക്കുമത്രേ. 

ശൌചാലയങ്ങളെ, ശുചിമുറികളെ കുറിച്ചുള്ള വിദ്യാ ബാലൻ പരസ്യങ്ങളെ ഏറ്റവും അതൃപ്തിയോടെ മാത്രം കണ്ടിരുന്ന എന്റെ തല മണ്ണിൽ മുട്ടി. ഈ പരസ്യം കേരളത്തിന്‌ എന്തിനു എന്നാണ് പമ്പര വിഡ്ഢിയായ ഞാൻ ചിന്തിച്ചത്. 

അതുപോലെ തന്നെ പോലീസ് അധികാരികൾക്കും ജനപ്രതിനിധികൾക്കും     കൊടുത്തിട്ടുള്ള പരാതികൾ പരിഗണിച്ച വിധം വല്ലാത്ത സംശയങ്ങൾ ഉണര്‍ത്തുന്നു. അവഗണിക്കപ്പെട്ട ജനവിഭാഗത്തോടുള്ള പൊതുവായ സമീപനമോ അതോ ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണണോ? ഇത്തരം അതിക്രമങ്ങൾക്ക് വിധേയമാകുന്നവരിൽ 60 ശതമാനം സ്ത്രീകളും ഈ വിഭാഗത്തിൽ പെടും എന്ന മുൻ പോലീസ് മേധാവിയുടെ വെളിപ്പെടുത്തൽ  കൂടി ചേർത്ത് വേണം ജിഷയുടെ കൊലപാതകത്തോട് പോലീസ് കാണിച്ച നിരുത്തരവാദപരമായ സമീപനം വായിക്കാൻ. ദളിത്‌ സ്ത്രീകളുടെ സദാചാര ബോധം മറ്റുള്ള സ്ത്രീകളിൽ നിന്ന് വ്യത്യസ്തം എന്ന് കരുതിയോ?

ദേശീയ, സംസ്ഥാന പഞ്ചായത്ത് തലങ്ങളിൽ ദളിത്‌ വിഭാഗത്തിന് നിരവധി പദ്ധതികൾ ഉണ്ട് എന്നത് വസ്തുതയായിരിക്കെ ആ പെണ്‍കുട്ടിക്കും അവളുടെ  അമ്മയ്ക്കും ആ ഒറ്റ മുറി വീടിനുള്ളിൽ പ്രാഥമിക കർമങ്ങൾ നിര്‍വ്വഹിക്കേണ്ടി വന്നു. വിദ്യാഭ്യാസമുള്ള, തന്റെ ഒപ്പം പഠിച്ചിരുന്ന മറ്റു കുട്ടികളുടെ സാഹചര്യത്തെ സംബധിച്ച് നല്ല അറിവുള്ള ജിഷയുടെ  ആത്മാഭിമാനം എത്ര  മാത്രം വൃണപ്പെട്ടിട്ടുണ്ടാവും എന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുമോ? ചികഞ്ഞു നോക്കി കാരണം കണ്ടുപിടിക്കുമ്പോൾ എന്താണ് അടിയറ്റത്തു എന്നത് മാറ്റി വയ്ക്കാം. ഒരു പക്ഷെ ഒരു ടോയിലെറ്റിനു വേണ്ട അപേക്ഷ അവർ കൊടുത്തിട്ടുണ്ടാവില്ല. പക്ഷെ സമഗ്രമായ ഒരു അന്വേഷണം ഈ വിഷയത്തിൽ വേണം. മാത്രവുമല്ല എന്ത് സംഭവിച്ചു എന്നറിയേണ്ടത് നമ്മുടെ അവകാശമാണ്. കേരളത്തിൽ ഇനി എത്ര പാവപ്പെട്ട കുടുംബങ്ങൾ (ജാതി, വർഗങ്ങൾ തിരിച്ചും തിരിക്കാതെയും) ഇത്ര മലിനമായ സാഹചര്യത്തിൽ ജീവിക്കേണ്ടി വരുന്നു എന്നറിയണ്ടേ? ഇതിനൊരു  മാറ്റം അനിവാര്യമല്ലേ? ഒരു ജനമുന്നേറ്റം അത്യന്താപേക്ഷിതം അല്ലെ? സ്ത്രീ സമൂഹമോ പൊതുസമൂഹമോ ആര് ഇതിനു നേതൃത്വം കൊടുക്കും?

(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്റില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖിക)

  (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍