UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാനും ജിഷയായിരുന്നു, ചവിട്ടിയാല്‍ തുറക്കുന്ന വാതിലിനപ്പുറത്ത് എനിക്കുമുണ്ട് ഒരമ്മ

Avatar

മായ പ്രമോദ്

‘എപ്പോഴാണ് എന്റെ ജീവിതം
സത്യത്തില്‍  എന്റെതായി തീരുന്നത്
വീട്ടില്‍ പുരുഷന്റെ അസഹിഷ്ണുത
കവിള്‍ തടം കുത്തിനോവിക്കുന്നു.
തെരുവില്‍ ജാതിയുടെ അസഹിഷ്ണുത
എന്റെ മറുകവിള്‍ തകര്‍ത്തുകളയുന്നു.’

ചെല്ലപ്പളളി സ്വരൂപറാണിയുടെ ഈ കവിത ഞാന്‍ എന്റെ ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ഓര്‍ത്തുപോകാറുണ്ട്. ജിഷയുടെ മരണം കഴിഞ്ഞ് ഒരാഴ്ചയായി നടക്കുന്ന കാര്യങ്ങള്‍; അതാണ് വീണ്ടും എന്നെ ഈ കവിതയിലേക്ക് എത്തിച്ചത്. ആ വരികള്‍ പോലെ തന്നെയാണ് അവളുടെ ജീവിതവും. ആ ജീവിതം അവളുടേതാക്കാതെ അല്ലെങ്കില്‍ അതിനൊരവസരം നല്‍കാതെ അവളെ മരണത്തിലേക്ക് തളളിവിട്ടതിന് ആരാണ് ഉത്തരവാദികള്‍? പുറമ്പോക്ക് ജീവിതത്തിന്റെ ഒരു ഇരയായി മാറുകയായിരുന്നില്ലേ അവള്‍.

ഒരമ്മയുടെയും മകളുടെയും അതിജീവിനത്തിന്റെ യാത്രയില്‍ ആ അമ്മയിന്ന് തനിച്ചാണ്. ഒരു നര്‍ത്തകിയാകാന്‍, വക്കീലാകാന്‍ ആഗ്രഹിച്ച ആ മകള്‍, ആ അമ്മയുടെ ചൂടുപറ്റി കഴിഞ്ഞ മുപ്പതു വര്‍ഷം ആ പുറമ്പോക്കു വീട്ടിലെ ഒറ്റമുറി ചുവരില്‍ ജീവിച്ചിരുന്നവള്‍ ഇന്നില്ല. അവളുടെ മരണത്തിന്റെ ഭീകരത എന്റെ ഓരോ ശരീരഭാഗങ്ങളിലും അതികഠിനമായ വേദനയിലേക്ക് കൊണ്ടുപോകുന്നു. കാരണം ഞാനും, അല്ലെങ്കില്‍ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ദലിത് സമൂഹത്തിലെ ഓരോ സ്ത്രീയും അമ്മമാരും ജിഷയുടെയും അവളുടെ അമ്മയുടെയും പ്രതിനിധികളാണ്. 

അവള്‍ മരിച്ച് 10 ദിവസത്തിലേറെ കഴിഞ്ഞിരിക്കുന്നു. ഓരോ തവണ വാര്‍ത്തകളിലൂടെ കടന്നു പോകുമ്പോഴും ജിഷ കടന്നുവന്ന ബാല്യകാലത്തിന്റെ ദുരിതത്തിന്റെയും ദാരിദ്ര്യത്തിന്റെയും ചിന്തകളിലൂടെ ഞാനും എന്റെ ബാല്യകാലം ഓര്‍ക്കുന്നു. അച്ഛനുപേക്ഷിച്ച ശേഷം ഞങ്ങള്‍ നാലു പെണ്‍കുട്ടികളെയും കൊണ്ട് അമ്മ ജീവിക്കാന്‍ തുടങ്ങിയത്. എനിക്ക് ഒരു വയസ്സുളളപ്പോള്‍ തുടങ്ങിയ വാടകവീടുകള്‍ (അങ്ങിനെ പറയാമോ / വാടകക്കൂരകള്‍) കഴിഞ്ഞ 28 വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ അമ്മ എത്ര പൊരുതിയിട്ടുണ്ടാവും ഈ സമൂഹത്തോട്, ജാതീയമായും സ്ത്രീയെന്ന നിലയിലും. ആദ്യം താമസിച്ച കൂരയില്‍ നിന്നും ഇന്നത്തെ ഒരു വാടകവീട്ടില്‍ എത്താന്‍ന്‍ അമ്മ നടത്തിയത് അതിജീവനം തന്നെയായിരുന്നുവെന്ന് ഞാനെന്റെ പ്ലസ് ടു കാലഘട്ടത്തിലാണ് മനസിലാക്കുന്നത്. കിടക്കുന്ന പായയില്‍ ഒരു വെട്ടുകത്തിയും കരുതി പാതി ഉറക്കത്തിലിരിക്കുന്ന എന്റെ അമ്മയെ ഒരുപാട് ഞാന്‍ കണ്ടിരിക്കുന്നു രാത്രികളില്‍. എന്റെ അമ്മയും വളരെ ദുശാഠ്യമുളള ഒരു സ്ത്രീയായിരുന്നു. ഇവിടെ ജിഷയുടെ അമ്മ അവള്‍ക്കൊരു പെന്‍ക്യാമറ വാങ്ങി നല്‍കി; സ്വന്തം സുരക്ഷിതത്വം നോക്കുന്നതിനായി. ചുറ്റുമുളള ആള്‍ക്കാരില്‍ നിന്നും മകളെ രക്ഷിക്കുന്നതിനായി ഒരു ഭ്രാന്തിയായി ആ അമ്മ അഭിനയിച്ചു. നാലുനേരം അസഭ്യം പറയുന്നവളായി സമൂഹത്തില്‍ അവര്‍ മാറി. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം ഒരു ഭിത്തിയുടെ സംരക്ഷണം പോലും ഇല്ലാത്ത പുറമ്പോക്കു ജീവിതങ്ങളുടെ സമൂഹത്തിലെ ജാതിയുടെ  ഭീതിദമായ അവസ്ഥയെ കുറിച്ചാണ്.

സമാനതകളില്ലാത്ത ഈ കൊലപാതകത്തെ തുടര്‍ന്ന് അരികുവല്‍കൃതജീവിതത്തെ കുറിച്ചുളള ചര്‍ച്ചകള്‍ ഇപ്പോള്‍ എങ്ങും കേള്‍ക്കാം. പട്ടികജാതി വികസനം എന്നാല്‍ പൊതുസമൂഹത്തിന്റെ ധാരണ ഒരു കക്കൂസ് പദ്ധതി അല്ലെങ്കില്‍ മൂന്ന് സെന്റ്, നാല് സെന്റ് ഭൂമിയിലെ ലക്ഷം വീടോ കോളനികളോ ഒക്കെയാണ്. എന്നാല്‍ എന്തുകൊണ്ട് അടിമത്വത്തിന്റെ നുകംപേറി കൃഷിജീവിതം ജീവിച്ചിരുന്ന ദലിതന് കൃഷിഭൂമി ഇല്ലാണ്ട് പോയി എന്നാരും പറയുന്നില്ല. കുന്നിടിച്ച് പളളികള്‍ പണിയുന്ന പളളിക്കാര്‍ക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ട്. സ്ത്രീവിഷയത്തില്‍ ആരോപണ വിധേയനായ കളള സന്യാസിക്കും ഭൂമിയുണ്ട്. എന്നാല്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമിയില്ല. 

കൊട്ടിഘോഷിക്കപ്പെട്ട് നടത്തിയ ഭൂപരിഷ്‌കരണത്തിന്റെ വാചാലതയെ കുറിച്ച് ഞാന്‍ എവിടെ ചര്‍ച്ചയ്ക്ക് ചെന്നാലും കേള്‍ക്കുന്നത്  ‘നിങ്ങള്‍ക്ക് ഭൂപരിഷ്‌കരണത്തിലൂടെ ഭൂമി കിട്ടിയില്ലേ, വീട് കിട്ടിയില്ലേ, സംവരണത്തിലൂടെ ജോലി കിട്ടിയില്ലേ’ എന്നൊക്കെയാണ്. ഇവിടെ നമ്മള്‍ ചിന്തിക്കേണ്ട കാര്യം ഭൂപരിഷ്‌കരണ നിയമത്തിലൂടെ ഭൂമിയുടെ വക്താക്കളായി മാറിയതാരാണ്? മണ്ണില്‍ കൃഷി ചെയ്തിരുന്ന ദലിതനെ കോളനികളിലേക്കും അരികുവത്കൃത ജീവിതങ്ങളിലേക്കും ഒതുക്കിക്കൊണ്ട് ലക്ഷംവീട് കോളനികള്‍ നിലവില്‍ വന്നു. ചത്താല്‍ അടുക്കള കുഴിച്ച് ശവമടക്കേണ്ട ഗതികേടുളള എത്ര സമുദായങ്ങള്‍ /എത്ര ജാതികള്‍ നമ്മുടെ കേരളത്തില്‍ ഉണ്ട്? ചരിത്രപരമായി ഭൂമി നിഷേധിക്കപ്പെട്ട ഓരോ ദലിതനും ആദിവാസിയും ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നവും ഭൂമി തന്നെയാണ്. കാരണം ഭൂമിയൊരു മൂലധനമായി മാറിയിരിക്കുന്നു ഇന്നത്തെ സമൂഹത്തില്‍. 

ഞാനും നിങ്ങളും ഉള്‍പ്പെട്ട കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓരോ ദലിതനും ജാഥയ്ക്ക് നീളം കൂട്ടുവാനും പോസ്റ്റര്‍ ഒട്ടിക്കാനും നടക്കുന്നുണ്ടല്ലോ? ദലിത് സമുദായ സംഘടനകളാവട്ടെ മൗനം വിദ്വാനു ഭൂഷണം എന്ന നിലയില്‍ കിട്ടുന്ന എല്ലിന്‍ കഷ്ണം കടിച്ചെടുക്കാന്‍ വാലാട്ടുന്ന പട്ടിയായി ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും പുറകെ നടക്കുന്നു.  ഇനി ബിരിയാണി കിട്ടിയാലോ എന്ന ചിന്തയാണ് ഇവര്‍ക്കൊക്കെ.

കേരളത്തിലെ മറ്റേതെങ്കിലും ജാതി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ അവര്‍ ഈ മൗനം തുടരുമായിരുന്നോ? പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയം നോക്കാതെ ഇറങ്ങുമായിരുന്നോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരുന്നു. കാരണം നമ്മള്‍ക്ക് ആ അനുഭവം വരുന്നത് നമ്മള്‍ അവരുടെ ഒരു മൂന്ന് സെന്റ് ഭൂമിയ്‌ക്കോ കക്കൂസ് വികസന പദ്ധതിയ്‌ക്കോ കാത്തു നില്ക്കുന്ന വെറും പുറമ്പോക്ക് ജീവിതങ്ങളായതുകൊണ്ടാണ്. 

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് നാം ഉള്‍പ്പെടുന്ന ഒരു സമൂഹത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ദലിത് ജീവിതങ്ങളോടുളള സമീപനമാണ്. മാധ്യമ അനാസ്ഥയാണ് ഇത്. ഈ മരണവാര്‍ത്ത പിറ്റേന്നത്തെ പത്രങ്ങള്‍ കൈകാര്യം ചെയ്ത രീതി നോക്കുക. ആ ഒരു ചെറിയ ഒറ്റ കോളം വാര്‍ത്തയിങ്ങനെയായിരുന്നു, ‘ദുരൂഹ സാഹചര്യത്തില്‍ യുവതി തലക്കടിയേറ്റു മരിച്ചനിലയില്‍’ എന്ന്. വടക്കേയിന്ത്യയിലെ ക്രൂരതകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മത്സരിക്കുന്ന മാധ്യമ പുത്രന്‍മാര്‍ക്ക്, രാഷ്ട്രീയവും രാഷ്ട്രീയ മേലാളന്‍മാരും സൃഷ്ടിക്കുന്ന നാണംകെട്ട വാര്‍ത്തകളുടെ റേറ്റിംഗ് ഒരുപക്ഷേ ജിഷയുടെ കാര്യത്തില്‍ ഇല്ലായെന്ന്‍ തോന്നിയിരിക്കാം.

‘ദുരൂഹസാഹചര്യത്തില്‍ ദലിത് നിയമ വിദ്യാര്‍ത്ഥിനി റെയ്പ് ചെയ്യപ്പെട്ടു മരണമടഞ്ഞു’ എന്നായി അടുത്തത്. പ്രിയ മാധ്യമ സുഹൃത്തുക്കളെ, ദലിത് എന്ന പദം ഒരു പക്ഷേ നിങ്ങള്‍ക്ക് അരോചകമാകും. എന്നാല്‍ ആ പദം ഞങ്ങളെപോലെയുളള ദലിത് സ്ത്രീകളുടെ വ്യക്തിത്വം എന്താണെന്ന് പറയുന്ന വാക്കാണ്. വെറുമൊരു സ്ത്രീ പീഡന മരണമായി ഈ മരണത്തെ കാണാന്‍ കഴിയില്ല എന്നിടത്ത് തന്നെയാണ് ആ വാക്കിന്റെ ഉപയോഗം. ജിഷയുടെ മരണത്തെക്കുറിച്ച് എക്‌സ്‌ക്ലൂസീവായുളള വാര്‍ത്തകള്‍ ഞാന്‍ പത്രങ്ങളില്‍ കാണുന്നത്  മൂന്നാം തിയ്യതിയാണ്. അതും ആ വാര്‍ത്തയ്ക്ക് ഒരു ദേശിയ പ്രാധാന്യം കിട്ടുകയും പല പ്രമുഖ വ്യക്തികളും പ്രതികരിക്കുകയും ചെയ്തപ്പോള്‍ മാത്രം. ഇവിടെ മനസിലാക്കേണ്ട കാര്യം ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെങ്കില്‍ ഇവിടെ ഒന്നും സംഭവിക്കില്ല. പക്ഷേ മറിച്ചാണെങ്കില്‍ ഈ വാര്‍ത്ത ഉള്‍പേജുകളിലേക്കും അതിന് പിറ്റേന്ന് അത് അപ്രത്യക്ഷമാവുകയും ചെയ്യും.

 

ഇപ്പോള്‍ ജിഷയുടെ വീട്ടില്‍ കേറിയിറങ്ങുന്ന കക്ഷിരാഷ്ട്രീഭേദമന്യേ എല്ലാ രാഷ്ട്രീയ നേതാക്കന്മാരും അറിയേണ്ട കാര്യം കഴിഞ്ഞ മുപ്പതു കൊല്ലമായി ജിഷ അവിടെ ജീവിച്ചിരുന്നു; ആ പുറമ്പോക്കില്‍. തന്റെ അമ്മയുടെ ചൂടുപറ്റികിടന്നുറങ്ങി തന്റെ പട്ടിണിയും ദാരിദ്ര്യവും മറച്ചിരുന്നു അവള്‍. വാര്‍ഡ് മെമ്പര്‍ തൊട്ട് എം.പി.വരെ നീളുന്ന ജനപ്രതിനിധികള്‍ ഉളള സ്ഥലത്ത് അവര്‍ക്ക് സ്വന്തമായി ഭൂമിയുണ്ട് എന്ന് ആ അമ്മ സമ്മതിക്കുന്നു. എന്നാല്‍ അതില്‍ ഒരു വീടു പണിയാന്‍ എത്ര ആള്‍ക്കാരുടെ മുന്‍പില്‍ കയറി ഇറങ്ങേണ്ടി വന്നു. സംഭവ ദിവസവും അങ്ങനെയൊരു  യാത്രയില്‍ ആയിരുന്നു ആ അമ്മ. 

കോളനികള്‍ അല്ലെങ്കില്‍ പുറമ്പോക്കുകള്‍ ഒരു പൊതു സമൂഹത്തിന്‍റെ മാലിന്യം തളളുന്ന വെളി പ്രദേശമായി മാറുന്ന കാഴ്ച കാലങ്ങളായി കാണുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മേലാളന്‍മാര്‍ക്കോ പോസ്റ്റര്‍ ഒട്ടിക്കാനും, ജാഥയുടെ എണ്ണം കൂട്ടാനുളള ആളെ തികക്കാനുമുളള ഒരിടമായി പുറമ്പോക്കുകളിലെ ജനങ്ങള്‍ അല്ലെങ്കില്‍ കോളനികള്‍ മാറുന്നു. വളരെ ഗൗരവപൂര്‍വ്വം രാഷ്ട്രീയക്കാര്‍പോലും കൈകാര്യം ചെയ്യേണ്ട ഈ കൊലപാതകം ഇത്ര ഉത്തരവാദിത്വമില്ലാതെ കൈകാര്യം ചെയ്ത് അവളുടെ പരാതിയോടുളള അതേ അവഗണനയോടെയാണ്. ആ അവഗണന അവളുടെ ശരീരത്തോടും കാണിച്ചു. പ്രിയ സഹോദരി, ഈ സമൂഹം ജാതി വിവേചനം പേറുന്ന നരാധമന്‍മാരുടെതാണ്. അവിടെ ദലിതന്‍ ഇല്ല,ആദിവാസി ഇല്ല. 

സംവരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ഓരോരുത്തരും അറിയേണ്ടത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 66 -ാം വര്‍ഷങ്ങള്‍ക്കു ശേഷവും ദലിതന്റെയും ആദിവാസിയുടെയും വികസനം എന്നത് എന്തെങ്കിലും കോളനികളിലേയോ പുറമ്പോക്കുകളിലേയോ മൂന്നും നാലും സെന്റ് ഭൂമിയിലേതാണ് എന്നതാണ്. തുണികൊണ്ട് മറച്ച ഒരു മറപ്പുരയും കുഴികുത്തിയ ഒരു കക്കുസും ആണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നമുക്ക് നല്‍കിയ വികസനം. ഇങ്ങനെയുളള നാലും മൂന്നും സെന്റിലെ പുറമ്പോക്കില്‍  ഒന്ന് ആഞ്ഞു ചവിട്ടിയാല്‍ തുറക്കുന്ന വാതിലുകളുടെ അപ്പുറത്ത് ജിഷയേപ്പോലെ, എന്നെപ്പോലെ, നിങ്ങളെപ്പോലെ ഒരുപാട് സ്ത്രീകള്‍ ഉണ്ട് എന്നുളള യാഥാര്‍ത്ഥ്യമാണ് മനസിലാക്കേണ്ടത്.  സ്ത്രീസുരക്ഷ എന്നത് ഇങ്ങനെയുളള നീചമായ കൃത്യങ്ങള്‍ അരങ്ങേറുമ്പോള്‍ മാത്രം ചര്‍ച്ചചെയ്ത് ചൂടുപിടിക്കേണ്ട ഒരു വാക്കല്ല. നമ്മുടെ മൗനം നാളെ വീണ്ടും ഒരു ഇരയെക്കൂടി സൃഷ്ടിക്കാതിരിക്കട്ടെ. മൗനം വെടിഞ്ഞ് പ്രതിഷേധത്തിനായി നമുക്ക് ഒത്തുചേരാം.    

(കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)           

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍