UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ കൊലപാതകം; നമ്മള്‍ ഉറങ്ങിപ്പോയ അഞ്ചു ദിവസങ്ങള്‍ നല്‍കുന്ന സൂചന

Avatar

റിബിന്‍ കരീം

എഴുത്ത്‌ ഒരു ചരിത്ര ദൌത്യമാണെന്ന്‌ പറഞ്ഞുവെച്ചുകൊണ്ട്‌ മലയാളത്തിന്‍റെ യുവ കഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനം അദ്ദേഹത്തിന്‍റെ ഒരു പുസ്തകത്തിന്‍റെ മുഖക്കുറിപ്പില്‍ ഇങ്ങനെ ഒരു കഥ പറയുന്നു.

‘വികൃതമായ ചുണ്ടും കുറ്റിത്തലമുടിയും വള്ളിചെരിപ്പും കയ്യില്‍ വെള്ളിയുടെ മുദ്രവളയുമായി അധികം ആരോടും സംസാരിക്കാതെ ഗ്രാമത്തിലൂടെ അയാള്‍ നടുന്നു പോകുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. 

താന്‍ എഴുതുന്നതെന്തും ഒരു കടലാസിലേക്കു പകര്‍ത്തി ദിവസവും രാവിലെ അയാള്‍ രണ്ട്‌ അനാദിക്കടകളും മദ്യശാലയും കടന്നു പട്ടഷാപ്പിലെ നിരപ്പുപലകയില്‍ ഒട്ടിക്കുമായിരുന്നു. ആ ചെറിയ കവലയില്‍ ആരെങ്കിലും ഒരാള്‍ വന്ന് തന്‍റെ സങ്കടങ്ങള്‍ കൂട്ടിവായിക്കുമെന്ന്‌ ആ എഴുത്തുകാരന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവണം. നിര്‍ഭാഗ്യമെന്നു പറയട്ടെ; രാവിലെ ഷാപ്പുകാരന്‍ കടയുടെ മരപ്പലകകള്‍ ഓരോന്നായി മാറ്റുകയും രാത്രി പതിവുകാരെല്ലാം ഒഴിഞ്ഞു കഴിയുമ്പോള്‍ അവ യഥാസ്ഥാനത്ത്‌ നിരത്തിവെച്ച് വലിയ താഴിട്ട്‌ പൂട്ടുകയും ചെയ്തു. ഇതു മൂലം ഷാപ്പുകാരനൊഴികെ രണ്ടാമതൊരാള്‍ വായിക്കുകയോ കാണുകയോ ചെയ്തില്ല. പക്ഷെ കേവലം ഒരു വായനക്കാരന്‍ പോലും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ആ എഴുത്തുകാരന്‍ മരപ്പലകമേല്‍ മുടങ്ങാതെ തന്‍റെ കടമ നിര്‍വ്വഹിച്ചുകൊണ്ടിരുന്നു.’

‘എഴുത്ത്‌ ഒരു ചരിത്രദൌത്യമാണെന്ന്‌ എന്നെ പഠിപ്പിച്ചത്‌ ഈ മനുഷ്യനാണ്‌’

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയായ ജിഷമോള്‍ കൊല ചെയ്യപ്പെട്ടത് അതിക്രൂരമായിരുന്നെന്നു വ്യക്തമാക്കുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വായിച്ചു കൊണ്ടാണ് ഇന്നലത്തെ ദിവസം ആരംഭിച്ചത്. ജിഷമോള്‍ കൊലചെയ്യപ്പെടും മുമ്പു ക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നെന്നാണ് പ്രാഥമിക തെളിവുകള്‍. ജിഷമോളുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലും പുറത്തും നടക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പം ചില ഓർമപ്പെടുത്തലുകൾ കൂടി ആവശ്യം ആണെന്ന തോന്നലിൽ നിന്നാണീ കുറിപ്പ് ഞാൻ എഴുതുന്നത്. ഈ കുറിപ്പ് കൊണ്ട് എന്തെങ്കിലും ഒരു പ്രത്യേക പരിഗണന ഇരയ്ക്ക് ലഭിക്കും എന്നോ വരും നാളുകളിൽ സ്ത്രീകള്ക്ക് നേരെ ഉള്ള അതിക്രമങ്ങൾക്ക് ഒരു അറുതി വരുത്താൻ ആകും എന്നോ സ്വപ്നം കാണുന്നില്ല. മറിച്ച് ഇത് മുകളില്‍ സൂചിപ്പിച്ച പോലെ ചരിത്രം ഏൽപ്പിച്ച ഒരു ദൗത്യം ആയി മാത്രം കരുതുന്നു.

പാരീസില്‍ പതിനാറാം നൂറ്റാണ്ടില്‍ ജനപ്രീതിയാര്‍ജ്ജിച്ചൊരു വിനോദമായിരുന്നു പൂച്ചയെ കത്തിക്കല്. ഒരു സ്റ്റേജില്‍ പൂച്ചയെ കെട്ടിപ്പൊക്കി ഉയര്ത്തിയിട്ട് സാവധാനം അതിനെ തീയിലേക്ക് താഴ്ത്തുന്ന ഏര്‍പ്പാടായിരുന്നു അത്. ചരിത്രകാരന്‍ നോര്‍മന്‍ ഡേവിസിന്‍റെ അഭിപ്രായത്തില്‍ “വേദനകൊണ്ടാ മൃഗം നിലവിളിക്കുമ്പോള്‍ രാജാവും രാജ്ഞിയുമടങ്ങുന്ന കാഴ്ച്ചക്കാര്‍ ആര്‍ത്തട്ടഹസിക്കുമായിരുന്നു, പൂച്ച തീയില്‍ വാടി വെന്ത് അവസാനം കരിയാകുംവരെ.”  ഇക്കാലത്ത് മേല്പറഞ്ഞ രീതിയിലുള്ള സാഡിസം ലോകത്തിന്‍റെ ഒട്ടുമിക്കയിടങ്ങളിലും അചിന്ത്യമായ ഒന്നാണ്. സെന്‍സിബിലിറ്റീസില്‍ വന്ന ഈ മാറ്റം കേവലം ഒരു ഉദാഹരണം മാത്രമാണ്, ഒരു പക്ഷെ വളരെ പ്രധാന്യമര്‍ഹിക്കുന്നതും, എന്നാല്‍ മനുഷ്യഗാഥയുടെ ഗതിവിഗതികളില്‍ തീരെ ഗുണനിരൂപണം ചെയ്യപ്പെടാതെ പോയതും: ‘ചരിത്രത്തിന്‍റെ ദീര്‍ഘകാലങ്ങളെ പിന്നിടുമ്പോള്‍ ഹിംസാത്മകത കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഒരു പക്ഷെ ഇന്ന്, മനുഷ്യവര്‍ഗത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ ഒരു കാലത്താണു നാം ജീവിക്കുന്നത്.’ (ഹിംസയുടെ ചരിത്രം സ്റ്റീവൻ പിങ്കർ )

സ്റ്റീവൻ പിങ്കറുടെ ഈ നിരീക്ഷണം ഏറെ ശുഭപ്രതീക്ഷ നൽകുമ്പോൾ അതിനോട് മുഖം തിരിഞ്ഞു നില്ക്കുകയാണ് ഇന്ത്യൻ ജനത എന്ന് തോന്നിക്കുന്ന വാര്‍ത്തകളാണ് പലപ്പോഴും പുറത്തേക്കു വരുന്നത്. പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങളുടെ കാര്യത്തിൽ. 

2020 ലെ സൂപ്പര് പവർ എന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ രാജ്യത്ത് ഓരോ ഇരുപത്തിരണ്ടു മിനുട്ടിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു! ഓരോ അമ്പത്തിയെട്ടു മിനുട്ടിലും ഒരു സ്ത്രീ സ്വന്തം വീട്ടില്‍ സ്ത്രീധനം മൂലം പീഡിപ്പിക്കപ്പെടുന്നു! സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ ആയിരം മടങ്ങ് വര്‍ധനവ് ഉണ്ടായ രാജ്യം ഇന്ത്യ ആണ്! പത്തുമാസം തികയാത്ത കുഞ്ഞടക്കം എണ്‍പതു വയസ്സുള്ള വൃദ്ധ വരെ ബലാത്സംഗത്തിനിരയാകുന്ന നാട്. സ്ത്രീകളോടുള്ള നമ്മുടെ സമീപനത്തിന്റെ സൂചകങ്ങളാണ് മേല്‍പ്പറഞ്ഞത്. തോംസണ്‍ റോയിറ്റേഴ്‌സിന്റെ (Thomson Reuters) ആഗോള സര്‍വേ പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും അപകടകാരിയായ (Most dangerous) ലോകത്തിലെ തന്നെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.

ഏപ്രിൽ 28 വ്യാഴാഴ്ച രാത്രിയാണ് ജിഷമോളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പിക്ക് അടിയേറ്റിരുന്നു. വയര്‍ കത്തികൊണ്ടു കീറി കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ പെരുമ്പാവൂര്‍ പൊലീസിന് സാധിക്കാത്തത്, ദിവസങ്ങള് ഇത്ര നീണ്ടിട്ടും മുഖ്യധാര മാധ്യമങ്ങൾക്ക് വലിയ ചലനം ഇല്ലാത്തതെല്ലാം പല തരത്തില ഉള്ള സൂചനകൾ നല്കുന്നുണ്ട്. 24 മണിക്കൂറിന്റെ വിത്യാസത്തിൽ ആണ് ഗോവിന്ദ ചാമിയെ പിടികൂടിയത് എന്നോര്ക്കണം. അതെ പോലീസ് ഫോഴ്സിന് അഞ്ചു ദിവസം ആയിട്ടും ഒരു തുമ്പ് പോലും ലഭിക്കാത്തത് സംശയം ജനിപ്പിച്ചാൽ കുറ്റം പറയാൻ കഴിയില്ല.

2012 ലെ ഡല്‍ഹി റേപ്പ് കേസുമായി ബന്ധപ്പെട്ട സമരത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ വിവാദമായ അരുന്ധതി റോയിയുടെ പ്രസ്താവന കൂടുതല്‍ പ്രസക്തമാകുകയാണെന്നു വേണം കരുതാന്‍. അവരന്നു പറഞ്ഞതിങ്ങനെ. ‘ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തിനെതിരായി ഉയരുന്ന പ്രതിഷേധത്തിന് ഒരു സ്വഭാവമുണ്ട്. ആരും ആഹ്വാനം ചെയ്യാതെയും ആരുടേയും നേതൃത്വമില്ലാതെയുമാണ് ഉപരി-മധ്യവര്‍ഗ യുവാക്കളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നത്. ഡല്‍ഹി ബലാത്സംഗ കേസിലെ പ്രതികള്‍ ദരിദ്രരായ കുറ്റവാളികള്‍ (criminal poor) എന്ന പരികല്‍പനക്കകത്തു വരുന്നവരാണ്. ഓട്ടോഡ്രൈവര്‍മാരും പച്ചക്കറിക്കച്ചവടക്കാരുമൊക്കെയാണ് ഇവിടെ പ്രതിസ്ഥാനത്തുള്ളത്. അവര്‍ ബലാത്സംഗം ചെയ്തതാവട്ടെ മധ്യവര്‍ഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെയും. അവര്‍ക്കെതിരെ ഇത്തരത്തില്‍ വന്‍ പ്രതിഷേധമുയരുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. മറിച്ച് മേല്‍ജാതിക്കാരും പട്ടാളവും പൊലീസുമെല്ലാം ബലാത്സംഗത്തെ അധീശത്വത്തിനുള്ള ഉപകരണമാക്കുന്ന കേസുകളിലൊന്നും ഇവര്‍ ശിക്ഷിക്കപ്പെടുന്നുപോലുമില്ല. മിക്കവാറും ദലിത് സ്ത്രീകളാണ് ഇത്തരം അക്രമത്തിന് ഇരയാകുന്നതെന്നതും ശ്രദ്ധേയമാണ്.’

കൂലിപ്പണിക്കാരിയായ രാജേശ്വരിയുടെ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലേക്കു ലിംഗത്തിനകത്ത് ആയുധവും തലച്ചോറില്‍ കാളകൂട വിഷവുമായി ഒരു കൂട്ടര് ഇരച്ചു കയറി 29 കാരിയായ മകള്‍ ജിഷയെ അതി ക്രൂരം ആയി പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് 5 രാവുകളും 5 പകലുകളും വലിയ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിട്ടില്ല എങ്കിൽ അരുന്ധതി റോയ് പറഞ്ഞത് ശരിവെക്കുകയേ നിവൃത്തി ഉള്ളൂ.

ഇത്രയധികം നിയമങ്ങളും സ്ത്രീ സുരക്ഷാസംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയുന്നില്ല എന്ന് പലരും വേവലാതിപ്പെടാറുണ്ട്. അതിന് ഒരു കാരണം ഇതാണ്; സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റം ഒരു മനുഷ്യാവകാശ ലംഘനവും ഗുരുതരമായ കുറ്റവുമാണെന്ന് അംഗീകരിക്കാന്‍ തയ്യാറാകാത്ത മനോഭാവം. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുള്ള പരിഹാരം പര്‍ദ്ദയ്ക്കുള്ളിലേക്കും അടുക്കളയ്ക്കുള്ളിലേക്കും ”മഹത്തായ ഹൈന്ദവ ആര്‍ഷ ഭാരത സംസ്‌കാര”ത്തിലേക്കും മടങ്ങുകയാണെന്ന് മുറവിളി മാത്രം ആണ് പലപ്പോഴും പീഡന കഥകള്ക്ക് ശേഷം മുഴങ്ങി കേൾക്കാറ്. സ്ത്രീ അശുദ്ധമാണെന്നും അവള്‍ക്കുള്ള ധര്‍മ്മം കുടുംബമാണെന്നും അതിന് വിഘാതം ഉണ്ടാകുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും പ്രചരിപ്പിക്കപ്പെടുമ്പോള്‍ മുഖ്യധാരയിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ വന്‍ ശക്തിയായി ഇറങ്ങുകയാണ് വേണ്ടത്.

പുതിയ കാലത്തെയും ലോകത്തെയും ഔചിത്യപൂര്‍വം അഭിമുഖീകരിക്കാനും, സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നിശ്ചയദാര്‍ഢ്യത്തോടെ അതൊക്കെ നേരിടാനുമുള്ള കരുത്ത് പുതിയ തലമുറക്ക് പകര്‍ന്നു കൊടുത്തില്ലെങ്കില്‍ ഇന്ത്യയുടെ പുത്രിമാരില്‍ ഇനിയും ഒരുപാട് ജ്യോതിമാരും, ജിഷമോളും ആവര്‍ത്തിക്കപ്പെടും. ‘യാഥാര്‍ത്ഥ്യം അതിന്റെ വളര്‍ച്ചയുടെ വഴിയില്‍വെച്ച് ഒരു ആവശ്യകതയായി തീരുന്നു’  എന്ന് പറഞ്ഞത് ഹെഗൽ ആണ്. സ്ത്രീകള് സുരക്ഷിതം ആയി ജീവിക്കുന്ന ഒരു ഇന്ത്യ എന്നത് ഒരു ആവശ്യകത തന്നെയാണ്. പൂച്ചയ്ക്കാരു മണി കെട്ടും എന്ന ചോദ്യം പോലെ ആ യഥാര്‍ഥ്യത്തിലേക്ക് വളരാൻ ഇനിയും എത്ര ജിഷമാർ ജീവൻ ബലി കഴിപ്പിക്കണം എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രതിഷേധങ്ങൾക്കും, സമര പരിപാടികള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതോടൊപ്പം ജിഷമോളുടെ ഘാതകരെ കല്ലെറിഞ്ഞു കൊല്ലാൻ കാത്തിരിക്കുന്ന വയലന്സിനെ പ്രണയിക്കുന്ന മോബിനോട് ഒരു അഭ്യര്ത്ഥന. 1981 ലെ ”പരശുറാം വേഴ്‌സസ് പഞ്ചാബ് സര്‍ക്കാര്‍” എന്ന ഒരു കേസില്‍ പരശുറാം തന്റെ പിഞ്ചോമനയായ നാല് വയസ്സുള്ള കുട്ടിയെ കുടുംബത്തിന് സാമ്പത്തിക ഐശ്വര്യം ലഭിക്കാന്‍ ദേവപ്രീതിക്കായി കഴുത്തറുത്തു കൊന്നതായിരുന്നു കുറ്റം. ഈ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചത് മനുഷ്യത്വരഹിതവും, ക്രൂരവും, അപരിഷ്‌കൃതവുമായ ഇത്തരം ആചാരങ്ങളും, പെരുമാറ്റങ്ങളും തടയുവാന്‍ കഴിയണമെങ്കില്‍ വേറെന്താണ് മാര്‍ഗ്ഗം എന്നായിരുന്നു. പക്ഷേ നമ്മുടെ രാജ്യം ഏറെ പുരോഗമിച്ചു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചവകാശപ്പെടുമ്പോഴും പരശുറാമുമാര്‍ ഇന്നും ദേവപ്രീതിക്കായി ഇത്തരം അന്ധവിശ്വാസങ്ങളിലും, ആഭിചാരക്രിയകളിലും അഭിരമിക്കുന്നതായി കാണാം. ഇത് സൂചിപ്പിക്കുന്നത് വധശിക്ഷ കൊണ്ടും കുറ്റം ആവര്‍ത്തിക്കപ്പെടുന്നു എന്നതല്ലേ. ഭരണകൂടം പ്രജകള്‍ക്ക് ജീവിക്കുവാനുള്ള സാമ്പത്തിക ചുറ്റുപാട് ഒരുക്കുകയും അവന് വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ അത്തരം കുറ്റകൃത്യങ്ങള്‍ പരമാവധി നിയന്ത്രിക്കുവാന്‍ കഴിയുമായിരുന്നില്ലേയെന്ന ചോദ്യം അവശേഷിക്കുന്നു.

ഡൽഹി ഗാങ്ങ് റേപ്പിലെ പ്രതികളെ വധശിക്ഷക്ക് വിധിച്ച വേളയിൽ ഒരു സുപ്രസിദ്ധ അഭിഭാഷകൻ പറഞ്ഞത്, “ഞാൻ ഈ വധശിക്ഷയെ അംഗീകരിക്കാം അടുത്ത മൂന്നാഴ്ചക്കകം ഒരു റേപ് പോലും ഡൽഹിയിൽ ആവര്‍ത്തിക്കപ്പെടില്ല എങ്കിൽ” 48 മണിക്കൂറിന്റെ വ്യത്യാസത്തിൽ ആണ് ഓടുന്ന കാറിൽ മാധ്യമ പ്രവര്ത്തക അതിക്രൂരമായി ഇന്ദ്രപ്രസ്ഥത്തിൽ പീഡിപ്പിക്കപ്പെട്ടത്. ശിക്ഷ വിധിക്കുന്ന ന്യായാധിപന്‍ കുറ്റത്തെ മാത്രം കണ്ടാല്‍ പോര, കുറ്റവാളിയെ കൂടി പരിഗണിക്കണമെന്നതാണ് പരിഷ്കൃത സമൂഹത്തിലെ ശിക്ഷയുടെ കാതല്‍. എന്തെന്നാല്‍ കുറ്റവാളികളില്‍ ഭൂരിപക്ഷം പേരും സ്വഭാവ ന്യൂനതയുള്ളവരാണ്. ആകയാല്‍ കുറ്റവാളിയെ നന്നാക്കിയെടുക്കണമെന്ന ആശയത്തിന് അടുത്ത കാലത്തായി നല്ല പ്രചാരം ലഭിച്ചിട്ടുണ്ട്. കുറ്റവാളി അല്ല മറിച്ച് കുറ്റങ്ങളാണ് ഇല്ലാതാക്കേണ്ടത്. 

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍