UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ; കക്ഷിരാഷ്ട്രീയമെന്ന പുഴുത്തു നാറിയ വിഴുപ്പ് എടുത്തു പ്രയോഗിക്കപ്പെടുമ്പോള്‍

Avatar

അരവിന്ദ് ബാബു

മറ്റൊരാള്‍ കൂടി അതിക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടിരിക്കുന്നു. ഒരാള്‍ പിന്നെ മറ്റൊരാള്‍ എന്ന പട്ടിക നീളുകയാണ്. ഡല്‍ഹിയിലെ ജ്യോതിയും കേരളത്തിലെ സൗമ്യയും മരിച്ചിട്ടും തുടര്‍ച്ചയായി ബലാല്‍സംഗത്തിന് ഇരയായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ് ജിഷ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ ഭരണത്തിന്റെ വിലയിരുത്തലല്ല. ജീര്‍ണ്ണിച്ച വ്യവസ്ഥിതിയും അതിലുമേറെ ജിര്‍ണ്ണിക്കപ്പെട്ട ഒരു ജനപദത്തിന്റെ രാഷ്ട്രീയവുമാണ്.

ഒട്ടേറെ സമരങ്ങളിലൂടെ വളര്‍ന്നുവന്ന കേരളസമൂഹം രാഷ്ട്രീയമുന്നേറ്റങ്ങള്‍ നടത്തിയിരുന്ന സമയത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മങ്ങിപ്പോകാന്‍ സമയമായിട്ടില്ല. ഒരു കാലത്ത് ഈടുറ്റ സ്വതന്ത്രതാ ബോധം മുന്നോട്ടു വെച്ച കേരളത്തിലെ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ എപ്പോഴാണ് വഴിമാറിയതെന്നും അല്ലെങ്കില്‍ വഴിമാറ്റപ്പെട്ടെതെന്നും ഇരുത്തി ചിന്തിക്കണം. നാട്ടിലാകെ സദാചാര പോലീസിംഗും ചോദ്യം ചെയ്യലുകളും പൗരന്‍മാര്‍ക്കെതിരെ ഉണ്ടാകുന്നത് ഏതെങ്കിലും പ്രത്യേക കക്ഷി ഭരിച്ചതുകൊണ്ടല്ല. മറിച്ച് ഒരു ജനസമൂഹത്തിന്റെ സാംസ്‌ക്കാരികമായ ഇടിവാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെതിരെ കേരള സമൂഹത്തില്‍ നിറഞ്ഞാടിയ സമരങ്ങളുടെ മുനയൊടിഞ്ഞുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പെരുമ്പാവൂര്‍ സംഭവം.

ഒരു പെണ്‍കുട്ടി ദളിതായാലും അല്ലെങ്കിലും ബലാല്‍സംഗത്തിന് ഇരയാകുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഏതു അനുഭവപാഠത്തില്‍ നിന്നും ഉള്‍ക്കൊണ്ടാണെന്നത് മനസ്സിലാവുന്നില്ല. കാലഹരണപ്പെട്ട നിയമങ്ങളും നിയമവ്യവസ്ഥിതിയും സമൂലമായ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നയിടത്താണ് കക്ഷിരാഷ്ട്രീയമെന്ന പുഴുത്തു നാറിയ വിഴുപ്പ് എടുത്തു പ്രയോഗിക്കപ്പെടുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി പെണ്‍ അധിനിവേശത്തിനെതിരെ കടുത്ത പ്രതിഷേധവും അതിലും കരുത്തുറ്റ സമരങ്ങളും നാട്ടിലാകെ നടക്കുന്നുണ്ട്. ആണിനും പെണ്ണിനും സ്വതന്ത്രമായി എവിടെയും ഇരിക്കാനും സംസാരിക്കാനും ചിന്തിക്കാനും എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് തീര്‍ക്കുന്നവര്‍ക്കെതിരെയാണ് പ്രതിഷേധം കത്തിപ്പടരേണ്ടത്. ബലാല്‍സംഗമെന്ന മൃഗീയതയ്ക്ക് ഒറ്റ രാഷ്ട്രീയം മാത്രമാണുള്ളത്. തന്റെ മുമ്പിലുള്ള ഇരയെ കാമപൂരണത്തിന് വിധേയമാക്കുന്നതിനൊപ്പം ഇരയുടെ അഭിമാന- സ്വത്വബോധത്തെ, ലിംഗപരമായ അവകാശങ്ങളെ തച്ചുടയ്ക്കുന്ന രാഷ്ട്രീയമാണത്. ഇതിനെതിരെ പ്രതികരിക്കണമെങ്കില്‍ ഒരു സമൂഹത്തിന് സാമൂഹ്യപരവും ബൗദ്ധികപരവുമായ ഉയര്‍ച്ച വേണം.

അതല്ലാതെ പുഴുക്കുത്തു വീണ രാഷ്ട്രീകക്ഷികളുടെ വിടുപണി ചെയ്യുന്നവരായല്ല ഒരു ജനത അധ:പതിക്കേണ്ടത്. ദിവസവും വാര്‍ത്തകളെ വിപണിവത്ക്കരിക്കുന്ന ചാനലുകളും ഇതിന് ആക്കം കൂട്ടുകയാണ്. ജനാധിപത്യമെന്നത് മൃഗാധിപത്യത്തിന് വഴിമാറുന്ന നാളുകളില്‍ കേരളം ഭരണകൂടങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനൊപ്പം സാമൂഹ്യ അവബോധത്തിലൂടെയുള്ള ഒരു സ്വയം പ്രതിരോധത്തിന് തയ്യാറെടുക്കേണ്ട സമയം ഏറെ അതിക്രമിച്ചിരിക്കുന്നു.

ഡല്‍ഹിയിലെ ജ്യോതിയും തൃശ്ശൂരിലെ സൗമ്യയും രാജ്യത്തെ പഠിപ്പിച്ചിട്ടു പോയത് നിയമവ്യവസ്ഥിതിയുടെ അപര്യാപ്തതയാണ്. ഒരേ കുറ്റത്തിന് ഒന്നിലേറെ നിയമങ്ങള്‍ എഴുതിവെച്ചിട്ടുള്ള രാജ്യത്ത് ഇരയാക്കപ്പെടുന്നവര്‍ക്ക് അതൊന്നു ബാധകമാവുന്നില്ല. പകരം നിയമങ്ങളെ നൂലിഴകീറി പരിശോധിച്ച് ശേഷം വേട്ടക്കാര്‍ക്ക് ചില വഴികള്‍ തുറന്നിട്ടു കൊടുക്കുന്ന വ്യവസ്ഥിതിയാണ് നിലവിലിരിക്കുന്നത്. ഏതു കക്ഷി ഭരിച്ചാലും ഇത്തരം വ്യവസ്ഥിതികള്‍ മാറാതെ ഒന്നും നടപ്പിലാവില്ല.

ജിഷയും ഒരാളാണ്. ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പേടേണ്ടി വന്നയൊരാള്‍. തെരെഞ്ഞെടുപ്പിനു കൊമ്പും കുഴലുമൂതി ഭരണത്തിന്റെ ശീതളിമ അനുഭവിക്കാന്‍ പോകുന്ന കക്ഷികള്‍ക്ക് കേവലം ഒരാള്‍ മാത്രമാണ് ജിഷ. സാമൂഹികമായ ഉയര്‍ച്ച നേടിയെന്ന് സ്വയം തോളില്‍ തട്ടി അഭിമാനിക്കുന്ന ഒരോ മലയാളിയും ഒരുനിമിഷമെങ്കിലും ചിന്തിക്കണം. സൗമ്യയ്ക്കു പിന്നാലെ ജിഷ. അവര്‍ക്ക് പിന്നാലെ നാളെ ഞാനാവും, എന്റെ പെങ്ങളും അമ്മയും കാമുകിയും ഭാര്യയുമാകും. കക്ഷി രാഷ്ട്രീയങ്ങളുടെ ഭരണകൂടങ്ങളല്ല വ്യവസ്ഥിതിയാണ് മാറേണ്ടത്.

(വീക്ഷണം പത്രത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍