UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ ഘാതകര്‍ ഒളിച്ചിരിപ്പുണ്ട്, ഇവിടെ തന്നെ

Avatar

മനീഷ് മഹിപാല്‍

‘ജാതി ചിന്തയ്ക്കും, അനാചാരങ്ങള്‍ക്കും, അയിത്താചരണത്തിനും എതിരായുള്ള നവോത്ഥാന പ്രസ്ഥാനവും ഈ പഞ്ചായത്തില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. ഈ രംഗത്ത് പി.കെ.പി.നമ്പൂതിരിയുടെ നേതൃത്വത്തില്‍ സവര്‍ണ്ണരും, അവര്‍ണ്ണരും ഒരുമിച്ച് നടത്തിയ മിശ്രഭോജനം എടുത്തു പറയേണ്ടതാണ്.’ അതി നിഷ്ഠൂരമായി ബലാത്സംഘം ചെയ്യപ്പെട്ട് കൊലയ്ക്കിരയായ ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷമോളുടെ വീട് സ്ഥിതിചെയ്യുന്ന രായമംഗലം പഞ്ചായത്തിനെ കുറിച്ചുള്ള ഒരു ചരിത്ര ഭാഗമാണിത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റില്‍ പഞ്ചായത്തിന്റെ ചരിത്രം വിശദീകരിക്കുന്നിടത്ത് ദേശീയ പ്രസ്ഥാനത്തിനും കര്‍ഷക പ്രസ്ഥാനത്തിനും ജാതി വിരുദ്ധ പ്രസ്ഥാനത്തിനും ഏറെ വേരോട്ടമുള്ള മണ്ണാണിത് എന്നും പറയുന്നുണ്ട്. ഈ പഞ്ചായത്തിലെ പുല്ലുവഴി എന്ന സ്ഥലവും ഏറെ പ്രസിദ്ധമാണ്. കമ്യൂണിസ്റ്റ് ബുദ്ധിജീവി പി ഗോവിന്ദപ്പിള്ളയുടെ തറവാട് സ്ഥിതി ചെയ്യുന്ന ഇടം. സി പി ഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പി കെ വാസുദേവന്‍ നായര്‍ മരുമകനായി വന്നു കയറിയ നാട്.  ഏതാനും ജന്മിമാരുടെ കയ്യിലായിരുന്ന ഇവിടത്തെ ഭൂമി ഭൂപരിഷ്ക്കരണത്തോടെയാണ് കര്‍ഷക തൊഴിലാളികളുടെയും അധസ്ഥിതരുടെയും കയ്യിലെത്തിയത് എന്നും രാഷ്ട്രീയ ചരിത്രം.

ഇങ്ങനെയൊരു പ്രദേശത്താണ് കഴിഞ്ഞ 30 വര്‍ഷമായി ജിഷമോളും നാനൂറോളം കുടുംബങ്ങളും പുറമ്പോക്കില്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. 

രായമംഗലം പഞ്ചായത്തിൽ   ഒന്നാം വാർഡായ ഇരിങ്ങോള്‍ സൌത്തിലാണ് ജിഷയുടെ വീട്. റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അഗതി-ആശ്രയ പദ്ധതികള്‍, ജാഗ്രത സമിതികള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നു തുടങ്ങി അടിത്തട്ടിലെ എല്ലാ വികസന കണ്ണികളും ഇഴ ചേര്‍ന്നിരിക്കുന്ന സ്ഥലം. എന്നിട്ടും ജിഷയുടെ കുടുംബം എങ്ങനെ ഒറ്റപ്പെട്ട തുരുത്തായി. അവരുടെ പ്രശ്നങ്ങളും വേദനകളും യാതനകളും എന്തേ ആരുടേയും കണ്ണു തുറപ്പിച്ചില്ല? 

എന്തുകൊണ്ട് ജിഷയുടെ കുടുംബം റസിഡന്‍സ്  അസോസിയേഷനിൽ ചേര്‍ക്കപ്പെട്ടില്ല എന്നു അസോസിയേഷൻ സെക്രട്ടറി ബിന്ദുവിനോട് ചോദിച്ചു,‘സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരെ അസോസിയേഷനിൽ മെംബർഷിപ്പ് കൊടുക്കാൻ സാധിക്കയില്ല’ എന്നായിരുന്നു മറുപടി. അതെന്താ അങ്ങനെ? ‘അങ്ങനെ നിയമമുണ്ട്. കുടികിടപ്പുകാരെയും കരം അടച്ച രസീതില്ലാത്തവരെയും ചേര്‍ക്കാന്‍ പറ്റില്ല.’ അവര്‍ കട്ടായം പറഞ്ഞു. ഏത് വിശുദ്ധ നിയമ പുസ്തകത്തിലാണ് അതെഴുതിവെച്ചത് എന്നു അവരോട് ചോദിച്ചില്ല. ചോദിക്കാന്‍ തോന്നിയില്ല. എന്തായാലും എന്തുകൊണ്ടാണ് ജിഷയുടെ കുടുംബം ഒറ്റപ്പെട്ടു പോയത് എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവ് വേണം.


ജിഷയുടെ വീട്

സമൂഹ മനസാക്ഷിയെ (അങ്ങനെ ഒന്നുണ്ടെങ്കില്‍)  ഞെട്ടിച്ച പെരുമ്പാവൂർ കൊലപാതകം നടന്നിട്ട് ഒരാഴ്ച പിന്നിടുന്നു. പ്രതിയെ ഇന്ന് പിടിക്കും നാളെ കിട്ടും എന്ന മട്ടില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വീണു കിട്ടിയ അവസരം ഉപയോഗിച്ച് പരമാവധി ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ്. പരസ്പരം പഴി ചാരിയും പ്രഖ്യാപനങ്ങള്‍ നടത്തിയും നേതാക്കള്‍ അരങ്ങ് കൊഴുപ്പിക്കുന്നു. അപ്പോഴും കുറ്റം ഒളിഞ്ഞിരിക്കുന്ന സാമൂഹികമായ തൊട്ടുകൂടായ്മയിലേക്ക് ഒറ്റപ്പെടുത്തലിലേക്ക് ചര്‍ച്ച പോകാതെ നോക്കാന്‍ ശ്രമിക്കുന്നുണ്ട് ഭരണവര്‍ഗ്ഗവും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും. അത് മറ്റൊന്നും കൊണ്ടല്ല. കൊട്ടിഘോഷിച്ച കേരള മോഡലിന്‍റെയും മേലോട്ട് പൊങ്ങിപ്പൊങ്ങി പോകുന്ന വികസനത്തിന്റെയും പരാജയം വിളിച്ച് പറയുന്ന ഒന്നായിമാറും ആപ്പോള്‍ ആ ചര്‍ച്ചകള്‍.

പെരിയാര്‍ ബണ്ട് കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മയും താമസിച്ചിരുന്നത്. പരിസര പ്രദേശങ്ങളിൽ ഒരു നിലവിളി ദൂരത്തിൽ  അയൽ വീടുകൾ ഉണ്ടായിട്ടും  ആരും തിരിഞ്ഞു നോക്കിയില്ല എന്നതാണ് വാസ്തവം. എന്നാൽ സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന കുടുംബം ആണെന്നും, പതിവായി ഒച്ചപ്പാടും ബഹളവും അവിടെ ഉണ്ടാകുന്നതാണെന്നും, അതിനാൽ അമിത പ്രാധാന്യം കൊടുത്തില്ല എന്നുമാണു സമീപവാസികളിൽ ചിലരുടെ ന്യായീകരണം.

കെട്ടുറപ്പില്ലാത്ത വീടും അവരുടെ സാമൂഹികമായ ഒറ്റപ്പെടലുമാണ്  ജിഷയുടെ ജീവനെ അരക്ഷിതയാക്കിയത്. ഒട്ടും ഭദ്രമല്ലാത്ത ഒറ്റമുറി വീട്ടില് നിസ്സാരമായി ഒരാള്ക്ക് കടന്നുകേറാന്‍ കഴിയും. എന്നാൽ ഇത്രയേറെ നിഷ്ഠൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ കൊലയാളിയെ സഹായിച്ചത് അയൽ വാസികളുടെ നിശബ്തതയും നിർവികാരതയും തന്നെ.”അവർ തെറി പറയുന്നവരാണ്, വിവരം ഇല്ലാത്തവരാണ്, ഒന്ന് നോക്കിയാൽ കേസുകൊടുക്കുന്നവരാണ്, അവരുടെ കാര്യത്തിൽ ഇടനിലക്ക് ചെന്നാല്‍ ആട്ടിപ്പായിക്കും ”. എന്നൊക്കെയായിരുന്നു ഇതിന് സമീപവാസികളുടെ പ്രതികരണം. 


ജിഷയുടെ അമ്മ

പേരെടുത്തു പറയാൻ ഒരു കൂട്ടുകാരിപോലും നാട്ടിൽ ജിഷക്കുണ്ടായിരുന്നില്ല. വീടിനു പുറത്തേക്കു അധികം ഇറങ്ങാത്ത ജിഷയെ ആളുകള് കണ്ടിരുന്നത്‌ വല്ലപ്പോഴും തുണി കഴുകാൻ പോകുമ്പോൾ മാത്രമാണ്. കൊല്ലപ്പെട്ടതിനു ശേഷമാണ് ജിഷയൊരു നിയമ വിദ്യാര്‍ത്ഥിയായിരുന്നു എന്ന് പോലും തങ്ങള് അറിയുന്നതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു.

ഒന്നര കിലോമീറ്റർ നടന്നിട്ടായിരുന്നു ജിഷയും അമ്മയും കുടിവെള്ളം എടുത്തിരുന്നത്. പ്രാഥമിക കർമ്മങ്ങൾ നിര്‍വ്വഹിച്ചിരുന്നത് ഇന്നത്തെ കാലത്ത് ഒട്ടും വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്നു. പ്ലാസ്റ്റിക്ക് ഷീറ്റ് മറച്ചു വെച്ച് മണ്ണിൽ കുഴിയെടുത്ത് പലകയിട്ടുള്ള കക്കൂസായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

സാമ്പത്തിക അടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും എല്ലാ വിഭാഗങ്ങളും  ഉൾക്കൊള്ളുന്ന പ്രദേശത്ത് ജിഷയുടെ വീട്ടില് നിന്നും 100 മീറ്റർ അകലെ കനാൽ പുറമ്പോക്കിൽ തന്നെ  താമസിക്കുന്ന നാനൂറോളം കുടുംബങ്ങള്‍ ഉണ്ട്. ഭൂരിഭാഗവും ദളിത് കുടുംബങ്ങളാണ്. തങ്ങൾ എല്ലാവരാലും അവഗണിക്കപ്പെട്ടവരാണ് എന്ന തോന്നല്‍ അവരുടെ മുഖങ്ങളിൽ  പ്രതിഫലിച്ചിരുന്നു. ജിഷയുടെ വീടിനു സമാനമായതോ അതിലും കെട്ടുറപ്പില്ലാത്തതോ ആയിരുന്നു ആ  വീടുകൾ. പേരിനു മാത്രം  ചതുരത്തിൽ കമ്പ് കുത്തി പ്ലാസ്റ്റിക്‌ കൊണ്ട് മറച്ച ശൌചാലയങ്ങൾ. അവിടെയും പ്രായപൂര്‍ത്തിയായതും ആകാത്തതുമായ പെൺകുട്ടികൾ, അമ്മമ്മാർ, കുഞ്ഞുങ്ങൾ. സുരക്ഷിതരല്ല എന്നുള്ള ഭയം അവരെയും പിടിമുറുക്കിയിരിക്കുന്നു. എല്ലാവരും കൂലിപ്പണിക്കാർ, പെയിന്‍റിംഗ് തൊഴിലാളികള്‍. ജിഷയുടെ കൊലപാതകം ആ കുടിലുകളെ കൂടുതൽ ഇരുട്ടിലാക്കുന്നു.  ‘ഞങ്ങൾ പണിക്കുപോയാൽ വൈകിട്ടേ വരൂ, ഡിഗ്രി കഴിഞ്ഞു വീട്ടില് ഒറ്റക്കിരിക്കുന്ന മകളെ എങ്ങനാ തനിച്ചാക്കി ഇനി പോകാൻ കഴിയുക’  ഒരമ്മ ആള്‍ക്കൂട്ടത്തിനിടയിൽ നിന്ന് ചോദിക്കുന്നു.

ജിഷയുടെ ഘാതകര്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ തന്നെയുണ്ട്. പക്ഷേ അത് കേരള പോലീസിന് കണ്ടുപിടിക്കാന്‍ കഴിയില്ല. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍