UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ കൊലക്കേസ്; ഇനി ബാക്കി ഡമ്മി പരീക്ഷണം മാത്രം

Avatar

അഴിമുഖം പ്രതിനിധി 

ജിഷയുടെ കൊലപാതകികളെ തേടി കേരളാ പോലീസിലെ സേതുരാമയ്യര്‍മാര്‍ കൈയും പിറകില്‍ കെട്ടി നാട് തെണ്ടാന്‍ തുടങ്ങിയിട്ട് എണ്ണിപ്പറഞ്ഞാല്‍ ഇന്ന് 27 ദിവസങ്ങള്‍ കഴിഞ്ഞു. നടന്നു നടന്നു ബൂട്ടിന്റെ മൂടു തേഞ്ഞത് മാത്രം മിച്ചം. 

ഈ കാലയളവില്‍ അന്വേഷണത്തില്‍ ‘ലീഡുകള്‍’ ഏറെയുണ്ടായി. പക്ഷേ അതുകൊണ്ടൊന്നും മുന്നോട്ടു പോകാനുള്ള മാര്‍ഗ്ഗം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തെളിഞ്ഞില്ല. ആകെമൊത്തം ലാബിരിന്തില്‍ കയറിയ കുട്ടിയുടെ ഗതിയായി നമ്മുടെ പോലീസിന്. വഴികള്‍ ഒരുപാട്, എന്നാലോ എങ്ങും എത്തുന്നുമില്ല.

സര്‍ക്കാര്‍ മാറിയതോടെ അന്വേഷണസംഘത്തിന്റെ വാലില്‍ തീപിടിച്ച അവസ്ഥയായി. പുതിയ മന്ത്രിസഭ അധികാരത്തിലേറിയാല്‍ ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ കേസിന്റെ അന്വേഷണം എവിടംവരെയായി എന്നു ചോദിക്കുമെന്ന് തീര്‍ച്ച. ചിലപ്പോള്‍ പിണറായി വിജയന്‍ ആദ്യം തുറക്കുന്ന ഫയലും അതുതന്നെയായിരിക്കും. ഏമാന്‍മാരുടെ കട്ടയും പടവും മടങ്ങും തീര്‍ച്ച. പെട്ടിയും കുടുക്കയുമെടുത്ത് വീടു പിടിക്കേണ്ടി വരും. പോരാത്തതിനു വിഎസും നിയുക്ത മന്ത്രിസഭയിലെ വനിതാ അംഗങ്ങളും പിറകേയും. അന്വേഷണം ലക്ഷ്യത്തോടടുക്കുകയാണെന്നും ശരിയായ ദിശയിലാണെന്നും തട്ടിക്കൂട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.


എല്ലാ കേസുകളും ഒരേ രീതിയില്‍ തെളിയിക്കാന്‍ പറ്റില്ല എന്നുള്ളത് സത്യമാണ്. എന്നാല്‍ വളരെ ചെറിയ കാലയളവില്‍ വ്യക്തമായ കണക്കുകൂട്ടലോടെ അന്വേഷണം നടത്തി തെളിയിച്ച പല കേസുകളും കേരളത്തില്‍ ഉണ്ടായിട്ടുമുണ്ട്. ജിഷ കൊലക്കേസ് അങ്ങനെയൊന്നാവാത്തതിനു കാരണം അന്വേഷണസംഘം തുടക്കത്തില്‍ കാട്ടിയ അലംഭാവം തന്നെ. അന്വേഷണത്തിന്റെ ഗതി പരിശോധിക്കുകയാണെങ്കില്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും അത് വ്യക്തമാവും. നാട്ടിലെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാവുന്നതാണ് കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെങ്കിലും ഒന്നുകൂടി പറയാം.

ഏപ്രില്‍ 28- തൊഴിലുമായി ബന്ധപ്പെട്ട് പുറത്തായിരുന്ന ജിഷയുടെ അമ്മ രാജേശ്വരി തിരിച്ചെത്തുമ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തു നിന്നു അടച്ചതായി കാണുന്നു. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞു സംഭവസ്ഥലത്ത് എത്തിയ പോലീസ് ദാരുണമായ കൊലപാതകം സ്ഥിരീകരിക്കുന്നു. ഏകദേശം 5.40 അടുപ്പിച്ച് ജിഷയുടെ വീട്ടില് നിന്നും നിലവിളി കേട്ടതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. 

ഏപ്രില്‍ 29- 11 മണിയോടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനയച്ചു. ഓട്ടോപ്സിക്ക് ശേഷം പെരുമ്പാവൂരിലെ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു.

മേയ് 2- ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനില്‍ കുമാറിന്റെ വെളിപ്പെടുത്തല്‍.

മേയ് 3- കൂട്ട ബലാത്സംഗമെന്നു സംശയം. എന്നാല്‍ കൃത്യം നടപ്പിലാക്കിയത് ഒരാള്‍ തന്നെയെന്ന് പോലീസ്.

കണ്ണൂരില്‍ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വിരലടയാളങ്ങള്‍ അയാളുടെതുമായി മാച്ച് ആയില്ല.

മേയ് 4- ലൈംഗിക അതിക്രമത്തിനു വിധേയയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 38 മുറിവുകള്‍.

മേയ്  5 – അന്വേഷണസംഘത്തില്‍ അഴിച്ചുപണി. ഡി വൈ എസ് പി അനില്‍ കുമാറിന് പകരം ഡിവൈഎസ്പി എബി ജിജിമോന്‍ ചാര്‍ജ്ജ് എടുക്കുന്നു. രണ്ടു നിര്‍മ്മാണ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.അതിലൊരാള്‍ ജിഷയുടെ ഫോണില്‍ വിളിച്ചതിന് തെളിവുകള്‍.

ടിപി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം. സമാനമായ കേസുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ജനത്തിനു മുന്‍പിലെത്തിയ മുഖം മറച്ച രണ്ടു ‘പ്രതികള്‍’ പോലീസുകാര്‍ തന്നെയെന്ന് മാധ്യമങ്ങള്‍. 

മേയ് 6-  ജിഷയുടെ മരണം മുന്‍ വൈരാഗ്യം കാരണമെന്ന് പോലീസ്. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെന്നു എഡിജിപി പദ്മകുമാര്‍. ബസ് ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍. 

മേയ് 12ന് സുപ്രധാനമായ കണ്ടെത്തല്‍. മുകള്‍ നിരയിലെ ഒരു പല്ല് ഇല്ലാത്ത ഒരാളാണ് പ്രതി. 

മേയ് 14- ജിഷയുടെ വസ്ത്രത്തില്‍ നിന്നും പ്രതിയുടെ ഉമിനീരിന്റെ അംശം കണ്ടെത്തി. ഡിഎന്‍എ തിരിച്ചറിഞ്ഞു. എന്നാല്‍ കസ്റ്റഡിയിലുള്ള ആരുടെതുമായിട്ടും മാച്ച് ആയിട്ടില്ല.

അവിടത്തുകാരില്‍ മിക്കവരെയും പിടിച്ചു നിര്‍ത്തി ഫിംഗര്‍ പ്രിന്റ്‌ എടുത്തു. എന്നിട്ടും രക്ഷയില്ല. പല്ലിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ ആയിട്ടുമില്ല. സിബിഐയെ കേസ് ഏല്‍പ്പിക്കണം എന്ന ആവശ്യം. പ്രതിയുടെ ഡി.എന്‍.എയും കിട്ടി. എന്നാല്‍ അവിടെയും ഉണ്ട് ഒരു ഗുലുമാല്‍.  ഇതേ ഡി.എന്‍.എയുള്ള ‘പ്രതികളെ’ ആരെയും കണ്ടത്തൊനായില്ല.

ഏറ്റവും പുതിയതായി കിട്ടിയ വിവരം ജിഷയെ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചയാളെ പോലീസ് ചോദ്യം ചെയ്തു. ശരിയായ ദിശയിലല്ല അന്വേഷണത്തിന്റെ പോക്ക് എന്നുള്ളതിന് ഇതില്‍പ്പരം തെളിവിന്റെ ആവശ്യം തന്നെയില്ല. ഓരോ തവണയും നിര്‍ണ്ണായകമായ ഘട്ടത്തിലാണ് കേസ്, പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കും എന്നിങ്ങനെ അറിയിപ്പുണ്ടാവുന്നു. ഇതിങ്ങനെ കുറേയായപ്പോള്‍ നാട്ടുകാര്‍ക്കും മനസ്സിലായി പുലി വരുന്നേ എന്ന് പറയുന്നതു പോലെ ആളെപ്പറ്റിക്കാന്‍ ഉള്ള അടവാണ് ഇതെന്ന്. തെളിവുകള്‍ എല്ലാം ലഭിച്ചു ഇനി പ്രതിയെ അറസ്റ്റ് ചെയ്താല്‍ മാത്രം മതി എന്ന സംസ്ഥാന പോലീസ് ചീഫിന്റെ പ്രസ്താവന ഇടയ്ക്ക് ഒരു പ്രതീക്ഷ തന്നിരുന്നു. അതും വെള്ളത്തില്‍ വരച്ച വരപോലെ ആണെന്ന് പിന്നീടു വ്യക്തമായി.

ഇടയ്ക്ക് വേറെയും സുപ്രധാനവിവരങ്ങള്‍. ജിഷയുടെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയെ സംശയം എന്ന് വാര്‍ത്തകള്‍. ബംഗാളില്‍ പോയി അയാളെ അറസ്റ്റ് ചെയ്തെന്നും വാര്‍ത്തകള്‍ പലപ്പോഴായി വന്നു. 

ജിഷയുടെ കൊലപാതകി അന്യസംസ്ഥാനക്കാരന്‍ ആണെന്നുള്ള സംശയം കാരണം പെരുമ്പാവൂരിലെ അന്യസംസ്ഥാനക്യാമ്പുകളില് എല്ലാം പോലീസ് സിഐഡികള്‍ തലങ്ങും വിലങ്ങും കയറിയിറങ്ങി. എന്നിട്ടും രക്ഷയില്ല. 

അവസാന കൈക്ക് ഫ്ലോട്ടിംഗ് കാര്‍ഡ് രക്തപരിശോധനയെന്ന ചെങ്കീരിയെ പുറത്തിറക്കി വിടുകയാണ് ജിഷ കേസിലെ പ്രതിയെന്ന പാമ്പിനെപ്പിടിക്കാന്‍. എഫ്.ബി.ഐ ഉള്‍പ്പെടെ രാജ്യാന്തര അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്നത് ഈ രീതിയാണ്‌.  

ഇനിയിപ്പോള്‍ അന്വേഷണം സേതുരാമയ്യര്‍ ശൈലിയില്‍ ഡമ്മി താഴെയിട്ടും വേഷം മാറിയുമൊക്കെ വേണ്ടി വരും. അവിടെ പോലീസ് നേരിടുന്ന പ്രധാന പ്രശ്നം ജിഷയുടെ വീട് ഒറ്റനിലയാണ് എന്നുള്ളതാണ്. എന്തായാലും ഡമ്മി പരീക്ഷണം സമീപത്തെ രണ്ടു നില വീട്ടില്‍ നിന്നു നടത്താന്‍ പോലീസ് തീരുമാനിക്കാതിരുന്നാല്‍ മതിയായിരുന്നു. 

ഈ അവസരത്തില്‍ സാമൂഹ്യപ്രവര്‍ത്തകയായ ധന്യാ രാമന്‍  നടത്തിയ വെളിപ്പെടുത്തല്‍ പെരുമ്പാവൂരെ പോലീസ് എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്. ‘പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ സര്‍ക്കിളില്‍ വരുന്ന പ്രദേശങ്ങളില്‍ മാത്രം 1990 മുതല്‍ ഇങ്ങോട്ടുള്ള കാലയളവില്‍ ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ പതിനഞ്ച് ദളിത്‌ മരണങ്ങള്‍ ആണ് നടന്നത്. അതില്‍ പത്ത് പുരുഷന്മാരും അഞ്ച് സ്ത്രീകളും. പതിനാലു വയസുള്ള ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. അതിലൊരു സ്ത്രീയെ കിണറ്റിലെറിഞ്ഞ രീതിയിലാണ് കണ്ടെത്തിയത്. ബാക്കിയെല്ലാ കൊലകള്‍ക്കും സമാനതകള്‍ ഉണ്ട്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ രീതിയിലാണ് പലതും. എന്നാല്‍ ഇതുവരെയായിട്ടും ഈ പതിനഞ്ചു കേസുകളിലും ഒരു പ്രതിയെപ്പോലും പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല, അല്ലെങ്കില്‍ ശ്രമിച്ചിട്ടില്ല’.

എന്തായാലും ഈ കൂട്ടത്തില്‍ ഒന്നായി ജിഷ കേസ് മാറില്ലെന്ന് പ്രതീക്ഷിക്കാം. നിയുക്ത മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയന്‍ എന്തു തീരുമാനമെടുക്കും എന്ന് ഉറ്റുനോക്കുകയാണ് പൊതുസമൂഹവും രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍