UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരുമിച്ച് നില്‍ക്കണം, ഒരുമിച്ചു പറയണം; ജിഷമോള്‍ക്ക് നീതി കിട്ടണം: സമൂഹം പ്രതികരിക്കുന്നു

Avatar

പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷ മോള്‍ക്ക് ഇനിയും നീതി വൈകുന്നത് കേരളത്തിന് മൊത്തം അപമാനകരമാണ്. ഒരു സ്ത്രീയോട് ഒരിക്കലും ചെയ്യരുതാത്ത തരത്തിലുള്ള പൈശാചിക പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു ആ പെണ്‍കുട്ടിക്ക്. പക്ഷേ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ മഹാപാതകത്തിനു പിന്നിലെ ദുഷ്ടശക്തികളെ തിരിച്ചറിയാനോ പിടികൂടാനോ പൊലീസിന് കഴിയാത്തിടത്ത് നിയമവും നീതിയും ജിഷമോള്‍ക്കൊപ്പം കൊല്ലപ്പെട്ടു എന്നു വേണം കരുതാന്‍. അതല്ല നിയമം ഈ നാട്ടില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതുടനെ തന്നെ ജിഷമോള്‍ക്ക് ലഭ്യമാക്കണം. അതുവരെ, അതിനുവേണ്ടി നാം ഓരോരുത്തരും ശബ്ദമുയര്‍ത്തുക തന്നെ വേണം. ഈ വിഷയത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതികരണങ്ങള്‍ അഴിമുഖം രേഖപ്പെടുത്തുന്നു.

നമ്മള്‍ പ്രതികരിക്കണം, കൊടുങ്കാറ്റുപോലെ; വി എം ഗിരിജ(കവയത്രി, സാമൂഹ്യപ്രവര്‍ത്തക)

ഡല്‍ഹി സംഭവത്തിന് തുല്യമായ അതിക്രൂരമായ ബലാത്‌സംഗവുംകൊലപാതകവും നമ്മുടെ കണ്മുന്നില്‍ നടന്നിട്ട് നാം പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, പ്രതികരിക്കാനായി ഈ വാര്‍ത്ത പലരുടെയും അടുത്ത് എത്തുന്നു പോലുമില്ല .തെരഞ്ഞെടുപ്പു കൊണ്ടോ അജ്ഞാതമായ മറ്റേതോ കാരണം കൊണ്ടോ ഈ ഹീന സംഭവം മാധ്യമങ്ങള്‍ മറച്ചു പിടിച്ചിരിക്കുന്നത് എന്നെ വളരെ അധികം വേദനിപ്പിക്കുന്നു. ഒരു രാഷ്ട്രീയ കൊലപാതകമോ ഒരു അഴിമതിയെ തുടര്‍ന്നുള്ള കൊലപാതകമോ ആണെങ്കില്‍ അതില്‍ രണ്ടു പക്ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഒരു വിദ്യാര്‍ഥിനിയെ വളരെ അധികം പീഡിപ്പിച്ചു കൊന്ന ഈ സംഭവത്തില്‍ പക്ഷാന്തരം ഇല്ല. വളരെ അധികം പീഡിപ്പിച്ചു ആ കുട്ടിയെ കൊന്നവര്‍ രണ്ടു മുലകളും വെട്ടി മാറ്റിയിരിക്കുന്നു എന്നതാണ് ഇപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്. ഇത്രയധികം വേദനാജനകമായ, സ്ത്രീകള്‍ക്ക് എല്ലാം അപമാനകരമായ ഈ സംഭവത്തിനെ സ്ത്രീകള്‍ ഒറ്റകെട്ടായി നിന്ന് അപലപിക്കണം. പ്രതികള്‍ ആരെന്നും അവരുടെ ഉദ്ദേശം എന്തെന്നും അവരെ വെളിച്ചത്തു കൊണ്ട് വരും വരെ ഒരു കൊടുങ്കാറ്റ് പോലുള്ള പ്രതികരണം ആണ് ആവശ്യം. തീഷ്ണമായ, നിരന്തരമായ ഒരു പ്രതികരണത്തിന് നാം അണിനിരക്കണം.

ഈ ക്രൂരത ഭയപ്പെടുത്തുന്നു; ജ്യോതി നാരായണന്‍(സാമൂഹ്യപ്രവര്‍ത്തക)

പെരുമ്പാവൂരില്‍ ഒരു പെണ്‍കുട്ടിക്ക് നേരെ ഇത്തരം സംഭവം ഉണ്ടാകുന്നത്അപമാനകരമാണ്. അപമാനകരം എന്ന വാക്ക് ഉപയോഗിച്ചാല്‍ പോരാ, ഭയപ്പെടുത്തുന്നതാണ്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ഉടന്‍ സംസ്‌കാരവും നടത്തി. കുറ്റവാളികളെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനു പിന്നിലെന്ന് സംശയം തോന്നും. നടപടി എടുക്കാത്തത് ഉത്തരവാദിത്തപ്പെട്ടവര്‍ ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നതിനു തുല്യമാണ്. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരെയും സ്ത്രീകളെയും സംരക്ഷിക്കാന്‍ ശക്തമായ നിയമം ഉണ്ടെന്നു പറയുമ്പോള്‍ തന്നെ ഇവയെല്ലാം വെറുതെ ആണെന്ന തോന്നലാണ് ഈ സംഭവം കാണിച്ചു തരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കക്ഷി രാഷ്ട്രീയജാതി ഭേദമന്യേ പൊതു സമൂഹം പ്രതികരിക്കണം. പ്രത്യേകിച്ച് സ്ത്രീകളും വിദ്യാര്‍ഥികളും.

ഈ നാടിനെയാണോ പെണ്‍മലയാളം എന്നു വിശേഷിപ്പിക്കുന്നത്? എം സുചിത്ര, മാധ്യമപ്രവര്‍ത്തക

പെരുമ്പാവൂരില്‍ നടന്നത് അതി നിന്ദ്യവും ക്രൂരവുമായ സംഭവമാണ്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് പെണ്‍കുട്ടിയുടെ മാറിടത്തിലും കഴുത്തിലും 13 ഇഞ്ച് ആഴമുള്ള രണ്ടു മുറിവ് ഉണ്ട്. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തി കയറ്റിയിരുന്നു. വയര്‍ കത്തി കൊണ്ട് കീറി കുടല്‍ മാല പുറത്തു ചാടിയിരുന്നു. ആണി പറിക്കുന്ന ഇരുമ്പ് കമ്പിയുടെ അടിയേറ്റു മൂക്ക് തെറിച്ചു പോയിരുന്നു. ഡല്‍ഹിയില്‍ ഇത് പോലെ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് കോളിളക്കം സൃഷ്ടിച്ചിരുന്നുവല്ലോ. ആ സംഭവം നടന്നത് രാത്രി ഓടുന്ന ബസ്സില്‍ ആയിരുന്നു. എന്നാല്‍ പെരുമ്പാവൂരില്‍ നടന്നത് പട്ടാപ്പകല്‍ വീട്ടില്‍ കയറി വന്നാണ്. ഡല്‍ഹി സംഭവത്തിനു ശേഷം വിഷാദം ബാധിച്ച കേരളത്തിലെ ചില പെണ്‍കുട്ടികളെ എനിക്കറിയാം.

സംഭവം ഇത്രയും ക്രൂരമായിരിന്നിട്ടു പോലും പ്രാദേശിക മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും എന്ത് കൊണ്ട് ഇക്കാര്യത്തില്‍ ഇടപെട്ടില്ല? കേരളത്തില്‍ നടന്നതും വിവാദം സൃഷ്ടിച്ചതുമായ പല ലൈംഗിക അതിക്രമ കേസുകളിലും പ്രതികള്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് ഓര്‍ക്കണം. പെരുമ്പാവൂരില്‍ പീഡിപ്പിക്കപ്പെട്ടത് ഒരു ദളിത് പെണ്‍കുട്ടിയാണ്. കേസ് മാഞ്ഞു പോകാനുള്ള സകല സാധ്യതകളുമുണ്ട് . ഒരു സ്ത്രീയ്ക്ക് നേരെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ സ്ത്രീ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

കേരളത്തെ പ്രബുദ്ധ കേരളം എന്നും പെണ്‍ മലയാളം എന്നുമൊക്കെ വിശേഷിപ്പിച്ചു കാണാറുണ്ട്. ഇതൊക്കെ എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് എനിക്ക് മനസിലാകുന്നതേയില്ല. സ്ത്രീകളുടെ വിദ്യാഭ്യാസം ,സാക്ഷരത തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ സ്ത്രീകളോടുള്ള കേരള സമൂഹത്തിന്റെ സമീപനം പൊതുവെ തന്നെ മോശമാണ്.

ഈ ക്രൂരത ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം; ഹരികൃഷ്ണന്‍(വിദ്യാര്‍ത്ഥി)

പെരുമ്പാവൂരില്‍ ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന ഇത്തരത്തിലൊരു ക്രൂരമായ സംഭവം പുരുഷസമൂഹത്തിന് തന്നെ അപമാനകരമാണ്. പുരുഷനെന്ന നിലയിലും വിദ്യാര്‍ത്ഥിയെന്ന നിലയിലും സ്ത്രീകളോടുള്ള ഇത്തരം ക്രൂരതകളോട് ശക്തമായ രീതിയില്‍ പ്രതിഷേധിക്കിക്കുന്നു.

എനിക്കും ഒരു അമ്മയുണ്ട്, ഒരു പെങ്ങളുണ്ട് നാളെ അവര്‍ക്ക് അല്ലെങ്കില്‍ അവരെപ്പോലുള്ള സ്ത്രീകള്‍ക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വരണം.

സ്വപ്‌നം കണ്ട്, സമാധാനത്തോടെ എവിടെയാണൊന്ന് ഉറങ്ങാന്‍ കഴിയുക: ശ്രീജ (അധ്യാപിക)

സൗമ്യയും ഡല്‍ഹി പെണ്‍കുട്ടിയും പോലെ, ഒരുപാട് സ്ത്രീകള്‍പീഡനത്തിനിരയായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. സ്വന്തം വീടിന്റെ ചുവരുകള്‍ക്കുള്ളിലും സമാധാനമായിരിക്കാന്‍ കഴിയാത്ത അവസ്ഥയുടെ തെളിവായി മാറുന്നു പെരുമ്പാവൂരിലെ സംഭവം.

രാപ്പകല്‍ വ്യത്യാസമില്ലാതെ തനിച്ചുള്ള യാത്രകളിലും പേടിപ്പെടുത്തുന്ന ഓര്‍മപ്പെടുത്തലായി ആ സംഭവങ്ങള്‍ മനസിലെത്തുന്നു. പീഡനത്തിനിരയായി ആശുപത്രിയിലെത്തിക്കപ്പെട്ട രണ്ടുപേര്‍ക്കും ജീവിതത്തിലേക്ക് തിരിച്ചുവന്ന് തങ്ങളെ അപമാനിച്ചവരെ നീതിപീഠത്തിനു മുന്നില്‍ നിര്‍ത്തി അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു.

ആ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോഴൊക്കെ സൗമ്യയുടേയും ഡല്‍ഹി പെണ്‍കുട്ടിയുടേയും നേര്‍ക്കു നീണ്ട കൈകളെപ്പറ്റി വല്ലാതെ ഭയന്നിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വിളിക്കേണ്ട ഫോണ്‍ നമ്പര്‍ ഓര്‍മിച്ചെടുക്കാന്‍ ഭയപ്പെട്ടിരുന്നു. ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ആശ്വസിക്കാറുണ്ടായിരുന്നു. കേടുപാടൊന്നും കൂടാതെ തിരിച്ചെത്തിയല്ലോ എന്ന സമാധാനത്തോടെ ഉറങ്ങുമായിരുന്നു.

ഇന്ന്, മനസിനെ ഭയപ്പെടുത്തുന്ന ചോദ്യമിതാണ്. സ്വപ്‌നം കണ്ട് സമാധാനത്തോടെ, എപ്പോഴാണ്, എവിടെയാണ് ഉറങ്ങാന്‍ കഴിയുക?

കുറ്റവാളികള്‍ ആരുമായിക്കോട്ടെ, അവര്‍ക്ക് നല്‍കേണ്ടത് വധശിക്ഷയാണ്; അര്‍ച്ചന ഗംഗോത്രി( കോപ്പിറൈറ്റര്‍)

ഉത്തരേന്ത്യയില്‍ നടക്കുന്ന ക്രൂരമായ സ്ത്രീപീഡനവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ഉണ്ടാകുന്ന ഞെട്ടലിനൊപ്പം മനസ്സില്‍ എവിടെയോ ഒരുതരി ആശ്വാസവും ഉണ്ടായിരുന്നു, സ്ത്രീകള്‍ക്ക് കുറേയൊക്കെ സുരക്ഷിതത്വമുള്ള കേരളത്തിലാണല്ലോ ജീവിക്കുന്നതെന്ന ആശ്വാസം. എന്റെ നാടായ പെരുമ്പാവൂരില്‍ നടന്ന അരുംകൊലയോടെ ആ വിശ്വാസം എന്നെന്നേയ്ക്കുമായി തകര്‍ന്നു. മനുഷ്യരൂപമുള്ള പിശാചുക്കള്‍ നമ്മുടെയിടയിലും ഉണ്ടെന്ന് തെളിഞ്ഞു.

ഇനിയൊരിക്കല്‍പ്പോലും ഇത്തരമൊരു ഹീനകൃത്യം നമ്മുടെ നാട്ടില്‍ ഉണ്ടാകരുത്. ഈ കേസിലെ കുറ്റവാളികള്‍ മലയാളികളോ, ഉത്തരേന്ത്യക്കാരോ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളോ, പ്രായപൂര്‍ത്തി ആകാത്തവരോ, മാനസികരോഗികളോ ആരും ആയിക്കൊള്ളട്ടെ അവര്‍ മനുഷ്യര്‍ക്കിടയില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്ന് തെളിയിച്ചുകഴിഞ്ഞു. കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ ലഭിക്കണം, അതില്‍ കുറഞ്ഞൊരു ശിക്ഷ അയാള്‍ക്ക് അല്ലെങ്കില്‍ അവര്‍ക്ക് ലഭിച്ചാല്‍ അത് കേരളത്തിലെ ഓരോ സ്ത്രീയുടെയും നേര്‍ക്കുള്ള ക്രൂരമായ പരിഹാസമായിരിക്കും.

ഇവിടുത്തെ നീതിന്യായ വ്യവസ്ഥയിലും കേരളാ പോലീസിന്റെ കഴിവിലും പൂര്‍ണ്ണവിശ്വാസമുണ്ട്. പല കേസുകളും അവര്‍ സമര്‍ത്ഥമായി തെളിയിക്കുന്നതു കണ്ട് ബഹുമാനം തോന്നിയിട്ടുണ്ട്. ജിഷയുടെ ഘാതകരെയും അവര്‍ പുറത്തുകൊണ്ടുവരും എന്ന പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ തകരില്ലെന്ന് വിശ്വസിക്കുന്നു.

ജിഷയ്ക്ക് നീതി ലഭിക്കാന്‍ കേരളത്തിലെ ഓരോ വ്യക്തിയും തെരുവിലിറങ്ങണം, സമാധാനപരമായി പ്രതിഷേധിക്കണം. അത് സര്‍ക്കാരിനെതിരെയോ വ്യവസ്ഥിതിയ്‌ക്കെതിരെയോ ഉള്ള സമരമല്ല, മറിച്ച് ഇനി ഈ നാട്ടിലെ ഒരു സ്ത്രീയ്ക്കും ഈ വിധി ഉണ്ടാവാന്‍ ഞങ്ങള്‍ സമ്മതി്ക്കില്ല എന്ന പ്രഖ്യാപനമാണ്, നിങ്ങള്‍ക്ക് ഞങ്ങളുണ്ട് എന്ന് അങ്ങോട്ടും ഇങ്ങോടുമുള്ള ബോദ്ധ്യപ്പെടുത്തലും ആശ്വസിപ്പിക്കലുമാണ്.

ഒരു പെണ്‍കുട്ടി ഇത്ര ഭീകരമായി കൊലചെയ്യപ്പെട്ടിട്ട് നാം പ്രതികരിച്ചില്ലെങ്കില്‍ അത് ഇന്നല്ലെങ്കില്‍ നാളെ ഒരു ശാപം പോലെ നമ്മെ തേടിവരും. സമൂഹത്തിന്റെ നിസ്സംഗത നിരീക്ഷിക്കുന്ന ക്രിമിനല്‍ മനസ്സുകള്‍ നമുക്കിടയില്‍ ഉണ്ടെന്ന് മറക്കരുത്. ഈ നാട്ടില്‍ എന്തുമാവാം എന്ന തോന്നല്‍ ഇക്കൂട്ടര്‍ക്ക് ഉണ്ടായാല്‍ നാളത്തെ കേരളത്തിന്റെ അവസ്ഥ പ്രവചനാതീതമായിരിക്കും. നമ്മുടെ ശവക്കുഴി നാം തന്നെ തോണ്ടാതിരിയ്ക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാം. വിവരവും വിദ്യാഭ്യാസവും സാമൂഹ്യബോധവും ഉള്ളവരാണ് മലയാളികള്‍ എന്ന് ഇത്രയും നാള്‍ മേനിപറഞ്ഞത് വെറുംവാക്കായിരുന്നില്ലെന്ന് തെളിയിക്കാം.

കേരളം പ്രതികരിക്കാന്‍ എന്തുകൊണ്ടിത്ര വൈകി? പുരുഷന്‍ ഏലൂര്‍, പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍

പെരുമ്പാവൂരില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് ഇന്നു വൈകുന്നേരം നാലുമണിക്ക് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് വിവിധ സാംസ്‌കാരിക-സാമൂഹിക സംഘടനകളുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയാണ്. പ്രൊഫസര്‍ എം കെ സാനു മാര്‍ച്ച് ഉത്ഘാടനം ചെയ്യും.

ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കപ്പെടുമ്പോഴും അതിനെ കടന്നു വരുന്നൊരു ചോദ്യമുണ്ട്; എന്തുകൊണ്ട് പ്രതികരിക്കന്‍ നാമിത്ര വൈകി? ഡല്‍ഹിയിലേ മറ്റോ നടക്കുന്നൊരു സംഭവത്തില്‍ പ്രതികരിക്കാന്‍ നമുക്കുണ്ടാകുന്ന വേഗത ഇവിടെ, തൊട്ടടുത്ത് നടന്നൊരു അരുംകൊലയില്‍ നമുക്കുണ്ടാവാതെ പോയത് എന്തുകൊണ്ട്? എന്തിനും പ്രതികരിക്കുന്ന കേരളം, ഏതിലും ഇടപെടുന്ന മാധ്യമങ്ങള്‍. പക്ഷേ ഒരു പെണ്‍കുട്ടി ഇത്രമേല്‍ പൈശാചികമായി കൊല്ലപ്പെട്ട് നാലുദിവസങ്ങള്‍ കഴിയുന്നതുവരെ അനങ്ങിയില്ല.

ഓര്‍ക്കണം, നമ്മുടെ ആരുടെ വീടും ചവിട്ടിപ്പൊളിച്ച് ഇത്തരംക്രൂരതകള്‍ നടക്കാം. അന്യന്റെ വേദന മനസിലാക്കാന്‍ കഴിയാത്ത സമൂഹമായി കേരളം മാറുന്നുവെന്നാണ് ഇത് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ് കേരളത്തില്‍ പക്ഷേ, ഇത്തരമൊരു ക്രൂരത നടന്നിട്ട് അതിലേക്കൊന്നു ശ്രദ്ധിക്കാന്‍ നമ്മുടെ നേതാക്കന്മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തോന്നിയില്ല. ഇതൊരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതാണോ? ഇത്രയും ക്രൂരമായൊരു ബലാത്സംഗം കേരളത്തില്‍ ഇതിനു മുമ്പ് നടന്നിട്ടില്ലെന്നു തന്നെ പറയേണ്ടി വരും. പത്തുമുപ്പതിലധികം മുറിവുകളാണ് ആ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ട്. പലതും അതിമാരകമായവയായിരുന്നു. എന്നിട്ടും ആ പെണ്‍കുട്ടിക്ക് ഇത്ര ദിവസം കഴിഞ്ഞിട്ടും നീതി നേടിക്കൊടുക്കാന്‍ ഇവിടുത്തെ പൊലീസിന് കഴിഞ്ഞില്ല. നമ്മുടെ നേതാക്കന്മാരും ഭരണകര്‍ത്താക്കളും ഈ വിഷയത്തില്‍ പ്രതികരിക്കുന്നതുപോലും ഇന്നാണ്. ഇതൊക്കെ നമ്മളെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായി മുന്നില്‍ നില്‍ക്കുകയാണ്.

ഇവിടുത്തെ വനിത സംഘടനകള്‍ പോലും ഈ പ്രശ്‌നം ഗൗരവത്തോടെ ഏറ്റെടുത്തിട്ടില്ല. അവരുടെ അഭിപ്രായങ്ങള്‍ പോലും വ്യക്തമാക്കിയിട്ടില്ല. സാമൂഹിക-സാംസ്‌കാരിക-സാഹിത്യമേഖലയില്‍ ഉള്ള എത്രപേര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു നാം കണ്ടു? കേരളത്തിന് എന്തുപറ്റി? സാമൂഹിക മാധ്യമങ്ങളിലൂടെയെങ്കിലും ഇക്കാര്യത്തില്‍ ശക്തമായൊരു പ്രതികരണമുണ്ടാകണമെന്നു കരുതി പലരെയും ബന്ധപ്പെട്ടപ്പോള്‍ അവരൊക്കെ അപ്പോഴാണ് ഇത്തരമൊരു കാര്യത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ. വിരല്‍ത്തുമ്പിലാണ് വിവരങ്ങളെന്നു പറയുമ്പോള്‍ പോലും ഈ സംഭവം അറിയാതെപോയവരാണ് ഏറെയും. എങ്ങനെയാണ് ഈ വാര്‍ത്ത മൂടപ്പെട്ടതെന്ന് അന്വേഷിക്കേണ്ടതാണ്. പ്രമുഖ വനിത സംഘടനപ്രവര്‍ത്തകരും വനിതാ സഖാക്കന്മാരെയും ഞാന്‍ വിളിക്കുമ്പോള്‍ അവര്‍ ഇതെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല. അവരീ വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവന്നില്ല? വലിയ വലിയ ചോദ്യങ്ങളാണ് ആ പെണ്‍കുട്ടിയുടെ കൊലപാതകം നമുക്ക് മുന്നില്‍ ബാക്കിവയ്ക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍