UPDATES

ജിഷ കേസ്: അമീറുള്‍ ഇസ്ലാം കോടതിയില്‍ കുറ്റം നിഷേധിച്ചു

അഴിമുഖം പ്രതിനിധി

ജിഷ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കോടതിയില്‍ കുറ്റം നിഷേധിച്ചു. ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും തന്റെ കൂട്ടുകാരന്‍ അനാറുല്‍ ഇസ്ലാം ആണെന്നും അമീറുള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വെച്ച് വെളിപ്പെടുത്തി. അമീറുള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി വിധി പറയുന്നതിനായി ഈ മാസം 24 ലേക്ക് മാറ്റി.

തനിക്ക് കോടതിയോട് ഒരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞ അമീറുളിന് കോടതി അതിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അമീറുള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചത്. തനിക്ക് ഹിന്ദി ഭാഷ നന്നായി അറിയാമെന്നും രണ്ടാം ക്ലാസുവരെയെ പഠിച്ചിട്ടുള്ളൂവെന്നും കോടതിയുടെ ചോദ്യത്തിന് അമീറുള്‍ മറുപടി നല്‍കി.

അമീറുളിനെ ഏക പ്രതിയാക്കി കഴിഞ്ഞ ദിവസമാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അമീറുള്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും ശാസ്ത്രീയ തെളിവുകള്‍ നിരത്തി കുറ്റപത്രത്തില്‍ പറയുന്നു.

ജിഷ കേസില്‍ അമീറുള്‍ നിരപരാധിയാണെന്ന് സഹോദരന്‍ ബദറുള്‍ ഇസ്ലാമും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജിഷയെ കൊലപ്പെടുത്തിയത് അനാറുള്‍ ആണെന്നും എന്നാല്‍ കൊലപ്പെടുത്തുന്ന സമയത്ത് അമീറുള്‍ കൂടെ ഉണ്ടായിരുന്നെന്നുമാണ് ബദറുള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍